പുറത്തൂർ

കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് പുറത്തൂർ (ഇംഗ്ലീഷ് : Purathur). ജില്ലാ ആസ്ഥാനത്തു നിന്ന് 36 കിലോമീറ്റർ തെക്കുഭാഗത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പുറത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്.

ഭൂമിശാസ്ത്രം

പുറത്തൂർ ഗ്രാമത്തിൽ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണപ്പെടുന്നു. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ തിരൂർ-പൊന്നാനിപ്പുഴയും ഈ ഭാഗത്തു കൂടി കടന്നുപോകുന്നു.

'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പുറത്തൂർ ഗ്രാമം. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമവും പുറത്തൂരിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

ഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം. എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്.

അതിരുകൾ

കിഴക്ക് - തൃപ്രങ്ങോട് , പൊന്നാനി. പടിഞ്ഞാറ് - അറബിക്കടൽ. തെക്ക് - പൊന്നാനി മുൻസിപ്പാലിറ്റി. വടക്ക് - മംഗലം, തൃപ്രങ്ങോട് .