2022-23 വരെ2023-242024-25


ഒന്നാന്തരം ഒന്ന് ഒരുക്കം 2024-25

ഗവ: ഹൈസ്‌കൂൾ കൊളത്തൂർ ഒന്നാം തരത്തിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് ശില്പശാല നടത്തി. പുതിയ പാഠപുസ്തകത്തെയും പഠന രീതിയെയും പരിചയപ്പെടുത്തുക പഠനത്തിൽ കുട്ടികൾക്ക് രക്ഷിതാക്കളുടെ പഠന പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. വാർഡ് മെമ്പർ എം.ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനിയർ അസിസ്റ്റന്റ് ശ്രീജ പി.പി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. അനിൽകുമാർ , പുഷ്പ രാജൻ കെ. എന്നിവർ ആശംസകൾ അറിയിച്ചു. സന്ധ്യ. കെ.ജി സ്വാഗതവും മായ ടീച്ചർ നന്ദിയും പറഞ്ഞു. അശ്വതി എസ് , മായ, സോഫി മൈക്കിൾ, സന്ധ്യ.കെ.ജി തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി.

 
ഒന്നാന്തരം ഒന്ന് ഒരുക്കം

പ്രവേശനോത്സവം 2024-25

ഉത്സവപ്രതീതിയിൽ കൊളത്തൂർ ഗവ: ഹൈസ്കൂൾ പ്രവേശനോത്സവം. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ എം ഗോപാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പ്രവർത്തകനായ ശ്രീ ലോഹിതാക്ഷൻ പി കെ മുഖ്യാഥിതിയായി.പി ടി എ പ്രസിഡന്റ്‌ ശ്രീ വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒന്ന്, പ്രിപ്രൈമറി, മറ്റു ക്ലാസുകൾ എന്നിവയിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു, രണ്ടാം വാർഡ് മെമ്പർ പ്രിയ. കെ , മൂന്നാം വാർഡ് മെമ്പർ നൂർജാഹാൻ ബി.എൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ ബലൂണും കിരീടവും നൽകി മുതിർന്ന കുട്ടികൾ സ്വീകരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീജ ടീച്ചർ നന്ദി പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകൾ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീമതി മായ ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്‌ നൽകി. SSLC വിജയികളായ മുഴുവൻ കുട്ടികളെയും LSS, USS, NMMS, ഇൻസ്പെയർ വിജയികളായവരെയും ചടങ്ങിൽ വച്ച് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

വയോജന ചൂഷണ വിരുദ്ധ ദിനം

വയോജന ചൂഷണ വിരുദ്ധ ദിനത്തിൽ മുതിർന്ന പൗരൻ കെ.എം മാധവനെ ഹെഡ്മാസ്റ്റർ പി സത്യനാഥൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്നത്തെ കാലത്ത് പ്രായമായവരെ ഉപേക്ഷിക്കുന്ന പ്രവണത കൂടുന്ന അവസരത്തിൽ കുട്ടികളിൽ വയോജനങ്ങളെ സംരക്ഷിക്കണമെന്ന സന്ദേശം ഉണർത്തുവാൻ പരിപാടിയിലൂടെ സാധിച്ചു. വയോജന പീഡന വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.

 
മുതിർന്ന പൗരൻ കെ.എം മാധവനെ ഹെഡ്മാസ്റ്റർ പി സത്യനാഥൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

വായന ദിനം 2024

വായനയുടെ മഹത്വം വ്യക്തമാക്കുന്നതിനും കേരളത്തിലെ ഗ്രന്ഥശാലാ സംഘത്തിൻ്റെ പ്രവർത്തനങ്ങളിലൂടെ അക്ഷരവെളിച്ചം ജനസമൂഹത്തിലെത്തിക്കുകയും ചെയ്ത പി.എൻ.പണിക്കരെ അനുസ്മരിക്കുന്നതിനും സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.ഹെഡ്മാസ്റ്റർ പി.സത്യനാഥൻ വായനയുടെ പ്രാധാന്യത്തെ ഹ്രസ്വവും പ്രൗഢവുമായ വാക്കുകളിൽ അവതരിപ്പിച്ചു. പത്താം ക്ലാസിലെ ശ്രീഷ്മ സി.കെ പ്രതിജ്ഞ ചൊല്ലി. എൽ.പി.യിലെ തൃഷനായർ കവിത ചൊല്ലി. യു.പി.യിലെ സൗര്യ പുസ്തകാസ്വാദനം നടത്തി. ഒമ്പതാം ക്ലാസിലെ മേധാലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. എൽ.പി.വിഭാഗം തയ്യാറാക്കിയ കളിവഞ്ചി എന്ന വാർത്താ പതിപ്പ് പ്രധാന അധ്യാപകൻ പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാന വിതരണം നടത്തി. രാജേഷ് മാഷ്, സന്തോഷ് പനയാൽ എന്നീ അധ്യാപകർ സംസാരിച്ചു.

കവിത ചൊല്ലി രസിക്കാം

വായന വാരത്തിൻ്റെ ഭാഗമായി കവിത ചൊല്ലി രസിക്കാം എന്ന പരിപാടി ധന്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിദ്യാരംഗം ബഡ്ഡിങ് റൈറ്റേഴ്സ് തയ്യാറാക്കിയ വായനാലോകം കൈയ്യെഴുത്ത് മാസിക പ്രകാശനവും ധന്യ ടീച്ചർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജേഷ് മാഷ്,പീതാംബരൻ മാസ്റ്റർ, ഡോ.സന്തോഷ് പനയാൽ ,നിവേദ്യ ടി എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര യോഗ ദിനം

യോഗ പ്രദർശനം

അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി പത്താം ക്ലാസിലെ വന്ദന രവീന്ദ്രനും അഞ്ചാം ക്ലാസിലെ ദേവ്‌നയും യോഗ പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്റർ യോഗാ പ്രദർശനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ, സന്തോഷ് പനയാൽ മാഷ്, അനിത ടീച്ചർ, അനിൽകുമാർ മാഷ് എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു.

 
വന്ദനയും ദേവ്നയും യോഗ പ്രദർശനം നടത്തുന്നു

ലോക ലഹരി വിരുദ്ധ ദിനാചരണം

ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ പ്രത്യേ ക അസംബ്ലി സംഘടിപ്പിച്ചു . കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞചൊല്ലി. ഹെഡ്മാസ്റ്റർ ശ്രീ പത്മനാഭൻ കെ വി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. എൽ പി , യു പി , എച്ച് എസ് ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ സ്കൂൾ ഹാളിൽ പ്രദർശിപ്പിച്ചു . മികച്ച പോസ്റ്ററുകൾക്ക് സമ്മാനം നൽകി .

ബഷീർ ദിനം

G H S കൊളത്തൂരിലെ ഈ വർഷത്തെ ബഷീർ ഓർമ്മദിനം വൈവിധ്യമാർന്ന പരിപാടികളോടു കൂടി സംഘടിപ്പിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ബഷീർ അനുസ്‌മരണത്തോടൊപ്പം ബഷീർ കൃതികളുടെ വായനാനുഭവം കുട്ടികൾ പങ്കുവെച്ചു .3 മണി മുതൽ നടന്ന പരിപാടിയിൽ ബഷീർ കഥാപാത്രങ്ങളെയും കൃതികളെയും കുട്ടികൾക്ക് പരിചയപെടുത്തുന്നതിന് ഊന്നൽ നൽകി. ബേപ്പൂർ സുൽത്താന് ഏറെ പ്രിയപ്പെട്ട മാങ്കോസ്റ്റീൻ മരത്തിന്റെ പ്രതീകമായി തയ്യാറാക്കിയ മരത്തിന്റെ ശാഖകളിൽ ബഷീർ ചിത്രങ്ങൾ, രചനകളുടെ പേരുകൾ അദ്ദേഹത്തിന്റെ പ്രധാന സംഭാഷണ ശകലങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. വിദ്യാലയ മൈതാനത്തിൽ യുപി ക്ലാസിലെ കുട്ടികൾ അണിനിരന്ന ബഷീർ ദിന പ്രത്യേക പരിപാടിയായ ബഷീർ ഗാനമാല അരങ്ങേറി. ബഷീർ നേരിട്ട് വന്ന് കുട്ടികളുമായി സംവദിച്ച് തന്റെ പ്രധാന കഥാപാത്രങ്ങളെ ക്ഷണിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തത് . ബാല്യകാലസഖിയിലെ മജീദ് , സുഹറ, മതിലുകളിലെ നാരായണി, പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, മുച്ചീട്ട് കളിക്കാരന്റെ മകളിലെ ഒറ്റക്കണ്ണൻ പോക്കർ , സൈനു ,ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ലെ കൊച്ചുതാച്ചുമ്മ, പൂവൻ പഴത്തിലെ ജമീല, അബ്ദുൽ റഹ്മാൻ സാഹിബ് എന്നീ കഥാപാത്രങ്ങൾ വേഷവിധാനത്തോട് കൂടി കുട്ടികൾ അവതരിപ്പിച്ചു. വിവിധ ബഷീർ കൃതികളും കഥാപാത്രങ്ങളും രചനകളുടെ പ്രത്യേകതകളും ഉൾക്കൊള്ളിച്ചുള്ള ഖൽബിലെ സുൽത്താൻ എന്ന ഗാനത്തിന്റെ അവതരണവും പരിപാടിക്ക് മാറ്റ് കൂട്ടി .

പലഹാരമേള

അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ആദ്യ യൂണിറ്റായ പീലിയുടെ ഗ്രാമം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാരമേള സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീനിയർ അധ്യാപകൻ ഡോക്ടർ സന്തോഷ് കുമാർ, എസ്. ആർ ജി കൺവീനർ സീന, അജു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ പുഷ്പരാജൻ സ്വാഗതവും,തീർത്ഥ നന്ദിയും പറഞ്ഞു.മേള വൈവിധ്യമാർന്ന പലഹാരങ്ങൾ കൊണ്ട് ശ്രദ്ധേയമായി.

ചാന്ദ്രദിനം 2024

കുട്ടികളുടെ വിവിധ പരിപാടികളോടെ ഈ വർഷത്തെ ചാന്ദ്രദിനം ആഘോഷിച്ചു .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൽസമയ വാർത്ത അവതരണവും ഡോക്യുമെന്ററി പ്രദർശനവും നടന്നു.എൽ പി വിഭാഗം കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണത്തിന്റെ പരിശീലനം നൽകി. സ്കൂൾതലത്തിൽ എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

കുട്ടികളിൽ സൈബർ സുരക്ഷയെ സംബന്ധിച്ചുള്ള അവബോധം വളർത്തുന്നതിനായി ടീൻസ് ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സൈബർ സെൽ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ ക്ലാസ്സ് കൈകാര്യം ചെയ്തു. ഒമ്പതാംതരം വിദ്യാർഥി നിവേദ്യ സ്വാഗതവും മേധലക്ഷ്മി നന്ദിയും പറഞ്ഞു.

ഒളിമ്പിക്സ് ആവേശം നെഞ്ചിലേറ്റി ഗവ: ഹൈസ്കൂൾ കൊളത്തൂർ.

പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനൊപ്പം ഇത്തവണ നടക്കാൻ പോകുന്ന കേരള സ്കൂൾ ഒളിമ്പിക്സും ആവേശത്തോടെ നെഞ്ചിലേറ്റി ജി എച്ച് എസ്സ് കൊളത്തൂരിലെ കുട്ടികൾ. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ വടംവലി താരവുമായിരുന്ന ശ്രീജേഷ് മീത്തൽ ദീപശിഖ കൊളുത്തി. ഹെഡ് മാസ്റ്റർ ഇൻ ചാർജ് നളിനി ടീച്ചർ ദീപശിഖ ഏറ്റുവാങ്ങി സ്കൂളിലെ സ്പോർട്ട്സ് ക്യാപ്റ്റനും കായികതാരവുമായ ശിവന്യയ്ക്ക് കൈമാറി.വാർഡ് മെമ്പർ ശ്രീ.ഗോപാലകൃഷ്ണൻ കളവയൽ, പിടിഎ വൈസ് പ്രസിഡന്റ് നാരായണൻ കളവയൽ അധ്യാപകരായ ശരത് എസ്, രാജേഷ് കുമാർ വി എന്നിവർ സംസാരിച്ചു.

ജെ ആർ സി കുട്ടികളുടെ വയനാട് കരുത്തലിന് കരുത്ത് പകരാൻ സമ്പാദ്യ കുടുക്കയുമായി അവരെത്തി.

സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വയനാട് സഹായനിധിയിലേക്ക് ധനസമാഹരണം നടത്തുമ്പോൾ അതിലേക്ക് എന്ത് നൽകുമെന്ന ചിന്തയിൽ അവരുടെ മനസ്സിൽ ആദ്യം വന്നത് സൈക്കിൾ വാങ്ങിക്കാൻ വേണ്ടി സ്വരുക്കൂട്ടിയ സമ്പാദ്യ കുടുക്ക ആയിരുന്നു. അങ്ങനെ ഏറെ നാളെത്തെ ആഗ്രഹം സാധിക്കാനായി മാസങ്ങളായി നുള്ളിപ്പെറുക്കി വച്ച സമ്പാദ്യ കുടുക്കയുമായാണ് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അമൽദേവ് കെ വി, സഹോദരൻ നാലാം ക്ലാസ്സുകാരൻ ആദിദേവ് കെ വി, നാലാം ക്ലാസ്സിലെ തന്നെ വിവാൻ രതീഷ് എന്നിവരെത്തിയത്. സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്പാദ്യ കുടുക്ക വയനാട്ടിൽ വേദനിക്കുന്നവർക്ക് സ്വാന്തനമേകാൻ ഹെഡ്മാസ്റ്റർ ശ്രീ. പത്മനാഭൻ കെ വി യ്ക്ക് കൈമാറി. സ്കൂളിലെ മുഴുവൻ കുട്ടികളും,അധ്യാപകരും ജെ ആർ സി യുടെ പ്രവർത്തനത്തിൽ പങ്കാളികളായി.

സ്നേഹ റാലി

ഹിരോഷിമ നാഗസാക്കി അനുസ്മരണത്തോടനുബന്ധിച്ച് കൊളത്തൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്നേഹ സന്ദേശ റാലി നടത്തി. സ്നേഹ ഗീതങ്ങൾ ആലപിച്ച് പ്ലക്കാർഡുകൾ ഏന്തി എല്ലാ ക്ലാസുകളിലും സ്നേഹ സന്ദേശങ്ങൾ കൈമാറി. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ വി റാലി ഫ്ലാഗ് ഓഫ് ചെയ്തു.

സ്വാതന്ത്ര ദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്രദിനഘോഷം വിപുലമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ പത്മനാഭൻ കെ.വി സ്കൂൾ അസംബ്ലിയിൽ വച്ച് ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ, എസ് എം സി ചെയർമാൻ എ.നാരായണനും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഓരോ ക്ലാസിലും മികവുപുലർത്തിയ കുട്ടികൾക്കും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആതിരയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആതിര എൻഡോവ്മെന്റും, ഒമ്പതാം ക്ലാസിലെ മികച്ച അഞ്ചു കുട്ടികൾക്ക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായിരുന്ന ബാലകൃഷ്ണൻ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ചടങ്ങിൽ വച്ച് നൽകി. എൽ പി, യു പി, എച്ച് എസ് വിഭാഗത്തിലെ കുട്ടികളുടെ ദേശഭക്തിഗാനവും, നൃത്തവിരുന്നും ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പിടിഎയുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി.

ചിങ്ങപ്പുലരിയെ വരവേറ്റ് കൊളത്തൂർ സ്കൂളിലെ കുട്ടികൾ

ഈ വർഷത്തെ കർഷകദിനം സമുചിതമായി ആചരിച്ചു. കൊളത്തൂരിലെ കർഷകൻ കുഞ്ഞിത്തീയ്യനെ അസംബ്ലിയിൽ വെച്ച് എസ്എംസി ചെയർമാൻ എ നാരായണൻ കളവയൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ.വി, വിദ്യാർത്ഥികളായ ആദിദേവ്,കിരൺ കൃഷ്ണ ആഗ്നേയ തുടങ്ങിയവർ സംസാരിച്ചു. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ടം ചിങ്ങം ഒന്നിന് വെള്ളരി നട്ടു കൊണ്ട് തുടക്കം കുറിച്ചു.

ഓണാഘോഷം 2024

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ബേഡഡുക്ക ഗ്രാമപഞ്ചായത്തംഗം ഗോപാലകൃഷ്ണൻ കളവയൽ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബാലകൃഷ്ണൻ പരിപാടിക്ക് ആശംസകൾ അറിയിച്ചു. കുട്ടികൾക്കുള്ള വിവിധ പരിപാടികൾ ഓണാഘോഷത്തിന് മാറ്റു കൂട്ടി. കുട്ടികൾക്കായി പി ടി എ യുടെ നേതൃത്വത്തിൽ ഓണസദ്യയും ഒരുക്കി.

സ്കൂൾ കായികമേള 2024

ഈ വർഷത്തെ സ്കൂൾ കായിക മേള സെപ്റ്റംബർ 24,25 തീയതികൾ പ്രതികൂല കാലാവസ്ഥയെ മറികടന്നുകൊണ്ട് നടത്തി. ബേഡഡുക്ക ഗ്രാമപഞ്ചായത്തംഗം ഗോപാലകൃഷ്ണൻ കളവയൽ കായികമേള ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പദ്മനാഭൻ മാസ്റ്റർ പതാക ഉയർത്തി. സ്പോർട്സ് കൺവീനർ ശരത് മാസ്റ്റർ നന്ദിയും പറഞ്ഞു. 164 പോയിന്റുകൾ നേടി ഗ്രീൻ ഹൗസ് ജേതാക്കളായി.

ഉപജില്ലാ കായികമേള 2024

PTM AUPS ബെദിര യുടെ നേതൃത്വത്തിൽ ഒക്ടോബർ 8,9,10 തീയതികളിൽ വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ചു നടന്ന ഉപജില്ലാ കായികമേളയിൽ 72 കുട്ടികളെ പങ്കെടുപ്പിച്ചു. 2 സ്വർണം, 5 വെള്ളി, 4 വെങ്കലം ഉൾപ്പെടെ 30 പോയിന്റുകൾ നേടി. കൃത്യമായ പരിശീലനം നൽകാൻ കായികാദ്ധ്യാപകർ ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ മക്കൾക്കായി. ഹൃതിക്, അതുല്യ, ശ്രീനിധി,ശിവന്യ, വന്ദന രവീന്ദ്രൻ എന്നി കുട്ടികൾ ജില്ലാ മത്സരത്തിന് യോഗ്യത നേടി.

ജില്ലാകായികമേള 2024

ഇ.എം.എസ് സ്റ്റേഡിയം നീലേശ്വരത്തു വച്ചു നടന്ന ജില്ലാ കായികമേളയിൽ 5 കുട്ടികളെ പങ്കെടുപ്പിച്ചു. സ്കൂളിന്റെ അഭിമാനമുയർത്തി അതുല്യ 3000 മീറ്ററിൽ (junior Girls ) സ്വർണം നേടിയപ്പോൾ, ശ്രീനിധി 100 മീറ്ററിൽ (Sub junior girls ) വെള്ളിയും റിലേയിൽ വെങ്കലവും നേടി. ജൂനിയർ പെൺകുട്ടികളുടെ റിലേ മത്സരത്തിൽ ടീം അംഗമായിരുന്ന ശിവന്യ സ്വർണവും നേടി.

മാലിന്യമുക്ത നവകേരളം- ജനകീയ ക്യാമ്പയിൻ

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ.

കലോത്സവം-2024

ജിഎച്ച്എസ് കൊളത്തൂരിൽ സ്കൂൾ കലോത്സവം അരങ്ങേറി. ഒക്ടോബർ 4, 5 തീയതികളിൽ ആയാണ് കലോത്സവം നടത്തിയത്. നാടക കലാകാരൻ ശ്രീ. ഉദയൻ കുണ്ടംകുഴി പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ട് സ്റ്റേജുകളിൽ ആയാണ് പരിപാടികൾ നടത്തിയത്. ആവേശകരമായ മത്സരങ്ങളിൽ ഗ്രീൻ ഹൗസ് ഒന്നാംസ്ഥാനവും റെഡ് ഹൗസ് രണ്ടാം സ്ഥാനവും ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശ്രീജിത്തിനെ മികച്ച നടനായും സൗര്യയെ മികച്ച നടിയായും തിരഞ്ഞെടുത്തു. ഒക്ടോബർ 24 മുതൽ 30 വരെ തെക്കിൽ പറമ്പയിൽ നടന്ന സബ്ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് LP, UP, HS വിഭാഗങ്ങളിൽ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി ഏകദേശം അമ്പതോളം കുട്ടികൾ പങ്കെടുത്തു. അതിലും മികച്ച നേട്ടം കൈവരിക്കാനായി. എച്ച് എസ് വിഭാഗം മലയാളം കവിതാരചന മത്സരത്തിൽ നിവേദ്യ ടി, യുപി വിഭാഗം ജലച്ചായ മത്സരത്തിൽ സൗര്യ, യു പി വിഭാഗം ഹിന്ദി പ്രസംഗം മത്സരത്തിൽ മൗസുമി യാസ്മിൻ, യു പി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ദുർഗ ഇ ജെ എന്നീ കുട്ടികൾ ജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത നേടി.

ഇത് കൊളത്തൂർ പാഠം

ഉച്ചഭക്ഷണത്തിലേക്ക് കുട്ടികളുടെ ജൈവ വെള്ളരി ബേഡഡുക്ക കൃഷി ഓഫീസർ ലിന്റ ഐസക് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പാഠഭാഗങ്ങളിൽ കൃഷിയെ അടിസ്ഥാനമാക്കിയുള്ള പാഠങ്ങൾ പഠിപ്പിച്ചതിലൂടെ പ്രചോദനം ഉൾക്കൊണ്ട് ഗവൺമെന്റ് ഹൈസ്‌കൂൾ കൊളത്തൂരിലെ കുട്ടികൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെള്ളരി കൃഷി നടത്തിയത്. ലഭിച്ചത് നൂറു മേനി വിളവ് .വെള്ളരി കൃഷിയുടെ വിളവെടുപ്പ് ബേഡഡുക്ക കൃഷി ഓഫീസർ ലിന്റ ഐസക് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ഗോപാലകൃഷ്ണൻ കളവയൽ മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ.വി, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ വി, എസ് എം സി ചെയർമാൻ നാരായണൻ എ. കളവയൽ, സ്റ്റാഫ് സെക്രട്ടറി സന്ധ്യ കെ.ജി എന്നിവർ സംസാരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിളവെടുപ്പിൽ മൂന്ന് ക്വിന്റലോളം വെള്ളരി ലഭിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൃഷി ഉപയോഗപ്പെടുത്താൻ തുടർന്നും കൃഷി നടത്താനാണ് എക്കോ ക്ലബ്ബിന്റെ തീരുമാനം.

കേരളപ്പിറവി

കേരളപ്പിറവി ദിനത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. എഴാം തരത്തിലെ കുട്ടികൾ നേതൃത്വം നൽകി. കുട്ടികളുടെ നൃത്താവിഷ്ക്കാരം, കവിതകൾ, പ്രസംഗം എന്നിവ കേരളം പിറവി ദിനം ഗംഭീരമാക്കി.

ശിശു ദിനം

ശിശുദിന പ്രതേക അസംബ്ലിയ്ക്ക് ഒന്നാം ക്ലാസ്സുകാർ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി.ശിശു ദിന റാലി സംഘടിപ്പിച്ചു.

അന്താരാഷ്ട്ര മില്ലറ്റ് ദിനം - ഡിസംബർ 19

ഈ വർഷത്തെ മില്ലറ്റ് ദിനം ഡിസംബർ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് നമ്മുടെ സ്കൂളിൽ ആചരിച്ചു. വിവിധ മില്ലറ്റുകൾ ഉപയോഗിച്ച് കൊണ്ടുള്ള കുട്ടികളുടെ പലഹാര മേള മേന്മയേറിയ പരിപാടിയായി മാറി. മില്ലറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും അനഘ ടീച്ചർ ക്ലാസ് നൽകി. കുട്ടികളുടെയും അദ്ധ്യാപകരുടെയും പങ്കാളിത്തത്തോടെ പരിപാടി വിജയിപ്പിക്കാൻ സാധിച്ചു.