ജി.എച്ച്.എസ്.എസ്. നെടുങ്ങോം/എന്റെ ഗ്രാമം

19:14, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VASITH (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി യിലെ ഒരു ചെറുഗ്രാമമാണ് നെടുങ്ങോം.
ഭൂമിശാസ്‌ത്ര സവിശേഷതകൾ




ദേശചരിത്രത്തിന്റെ നാൾവഴികൾ

  • ബി.സി.4000-2000 പ്രോട്ടോ ആസ്റ്റ്രലോയിഡ് നെഗ്രിറ്റോ വംശക്കാരായ ആദിവാസികൾ മലഞ്ചെരിവുകളിൽ നാടോടിജീവിതം നയിച്ചിരുന്നു.
  • ബി.സി.700 മെഡിറ്ററേനിയൻ തീരത്തുനിന്ന് തെക്കൻ കേരളത്തിലേക്ക് ദ്രാവിഡർ കുടിയേറി.
  • ബി.സി.700-600 സിംഹളദ്വീപിൽ നിന്നും വലിയ സംഘമായി കുടിയേറിയ ദ്വീപർ കേരളത്തിൽ വ്യാപകമായ കുടിയിരിപ്പ് ആരംഭിച്ചു.
  • ബി.സി.500 ദ്രാവിഡജനത നമ്മുടെ ദേശാതിർത്തിയിൽ താമസമാരംഭിച്ചു.
  • എ.ഡി.ഒന്നാം നൂറ്റാണ്ട് സെന്റ് തോമസ് കേരളത്തിലെത്തി. ഒന്നാം ചേരസാമ്രാജ്യം തുളുനാടു മുതൽ വേണാടു വരെ ഭരണത്തിൻ കീഴിലാക്കി.
  • എ.ഡി.ഒന്നാം നൂറ്റാണ്ട് പല്ലവഭരണകാലം.
  • എ.ഡി.മൂന്നാം നൂറ്റാണ്ട് ആര്യബ്രാഹ്മണർ കേരളത്തിലേക്ക് കുടിയേറി.
  • എ.ഡി. 345 ക്നായിത്തൊമ്മനും അനുയായികളും കേരളത്തിലേക്ക് കുടിയേറി.
  • എ.ഡി.4-6നൂറ്റാണ്ടുകൾ നാലാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച ഫാഹിയാൻ ഇങ്ങനെ വിവരിക്കുന്നു: നായർ, പടനായകർ വടക്കുദേശത്തുനിന്നും രാജ്യരക്ഷയ്ക്കുവേണ്ടി എത്തിച്ചേർന്നവർ ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസമാരംഭിച്ചു. കേരളത്തിലെത്തുന്ന വിദേശയാത്രികർക്ക് നായർ പടയാളികളുടെ അകമ്പടിയും സംരക്ഷണവും നൽകിയിരുന്നു. അതിനു നാടുവാഴികൾ ചെറിയൊരു ചുങ്കവും വാങ്ങിയിരുന്നു.
  • എ.ഡി. എട്ടാം നൂറ്റാണ്ട് രണ്ടാം ചേരസാമ്രാജ്യം സ്ഥാപിതമായി. കുരുമുളക് വനവിഭവം എന്ന നിലയിൽ നിന്നും ഒരു കാർഷികവിളയായി സ്ഥാനം നേടി.
  • എ.ഡി. ഒമ്പതാം നൂറ്റാണ്ട് മലനാടിന്റെയും തുളുനാടിന്റെയും ചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ ഇസ് ലാം മതം സ്വീകരിച്ചു. രാജ്യം പല ഖണ്ഡങ്ങളായി തിരിച്ച് അനന്തരാവകാശികൾക്ക് നൽകി. തീർത്ഥാടനത്തിന് മെക്കയിലേക്കു പോയി. മെക്കയിൽ വച്ച് ഇസ് ലാം പണ്ഡിതനായ മുഹമ്മദ് ഇബ്നു മാലിക് ദിനാറെ പരിചയപ്പെട്ടു. മലബാറിലെത്തി ഇസ് ലാമിന്റെ മഹത്വം പ്രചരിപ്പിക്കാൻ മാലിക് ദിനാറിനെ ചേരമാൻ പെരുമാൾ പ്രേരിപ്പിച്ചു. സഹായത്തിന് പ്രത്യേകം തിട്ടൂരങ്ങൾ എഴുതി, വടക്കൻ കോലത്തിരിക്കും തെക്കൻ കോലത്തിരിക്കും (വേണാട്ട് രാജാവ്) കൊടുക്കാൻ മാലിക് ദിനാറിനെ ഏൽപ്പിച്ചു. പെരുമാൾ മെക്കയിൽ വച്ച് അന്തരിച്ചു. ശേഷം എട്ടു വർഷം കഴിഞ്ഞ് മാലിക് ദിനാറും വലിയൊരു സംഘം അനുചരന്മാരും കുടുംബാംഗങ്ങളും ചേർന്ന് കപ്പൽ മാർഗം മുസിരിസിൽ എത്തി. പെരുമാളിന്റെ നിർദ്ദേശമനുസരിച്ച്, അദ്ദേഹം അന്തരിച്ച വിവരം മാലിക് ദിനാർ മലയാളക്കരയെ അറിയിച്ചില്ല. കോലത്തിരികളുടെ നിർലോപമായ സഹായത്താൽ മുസിരിസിലും (കൊടുങ്ങല്ലൂർ) മടയേലിയിലും (മാടായി) പള്ളികൾ സ്ഥാപിച്ചു. പത്തു വർഷത്തിനു ശേഷം നെയ് താരാ നദിയിലൂടെ ശിരവ് പട്ടണ(ശ്രീകണ്ഠപുരം പഴയങ്ങാടി)ത്തെത്തി. അവിടെ മൂന്നാമത്തെ പള്ളി സ്ഥാപിച്ചു. മാലിക് ദിനാറിന്റെ മകൻ മാലിക് ഇബ് നു ഹബീബിന്റെ പത്തു മക്കളിലൊരാളെ പള്ളിയിൽ ഖാസിയായി നിയമിച്ച് മാലിക് ദിനാർ കാസറഗോഡേക്ക് മടങ്ങിപ്പോയി. അറേബ്യയിലെ സഫറിൽ ഉള്ള ചേരമാൻ പെരുമാളിന്റേതെന്നു വിശ്വസിക്കപ്പെടുന്ന ശവകുടീരത്തിൽ സഫറിൽ എത്തപ്പെട്ട കാലം ഹിജ് റ 212, അവിടെവച്ച് മരിച്ച കാലം ഹിജ് റ 216 എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (അത് എ.ഡി. 827-832 വർഷങ്ങളാണ്)


എ.ഡി.8-12 നൂറ്റാണ്ടുകൾ നമ്മുടെ പ്രദേശം മൂഷികവംശത്തിന്റെ കീഴിലായിരുന്നു. മൂഷികവംശം അക്കാലത്ത് നാല് താവഴികളായി പിരിഞ്ഞിരുന്നു - ചിറക്കൽ, വല്ലഭപട്ടണം, കരിപ്പാത്ത്, ചിരികണ്ടിടം. (അക്കാലത്ത് ശിരവ് പട്ടണം 'ചെറുപട്ടണ'മെന്നും 'ചിരികണ്ടിട'മെന്നും അറിയപ്പെട്ടു തുടങ്ങിയിരുന്നു.)
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് മൂഷികവംശം ചിരികണ്ടിടം താവഴിയിലെ ശ്രീകണ്ഠൻ എന്ന രാജാവിന്റെ ഭരണത്തിൻ കീഴിലായി. ശ്രീകണ്ഠന്റെ സദസ്സിലെ പണ്ഠിതകവിയായിരുന്ന അതുലൻ മൂഷികവംശത്തിലെ പല താവഴികളിൽപെട്ട 118 രാജാക്കന്മാരുടെ ജീവിതവും ഭരണവും വിവരിക്കുന്ന മൂഷികരാജവംശാവലി ചരിത്രം ഒരു കാവ്യമായി എഴുതി. അതിൽ 118-മത്തെ രാജാവും സമകാലികനുമായി ശ്രീകണ്ഠനെ വിവരിക്കുന്നു. അതിൽ രാമഘടമൂഷികൻ (ഇരാമഘടമൂവർ) മുതൽ ശ്രീകണ്ഠൻ വരെ വർണിക്കപ്പെട്ടിരിക്കുന്നു. ശ്രീകണ്ഠനുശേഷം രാജ്യത്തിനോ തലസ്ഥാനത്തിനോ താവഴികുടുംബങ്ങൾക്കോ എന്തു സംഭവിച്ചു എന്നു വ്യക്തമായ രേഖകളില്ല.
അക്കാലത്ത് കുടക് രാജാവായിരുന്നു വോഡയാർ. ശക്തരും പ്രഗത്ഭരുമായ കുടകു രാജാക്കന്മാർ അവരുടെ സുഗന്ധദ്രവ്യങ്ങൾ കപ്പൽ കയറ്റൻ കരമാർഗം ഇരിക്കൂറും ശ്രീകണ്ഠപുരത്തും എത്തിച്ചിരുന്നതിന്റെ സൂചനയുണ്ട്. ഏകദേശം ഇതേകാലത്തു തന്നെയാണ് വൈതൽകോൻ എന്ന കുടക് രാജാവ് വൈതൽമലമുടിയിൽ ക്ഷേത്രം സ്ഥാപിച്ചു എന്ന ഐതിഹ്യം പ്രചാരത്തിലുള്ളത്.
സാഹചര്യം കണക്കിലെടുത്താൽ കുടക് രാജാക്കന്മാരുടെ ആക്രമണം മൂലമോ, കുടുംബം അന്യം നിന്ന് ചിറക്കലിലേക്ക് മാറിപ്പോയിട്ടോ ആകാം ചിരകണ്ടിടത്തെ ഭരണം അവസാനിച്ചത്. ശ്രീകണ്ഠരാജാവിന്റെ കാലത്തിനു വളരെ മുമ്പു തന്നെ ചുഴലി കമ്മാൾ എന്ന ചുഴലി നമ്പ്യാർ - ചുഴലി രാജവംശം നിലവിലുണ്ടായിരുന്നു.
മൂഷികരാജവംശം ക്രമേണ കോലസ്വരൂപമായി മാറി. കോലത്തുനാട് എന്ന് ദേശപ്പേരുണ്ടായി. തുടർന്ന് കോലത്തിരി, തെക്കിളംകൂർ, വടക്കിളംകൂർ, നാലാംകൂർ, അഞ്ചാംകൂർ എന്നിങ്ങനെ അഞ്ചു താവഴികളും താവഴി അവകാശങ്ങളുമായി പിരിഞ്ഞ് കോലത്തുനാട് ശിഥിലവും ദുർബലവുമായിത്തീർന്നു. 1738 വരെ ഏഴിമല തലസ്ഥാനമാക്കി കോലത്തിരി എന്ന സ്ഥാനപ്പേരോടെ കോലഭൂപന്മാർ ഭരണം നടത്തിയിരുന്നു. 1738-ലെ കുടുംബക്കരാർ പ്രകാരം ഭരണാധികാരം ചിറക്കൽ താവഴിക്ക് കൈമാറി, ചിറക്കൽ രാജാ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു. കോരപ്പുഴ മുതൽ കുമ്പള വരെ വിസ്തൃതമായിരുന്നു മൂഷികരാജ്യം. കോലത്തുനാട് ചിറക്കൽ രാജാവിലെത്തുമ്പോൾ ഒരു താലൂക്ക് മാത്രം വിസ്തൃതിയുള്ള ചെറുരാജ്യമായി ചുരുങ്ങി. കോലത്തുനാടിനു ചുറ്റുമായി കുമ്പള, നീലേശ്വരം, ഉദിനൂർ, അറക്കൽ, കടത്തനാട്, രണ്ടത്തറ, കോട്ടയം സ്വരൂപങ്ങൾ സ്വതന്ത്രരാജ്യാധിപത്യങ്ങളായി വളർന്നു.
1738 മുതൽ വെറും 28 വർഷങ്ങൾ മാത്രമേ ചിറക്കൽ രാജാവിന് സ്വതന്ത്രരാജാധിപത്യം നിലനിർത്താൻ കഴിഞ്ഞിട്ടുള്ളൂ. അതും രാജ്യത്തിനുള്ളിൽ വളർന്നു ശക്തി പ്രാപിച്ച ഫ്യൂഡൽ സാമന്തന്മാർക്ക് വശപ്പെട്ടും കീഴടങ്ങിയും ഭരണം നിലനിർത്തേണ്ടിവന്നു. നേർപ്പാട്ട്, ചുഴലി, കോട്ടയം, കല്ല്യാട്ട് സാമന്തന്മാർ ഏകദേശം സ്വതന്ത്ര രാജാധിപത്യങ്ങളായി പ്രഖ്യാപിക്കാനുള്ള ശക്തി - സാമ്പത്തികവും സൈനികവുമായ ശക്തി- നേടിക്കഴിഞ്ഞിരുന്നു.
ഭൂമിയിൽ നിന്നുള്ള വരുമാനമത്രയും (നികുതി, പാട്ടം, വാരം) നേരിട്ട് ജന്മിക്കു ലഭിക്കുകയും ജന്മിരാജഭോഗം ഇഷ്ടം പോലെ കുറയ്ക്കുകയും ചെയ്തപ്പോൾ രാജാവ് ദുർബലനും ജന്മി ശക്തനുമായിത്തീർന്നു. രാജാവ്, സാമന്തൻ, ജന്മി, കുടിയാൻ, കർഷകൻ, തൊഴിലാളി തുടങ്ങി എല്ലാ വിഭാഗങ്ങളും അസ്ഥിരതയുടെ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട് 1766 എത്തിച്ചേർന്നത്.
പടയോട്ടകാലത്തിലൂടെ...
1498 -ൽ വാസ്കോ ഡി ഗാമ കോഴിക്കോട് സാമൂതിരിയെ സന്ദർശിച്ച് കുരുമുളക് കച്ചവടത്തിന് അനുമതി നേടി. അതോടെ അറബികളുടെ വ്യാപാരക്കുത്തക തകർന്നു. 1503-ൽ അൽബുക്കർക്ക് വലിയ സൈനികസന്നാഹങ്ങളുമായി കൊച്ചിയിലെത്തി. 1504 ഒക്ടോബർ 23-ന് കണ്ണൂർ കോട്ടയുടെ പണിയാരംഭിച്ചു. മലബാർ തീരത്ത് സംഘർഷങ്ങൾ ആരംഭിച്ചു.
(കടപ്പാട്: *മലബാർ മാന്വൽ- വില്യം ലോഗൻ, *നാടിനെ അറിയാൻ-എഡി. രാജേന്ദ്രൻ അഷ്ടമുടി)
(അപൂർണം)'