പ്രവേശനോത്സവം

വ്യത്യസ്ത  നിറങ്ങളാർന്ന  തോരണങ്ങളും വർണാഭമായ ബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് കൊച്ചു പൂമ്പാറ്റകളെ വരവേറ്റത്    ..  ഇമ്പമാർന്ന  പ്രവേശന ഗാനം അവരുടെ പുഞ്ചിരിക്ക് മാറ്റു കൂട്ടി . 2024  - 2025  അധ്യാനവർഷത്തിൽ 3/6/2024    തിങ്കളാഴ്ച രാവിലെ  10 . 30   ന്   ആരംഭിച്ച  പ്രവേശനോത്സവ  പരിപാടി വാർഡ് മെമ്പർ  ശ്രീമതി   സെറീന  ടി.പി    ഉദ്ഘാടനം  ചെയ്തു . പി.ടി.എ  പ്രസിഡന്റ്‌  ശ്രീ  കബീർ പട്ടാമ്പി  അധ്യക്ഷം വഹിച്ചു . പ്രധാനധ്യാപകൻ  സിദിൻ  സാർ  സ്വാഗതവും  മാനേജർ  അഷ്‌റഫ്‌  മാസ്റ്റർ   വേദിയിൽ  സംസാരിക്കുകയും ചെയ്തു .

 
സ്കൂൾ പ്രവേശനോത്സവം


നവാഗതർക്ക്  സമ്മാന കിറ്റ് നൽകിയായിരുന്നു പ്രവേശന തുടക്കം . കുഞ്ഞു ഹൃദയങ്ങളിൽ ആ  സമ്മാനപ്പൊതികൾ സന്തോഷ കണങ്ങളായ് മാറിയിരുന്നു   .  ആദ്യ  ദിവസം മനോഹരമാവാൻ മധുരവും നൽകി പരിപാടി കൂടുതൽ  കളറാക്കി... എല്ലാ  കുട്ടികൾക്കും  സോൻ പാപ്പടി മിഠായി നൽകി .  തുടർന്ന് കുട്ടികളുടെ കഥകളും പാട്ടുകളും പ്രവേശനോത്സവത്തെ  മാറ്റു കൂട്ടി . വർണാഭമായ  പ്രവേശനോത്സവ  ഇടവേളയിൽ  അധ്യാപകനായ  ഷെരീഫ്  മാസ്റ്റർ   "   വിദ്യാഭ്യാസ രംഗത്തെ  രക്ഷിതാക്കളുടെ  പങ്ക്  "  എന്ന  വിഷയത്തെ കുറിച്ച് രക്ഷിതാക്കൾക്ക്  ബോധ വൽക്കരണ  ക്ലാസും  എടുത്തു . സമ്മാനപ്പൊ തിയും  മിഠായി  മധുരവുമായ് ആദ്യ  നാളിന്റെ മധുര ഓർമയുമായാണ് ഓരോ  കുരുന്നും പ്രവേശനോത്സവം  കഴിഞ്ഞു  പോയത്.......

 
സ്കൂൾ പ്രവേശനോത്സവം

ലോക പരിസ്ഥിതി ദിനം

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ആഗോള പരിപാടിയാണ് ലോക പരിസ്ഥിതി ദിനം. എല്ലാ വർഷവും ജൂൺ 5 നാണ് ഇത് നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, മലിനീകരണം , വനനശീകരണം, ജൈവ വൈവിധ്യ നഷ്ടം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അതിനാൽ നമ്മൾ മുന്നോട്ട് പോകുമ്പോൾ ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം കൂടുതൽ ആഴത്തിലാക്കുന്നു. 2024 ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം "ഭൂമി പുനസ്ഥാപിക്കൽ, മരുഭൂകരണം , വരൾച്ച, പ്രതിരോധം എന്നതാണ്.

 
പരിസ്ഥിതി ദിനം

            കേവലം ഒരു ദിനം ആഘോഷിക്കേണ്ട പരിപാടിയല്ല പരിസ്ഥിതി ദിനം. 365 ദിവസവും പരിസ്ഥിതി ദിന പരിപാടി നടക്കേണ്ടതുണ്ട്. 5/06/24 ബുധനാഴ്ച്ച സ്കൂളിൽ ഇന്ന് അതിന് തുടക്കം കുറിച്ചു. എന്ത് കൊണ്ട് പ്ലാസ്റ്റിക് ഒഴിവാക്കണം എന്ന ബോധവൽക്കരണ ക്ലാസ് ക്ലാസ്റൂമിൽ നടന്നു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരണം നടന്നു. സെക്രട്ടറിയായി 4 A ക്ലാസിലെ ത്വാഹിർഷയെയും പ്രസിഡൻ്റായി 4B ക്ലാസിലെ റുസ്‌ലയെയും തെരഞ്ഞെടുത്തു. പരിസ്ഥിതി ക്ലബ്ബംഗങ്ങൾ ചേർന്ന് സ്കൂൾ അംഗണത്തിൽ മാവിൻ തൈ , ഡിവിഡിവി തൈ എന്നിവ വെച്ച് പിടിപ്പിച്ചു. ആറ് മാസം നീണ്ട് നിൽക്കുന്ന തൈ നടൽ മത്സരത്തിനും തുടക്കം കുറിച്ചു. പ്ലാസ്റ്റിക് രഹിത മാലിന്യ മുക്ത വിദ്യാലയം എന്നതാണ് ഞങ്ങളുടെ വിദ്യാലയത്തിൻ്റെ കാഴ്ചപ്പാട്.

ഈദ് ഫെസ്റ്റ് - മൊഞ്ചേറും മൈലാഞ്ചി

      ബക്രീദ് പ്രമാണിച്ച് 15.6 . 2024 ശനിയാഴ്ച്ച രക്ഷിതാക്കൾക്കായി മൊഞ്ചുള്ള മൈലാഞ്ചി മത്സരം നടത്തി. രാവിലെ 11 മണിക്ക് മൈലാഞ്ചിയുമായി രക്ഷിതാക്കളെത്തി. "കുഞ്ഞു കൈവെള്ളയിൽ വിരിഞ്ഞ പെരുന്നാൾ പൂക്കൾ " . 13 രക്ഷിതാക്കളാണ് മത്സരത്തിൽ പങ്കെടുത്തത്. ഈ മത്സരത്തിൽ 4B ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റിയാൻ്റെ മാതാവ് റുഷ്ദ ഒന്നാം സ്ഥാനവും,UKG A ക്ലാസിൽ പഠിക്കുന്ന ഹസ്സൻ ബഷരിയുടെ മാതാവ് ഖദീജ മിൻഹ രണ്ടാം സ്ഥാനവും,   1B ക്ലാസിൽ പഠിക്കുന്ന ഷസ്ല യുടെ മാതാവ് ആസിഫയും, 1B ക്ലാസിൽ പഠിക്കുന്ന രഹ്നയുടെ മാതാവ് ഫസീലയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി

 

വായനാദിനം

       ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു.വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന പി എൻ പണിക്കരുടെ ചരമദിനമാണല്ലോ ജൂൺ 19.അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം വായനാദിനമായി ആചരിക്കുകയാണ്.കേരളത്തിൽ ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു.

     ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ വായനാവാര പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

വായനാദിന റാലി

           19/6/24 ന് വായനാദിനത്തിൽ ഓരോ കുരുന്നുകളെയും വായനയിലേക്ക് നയിക്കുന്നതിനായുള്ള സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് വായനാദിന പ്ലക്കാടുകളും വായനയുടെ മഹത്വം വിളിച്ചോതുന്ന വായനാഗീതവുമായി വിദ്യാർത്ഥികൾ രാവിലെ 11 മണിക്ക് സ്കൂളിൽ നിന്നും ഉദരാണിയിലേക്ക് റാലി സംഘടിപ്പിച്ചു.

 
വായന ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ നിന്ന്

ലൈബ്രറി സന്ദർശനം

        20/6/ 24 ന്    വായനാവാര പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി പ്രവർത്തനങ്ങൾ എങ്ങനെയെന്ന് മനസ്സിലാക്കാനായി വിദ്യാർത്ഥികൾ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലേക്ക് യാത്ര സംഘടിപ്പിച്ചു.അവിടെയുള്ള പുസ്തകങ്ങൾ,ദിനപത്രങ്ങൾ, ബാല മാസികകൾ,എന്നിവ കാണാനും പരിചയപ്പെടാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.കോട്ടക്കൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അലി . സി പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ ആശംസ അർപ്പിച്ചു.ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ച് ലൈബ്രേറിയൻ അഖിൽദാസ് സംസാരിച്ചു.ടി സി സിദിൻ മാഷ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ മുഹമ്മദ് ശരീഫ് സ്വാഗതവും, പി അനുഷ നന്ദിയും, രേഖപ്പെടുത്തി.വിദ്യാരംഗം കൺവീനർ പി അവന്തിക പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു

 
വായനവാരത്തിന്റെ ഭാഗമായി കോട്ടക്കൽ നഗരസഭ ലൈബ്രറി വിദ്യാർത്ഥികൾ സന്ദർശിക്കുന്നു

വായനാദിന പോസ്റ്റർ നിർമ്മാണം

വായനാദിനത്തോടനുബന്ധിച്ച് 21/6/ 24 ന്ഓരോ ക്ലാസ് മുറിയിലും കുട്ടികളിൽ വായനയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി പി എൻ പണിക്കരെ സ്മരിച്ചുകൊണ്ട് പോസ്റ്റർ നിർമ്മാണവും കൈയ്യെഴുത്ത് മത്സരവും നടന്നു

വായനാദിന അസംബ്ലി

       24 / 6/24 തിങ്കൾ വായനാദിനത്തോടനുബന്ധിച്ച് 4 Aക്ലാസിലെ വിദ്യാർത്ഥികൾ അസംബ്ലി സംഘടിപ്പിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചും, വായനയാണ് ഓരോ വ്യക്തിയേയും യഥാർത്ഥ മനുഷ്യനാക്കുന്നതെന്നും, വായിച്ച് വളരുകയും ചിന്തിച്ച് വിവേകം നേടണമെന്നും,പുസ്തക വായന ശീലമാക്കണമെന്നും അഷദ് കുട്ടികൾക്ക് സന്ദേശം നൽകി.ശേഷം പുസ്തകത്തിൻ്റെ ആത്മകഥ അഹാന പറയുകയുണ്ടായി.സാഹിത്യകാരന്മാരായ കുഞ്ഞുണ്ണി മാഷ്, വള്ളത്തോൾ ,ഒ.എൻ.വി തുടങ്ങിയവരെ വിദ്യാർത്ഥികൾ ചിത്രങ്ങൾ പ്രദർശിപ്പിച്ച് പരിചയപ്പെടുത്തുകയുണ്ടായി.

സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ

             25/ 6/24 ന് വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരെ വിദ്യാർത്ഥികൾക്ക് മുന്നിൽ അണി നിരത്തി.പതിനഞ്ചോളം സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും,അവരുടെ വിവരണങ്ങളും പുസ്തകങ്ങളും വിദ്യാർത്ഥികൾ പരിചയപ്പെടുത്തുകയുണ്ടായി.

 
സാഹിത്യകാരന്മാരെ പരിചയപ്പെടൽ പരിപാടി

വായന കാർഡ് നിർമ്മാണം

    25/6/24 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാര പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ശിൽപ്പശാല നടത്തി വായന കാർഡ് തയ്യാറാക്കുകയുണ്ടായി . കുരുന്നുകൾ അക്ഷരം നിരത്തിയപ്പോൾ പിറന്നത് നൂറ് വായനാകാർഡുകളാണ്.വായന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സ്കൂളിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.കാർഡ് സ്കൂൾ പ്രധാനാദ്ധ്യാപകൻ ടി സി സിദിൻ മാഷ് പ്രകാശനം ചെയ്തു.മുഹമ്മദ് ശരീഫ് അധ്യക്ഷനായി.പി അനുഷ, അശ്വിൻ സുരേഷ്,പി ഫസീല , എം ഉമ്മു ഹബീബ എന്നിവർ നേതൃത്വം നൽകി

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

       വിദ്യാർത്ഥികളുടെ സർഗാത്മകശേഷി വളർത്തുന്നതിനും,പരിപോഷിപ്പിക്കുന്നതിനും ,ഭയരഹിതമായി ആടാനും, പാടാനും,കഥ എഴുതാനും, കവിത എഴുതാനും, അഭിനയിക്കാനും, ഒരുക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യ വേദി.

    26/6/24 ന് വിദ്യാഭ്യാസ പ്രവർത്തകനായ എം.എസ് മോഹനൻ മാഷ് വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു.അദ്ദേഹം കുട്ടികളെ ഉല്ലസിപ്പിച്ച് വ്യത്യസ്ത പാട്ടുകൾ പാടി കൊടുക്കുകയും കഥ പറഞ്ഞു കൊടുക്കുകയും ചെയ്തു കൊണ്ട് ആടാനും പാടാനുമുള്ള അവസരം ഒരുക്കി കൊടുത്തു. ശേഷം വായനയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വായനാദിന സംഗീത ശില്പം മൂന്ന്, നാല് ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

    ഈ ചടങ്ങിന് പി ടി എ പ്രസിഡൻറ് കബീർ പട്ടാമ്പി അധ്യക്ഷം വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ സിദിൻ മാഷ് സ്വാഗതവും, വിദ്യാരംഗം കൺവീനർ അവന്തിക ആശംസയും, വിദ്യാരംഗം കോഡിനേറ്റർ പി അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

 
വിദ്യാരംഗം കല സാഹിത്യ വേദി ഉദ്ഘാടനം എം സ് മോഹനൻ മാഷ് നിര്വഹിക്കുന്നു

ലഹരി വിരുദ്ധ ദിനം

    മയക്കുമരുന്നിന്റെ ഉപയോഗം യുവാക്കളിൽ എന്നപോലെ കുട്ടികളിലും വളരെയധികം കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലമാണ് ഇന്ന്.ഈ ലഹരിയുടെ ഉപയോഗത്തിൽ നിന്നും ഒരു മുക്തി നേടുക എന്ന ലക്ഷ്യത്തോടെ 1987 മുതൽ എല്ലാവർഷവും ജൂൺ 26ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു.

പണ്ടുകാലങ്ങളിൽ യുവാക്കൾ മാത്രമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നത്.എന്നാൽ ഇന്ന് ചെറിയ കുട്ടികൾ പോലും ഇതിന് അടിമപ്പെട്ടിരിക്കുന്നതായി നമുക്ക് കാണാൻ സാധിക്കുന്നു.

26/ 6/24 ന് സ്കൂളിൽ ലഹരിയെക്കുറിച്ചും അതിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചും കുട്ടികളിലും രക്ഷിതാക്കളിലും അവബോധം ഉണ്ടാക്കുന്നതിനായി അഹാന, റിസ്ലി, ഹംസത്ത്മിഷാൻ എന്നിവർ ചേർന്ന് സ്കൂളിലെ യൂട്യൂബ് ചാനൽ ആയ റിഥം വിഷൻ ചാനലിലേക്ക് വീഡിയോ അവതരണം നൽകി.ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന വിപത്തിനെ കുറിച്ച് ധാരണ നൽകിക്കൊണ്ട് രക്ഷിതാക്കൾക്ക് ഒരു ലഘുലേഖ തയ്യാറാക്കി നൽകുകയും ചെയ്തു.

പുതിയ പാഠപുസ്തകവും രക്ഷിതാക്കളും

1/7/24 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ "പുതിയ പാഠപുസ്തകവും രക്ഷിതാക്കളും" എന്ന വിഷയത്തെ കുറിച്ച് മൂന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് വിദ്യാഭ്യാസ പ്രവർത്തകനും പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമായ പി. രമേഷ് കുമാർ ക്ലാസെടുത്തു. മാറിയ പാഠപുസ്തകങ്ങൾ പ്രവർത്തനാധിഷ്ഠിതമാണെന്നും, ശിശുകേന്ദ്രീകൃതമാണെന്നും, ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ ചിന്തയിലേക്ക് നയിക്കുന്നവയാണെന്നും,പഠന ലക്ഷ്യങ്ങൾ നേടിയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അത് മൂല്യനിർണ്ണയത്തിലൂടെ മാത്രം കഴിയില്ലാ എന്നും അദ്ദേഹം പറഞ്ഞു. ഈ പരിപാടിയിൽ അമ്പതോളം രക്ഷിതാക്കൾ പങ്കാളികളായിരുന്നു. രക്ഷിതാക്കൾക്കുള്ള സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

   ഈ പരിപാടിക്ക് അധ്യക്ഷം വഹിച്ചത് സ്കൂളിലെ അധ്യാപകനായ ഷരീഫ് മാഷും, സ്വാഗതം പറഞ്ഞത് പ്രാധാനാധ്യാപകനായ സിദിൻ മാഷും, ഉദഘാടനം ചെയ്തത് ശ്രീ പി രമേഷ് കുമാർ മാസ്റ്ററും, ആണ്.

ഈ പരിപാടിക്ക് പി അനുഷ ടീച്ചർ നന്ദി രേഖപ്പെടുത്തി.

 
പുതിയ പാഠപുസ്തകവും രക്ഷിതാക്കളും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി പി.രമേഷ് മാസ്റ്റർ ക്ലാസ് എടുക്കുന്നു

അമ്മ വായന

ഒരാൾക്കുണ്ടാകുന്ന ഏറ്റവും നല്ല ശീലങ്ങളിൽ ഒന്നാണ് വായന.വ്യത്യസ്തതരം പുസ്തകങ്ങൾ വായിക്കുന്നത് രസകരമാണ്.പുസ്തകങ്ങൾ വായിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിലുള്ള ആളുകളെയും വ്യത്യസ്ത സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും മറ്റും നമുക്ക് പരിചയപ്പെടാം.വ്യത്യസ്ത പുസ്തകങ്ങൾ വായിച്ചു കൊണ്ട്പര്യവേഷണം ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.അവർ അറിവിന്റെ സമൃദ്ധിയും മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളും ആണ്.

     അതിനായി എ എം എൽ പി എസ് വില്ലൂർ സ്കൂളിലെ രക്ഷിതാക്കൾക്കായി വായനയുടെ വാതായനം തുറന്നിരിക്കുകയാണ്.വായിക്കാൻ ആഗ്രഹിക്കുന്നവർക്കും , വായനയുടെ അവസരം ലഭിക്കാത്തവർക്കുമായി നോവലുകൾ, ചെറുകഥകൾ, , ലഘു വിവരണങ്ങൾ, തുടങ്ങി ഒട്ടനവധി പുസ്തകങ്ങൾ രക്ഷിതാക്കൾക്കായി വീട്ടിലെത്തിച്ചു.

   24/6 / 24 ന്അമ്മ വായനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 4A ക്ലാസ്സിൽ പഠിക്കുന്ന അവന്തികയുടെ മാതാവ് പ്രജിതയ്ക്ക് എസ് കെ പൊറ്റക്കാട് എഴുതിയ "നാടൻ പ്രേമം" എന്ന പുസ്തകം സ്കൂൾ പ്രധാനാധ്യാപകൻ സിദിൻ മാഷ് കൈമാറി.വിദ്യാരംഗം കോർഡിനേറ്റർ അനുഷ ടീച്ചർ ,സെൽവ ടീച്ചർ, അശ്വിൻ മാസ്റ്റർ എന്നിവർ സാന്നിധ്യം അറിയിച്ചു.

        സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളാണ് രക്ഷിതാക്കൾക്ക് നൽകുന്നത്.അമ്മമാരുടെ വായന വിദ്യാർത്ഥികൾക്ക് മാതൃകയാവുകയും അവർ കൂടുതൽ വായനയിലേക്ക് തൽപരരാവുകയും ചെയ്യുന്നു.അത് വിദ്യാർത്ഥികളെ നല്ല വായനാശീലം ഉള്ളവരായി മാറ്റാൻ സഹായിക്കുന്നു.

 
അമ്മ വായന പദ്ധതിയുടെ ഉദ്ഘാടനം എം.പി.ടി എ പ്രസിഡണ്ട് ശ്രീമതി പ്രജിതക്ക് കൈമാറി ഹെഡ്മാസ്റ്റർ ടി.സി സിദിൻ മാഷ് ഉദ്ഘാടനം ചെയ്തു

ഓലപ്പീപ്പി ഓൺലൈൻ മാസിക

     വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികൾ ലേഖനങ്ങളായും , ചിത്രങ്ങളായും, കവിതകളായും കഥകളായും , വായനാ കാർഡായും ഡിജിറ്റൽ മാസികയാക്കുന്നു.

21/6/24 ന് ഓലപ്പീപ്പി ഓൺലൈൻ മാസികയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ സിദിൻ മാഷ് നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ കൊച്ചു കൊച്ചു സൃഷ്ടികൾ ഇതിലേക്ക് അപ്‌ലോഡ് ചെയ്തു.

ക്ലാസ് ലൈബ്രറി ഉദ്ഘാടനം

വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി ഉദ്ഘാടനം ക്ലാസ് ടീച്ചേഴ്സ് നിർവ്വഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകങ്ങൾ കൈമാറി..വായനയിലേക്ക് കുട്ടികളെ നയിക്കുന്നതിന് വേണ്ടി വ്യത്യസ്ത ബാലസാഹിത്യങ്ങളും കുഞ്ഞു കഥകളും വായിക്കേണ്ടതുണ്ട്.

മലർവാടി ആർട്സ് ക്ലബ്ബ്

കുട്ടികളിലെ സർഗ്ഗവാസനകൾ ഉണർത്തുന്നതിനും സ്റ്റേജ് ഫിയറും മാറ്റുന്നതിനുള്ള ഒരു തന്നത് പരിപാടിയാണ് മലർവാടി ആർട്സ് ക്ലബ്ബ്.എല്ലാ ദിവസവും 12 മണി മുതൽ 12.10 വരെയുള്ള ഇടവേള സമയത്ത് കുട്ടികൾക്ക് അവരുടെ പരിപാടികൾ അവതരിപ്പിക്കാം . പാട്ട്, പ്രസംഗം,കഥ, നൃത്തം, കൊട്ട്, തുടങ്ങീ ആടാനും പാടാനും മൊക്കെയുള്ള അവരുടെ ഇടമാണ് മലർവാടി. ഈ വർഷത്തെ മലർവാടിയുടെ പ്രവർത്തനോദ്ഘാടനം 24/6/24 ന് 4B ക്ലാസിലെ ഷഹാന നിർവ്വഹിച്ചു. അധ്യക്ഷസ്ഥാനം വഹിച്ചത് ഹാദിയയും സ്വാഗതം അൻഷിദയും പ്രസംഗം ഹംസത്ത് മിഷാലും മാപ്പിളപ്പാട്ട് അസിയാനും ആൽബം പാട്ട് പാടിയത് അഫ്സലും ആണ്

ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ ജൂലൈ 5 എല്ലാവർഷവും ബഷീർ ദിനമായി ആചരിച്ചു വരുന്നു.സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീറിൻ്റെ സാഹിത്യം വഴങ്ങും.കുറച്ചു മാത്രം എഴുതിയിട്ടും ബഷീറിൻ്റെ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് ജീവിതാനുഭവങ്ങളുടെ കരുത്ത് കൊണ്ടായിരുന്നു.

5/7/24 ന്ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.ബഷീറിൻ്റെ പ്രശസ്ത കൃതികളിലെ അവിസ്മരണീയ കഥാപാത്രങ്ങളായി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുകയുണ്ടായി. പൂവൻ പഴത്തിലെ ജമീലയായി ലസ് വയും, ബാല്യകാല സഖിയിലെ സുഹറയായി ഹാദിയയും, മതിലുകളിലെ നാരായണിയായി അഹാനയും, മുച്ചീട്ടു കളിക്കാരന്റെ മകൾ എന്നതിലെ സൈനബയായി ഷംലയും, പാത്തുമ്മയുടെ ആടിലെ ആനുമ്മയും കുഞ്ഞാനുമ്മയും ആയി ജൂതി മെഹക്കും റിസ്ലിയും, ഭാർഗവി നിലയത്തിലെ ഭാർഗവിക്കുട്ടിയായി അവന്തികയും, കാമുകന്റെ ഡയറിയിലെ സരസ്വതി ദേവിയായി നിയയുമാണ് വേഷമിട്ടത്.ശേഷം ബഷീറിൻറെ നോവലുകൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കുകയും ചെയ്തു

      3 A ക്ലാസിലെ കുട്ടികൾ ബഷീർ ദിന അസംബ്ലി സംഘടിപ്പിച്ചു.അതിൽ ബഷീറിനെ കുറിച്ച് ദുൽഖർ ഷാ വളരെ വിശദമായിത്തന്നെ പറയുകയുണ്ടായി. പാത്തുമ്മയുടെ ആട് എന്ന ബഷീറിന്റെ പ്രശസ്തമായ നോവലിനെ കുറിച്ച് പുസ്തക പരിചയം റയ ഫാത്തിൻ പറയുകയുണ്ടായി.

ശേഷം ബഷീറിനെ കുറിച്ച് മനോഹരമായി ദിയ മെഹറിൻ ഗാനം ആലപിക്കുകയും ചെയ്തു

പുസ്തകോത്സവം

  വായനയിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകോത്സവം സംഘടിപ്പിച്ചു.വ്യത്യസ്ത തരത്തിലുള്ള കഥകളും കവിതകളും ചിത്രപുസ്തകങ്ങളും ഉൾക്കൊള്ളുന്ന നിരവധി പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും ഈ പരിപാടിയിൽ നടന്നു.

10/ 7/24 ബുധനാഴ്ച 11 മണിക്ക് സി പി സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.നാഷണൽ ബുക്ക്സ് ട്രസ്റ്റ്,ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയവരുടെ വിവിധ പുസ്തകങ്ങളാണ് പ്രദർശിപ്പിച്ചത്.

ചാന്ദ്ര ദിനം

ജൂലൈ 21, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മദിനം.ചന്ദ്രൻ എക്കാലവും മനുഷ്യൻറെ കൗതുകത്തെയും ഭാവനകളെയും പ്രലോഭിപ്പിച്ചിട്ടുള്ള ആകാശഗോളം ആണ്.1969 ജൂലൈ 21ന് അപ്പോളോ 11 എന്ന ബഹിരാകാശ പേടകത്തിൽ ഈഗിൾ എന്ന വാഹനത്തിൽ നിന്ന് നീൽ ആംസ് ട്രോങ് ചന്ദ്രനിൽ കാലുകൾ വെക്കുമ്പോൾ അത് മനുഷ്യരാശിയുടെ കുതിച്ചുചാട്ടത്തിന്റെ കാൽവെപ്പ് കൂടിയായിരുന്നു.

     മനുഷ്യൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ 55ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഞങ്ങളും സ്കൂളിൽ ചാന്ദ്രദിനം ശാസ്ത്ര വാരമായി ആചരിച്ചു.വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കുക ,ശാസ്ത്ര പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

   21/7/24 ന് സൗരയൂഥവും ചാന്ദ്രയാത്രികരും സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്നു.ഒപ്പം രണ്ടാം ക്ലാസുകാരുടെ നിർത്താവിഷ്കാരവും കൂടി ആയപ്പോൾ പരിപാടി കളറായി.ചന്ദ്രേട്ടാ ങ്ങള് പൊളിയാണ് എന്ന പേരിൽ പാട്ടുകൾ, കഥകൾ, രചനാ മത്സരം ,ചിത്രരചന മത്സരം , കഥപറയൽ മത്സരം , പതിപ്പ് പ്രകാശനം, ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയ പരിപാടികളും നടന്നു.

മഴമാപിനി ഉദ്ഘാടനം

      സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ കാലാവസ്ഥ പഠന പരിപാടി ആരംഭിച്ചു.മഴമാപിനിയും തെർമോമീറ്ററും സ്ഥാപിച്ച് സ്കൂളിൽ പെയ്യുന്ന മഴയുടെ അളവും ചൂടും മനസ്സിലാക്കാൻ വേണ്ടിയാണ് പദ്ധതി ഒരുക്കിയത്.ഓരോ ദിവസത്തെയും മഴ അളവും ചൂടും കുട്ടികൾ രേഖപ്പെടുത്തുന്നു.തുടർന്ന് കാലാവസ്ഥാ റിപ്പോർട്ട് വീഡിയോ ഓരോ ദിവസവും തയ്യാറാക്കി സ്കൂൾ സോഷ്യൽ മീഡിയ പേജുകൾ വഴി ജനങ്ങളിലേക്ക് എത്തിക്കും.ഓരോ ദിവസം പെയ്യുന്ന മഴയുടെ അളവ്, ആഴ്ചയിൽ പെയ്ത മഴ , മുൻ ആഴ്ചയും മാസവും തമ്മിലുള്ള വ്യത്യാസം എന്നിവയെല്ലാം കുട്ടികൾ ഇതിൽ നിന്നും പഠിക്കും.പരിപാടി പി ടി എ പ്രസിഡണ്ട് കബീർ പട്ടാമ്പി ഉദ്ഘാടനം ചെയ്തു.എസ് അശ്വിൻ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി സി സിദിൻ മാഷ് അധ്യക്ഷം വഹിക്കുകയും മുഹമ്മദ് ഷെരീഫ് നന്ദി പറയുകയും ചെയ്തു.അഭിരാമി പരിപാടി വിശദീകരിച്ചു.

*സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ*

     

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസ്സിലാക്കുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ജൂലൈ 25ന് ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ആയി പ്രവർത്തിച്ചത് അശ്വിൻ മാസ്റ്റർ ആയിരുന്നു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ആറ് വിദ്യാർഥികളാണ് മത്സരിച്ചത്. 4A ക്ലാസിലെ ത്വാഹിർ ഷാ, അവന്തിക, അഷ്മൽ , 4B ക്ലാസിലെ ഹാദിയ, ഹംസത്ത് മിഷാൽ , അസിയാൻ എന്നിവരാണ് മത്സരിച്ചത്.തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ തുല്യ വോട്ടുകളുമായി ഹംസത്ത് മിഷാൽ ,അവന്തിക എന്നിവർ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

തികച്ചും ജനാധിപത്യ രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന ഇലക്ഷൻ കുട്ടികൾക്ക് നല്ല ഒരു അനുഭവമായി.

ഹിരോഷിമ ദിനം

  ലോക മനസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം.ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6.ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്.നിഷ്കളങ്കരായ ജനതക്കുമേൽ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടും ഭീകരത.

    6/8/24 ന്ഹിരോഷിമ ദിനാചരണം സ്കൂളിൽ നടത്തി .ഈ ദിനത്തോടനുബന്ധിച്ച് നാലാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർത്ഥികൾ പത്രങ്ങളിലെ ചിത്രങ്ങളും വാർത്തകളും ശേഖരിച്ച് യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന സന്ദേശം എത്തിക്കാനായി No war എന്ന് എഴുതി കൊളാഷ് നിർമിച്ച് പ്രദർശിപ്പിച്ചു.യുദ്ധവിരുദ്ധ ഗാനം,യുദ്ധവിരുദ്ധ സന്ദേശം എന്നിവ തയ്യാറാക്കി.പരിപാടി പി ഫസീല ടീച്ചർ ഉദ്ഘാടനം ചെയ്തു.അശ്വിൻ മാസ്റ്റർ സ്വാഗതം ചെയ്തു.പി അനുഷ,ഹബീബ ,ലുബൈന,ഉമ്മുസലമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സ്വാതന്ത്ര്യ ദിനം

ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് നമ്മുടെ രാജ്യമായ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 1947 ഓഗസ്റ്റ് 15ന് ആയിരുന്നു.ആ ദിവസത്തിൻ്റെ ഓർമ്മക്കായിട്ടാണ് എല്ലാവർഷവും ഓഗസ്റ്റ് 15ന് നമ്മൾ സ്വാതന്ത്രദിനം ആഘോഷിക്കുന്നത്.സമാനതകൾ ഇല്ലാത്ത ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും അനന്തരഫലമായിരുന്നു നാം നേടിയെടുത്ത സ്വാതന്ത്ര്യം.

      ഇന്ത്യയുടെ 78 മത് സ്വാതന്ത്രദിനാഘോഷ പരിപാടികൾ 15/8/24 ന് വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അങ്കണം കുരുത്തോല കൊണ്ടും, ബലൂണുകൾ കൊണ്ടും അലങ്കരിച്ചു.9 മണിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ പതാക ഗാനത്തോട് കൂടി പതാക ഉയർത്തി.തുടർന്ന് സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനത്തോട് കൂടി റാലി സ്കൂളിൽ നിന്നും ഉതരാണിപ്പറമ്പിലേക്ക് റാലി സംഘടിപ്പിച്ചു.തുടർന്ന് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ സംഗീത ശിൽപവുമായി പരിപാടിക്ക് തുടക്കം കുറിച്ചു.എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനം മത്സരം അരങ്ങേറി.എൽ കെ ജി യു കെ ജി വിദ്യാർത്ഥികളുടെ മത്സരത്തിൽ നിന്നും യു കെ ജി A ക്ലാസിന് ഫെസ്റ്റ് പ്രൈസു യു കെ ജി B ക്ലാസിന് സെക്കൻഡ് പ്രൈസും ലഭിച്ചു. ഒന്ന്, രണ്ട് ക്ലാസ് മത്സരത്തിൽ നിന്ന് 2A ക്ലാസിന് ഫസ്റ്റ് പ്രൈസും 2 B ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു. മൂന്ന് , നാല് ക്ലാസ് മത്സരത്തിൽ നിന്ന് 3 A ക്ലാസിന് ഫസ്റ്റ് പ്രൈസും 4B ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു.ശേഷം പായസാവിതരണത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷ പരിപാടിക്ക് വിരാമം കുറിച്ചു.

ReplyForward