2024-25

2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ചുവടെ ഉൾപ്പെടുത്തിയിരിക്കുന്നു.

പ്രവേശനോത്സവം 2024

 
 

കോളിയടുക്കം ഗവ: യുപി സ്കൂളിന്റെ പ്രവേശനോത്സവം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ഇ .മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും പൂർവ്വ അദ്ധ്യാപകനുമായ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി.എ നാരായണൻ നായർ അഹമ്മദ് ഹാജി ,ദാമോദരൻ , എം പിടിഎ പ്രസിഡൻ്റ് പ്രസീത,എസ് എം സി വൈസ് ചെയർമാൻ രാജൻ, പിടിഎ വൈസ് പ്രസിഡൻ്റ് സുകുമാരൻ ,എം പി ടി എ വൈസ് പ്രസിഡൻ്റ് രാധ സീനിയർ അസിസ്റ്റൻറ് രാധക്കുട്ടി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ സി ഹരിദാസൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വിജിമോൻ നന്ദി അറിയിച്ചു.

       ചന്ദ്രഗിരി കലാസമിതി ഏർപ്പെടുത്തിയ സ്കൂൾ ബാഗ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ക്രയോൺസ് എന്നിവയുടെ വിതരണോദ്ഘാടനവും നടന്നു.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഏർപ്പെടുത്തിയ നാരങ്ങാ മിഠായുടെ മധുരം നുകർന്നാണ് മുഴുവൻ രക്ഷകർത്താക്കളും കുട്ടികളും പ്രവേശനോത്സവത്തെ വരവേറ്റത്. പിടിഎ ഏർപ്പെടുത്തിയ പായസവിതരണവും ചടങ്ങിന് മാറ്റുകൂട്ടി.

പരിസ്ഥിതി ദിനം

 

 

ഈ വർഷത്തെ പരിസ്ഥിതി ദിനം ബഹു: ഹെഡ് മാസ്റ്റർ ഹരിദാസൻ മാസ്റ്റർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ വളപ്പിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചു . പോസ്റ്റർ നിർമാണം , ഉപന്യാസ രചന ,ക്വിസ് എന്നിവയും സംഘടിപ്പിച്ചു.സ്കൂൾ പൂന്തോട്ടം ഒരുക്കുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതിയുമായി കൂടുതൽ ഇടപഴകുന്നതിനും പ്രകൃതി സംരക്ഷിപ്പെടേണ്ടതാണെന്നുമുള്ള മനോഭാവം വളർത്തിയെടുക്കാനും സാധിക്കുന്നു. മരങ്ങൾ പച്ചക്കറികൾ ചെടികൾ പൂക്കൾ മുതലായവ വളർത്തുന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വയ്ക്കുന്നു.

യോഗ ദിനം

 
 
 

അന്താരഷ്ട്ര യോഗദിനം പ്രമാണിച്ച്  സ്പിക്മാകെ കാസർഗോഡ് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ കോളിയടുക്കം ഗവ: യു പി സ്കൂളിൽ  കുട്ടികൾക്കായുള്ള ത്രിദിന യോഗ പരിശീലനം നടത്തി. ശ്രീമതി രുഗ്മിണി ദാമോദരൻ യോഗ ക്ലാസിന് നേതൃത്വം നൽകി.സ്പിക് മാകെ കോഡിനേറ്റർ രമേഷ് ബാബു ,സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസൻ സി , കെ രാധക്കുട്ടി ,വിജിമോൻ ജി വി എന്നിവർ സംസാരിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് ഉപജില്ലാതല ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് ഉപജില്ലാതല ഉദ്ഘാടന വും വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ശില്പശാലയും കോളിയടുക്കം ഗവ: യു പി സ്കൂളിൽ വച്ച് നടന്നു.വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം വാദ്യകലാകാരിയായ പത്താംതരം വിദ്യാർഥിനി ദേവികാരാജും അധ്യാപകർക്കുള്ള ശില്പശാല ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കളും നിർവഹിച്ചു. പഞ്ചായത്തംഗം ഇ.മനോജ്കുമാർ അധ്യക്ഷനായി.

 
 

വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ അണിഞ്ഞ പദ്ധതി വിശദീകരിച്ചു. വിദ്യാർഥി കൾക്കുള്ള ശില്പശാലയ്ക്ക് ഡോ. കെ.വി.രാജേഷും അധ്യാപകർക്കുള്ള ശില്പശാലയ്ക്ക് ശെരീഫ് കുരിക്കളും നേതൃത്വം നൽകി.


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ഫാക്കൽറ്റി വിനോദ്‌കു മാർ പെരുമ്പള, വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ശ്രീകു മാർ, കാസർകോട് ബി.പി.സി. കാസിം, പ്രഥമാധ്യാപകൻ സി. ഹരിദാസൻ, പി.ടി.എ. പ്രസിഡൻ്റ് ടി.ശശിധരൻ, മദർ പി.ടി.എ. പ്രസിഡന്റ് പ്രസീജ കൊളാരം, ആർ.ജെ.രാജൻ, കെ.രാധക്കുട്ടി എന്നിവർ സംസാരിച്ചു.

ലഹരി വിരുദ്ധ ദിനം 2024

 
 
 
 

കോളിയടുക്കം ഗവ: യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും ജെ ആർ സി യൂണിറ്റിൻ്റേയും  നല്ല പാഠം ക്ലബ്ബിൻ്റെയും  നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം അതിവിപുലമായി ആചരിച്ചു. പരിപാടി സീനിയർ അസിസ്റ്റൻ്റ് കെ. രാധക്കുട്ടി  ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൺവീനർ ജിഷ എ സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.  സ്കൂൾ ലീഡർ ഹിബ മറിയം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ 500 കുട്ടികൾ ചേർന്ന്  ലഹരി വിരുദ്ധ ചങ്ങല തീർത്ത് ലഹരിക്കെതിരെ ദീപം തെളിയിച്ചു. തുടർന്ന് കുട്ടികൾക്കായി ക്വിസ് മത്സരം പോസ്റ്റർ നിർമാണ  മത്സരം എന്നിവ നടന്നു.

ആരണ്യകം

ജീവവായു നൽകുന്ന തദ്ദേശീയമായ സസ്യ വർഗ്ഗങ്ങളെ തിരിച്ചറിഞ്ഞും അവയുടെ പാരസ്ഥിതിക- ഔഷധമൂല്യങ്ങൾ ഉൾക്കൊണ്ടും വ്യത്യസ്തയിനം ചെടികളും ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും തണൽ മരങ്ങളും വച്ചുപിടിപ്പിച്ച് അവയെ പരിപാലിക്കൽ. പ്രകൃതിയുടെ സ്പന്ദനങ്ങൾ അറിഞ്ഞ് മണ്ണിന്റെ മണം നുകർന്ന് നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം.പ്രകൃതിയെ അടുത്തറിയാനും ആസ്വദിക്കാനും ക്രിയാത്മകമായി വിനിയോഗിക്കാനും കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് പരിപാടി ലക്ഷ്യം വയ്ക്കുന്നത്.

 
 

ഡോക്ടേഴ്സ് ദിനം

 
 

കോളിയടുക്കം ഗവ: യുപി സ്കൂളിൽ ജെ ആർ സി യൂണിറ്റ് നല്ല പാഠം യൂണിറ്റ് ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ദിനമാചരിച്ചു. കോളിയടുക്കം ഗവ: ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശില്പ എം വി കുട്ടികൾക്കു സന്ദേശം നൽകി.സീനിയർ അസിസ്റ്റൻ്റ് കെ രാധക്കുട്ടി  ടീച്ചർ ഡോക്ടറെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ മാർഗങ്ങളെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ സി. ഹരിദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജെ ആർ സി കൺവീനർ കെ ജിഷ സ്വാഗതവും നല്ല പാഠം കൺവീനർ സൗമ്യ എം നന്ദിയും പറഞ്ഞു.

 

ഇ വേസ്റ്റ് മാനേജ്മെൻ്റ് ബോധവത്കരണ ക്ലാസ്

 

വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക, അതിലൂടെ അടുത്ത തലമുറയ്ക്ക് കൂടി പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ചു കൊണ്ടുപോവുക എന്നീ ലക്ഷ്യങ്ങളോടുകൂടി  ശരിയായ മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രീയ വശങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയും... സീറോ വേസ്റ്റ് മാനേജ്മെന്റ് എന്ന ആശയത്തിലൂടെ  ഓരോ കുട്ടികളെയും പരിസ്ഥിതിയുടെ കാവൽക്കാരാക്കി മാറ്റുവാനും എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്. ജൈവ,അജൈവ, ഇലക്ട്രോണിക് മാലിന്യങ്ങളെ വേർതിരിച്ച് അറിഞ്ഞുകൊണ്ട് ഇവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷവശങ്ങൾ മനസ്സിലാക്കി ശരിയായ മാലിന്യ സംസ്കരണം ജീവിതരീതിയുടെ ഭാഗമാക്കി വളരുന്ന മികച്ച വിദ്യാർത്ഥികളെ സൃഷ്ടിക്കാൻ ഉതകുന്ന പ്രവർത്തനം

ജലസംരക്ഷണ റാലി

 
 

ജലം ജീവാമൃതമാണ് എന്ന തിരിച്ചറിവിലൂടെ... ജലസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കിക്കൊണ്ട് കുട്ടികൾ സ്വയം തിരുത്തിയും സമൂഹത്തെ ചിന്തിപ്പിച്ചും  നടത്തിയ ജലസംരക്ഷണ റാലി ശ്രദ്ധേയമായി.ജല സംരക്ഷണത്തിന്റെ ആവശ്യകത, ജലം ജീവജലം , ജലചൂഷണത്തിന്റെ ദുരന്തഫലങ്ങൾ, ജലദുരുപയോഗം, അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ, ഗാർഹിക ജല ഉപയോഗത്തിൽ മിതത്വം പാലിക്കൽ, ജലം ജീവാമൃതം എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ജലസംരക്ഷണസന്ദേശ റാലിയും പ്രതിജ്ഞയും നടന്നത്.

അടുക്കളത്തോട്ടം

 
 
 

വീണ്ടെടുക്കാം മണ്ണ് പ്രതിരോധിക്കാം വരൾച്ചയും മരുവൽക്കരണവും എന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം മുൻനിർത്തി സുസ്ഥിരമായ ജീവിത രീതി അനുവർത്തിക്കാൻ കുട്ടികളെ ശീലിപ്പിക്കുന്നതിന് വേണ്ടി  എക്കോ ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്കൂൾ അടുക്കളത്തോട്ടം.. കുട്ടികൾ സ്വയം ഏറ്റെടുത്തു നടത്തുന്ന ഈ പ്രവർത്തനത്തിലൂടെ  പരമാവധി ജൈവമാലിന്യത്തെ ജൈവവളമായി ഉപയോഗിച്ചും ആരോഗ്യകരമായ ഒരു കാർഷിക ആരോഗ്യ രീതി മനസ്സിലാക്കിയും സ്വന്തം വീട്ടിലും സമീപപ്രദേശങ്ങളിലും ആരോഗ്യകരവും സുസ്ഥിരവുമായ ജീവിത രീതിയെ പറ്റിയുള്ള സന്ദേശങ്ങൾ പകർന്നു നൽകാനും കുട്ടികൾ പ്രാപ്തരാകുന്നു. കൃഷിഭവനുമായി സഹകരിച്ച് ലഭിച്ച മഞ്ഞൾ തൈകളാണ് കുട്ടികൾ ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്.നിലമൊരുക്കിയും വളമിട്ടും കുട്ടികളൾ ആവേശത്തോടെ ഈ പരിപാടിയിൽ പങ്കെടുത്തു.

ഊർജംസംരക്ഷണ പോസ്റ്റർ രചന

 
 

ആധുനിക ജീവിതത്തിൽ വൈദ്യുതി ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഘടകമാണ്. എന്നാൽ ഇതിന്റെ അമിത ഉപയോഗവും  കാര്യക്ഷമമായഊർജ്ജ വിനിയോഗത്തിലെ അവബോധം ഇല്ലായ്മയും കാരണം നാം നേരിടുന്ന ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഊർജ്ജ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി നടത്തിയ പോസ്റ്റർ രചന.

ബഷീർ ദിനം

വിദ്യാലയത്തിൽ ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ബഷീറിൻ്റെ കൃതികളിലെ തെരഞ്ഞെടുത്ത വ്യത്യസ്ത സന്ദർഭങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.  സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടിയിൽ അനുയോജ്യമായ പശ്ചാത്തലത്തിലും വേഷവിധാനത്തിലും പൂവമ്പഴം, പാത്തുമ്മയുടെ ആട്, ൻ്റെ ഉപ്പാപ്പയ്ക്ക് ഒരാനയുണ്ടാർന്നു,ഭൂമിയുടെ അവകാശികൾ , മുച്ചീട്ട് കളിക്കാരന്റെ മകൾ, പ്രേമലേഖനം ,മതിലുകൾ തുടങ്ങിയ കൃതികളിലെ  കഥാപാത്രങ്ങൾ അണിനിരന്നു.ബഷീർ കൃതികളുടെ ആസ്വാദനത്തിലേക്കും വായനയിലേക്കും നയിക്കാൻ ഉതകുന്ന തരത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

പേപ്പർ ബാഗ് നിർമാണ പരിശീലനവും പ്രദർശനവും

പ്ലാസ്റ്റിക് ഉപഭോഗം അനിയന്ത്രിതമായി വർധിച്ചു വരുന്ന ഈ കാലത്ത് വിദ്യാർത്ഥികളെയും സമൂഹത്തെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയും പ്ലാസ്റ്റിക്കിന് ബദലായി പേപ്പർ ബാഗ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അന്താരാഷ്ട്ര പേപ്പർബാഗ് ദിനത്തിൽ സീഡ് , എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പേപ്പർബാഗ് നിർമാണവും പ്രദർശനവും.

ചന്ദ്രനെ തൊട്ടറിഞ്ഞ്

കോളിയടുക്കം ഗവ യു പി സ്‌കൂളിൽ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ക്വിസ്, ചുമർ പത്രിക നിർമ്മാണം, പോസ്റ്റർ പ്രദർശനം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. പ്രവർത്തനങ്ങൾക്കു ശാസ്ത്ര ക്ലബ്ബ് കോ-ഓഡിനേറ്റർ സിമി ടി സി , ശരണ്യ ടി എന്നിവർ നേതൃത്വം നൽകി.

പ്രതിമാസ പത്രക്വിസ്

ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി പ്രതിമാസ പത്രക്വിസ് നടത്തുന്നു.