സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2024 - 25, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം 2024-25

 

 

ഈ വർഷത്തെ പ്രവേശനോത്സവം വിരമിച്ച പ്രധാനാധ്യാപിക ടി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത. എസ് സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ. പി. രഞ്ജിത്ത്, എം.പി.ടി.എ. പ്രസിഡണ്ട് കെ. സുമതി തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സുധീഷ് സോപാന സംഗീതം ആലപിച്ചു. പുതിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. അവധിക്കാല പ്രവർത്തനമായി നടത്തിയ സർഗ്ഗാത്മക ഡയറി തയ്യാറാക്കുന്നതിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. എല്ലാവർക്കും മധുരപലഹാരം നൽകിയ ശേഷം ക്ലാസുകളിലേക്ക് കുട്ടികളെത്തി.

പരിസ്ഥിതി ദിനം

 

 

പുതിയ തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് ജി.സുഗതൻ നേതൃത്വം നൽകി. 3, 4 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മധുരം മലയാളം

 

നമ്മുടെ സ്കൂളിന് ജയൻ്റ്സ് ഗ്രൂപ്പിൻ്റെ വകയായി 5 മാതൃഭൂമി പത്രങ്ങൾ സമ്മാനിച്ചു. സ്കൂൾ അസംബ്ലിയിൽ ചിറ്റൂർ ജയൻ്റ്സ് ഗ്രൂപ്പ് പ്രസിഡണ്ട് രവികുമാർ വിദ്യാർത്ഥിപ്രതിനിധിയ്ക്ക് പത്രം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജയൻ്റ്സ് ഗ്രൂപ്പ് പ്രതിനിധികൾ, മാതൃഭൂമി സീനിയർ ലേഖകൻ സുരേന്ദ്രനാഥ്, പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ.പി.രഞ്ജിത്ത്, സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ സംസാരിച്ചു. കുട്ടികളിൽ പത്രവായന ശീലമായി വളർത്താൻ ഇത് സഹായിക്കും.

വായന ദിനം

 

 

വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്ത ശ്രീ പി എൻ പണിക്കരുടെ ഓർമ്മയിൽ വായനദിനം ആചരിച്ചു. 'വായനവാരത്തിനു കൂടി ആരംഭം കുറിച്ചുകൊണ്ട് അസംബ്ലിയിൽ വായന പ്രതിജ്ഞ എടുത്തു. കുട്ടികൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ക്ലാസ് ലൈബ്രറികൾ പ്രവർത്തനം തുടങ്ങി. ഓരോ ക്ലാസിന്റെയും പ്രവർത്തനങ്ങൾ അസംബ്ലിയെ സമ്പന്നമാക്കി. കവിത , പ്രസംഗം, മഹത് വചനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കുന്നതിന് അവസരം നൽകുന്ന "നല്ല വായന നന്മവായന " എന്ന പ്രവർത്തനവും ഇതിൽ എടുത്തു പറയേണ്ടതാണ്. കവിതാലാപനം , കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായനവാരം സമാപനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ കുട്ടികളുമായി സംവദിച്ചു. വായന ക്വിസിലേയും വിവിധ ക്ലാസുകളിലെ മത്സരങ്ങളിലേയും വിജയികൾക്ക് സമ്മാനദാനവും നടത്തി.

യോഗ ദിനവും സംഗീത ദിനവും

 

 

ആരോഗ്യസംരക്ഷണം ഒരു ശീലമാക്കി മാറ്റാൻ യോഗയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ജൂൺ 21 ന് യോഗദിനാചരണം നടത്തി. ആർട്ട് ഓഫ് ലിവിങ് ടീച്ചറായ ലീല ജനാർദ്ദനൻ കുട്ടികളെ അഭിസംബോധന ചെയ്തു. ലളിതമായ ചില യോഗാഭ്യാസങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. പ്രധാനാധ്യാപിക ദീപ, സീനിയർ അധ്യാപിക സുനിത തുടങ്ങിയവരും സംസാരിച്ചു. സംഗീത ദിനം കൂടിയായ ഈ സുദിനത്തിൽ ഒന്നാം ക്ലാസിലെ ജിൻസ് വിൻ K, പ്രീ പ്രൈമറി വിദ്യാർത്ഥികൾ എന്നിവർ ഗാനങ്ങൾ ആലപിച്ചു.


പച്ചക്കറി ത്തൈകൾ വിതരണം

 

 

മണ്ണുത്തി സൗത്ത് സൺ അഗ്രിക്കൾച്ചറൽ ഫാം, കാർഷിക ഫലവൃക്ഷ പ്രചാരക സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ചിറ്റൂർ തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ലൈബ്രറി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ നമ്മുടെ സ്കൂളിന് ഗ്രോബാഗ്, പച്ചക്കറി തൈകൾ, ജൈവവളം എന്നിവ ലഭിച്ചു. നഗരസഭാധ്യക്ഷ കെ. എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ സുമതി, ഷീജ എന്നിവർ സംസാരിച്ചു.

ജൂലായ്

നല്ല വായന നന്മവായന

 

 

നമ്മുടെ സ്കൂളിൽ വായന ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനമാണ് "നല്ല വായന നന്മവായന ". രക്ഷിതാവും കുട്ടിയും ചേർന്ന് പങ്കെടുക്കുന്ന മത്സരപരിപാടിയാണ് ഇത്. കവിതാലാപനം, കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വിധിനിർണ്ണയം നടത്തിയത് ജിവിജി എച്ച് എസ് അധ്യാപകരാണ്. മലയാളം, തമിഴ് വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. വിജയികളായവർക്ക് സമ്മാനങ്ങളുമുണ്ട്. രക്ഷിതാക്കളുടെ പിന്തുണ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു. അതോടൊപ്പം രക്ഷിതാവിന് കഴിവ് പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ഈ മത്സരപരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.