കേരളശ്ശേരി

പാലക്കാട്‌ ജില്ലയിലെ പാലക്കാട്‌ താലൂക്കിൽ കേരളശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കേരളശ്ശേരി.

പാലക്കാട് താലൂക്കിന്റെ പടിഞ്ഞാറെ അറ്റത്തായി കോങ്ങാടിനും പത്തിരിപ്പാലക്കുമിടയിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് കേരളശ്ശേരി. ഈ സ്ഥല പേര് കേരളപ്പിറവിക്കു മുൻപ് തന്നെ നിലനിന്നിരുന്നു എന്നാണ് ഐതിഹ്യം. വള്ളുവനാട് രാജാവിന്റെ കീഴിലാണ് ഈ പ്രദേശം നിലനിന്നിരുന്നത്. കേരളശ്ശേരിയുടെ കിഴക്കേ അറ്റത്തുള്ള ‘കല്ലൂർ’ എന്ന പ്രദേശത്തിലെ “ചെമ്പൻ പാറ” സാമൂതിരി രാജാവിന്റെ കീഴിലായിരുന്നു. ‘കേരളശ്രീ’ എന്ന പേരിൽ നിന്നാണ് കേരളശ്ശേരി ഉണ്ടായതു. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ വില്ലേജ് പഞ്ചായത്ത്‌ ആക്ട് പ്രകാരം വടശ്ശേരി അടങ്ങിയ തടുക്കശ്ശേരി പഞ്ചായത്തും കേരളശ്ശേരി പഞ്ചായത്തും കുണ്ടളശ്ശേരി പഞ്ചായത്തും സംയോജിച്ചു 1962 ലാണ് കേരളശ്ശേരി പഞ്ചായത്ത് രൂപം കൊണ്ടത്. ഈ പ്രദേശത്തിന്റെ നാടുവാഴികൾ കോവിൽക്കാട്ടുകാരായിരുന്നു. അവർ പ്രദേശത്തെ ചില പ്രമുഖ കുടുംബങ്ങളെ ഉൾപ്പെടുത്തി ഒരു സംഘമുണ്ടാക്കി. ദേശക്കാർ എന്നു വിളിക്കുന്ന അവർ ഈ പ്രദേശത്തിന്റെ ഭരണം തുടങ്ങി വന്നു. മത സൗഹാർദം അന്നും ഇന്നും പുലത്തിപ്പൊരുന്ന ഒരു പഞ്ചായത്താണ് കേരളശ്ശേരി. ഹിന്ദു – മുസ്ലിം – ക്രിസ്ത്യൻ എന്നിവർ ഐക്യത്തോട് കൂടി നിലകൊള്ളുന്ന ഇവിടെ തടുക്കശ്ശേരി, കേരളശ്ശേരി, വടശ്ശേരി, കുണ്ടളശ്ശേരി, കല്ലൂർ എന്നീ ഭാഗങ്ങളിൽ മുസ്ലിം പള്ളികളും, തടുക്കശ്ശേരി, കുണ്ടളശ്ശേരി എന്നീ ഭാഗങ്ങളിൽ ക്രിസ്ത്യൻ പള്ളികളും, കേരളശ്ശേരി, കുണ്ടളശ്ശേരി, കല്ലൂർ എന്നീ ഭാഗങ്ങളിൽ അമ്പലങ്ങളും നിലകൊള്ളുന്നു.

സ്‌ഥലനാമ ചരിത്രം

കേരളത്തിന്റെ  'ശ്രീ' ആയ 'കേരള ശ്രീ'  പിന്നീട് ലോപിച്ച്  കേരളശ്ശേരിയായി എന്ന് പറയപ്പെടുന്നു.

എന്നാൽ മറ്റു ചിലർ ചേരി പ്രദേശങ്ങളായ കുണ്ടളശ്ശേരി, വടശ്ശേരി, തടുക്കശ്ശേരി എന്നിവയെല്ലാം ചേർന്നതാണ് കേരളശ്ശേരിഎന്നും പറയപ്പെടുന്നു.

പൊതു സ്ഥാപനങ്ങൾ

ആദ്യകാലങ്ങളിൽ പൊതു സ്ഥാപനങ്ങൾ എന്നുപറയാൻ പഞ്ചായത്തിൽ ഒന്നും തന്നെ ഇല്ലെങ്കിലും, ഇന്ന് പൊതുസ്ഥാപനങ്ങൾ ആയ പോസ്റ്റ് ഓഫീസ്, ബാങ്ക് അക്ഷയ കേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവൻ, വില്ലേജ് ഓഫീസ്, മാവേലി സ്റ്റോർ, റേഷൻ കട,മാർജിൻ ഫ്രീ എന്നിവയെല്ലാം കേരളശ്ശേരിയിൽ വളർന്ന്  വന്നിരിക്കുന്നു. കൂടാതെ കുറച്ചുകാലം മുൻപ്  വന്ന കല്യാണമണ്ഡപം, പ്രിന്റിംഗ് പ്രസ്സ് ,എടിഎം സർവീസ് എന്നിവയെല്ലാം കേരളശ്ശേരിയിൽ നിലവിലുണ്ട്. കമ്പ്യൂട്ടർ സാക്ഷരതയിലും കേരളശ്ശേരി പഞ്ചായത്ത് വളരെയധികം മുൻപിൽ ആണ്. കൂടാതെ ഇപ്പോൾ കേരളശ്ശേരി പഞ്ചായത്തിന് അടുത്ത് കുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യം മിതമായ ഫീസിൽ നടത്തിവരുന്നു.

കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

കേരളശ്ശേരിയിലെ ആദ്യത്തെ പ്രസിഡന്റ് ആയി കുട്ടപ്പണിക്കർ സ്ഥാനമേറ്റു.കേരളശ്ശേരിയിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റ് പദവി അലങ്കരിച്ചത് എസ്. എസ് മന്നാടിയാ രാണ്.ആദ്യത്തെ വനിതാ പ്രസിഡന്റ് പി വി സത്യഭാമയാണ്. ഇപ്പോഴത്തെ പ്രസിഡന്റും ഒരു വനിത തന്നെയാണ് ശ്രീമതി ഷീബ സുനിൽ.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ പദ്ധതികളും ഇവിടെ പ്രാവർത്തികമാക്കുന്നു.

കായികം,വിനോദം

കേരളശ്ശേരി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പലകായിക മത്സരങ്ങളും നടത്തിവരുന്നു. സ്കൂൾതല കായികമേളകളിൽ മികവുള്ള കുട്ടികളെ ജില്ലാ സംസ്ഥാനതലം വരെ എത്തിക്കാറുണ്ട്.

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് കേരളശ്ശേരി. വിനോദസഞ്ചാര കേന്ദ്രങ്ങളായ പാമ്പേരിൻ പാറ, മയിലാടും പാറ, കരടി മല, പുല്ലാണിമല, യക്ഷിക്കാവ്  ഇതിനു ഉദാഹരണങ്ങളാണ്.

കാർഷിക ചരിത്രം

പണ്ടുകാലത്ത് കേരളശ്ശേരിയിൽ  പ്രധാനമായും നെൽകൃഷിയാണ് ചെയ്തിരുന്നത്. കൂട്ടപ്പുര വീരൻ, അപ്പു നായർ പോറ്റിയിൽ ചാമി നായർ വരായിരുന്നു പ്രധാന കർഷകർ.

നെൽകൃഷി കൂടാതെ പയർ, ചാമ, കൂവ,ഉഴുന്ന് എന്നിവയും കൃഷി ചെയ്തിരുന്നു.

നെൽകൃഷി കഴിഞ്ഞാൽ അധികവും വീട്ടുപറമ്പിലെ മരങ്ങൾ ഗോമൂച്ചി യാണ് വയ്ക്കുക. പിന്നെ പ്ലാവ്, പുളി, കാഞ്ഞിരം എന്നിവയാണ് കൃഷി ചെയ്തിരുന്നത്. പണ്ടുകാലത്ത് ആയുധങ്ങൾക്ക് പിടി വെക്കാൻ ഉപയോഗിച്ചിരുന്നത്  കാഞ്ഞിരത്തിന്റെ മരങ്ങളാണ്.

പുറം പറമ്പിൽ മരച്ചീനി കൃഷി ചെയ്തിരുന്നു ചാണകം ആയിരുന്നു പ്രധാന വളം.ചൊവ്വരി ഉണ്ടാക്കാൻ പൂള വളം ആക്കിയിരുന്നു.

ഇന്നത്തെ കാലത്ത് കേരളശ്ശേരിയിൽ അധികവും റബ്ബറാണ് കൃഷി ചെയ്യുന്നത്. റബറിനോടൊപ്പം തെങ്ങ് കൃഷിയും വളരെയധികം വിപുലമാണ് കേരളശ്ശേരിയിൽ.

ശ്രദ്ധേയരായ  വ്യക്തികൾ

കലാപരമായി ഓട്ടംതുള്ളലിൽ വളരെയധികം മുൻപിലുള്ള ഒരു പ്രദേശമാണ് കേരളശ്ശേരി. 150-ൽ പരം സിനിമകളിൽ അഭിനയിച്ച 'ശ്രീരാമൻകുട്ടി വാര്യർ' കേരളശ്ശേരിയുടെ ഇതിഹാസമാണ്. ഇദ്ദേഹം തുള്ളൽ കലാകാരനും തുള്ളൽ പാട്ടുകാരനും ആയിരുന്നു.ഇദ്ദേഹത്തിന് 'കലാ പ്രവീൺ' പട്ടം ലഭിച്ചിട്ടുണ്ട്.

സ്വപ്രദേശമല്ലെങ്കിലും പ്രധാന സിനിമ നടനായ 'ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ' കേരളശ്ശേരിയിൽ ആയിരുന്നു താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും കേരളശ്ശേരിയിലാണ് താമസം. അദ്ദേഹത്തിന്റെ മരണശേഷം 'ശ്രീ ഒടുവിൽ ഫൗണ്ടേഷൻ' എന്ന ഒരു സ്മാരകം അദ്ദേഹത്തിന്റെ സ്മരണാർത്ഥം  കേരളശ്ശേരിയിൽ നിലകൊള്ളുന്നു. അവിടെ കുട്ടികൾക്ക് ചിത്രരചന, പാട്ട് ,ഡാൻസ് എന്നിവയെല്ലാം പഠിപ്പിക്കുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന ചെറുതും വലുതുമായ നിരവധി വിദ്യാലയങ്ങൾ കേരളശ്ശേരിയിൽ ഉണ്ട്.

ഹയർ സെക്കൻഡറി സ്കൂൾ കേരളശ്ശേരി,തടുക്കശ്ശേരി ഹോളി ഫാമിലി ,എയുപി സ്കൂൾ, കേരളശ്ശേരി, NEUP സ്കൂൾ കേരളശ്ശേരി ഇവയെല്ലാം ആണ് പ്രധാനപ്പെട്ട വിദ്യാലയങ്ങൾ.

 

ക്ഷേത്ര പുരാണങ്ങൾ

  • കൂട്ടാല ഭഗവതി ക്ഷേത്രം

 വള്ളുവനാട് രാജാവിൻ്റെ  പടത്തലവന്മാരായിരുന്ന  പണിക്കർ വീട്ടുകാരെ രാജാവ് സ്ഥിരമായി ഈ കേരളശ്ശേരിയിൽ  താമസിപ്പിച്ചു .എന്നാൽ വള്ളുവനാടിൻ്റെ പരദേവതയായ തിരുമാന്ധംകുന്ന് ഭഗവതിയെ വിട്ടുപിരിയാനുള്ള വിഷമം കൊണ്ട് വള്ളുവനാട് രാജൻ  ആവാഹിച്ചു കേരളശ്ശേരിയിൽ  ഒരു ക്ഷേത്രം നിർമിച്ചു.അതാണ് ഇന്ന് കാണുന്ന "കൂട്ടാല ഭഗവതി ക്ഷേത്രം"."പോക്കാച്ചി കാവ് "എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

വർഷം തോറും നടത്തുന്ന "കളംപാട്ട് കൂറയിടൽ "എന്ന ചടങ്  45  ദിവസം നീണ്ടു നിൽക്കുന്നു ,ഇത് ഈ അമ്പലത്തിലെ ഒരു പ്രത്യേക ഉത്സവമാണ് .ഭഗവതിയുടെ രൂപം വരച്ചാണ് ഈ ചടങ് നടത്താറുള്ളത് .ഗംഭീരമായി ഇത് ഈ ക്ഷേത്രത്തിൽ ഇപ്പോഴും നടന്നു പോകുന്നു .മഴത്തവളകളുടെ ശബ്ദം കേട്ടുകൊണ്ടാണ് ഇവിടെ താലപ്പൊലി മഹോത്സവം നടത്താറുള്ളത് .

  • കള്ളപ്പാടി ക്ഷേത്രം

ഏട്ടിക്കുന്ന് മലയുടെ( വടശ്ശേരി) വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കള്ളപ്പാടി ക്ഷേത്രം. 'കള്ളൻ പാടി' കെട്ടി താമസിച്ചതിനാലാണ് കള്ളപ്പാടി എന്ന പേര് വരാൻ കാരണം. കൊടും വനപ്രദേശമായിരുന്നു ഇവിടം. മൃഗങ്ങളുടെയും പിടിച്ചുപറിക്കാരുടെയും ശല്യം കാരണം നാട്ടുകാർ കോവിൽക്കാട്ട് പണിക്കരെ കണ്ട് സങ്കടം ബോധിപ്പിച്ചു. തുടർന്ന് അദ്ദേഹം കാട് വെട്ടിതെളിക്കാൻ ഉത്തരവിട്ടു. നാട്ടുകാർ ഉത്സാഹത്തോടെ കാട് വെട്ടിതെളിക്കുന്നതിനിടെ നാല് കൈയുള്ള വിഷ്ണുവിന്റെ വിഗ്രഹം മണ്ണിനടിയിൽ നിന്നും കണ്ടെത്തി. വള്ളുവനാട് ആചാര്യൻ ദേവപ്രശ്നം നടത്തിയപ്പോൾ വടക്ക് ഭാഗത്തായി അതിഗംഭീരമായ ഒരു സ്വയംഭൂ ആയി ഇരിക്കുന്ന ശിവന്റെ വിഗ്രഹം ഉണ്ടെന്ന് തെളിഞ്ഞു. അങ്ങനെ വിഷ്ണുവും ശിവനും കൂടി ഒരു ക്ഷേത്രത്തിൽ നിലകൊള്ളണമെന്നും തെളിഞ്ഞു. അങ്ങനെയാണ് കള്ളപ്പാടി ക്ഷേത്രം രൂപം കൊണ്ടത്

  • വേട്ടേക്കരൻ ക്ഷേത്രം

കേരളശ്ശേരി ഹൈസ്കൂളിന് മുന്നിലായി സ്കൂൾ ഗ്രൗണ്ട് പരിസരത്ത് വേട്ടേക്കരൻ ക്ഷേത്രം നിലകൊള്ളുന്നു. പ്രത്യേക സമുദായത്തിലെ ആളുകളാണ് ക്ഷേത്രം പരിപാലിക്കുന്നതും പൂജ നടത്തുന്നതും.