പൊന്നാനി

04:30, 4 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujith (സംവാദം | സംഭാവനകൾ) (പുതിയ താള്‍: {{ആധികാരികത|date=ഏപ്രില്‍ 2009}} {{കേരളത്തിലെ സ്ഥലങ്ങള്‍ |സ്ഥലപ്പേര്‍…)

ഫലകം:കേരളത്തിലെ സ്ഥലങ്ങള്‍

പ്രമാണം:Ponnani ferry.jpg
പൊന്നാനിയിലെ ജങ്കാര്‍ കടത്ത് വള്ളം
പ്രമാണം:Harbor‌ Ponani.jpg
പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍


കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട 'എരിത്രിയന്‍ കടലിലെ പെരിപ്ലസ്' (English: Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന തിണ്ടിസ് (English: Tyndis) എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. [1].

ചരിത്രം

പൊന്നാനിയുടെ ചരിത്രം മിത്തുകളുമായും പുരാണങ്ങളുമായും കൂടിക്കുഴഞ്ഞു കിടക്കുന്നു. പൊന്നാനി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും പ്രചാരത്തിലുണ്ട്. പുരാതന കാലത്ത് 'പൊന്നന്‍' എന്നു പേരായ ഒരു രാജാവ് ഈ നാട് ഭരിച്ചിരുന്നു എന്നും അദ്ദേഹത്തില്‍ നിന്നാണ് ഈ പേര് വന്നതെന്നുമാണ് അതിലൊന്ന്. 'പൊന്‍ വാണി' എന്ന് പേരുള്ള ഒരു നദി ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്നു എന്നും അങ്ങനെയാണ് പൊന്നാനി എന്ന പേര് സിദ്ധിച്ചതെന്നുമാണ് മറ്റൊരു മതം. അറബ്- പേര്‍ഷ്യന്‍ നാടുകളുമായി നില നിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം 'പൊന്‍ നാണ്യ'ങ്ങള്‍ ഇവിടെയെത്തിയിരുന്നു എന്നും പൊന്‍ നാണ്യങ്ങളുടെ നാടാണ് പിന്നീട് 'പൊന്നാനി'യായതെന്നുമാണ് വേറൊരു അഭിപ്രായം. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത് പൊന്നുകൊണ്ടുള്ള ആനകളെ ക്ഷേത്രങ്ങളില്‍ സമര്‍പ്പിച്ചിരുന്നു എന്നും പൊന്നാനകളില്‍ നിന്നാണ് പൊന്നാനി എന്ന പേര് വന്നതെന്നും മറ്റൊരു വാദവുമുണ്ട്.

സാമൂതിരിയുടെ കാലത്തിനു മുമ്പുള്ള പൊന്നാനിയുടെ ചരിത്രത്തെക്കുറിച്ച് ആധികാരികമായ രേഖകളൊന്നും ലഭ്യമായിട്ടില്ല. സാമൂതിരിക്കു മുമ്പ് പൊന്നാനി തിരുമനശ്ശേരി രാജാക്കളുടെ കീഴിലായിരുന്നെന്ന് കരുതപ്പെടുന്നു. സാമൂതിരിയുടെ ഭരണകാലം പൊന്നാനിയുടെ സുവര്‍ണ്ണകാലമായി വിശേഷിപ്പിക്കപ്പെടുന്നു. സാമൂതിരിമാര്‍ പൊന്നാനിയെ അവരുടെ രണ്ടാം തലസ്ഥാനമായി പരിഗണിച്ചു. വാസ്കോ ഡി ഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് എത്തിയപ്പോള്‍ അന്നത്തെ സാമൂതിരി രാജാവ് പൊന്നാനിയിലായിരുന്നു. സാമൂതിരിയുടെ നാവിക പടത്തലവനും പോര്‍ച്ചുഗീസുകാരുടെ പേടിസ്വപ്നവുമായിരുന്ന കുഞ്ഞാലി മരക്കാറിനും പൊന്നാനിയുമായി അടുത്ത ബന്ധങ്ങള്‍ ഉണ്ടായിരുന്നു. കുഞ്ഞാലിമരക്കാരും കുടുംബവും പൊന്നാനിയില്‍ കുറച്ചുകാലം താമസിച്ചിരുന്നു. 1507-ല്‍ ഡി അല്‍മേഡ ഈ നഗരം ചുട്ടെരിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞാലി മരക്കാര്‍ ഇവിടെ നിന്ന് താമസം മാറിയതെന്ന് കരുതപ്പെടുന്നു.

1766-ല്‍ ടിപ്പുവിന്റെ പടയോട്ടത്തോടു കൂടി സാമൂതിരി യുഗത്തിന് അന്ത്യമാവുകയും പൊന്നാനി മൈസൂര്‍ രാജ്യത്തിന്റെ അധീനതയിലാവുകയും ചെയ്തു. ടിപ്പുവിന്റെ പതനത്തിനു ശേഷം പൊന്നാനി ബ്രിട്ടീഷ് ഭരണത്തിനു കീഴിലാവുകയും കുറച്ചു കാലം ബോംബെ പ്രവിശ്യക്ക് കീഴില്‍ വരികയും ചെയ്തു. പിന്നീട് ഇവിടം മലബാറില്‍ ഉള്‍പ്പെട്ട് ഒന്നര നൂറ്റാണ്ടോളം മദ്രാസ് പ്രവിശ്യക്ക് കീഴില്‍ വന്നു. അന്നത്തെ മലബാര്‍ കൊടുങ്ങല്ലൂരിനടുത്തുള്ള ആല മുതല്‍ കാസര്‍ഗോടുള്ള ചന്ദ്രഗിരിപ്പുഴ വരെ വിശാലമായിരുന്നു. 1861 വരെ കൂറ്റനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്നു പൊന്നാനി. അക്കാലത്ത് പൊന്നാനിയിലെ മുന്‍സിഫ് കോടതി കൂറ്റനാട് കോടതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചു. 1956-ല്‍ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം പൊന്നാനി പാലക്കാട് ജില്ലയുടെ ഭാഗമായി. 1969-ല്‍ മലപ്പുറം ജില്ലാ രൂപവത്കരണത്തിനു ശേഷമാണ് പൊന്നാനി മലപ്പുറം ജില്ലയുടെ ഭാഗമായത്.

സംസ്കാരം

പുറംനാടുകളുമായി പൊന്നാനിക്ക് പുരാതന കാലം മുതലേ ഉണ്ടായിരുന്ന കച്ചവട ബന്ധം ഒരു സാംസ്കാരിക വിനിമയത്തിനു കളമൊരുക്കി. പേര്‍ഷ്യന്‍ - അറേബ്യന്‍ കലാരൂപങ്ങളും ഉത്തരേന്ത്യന്‍ സംസ്കാരവും പൊന്നാനിയിലെത്തിയത് ആ വഴിയാണ്. ഭാഷയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. അറബ്-മലയാളം എന്ന സങ്കര ഭാഷ രൂപപ്പെട്ടത് ഇങ്ങനെയാണ്. ധാരാളം കവിതകള്‍ ഈ സങ്കര ഭാഷയുപയോഗിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ഹിന്ദുസ്ഥാനിയിലെ ഖവ്വാലിയും ഗസലും ഇപ്പോഴും ഉര്‍വ്വരമായി തന്നെ പൊന്നാനിയില്‍ ‍നില നില്‍ക്കുന്നു. ഈ രംഗത്ത് സ്മരിക്കപ്പെടുന്ന വ്യക്തിയാണ്‌ ഗായകനും സംഗീതജ്ഞനുമായിരുന്ന മായന്‍ക. ഹിന്ദു മുസ്ലിം മത വിഭാഗങ്ങള്‍ക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. ക്രിസ്തുവര്‍ഷം 1504- നാണ് ജുമാമസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ വില്ല്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ഹിന്ദു ക്ഷേത്രങ്ങളും പ്രശസ്തമാണ്. തൃക്കാവിലെ ക്ഷേത്രവും തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രവും അവയില്‍ പെടുന്നു.

പ്രാചീന നാടന്‍ കലാരൂപങ്ങളായ കാളവേല, തെയ്യം, തിറ, മൗത്തളപ്പാട്ട്, കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, പുള്ളുവന്‍പാട്ട്, പാണന്‍പാട്ട് എന്നിവ പൊന്നാനിയില്‍ ഇപ്പോഴും സജീവമാണ്.

സാഹിത്യം

സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍‍, വള്ളത്തോള്‍ നാരായണ മേനോന്‍‍, കുട്ടികൃഷ്ണമാരാര്‍, പ്രമുഖ നോവലിസ്റ്റ്‌ ഉറൂബ്, അക്കിത്തം, കടവനാട് കുട്ടികൃഷ്ണന്‍ , എം.ടി. വാസുദേവന്‍ നായര്‍, കമലാ സുരയ്യ(മാധവിക്കുട്ടി), സി. രാധാകൃഷ്ണന്‍ , കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരെല്ലാം ഈ പൊന്നാനിക്കളരിയില്‍ ഉള്‍പ്പെടുന്നവരാണ്.

പുതിയ തലമുറയിലെ എഴുത്തുകാരായ കെ.പി. രാമനുണ്ണി, പി. സുരേന്ദ്രന്‍ , പി.പി. രാമചന്ദ്രന്‍ , ആലങ്കോട് ലീലാകൃഷ്ണന്‍, ഇ. അഷറഫ്, മോഹനകൃഷ്ണന്‍ കാലടി തുടങ്ങിയവരിലൂടെ സാഹിത്യത്തിലെ ഈ സമ്പന്നത പൊന്നാനിയില്‍ നില നില്‍ക്കുന്നു.

കേരളത്തിന്റെ ആദ്യത്തെ ചരിത്രകാരനായി പരിഗണിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ തന്റെ കൃതികളിലൂടെ പൊന്നാനിക്ക് ലോകമെങ്ങും കീര്‍ത്തി നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ തുഅഫത്തുല്‍ മുജാഹിദീന്‍ (പോരാളികളുടെ വിജയം) എന്ന പുസ്തകം കേരളത്തിന്റെ ആദ്യത്തെ ചരിത്ര പുസ്തകമായി പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിലൂടെ പൊന്നാനിക്ക് ചെറിയ മക്ക യെന്ന വിശേഷണവും ലഭിച്ചു.

ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടി, കെ.കൃഷ്ണവാര്യര്‍, പ്രൊഫ.കെ.വി.അബ്ദു‍റഹ്‌മാന്‍, പ്രൊഫ.കടവനാട്‌ മുഹമ്മദ്‌, പ്രൊഫ. എ.വി. മൊയ്തീന്‍കുട്ടി, പ്രൊഫ.എം.എം നാരായണന്‍ എന്നിവരും പൊന്നാനിയുടെ സാഹിത്യ-സാംസ്കാരിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളാണ്.

കല

പൊന്നാനിയിലെ ചിത്രകലാ പാരമ്പര്യം വിശാലമാണ്. കെ.സി.എസ്. പണിക്കര്‍, അക്കിത്തം നാരായണന്‍ , ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ടി.കെ. പത്മിനി, ആര്‍ട്ടിസ്റ്റ് ഗോപിനാഥ് തുടങ്ങിയ പ്രമുഖര്‍ പൊന്നാനിയുടെ ഈ പാരമ്പര്യത്തെ സമ്പുഷ്ടമാക്കുന്നു.

രാഷ്ട്രീയം

പ്രമാണം:EKImpichiBava.jpg
ഇ.കെ. ഇമ്പിച്ചിബാവ
പ്രമാണം:തവനൂര്‍ മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി.jpg
തവനൂര്‍ മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി

സ്വാതന്ത്ര്യത്തിനായി പോരാടിയ ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പൊന്നാനിയുടെ സ്ഥാനം വലുതാണ്. കെ. കേളപ്പന്‍ , ഇ. മൊയ്തു മൗലവി എന്നിവരുടെ സാന്നിദ്ധ്യം നിരവധി പേരെ സ്വാതന്ത്ര്യ സമരത്തിലേക്കടുപ്പിച്ചു.

താഴെ പറയുന്ന ദേശാഭിമാനികളെ സ്വാതന്ത്ര്യ സമര കാലത്ത് പൊന്നാനി രാജ്യത്തിന് സമര്‍പ്പിച്ചു.

ദേശീയ പ്രസ്ഥാനത്തിന്റെ ഉദയത്തിനും മുമ്പേ ബ്രിട്ടീഷുകാരോടു പോരാടിയ ഒരു അസ്മരണീയ നാമമാണ് വെളിയങ്കോട് ഉമര്‍ഖാസിയുടേത്. കടുത്ത സാമ്രാജ്യത്വവിരോധിയായിരുന്ന ഉമര്‍ഖാസി ഒരു നിമിഷകവി കൂടിയായിരുന്നു.

കെ കേളപ്പനോടൊപ്പം പ്രവര്‍ത്തിച്ച സ്വാതന്ത്ര്യസമര സേനാനിയും പ്രശസ്ത ഗാന്ധിയനുമാണ് പൊന്നാനിയിലെ തവനൂര്‍ മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി .

മലബാര്‍ ലഹളയിലേക്ക് നയിച്ച ഖിലാഫത്ത് പ്രവര്‍ത്തകരുടെ ഒരു യോഗം ആലി മുസ്‌ല്യാരുടെ നേതൃത്വത്തില്‍ പുതുപൊന്നാനിയില്‍ വെച്ച് നടന്നിരുന്നു. ഈ യോഗം മുടക്കാന്‍ ആമു സൂപ്രണ്ടിന്റെ കീഴിലുള്ള ബ്രിട്ടീഷ് പട്ടാളം നടത്തിയ ശ്രമങ്ങള്‍ അക്രമത്തില്‍ കലാശിച്ചു.

പൊന്നാനിയിലെ ബീഡിത്തൊഴിലാളികള്‍ നയിച്ച അഞ്ചരയണ സമരം ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കരുത്ത് നല്‍കിയ ഒന്നാണ്. പൊന്നാനിയിലെ തുറമുഖതൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ മറ്റൊരു സമരം ഇന്ത്യന്‍ തൊഴിലാളികളുടെ സംഘടിതപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി. തൊഴിലാളി പ്രസ്ഥാനത്തിലൂടെ മുഖ്യധാരയിലെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകനായ ഇ.കെ. ഇമ്പിച്ചി ബാവ പൊന്നാനിക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.അഡ്വ.കൊളാടി ഗോവിന്ദന്‍കുട്ടി, ‍ എം റഷീദ്, ഫാത്തിമ്മ ടീച്ചര്‍, പ്രൊഫ.എം.എം നാരായണന്‍ ‍ തുടങ്ങിയവരും പൊന്നാനിയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ പ്രധാന സ്ഥാനമുള്ളവരാണ്.

കേരളത്തിലെ ഇരുപത്‌ ലോകസഭാ മണ്ഡലത്തിലൊന്നാണ് പൊന്നാനി. തിരൂര്‍, തിരൂരങ്ങാടി, താനൂര്‍, തവനൂര്‍, തൃത്താല, പൊന്നാനി, കോട്ടക്കല്‍‍ എന്നീ അസംബ്ളി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പുനര്‍ നിര്‍ണയത്തിനു ശേഷമുള്ള പൊന്നാനി ലോകസഭാ മണ്ഡലം. 1957 മുതല്‍ 1977 കാലയളവ്‌ വരെ ഇതൊരു സംവരണ മണ്ഡലമായിരുന്നു.ആ കാലയളവില്‍ ഇടതുപക്ഷ മേല്‍ക്കൈ നിലനിന്നിരുന്നെങ്കിലും പിന്നീട്‌ ഈ മണ്ഡലം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ അധീനതയില്‍ വന്നു. ഇപ്പോള്‍‍ മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീര്‍ ഈ ലോക്‌സഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2006 ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.ഐ (എം) ലെ പാലൊളി മുഹമ്മദ് കുട്ടി പൊന്നാനി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

വിദ്യാഭ്യാസം

പൊന്നാനിയിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കം കുടിപ്പള്ളിക്കൂടങ്ങളിലൂടെ ആയിരുന്നു. കുട്ടാവു ആശാന്റെ കുടിപ്പള്ളിക്കൂടം ആദ്യകാല വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഒന്നാണ്. ഇപ്പോള്‍ ടൗണ്‍ ജി.എല്‍.പി. സ്കൂള്‍ എന്നറിയപ്പെടുന്ന മാപ്പിള ബോര്‍ഡ് സ്കൂള്‍ ആണ് ആധുനിക രീതിയിലുള്ള ആദ്യത്തെ വിദ്യാലയം. 1887-ല്‍ എഴുതിയ മലബാര്‍ മാനുവലില്‍ ഈ വിദ്യാലയത്തെക്കുറിച്ച് വില്യം ലോഗന്‍ പരാമര്‍ശിക്കുന്നുണ്ട്.

പൊന്നാനിയിലെ ആദ്യത്തെ ഹൈസ്കൂള്‍ ആയ എ.വി. ഹൈസ്കൂള്‍ തുടങ്ങിയത് 1895-ലാണ്. 1947-ല്‍ എം.ഐ. ഹൈസ്കൂളും പ്രവര്‍ത്തനമാരംഭിച്ചു. പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണ് ഇന്നത്തെ തൃക്കാവ് ഹൈസ്കൂള്‍.

വിനോദ സഞ്ചാരം

പ്രമാണം:ബിയ്യം കായല്‍.jpg
ബിയ്യം കായല്‍
പ്രമാണം:Vallam-kali.jpg
ഓണാഘോഷത്തോടനുബന്ധിച്ച് ബിയ്യം കായലില്‍ നടന്ന വള്ളംകളി

ഭാരതപ്പുഴയും തിരൂര്‍-പൊന്നാനിപ്പുഴയും ഒത്തുചേര്‍ന്ന് അറബിക്കടലില്‍ പതിക്കുന്ന പൊന്നാനിയിലെ അഴിമുഖം ദേശാടന പക്ഷികളുടെ ഒരു തുരുത്താണ്. നൂറുകണക്കിനു പക്ഷി സ്നേഹികളും നിരീക്ഷകരും ഇക്കാലത്ത്‌ സന്ദര്‍ശനത്തിനായി അഴിമുഖത്തും പരിസര ഭാഗങ്ങളിലുമായി എത്തിച്ചേരാറുണ്ട്. മാര്‍ച്ചുമുതല്‍ മെയ്‌ വരെയുള്ള കാലയളവിലാണ് ദേശാടനപ്പക്ഷികള്‍ കൂടുതലായും വന്നെത്താറുള്ളത്. ഈ തുറമുഖത്തോട് ചേര്‍ന്നു കിടക്കുന്ന പുറത്തൂര്‍ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ്.

വിനോദസഞ്ചാരികളുടെ മറ്റൊരു ആകര്‍ഷണമാണു ബിയ്യം കായല്‍. എല്ലാ വര്‍ഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ വള്ളംകളി മത്സരം നടന്നു വരുന്നു. രണ്ടു ഡസനോളം നാടന്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. വനിതാ തുഴക്കാരുള്ള വള്ളങ്ങളും ഇവയില്‍ ഉള്‍പ്പെടും. കായല്‍ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികള്‍ക്ക് സുഖകരമായ താമസമൊരുക്കുന്നു. കൂടുതല്‍ വലിയ വിനോദസഞ്ചാര സമുച്ചയത്തിന്റെ നിര്‍മ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്.

1982ല്‍ തറക്കല്ലിട്ട ചമ്രവട്ടം റഗുലേറ്റര്‍/പാലം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പൊന്നാനിയിലെ വിനോദസഞ്ചാര, ജലസേചന, ഗതാഗത രംഗങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഭരണം

പ്രമാണം:Hospital ponani.jpg
താലൂക്ക് ആശുപത്രി
പ്രമാണം:KSRTC Ponani.jpg
കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റേഷന്‍

പൊന്നാനിയുടെ ഭരണ മേഖലയെ രണ്ടായി തരംതിരിച്ചിരിക്കുന്നു:

  • റവന്യൂ.
  • തദ്ദേശ സ്വയംഭരണം.

ബ്ലോക്ക്‌ പഞ്ചായത്തും പൊന്നാനി മുനിസിപ്പലിറ്റിയും തദ്ദേശസ്വയംഭരണ വിഭാഗത്തില്‍ പെടുന്നു.അമ്പത്‌ വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി മുനിസിപ്പാലിറ്റി. ഓരോ വാര്‍ഡിനും തിര്‍ഞ്ഞെടുക്കപ്പെട്ട ഒരു മുനിസിപ്പല്‍ കൌണ്‍സിലറുണ്ടായിരിക്കും റവന്യൂ ഭരണ വിഭാഗത്തില്‍ താലൂക്കിനെ പതിനൊന്ന് വില്ലേജുകളായി തിരിച്ചിരിക്കുന്നു.വില്ലേജുകള്‍ താഴെ പറയുന്നവയാണ്.

പൊന്നാനി മുനിസിപ്പാലിറ്റിയിലെ 1991 ലെ സ്ഥിതിവിവരണക്കണക്ക്‌ ഇപ്രകാരമാണ്:

  • വിസ്തീര്‍‍ണം :199.42 ച. കി
  • ജനസംഖ്യ : 320,888
  • സാക്ഷരത : 71.3%

അവലംബം

  • പൊന്നാനി നഗരസഭയുടെ 'വികസന രേഖ'- 1999

പുറത്തേക്കുള്ള കണ്ണികള്‍

ഫലകം:മലപ്പുറം ജില്ല ഫലകം:മലപ്പുറം - സ്ഥലങ്ങള്‍ ഫലകം:Malappuram-geo-stub

bn:পোন্নানি bpy:পোন্নানি en:Ponnani it:Ponnani vi:Ponnani

"https://schoolwiki.in/index.php?title=പൊന്നാനി&oldid=24641" എന്ന താളിൽനിന്ന് ശേഖരിച്ചത്