എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/എന്റെ വിദ്യാലയം
മുളചരിതം
--------------------- വിജിഷ വിജയൻ (പൂർവ്വ വിദ്യാർത്ഥി)
തിമ്മക്കയുടെ പാഠം പഠിപ്പിക്കുകയായിരുന്നു.111 വയസ്സുള്ള സ്ത്രീ,സാലു മാരത തിമ്മക്ക.2019 ൽ ചർച്ചയായ ഒരു പേരാണ്.മക്കളില്ലാത്ത ദുഃഖത്തിൽ വഴിയരികുകളിൽ വൃക്ഷങ്ങൾ വെച്ചു പിടിപ്പിച്ച് ജനശ്രദ്ധ നേടിയ തിമ്മക്കയെന്ന 'മരങ്ങളുടെ അമ്മ'. കുട്ടികളോട് കഥ പറയുമ്പോൾ മനസ്സ് പോയത് പത്തിരുപത്തഞ്ചു വർഷം പഴക്കമുള്ള മുളങ്കൂട്ടങ്ങളിലേക്കാണ്.. ആരാവും അത് നട്ടിട്ടുണ്ടാവുക? അതോ താനേ വളർന്നു നെടുനീളനായി ആകാശത്തെ കീഴടക്കിയതാണോ?
അറിയില്ല. ഒന്നുമെനിക്കറിയില്ല. പക്ഷേ കണ്ടുകിട്ടിയ ഒരൊറ്റ അറിവുണ്ട്. അതിന്റെ കുഞ്ഞികൂമ്പുകൾക്ക് എന്റെ കറുകറുപ്പൻ ആപ്പിൾ സ്ലേറ്റിനെ തിളക്കിയെടുക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു. അപ്പുറത്തെ വീട്ടിലെ കൗസല്ല്യേടത്തി പായസം വെക്കാനാണെന്നു പറഞ്ഞു മുളയരി പെറുക്കുമായിരുന്നു. അന്ന് മുളയരിപ്പായസത്തിന്റെ രുചിയൊന്നും അറിയില്ല. ഓർത്തുനുണയും അത്ര മാത്രം.
റീഷ്മയും, റൈഹാനത്തും, റയാനാവിൻസന്റും ഇന്റർവെല്ലിലും, ഫ്രീ പീരിയഡും ഇപ്പറഞ്ഞ മുളങ്കുറ്റികൾക്കുള്ളിൽ ഇരിക്കുമായിരുന്നു. ഒളിച്ചു കളിയ്ക്കും, മരം ചുറ്റിക്കളിയ്ക്കും മുളകൾ കഥാപാത്രങ്ങളായത് അങ്ങനെയാണ്.
പരിയാപുരം സെൻട്രൽ എയുപി സ്കൂളിന്റെ കന്നിമൂലയിലായിരുന്നു മുളനേതാക്കന്മാരുടെ സ്‌ഥാനം. തലയുയർത്തി മഞ്ഞയുടുപ്പിൽ പച്ചനിറങ്ങൾ വാരിച്ചുറ്റി കാഴ്ചയ്ക്ക് സൗന്ദര്യം കൊടുത്തായിരുന്നു നിൽപ്പ്!
റോഡരികിൽ നിന്ന് മഷിത്തണ്ടുകൾ ഇറുക്കാറുണ്ടെങ്കിലും അവയ്ക്ക് മഴക്കാലമാണ് ഇഷ്ടം. വേനൽക്കാലത്ത് ശുഷ്‌കിച്ച് ക്ഷീണിച്ചുള്ള നിൽപ്പ് കണ്ടാലേ അറിയാം നീരുവറ്റിയ അവസ്ഥയിൽ അവയെക്കൊണ്ട് പ്രയോജനം ഇല്ലെന്ന്.അതുകൊണ്ട് തന്നെ രാവിലെ എത്തിയാൽ ഏറ്റവും നല്ല മുളങ്കൂമ്പ് പൊട്ടിക്കലാണ് അന്നത്തെ ഞങ്ങളുടെ ഹോബി.
കണക്ക് ടീച്ചർക്കുള്ള ശിഷ്ടങ്ങളും, സമവാക്യങ്ങളും എഴുതിയതിനു മുകളിലൂടെ തൊലിച്ച് തൊലിച്ച് വെള്ളച്ച ഇളംമുള തള്ളി നീക്കുമ്പോൾ 'ശീ' എന്ന ചെറിയ ശബ്ദത്തിൽ അക്കങ്ങൾ കാണാതാവും. ഒരു നടരാജൻ ഇറൈസറിനെക്കാൾ ഉശിരോടെ.
പിന്നെപ്പിന്നെ ഓരോ വർഷങ്ങൾക്ക് ശേഷവും ഞാനാ മുളങ്കൂട്ടങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി. അവ മെല്ലെമെല്ലെ മുളങ്കുറ്റികളായി മാറാൻ തുടങ്ങി. ഏഴാം ക്ലാസിൽ നിന്ന് പടിയിറങ്ങിപോകുമ്പോഴും എല്ലാവരും പൂമുഖത്ത് വിളങ്ങി നിൽക്കുന്ന പല മരങ്ങളെയും പ്രകീർത്തിച്ച് കവിത ചൊല്ലി, ഘോരഘോരം പ്രസംഗിച്ചു. തണൽ തന്ന ആൽ, ആദ്യം കയ്പ്പിച്ച് പിന്നെ മധുരിപ്പിച്ച നെല്ലി, കിളികളുടെ താവളമായ മാവ്, കണ്ണടി പഠിപ്പിച്ച പുളിയൻ..... നീ വെറും പുല്ല് എന്ന് അവഗണിച്ച മുളകൾ അനാഥപ്രേതം കണക്കെ കാറ്റിലാടി.
ഈയിടയ്ക്ക് സ്കൂളിന് വലിപ്പം കൂട്ടി. പഴയ ക്ലാസ്സ്‌റൂമുകൾക്ക് പല മാറ്റങ്ങളും വന്നു, ടീച്ചർമാരുടെ മുഖഛായകൾ മാറി.കയറി ചെല്ലുമ്പോൾ പല കോണുകളിലും അപരിചിതത്വം നിറഞ്ഞു. ഞാനാ തെക്കുപടിഞ്ഞാറൻ മൂല ലക്ഷ്യമാക്കി നടന്നു. സ്ലേറ്റ്മായ്പ്പൻ കാടുകൾക്ക് പകരം കുറച്ചപ്പുറം വലിയ മൂന്ന് നില കെട്ടിടം. മനസ്സിൽ നിറഞ്ഞു നിന്ന ബാല്യകാല സഖി മരിച്ചു പോയതിന്റെ ദുരവസ്ഥയിൽ ഞാൻ മുറിഞ്ഞു. അന്ന് പാടിയ കിളികൾ കൂട്ടമായി പാടാൻ വന്നില്ല. അന്നുകണ്ട കാഴ്ചയിലെ വെള്ളയും നീലയും യൂണിഫോമുകൾ കാണാനില്ല.
ഞാൻ വിജയ ടീച്ചറെ വിളിച്ചു.
"ടീച്ചറേ തിരക്കിലാണോ?" "അല്ല നീ പറഞ്ഞോ "എന്ന് മറുമൊഴി.
ടീച്ചറെന്തോ തിരക്കിലാണെന്ന് അപ്പുറത്തെ ശബ്ദത്തിൽ നിന്നും വ്യക്തം. എന്നാലും ചോദ്യത്തിന് അങ്ങേത്തലയ്ക്കൽ അവർ കാത്തു നിന്നു.
"നമ്മുടെ റോഡരികിലെ മുളകളൊക്കെ എന്താ ചെയ്തത്?" ഞാൻ ചോദിച്ചു.
"അത് മതില് കെട്ടിയപ്പോൾ വെട്ടിപ്പോയെടാ ". ടീച്ചറുടെ ശബ്ദത്തിലും അതിന്റെ നിരാശയുള്ളതായി തോന്നി.
യാഥാർഥ്യത്തെക്കാളും വേദന ഓർമ്മകൾക്കാണെന്ന് തിരിച്ചറിയുകയായിയുന്നു.
തിമ്മക്കയെപ്പോലെ മരങ്ങൾ വെച്ചു പിടിപ്പിക്കാൻ ആരെങ്കിലുമൊരാൾ ഉണ്ടായിരുന്നെങ്കിൽ. ആശ്രമം റോഡെന്ന് എഴുതി വെച്ചതിന്റെ കിഴക്കുവശം ചാഞ്ഞു നിൽക്കുന്ന നീളൻ മുളകളെ ഞാനിടയ്ക്ക് സ്വപ്നം കാണാറുണ്ട്. വെറുതെ കാണുന്ന സ്വപനങ്ങൾക്കാണ് കൂടുതൽ ഭംഗിയെന്ന് അന്നാണ് മനസിലായത്!
ഞാൻ കണ്ടതിന്റെ ബാക്കിസ്വപ്നം ആരാണ് കാണുക എന്ന നോവ് ബാക്കി കിടന്നു. വിദ്യാലയം ഒരു പൂങ്കാവനമാകുന്നതിലും വലിയ വിസ്മയം വേറേതുണ്ട്!
കഥ മാറിയല്ലോ മിസ്സേന്ന് കുട്ടികൾ പറഞ്ഞപ്പോഴാണ് തിമ്മക്കയിലേക്ക് തിരിച്ചു വരുന്നത്.മാറിപ്പറഞ്ഞ കഥകളിലാണ് മാറ്റത്തിന്റെ വേദനയുറങ്ങുന്നതെന്ന് ഞാനറിഞ്ഞു. കണ്ണ് നിറയാതെ മനസ്സ് പെയ്യുന്ന പ്രതിഭാസത്തിന്റെ പേരെന്താണ്?
👍🏻👍🏻👍🏻