എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

19:24, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcaups (സംവാദം | സംഭാവനകൾ) (''''<big>എന്റെ വിദ്യാലയ ഓർമ്മകളിലൂടെ ...</big>''' തികച്ചും യാദൃശ്ചികമായാണ് ഒരദ്ധ്യാപിക എന്റെ വിദ്യാലയ ഓർമ്മകളിലൂടെ അൽപ്പനേരം  സഞ്ചരിക്കാമോയെന്ന്  എന്നോട് ചോദിച്ചത്....' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ വിദ്യാലയ ഓർമ്മകളിലൂടെ ...

തികച്ചും യാദൃശ്ചികമായാണ് ഒരദ്ധ്യാപിക എന്റെ വിദ്യാലയ ഓർമ്മകളിലൂടെ അൽപ്പനേരം  സഞ്ചരിക്കാമോയെന്ന്  എന്നോട് ചോദിച്ചത്. ആർക്കാണത് ഇഷ്ട്ടപ്പെടാതിരിയ്ക്കുക...? ആ ചോദ്യമല്ല എന്നെ ആശ്ചര്യപ്പെടുത്തിയത്, വർണ്ണപ്പകിട്ടിന്റെ പുതുയുഗത്തിൽ, ഏതാണ്ട് അൻപത് വർഷങ്ങൾ പഴക്കമുള്ള ക്ലാവ് പിടിച്ച എന്റെ ഓർമ്മകൾക്ക് ഇന്നെന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന ചിന്തയാണ്.

എന്റെ ഓർമ്മകളിൽ തെളിയുന്ന - എനിയ്ക്ക് പ്രിയപ്പെട്ട പലതും - ഞാനിവിടെ കുറിയ്ക്കുന്നത് വായിയ്ക്കുകിൽ പുതുതലമുറയത് വിശ്വസിയ്ക്കുമോ എന്നുപോലുമെനിക്കറിയില്ല. അന്നത്തെ സാഹചര്യത്തിൽ അരിഷ്ട് നിറഞ്ഞതെങ്കിലും, ഓർമ്മയിൽ സുന്ദരമായ കാലഘട്ടത്തിലൂടെ ഒരു പഥ സഞ്ചലനം  നടത്തുകയാണ് ഞാനിവിടെ.

........

എൻറെ നാട്ടിലെ, ഞങ്ങളുടെ വിദ്യാലയമായ പരിയാപുരം സെൻട്രൽ എ.യു.പി സ്ക്കൂളിലാണ്  ഒന്നാം ക്ളാസ്സ് മുതൽ ഏഴാം ക്ളാസ്സ് വരെ [1972 - 1979] എനിയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചത്. എൽ.കെ.ജി.യും യു.കെ.ജി.യും അംഗൻവാടിയുമൊന്നും അന്ന് കേട്ടുകേൾവി പോലുമില്ല.. ഇടവഴിയിലെ മുള്ള് വേലിയും, അവയ്ക്കിടയിലെ തെച്ചിപ്പൂക്കളും, മഷിത്തണ്ടും കണ്ട്, വള്ളിട്രൗസറും പുള്ളിക്കുപ്പായവുമിട്ട് ഞാൻ സ്ക്കൂൾ പടി ചവിട്ടിയത് അത്ര വലിയ സന്തോഷത്തിലൊന്നുമായിരുന്നില്ല.

സ്ക്കൂളിന്റെ പടി ചവിട്ടില്ല എന്ന വാശി എനിയ്ക്കും, അത് നടക്കില്ല എന്ന വാശി അച്ഛനും, വല്ല്യച്ഛനും.. "അടിയിലും വലിയ ഒടിയില്ല" എന്ന തത്വം വിജയിച്ചു - ഒടുവിലെന്റെ കുഞ്ഞുവാശി പരാജയപ്പെട്ടു..

അതിനിടയിൽ ചെറിയ പ്രലോഭനമായി ലോസഞ്ചർ മിട്ടായിയും, കടിച്ചാപ്പറച്ചിയും തന്ന് ഒന്നാം ക്ളാസ്സിൽ വച്ച് ശാരദ ടീച്ചർ എന്നെ മയക്കി. പട്ടിണിയും ദാരിദ്ര്യവും  തുള്ളിക്കളിച്ചിരുന്ന കാലത്തു, സാഷ്ടാംഗം വീഴാൻ ഒരു ലോസഞ്ചർ മിട്ടായി തന്നെ ധാരാളം.

.........

പിന്നീടങ്ങോട്ട് നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന സ്‌ളേറ്റും  പെൻസിലും, എഴുതിയത് മായ്ക്കാൻ മഷിത്തണ്ടും ക്ലാസ്സിലെ കൂട്ടുകാരെപ്പോലെ തന്നെ ചങ്ങാതിമാരായി... പുസ്‌തകങ്ങൾ എണ്ണത്തിൽ കുറവായിരുന്നു... നിലത്തു പൂഴിയിൽ വിരൽ കൊണ്ട് അക്ഷരങ്ങൾ എഴുതിപ്പഠിക്കുന്നതും അന്നത്തെ രസം. ടീച്ചർ ക്ളാസ്സിൽ വായിയ്ക്കാൻ പറഞ്ഞാൽ, ഉച്ചത്തിൽ അക്ഷരത്തെറ്റ് കൂടാതെ വായിയ്ക്കുന്നവർ നല്ല കുട്ടികൾ.  അത്തരക്കാർക്കൊക്കെ മിക്കവാറും മുൻ ബെഞ്ചിൽ തന്നെ സ്‌ഥാനമുണ്ടാവും.

...........

എന്നാൽ പ്രാഥമിക ക്ളാസുകളിലെല്ലാം അൽപ്പം പേടിപ്പിക്കുകയും, തല്ല് കിട്ടാൻ നല്ല സാധ്യതയുമുള്ള ചില സ്‌ഥിരം കലാപരിപാടികൾ അന്നുണ്ടായിരുന്നു.

ഗുണഗോഷ്ട്ം ചൊല്ലിയ്ക്കൽ, കേട്ടെഴുത്ത്,  പദ്യം ചൊല്ലിയ്ക്കൽ, എഴുത്തു ശിക്ഷ എന്നിവ അതിൽ ചിലത് മാത്രം... ചൂരൽ കൊണ്ട് ഉള്ളംകയ്യിലും, കാലിലും നല്ല പെട കിട്ടിയാൽ, ഭേഷായി അത് വാങ്ങിക്കോണം.  പരാതി പറയാൻ പോയിട്ട്, കിട്ടിയത് വീട്ടിൽ മിണ്ടാൻ വരെ അവസരം ഇല്ലാത്ത കാലം. ഇനി അഥവാ അടി കിട്ടിയത് ആരെങ്കിലും വീട്ടിൽ പറഞ്ഞു പോയാൽ, നീ കുരുത്തക്കേട് കാണിച്ചുകാണും എന്നും പറഞ്ഞു, വീട്ടിൽ നിന്നും കിട്ടും രണ്ടെണ്ണം... ഒരർത്ഥത്തിൽ പറഞ്ഞാൽ - അദ്ധ്യാപകരുടെ സുവർണ്ണകാലം അന്നായിരുന്നുവെന്ന് നിസ്സംശയം പറയാം.

.............

ഈയവസരത്തിൽ മനസ്സിൽ  തെളിഞ്ഞു വരുന്ന ഒരോർമ്മ ചിത്രം ഇവിടെ പകർത്തട്ടേ..

നല്ല അടി തരുന്ന കാര്യത്തിൽ ഒന്നാമനായിരുന്നു സ്ക്കൂളിൽ അന്നുണ്ടായിരുന്ന വാസുദേവൻ മാഷ്. വാസുദേവൻ മാഷ് ക്ളാസ്സിലേക്ക് നടന്നുവരുന്നത് കണ്ടാൽ - ക്ളാസ്സ് സർവ്വം നിശ്ശബ്‌ദം. സൂചി നിലത്തു വീണാൽ വരെ കേൾക്കാം എന്ന് പറയാറില്ലേ - അതേ അച്ചടക്കം. മാഷ് ചറപറാന്ന് ചോദ്യം ചോദിയ്ക്കും - ഉത്തരം പറഞ്ഞില്ലെങ്കിൽ അടി കട്ടായം. എനിയ്ക്കും ധാരാളം കിട്ടിയിട്ടുണ്ട്. ഒരിയ്ക്കൽ എന്റെ സഹപാഠിയായിരുന്ന കുന്നേക്കാട്ട് സുഗതന്  നല്ലവണ്ണം വാസുദേവൻ മാഷിൻറെ കയ്യിൽ നിന്നും അടി കിട്ടി. അതൊരു വാർത്തയായി അവൻറെ  വീട്ടിലുമെത്തി. എന്തിനു പറയുന്നു, വീട്ടിൽ നിന്ന് അവന് വേറേയും അടി കിട്ടി. പോരേ പൂരം... അന്നത്തെ സാമൂഹിക അന്തരീക്ഷം അങ്ങനെയായിരുന്നു ...

പിന്നീട് നിരവധി വർഷങ്ങൾ കഴിഞ്ഞൊരിയ്ക്കൽ ഒരു സന്ധ്യാസമയം വാസുദേവൻ മാഷിനെ കണ്ടുമുട്ടാൻ എനിയ്ക്കവസരം ലഭിച്ചു.. പിരിഞ്ഞു പോയ ശേഷം സ്ക്കൂളിലെ ഒരു പരിപാടിയ്ക്ക് വേണ്ടി വന്നതായിരുന്നു അദ്ധേഹം. മാഷേ എന്നും വിളിച്ച് അടുത്തേക്ക് ചെന്നപ്പോൾ അദ്ധേഹം പറഞ്ഞത് - എന്റെയടുത്തേക്ക്  ആദ്യം ഓടിവരുന്നത് എൻറെന്റെ കയ്യിൽ നിന്നും പണ്ട് നല്ല അടി കിട്ടിയവരാണ് - എന്നാണ്. അതും പറഞ്ഞു മാഷെന്നെയും കെട്ടിപ്പിടിച്ചു.

വിദ്യാർത്ഥികൾ വഴി തെറ്റരുത്, അവർ നന്നായി പഠിക്കണം എന്ന ഉദ്ധേശ്യത്തോടെ ശിക്ഷ നടപ്പാക്കിയിരുന്ന അദ്ധ്യാപകരും, അത് അതേ അർത്ഥത്തിൽ മനസ്സിലാക്കിയിരുന്ന വിദ്യാർത്ഥികളും, രക്ഷിതാക്കളും നിറഞ്ഞ സമൂഹത്തിന് കാലം തെളിയിച്ചു തന്ന ആഭരണം.

വാസുദേവൻ മാഷിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം...

..........

സ്ക്കൂളിലേക്ക് എന്നെപ്പോലെ മറ്റു കുട്ടികളേയും ആകർഷിച്ചിരുന്ന ഒരു പ്രധാന കാര്യത്തെപ്പറ്റി സൂചിപ്പിക്കാതെ വയ്യ...സ്ക്കൂളിൽ നിന്നും ഉച്ചഭക്ഷണമായി കിട്ടിയിരുന്ന "ഉപ്പുമാവ്" ആയിരുന്നുവത്. പ്രത്യേക ഓയിൽ ഉപയോഗിച്ച് സവിശേഷമായി പാചകം ചെയ്‌തിരുന്ന ഉപ്പുമാവിന് നല്ല രുചിയായിരുന്നു. ഉച്ചയാവുമ്പോഴേക്ക് പാചകപ്പുരയിലെ അടുക്കളയിൽ നിന്നും പരക്കുന്ന മണം വായിൽ വെള്ളം നിറയ്ക്കാൻ പര്യാപ്പ്തമായിരുന്നു.. വിശപ്പടക്കാൻ വന്ന ദേവതയായി പലരുമന്നതിനെ കരുതിയിരുന്നു...

….

ഓർമ്മകളുടെ ഏടുകൾ മറിയുമ്പോൾ, അന്നത്തെ പ്രധാന അദ്ധ്യാപകൻ ആയിരുന്ന ആനന്ദൻ മാഷുടെ സ്‌കൂളിൽ നടപ്പാക്കിയ ഒരു ഗംഭീര  പരിഷ്‌ക്കാരം ഞാനൊരിയ്ക്കലും മറക്കില്ല. വിദ്യാർത്ഥികളിൽ  സമ്പാദ്യശീലം വളർത്താൻ അന്ന് സഞ്ചയിക നിക്ഷേപ പദ്ധതി ഉണ്ടായിരുന്നത് കണ്ടിട്ടാവണം  ആനന്ദൻ മാഷുടെ ബുദ്ധിയിൽ ഒരാശയമുദിച്ചു. സമ്പാദ്യശീലം പോലെ വിദ്യാർത്ഥികളിൽ സത്യസന്ധത വളർത്താൻ സ്ക്കൂളിൽ ഒരു സത്യസന്ധത കട തുടങ്ങുക. വിഷയം അസ്സംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടു. സംഗതി ഉഷാറായി ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള അത്യാവശ്യ സാധനങ്ങളും, മിട്ടായികളുമൊക്കെ സത്യസന്ധത കടയിൽ ഉണ്ടാവും.  പക്ഷേ വിൽപ്പനക്കാരനോ, വിൽപ്പനക്കാരിയോ അവിടെ ഉണ്ടാവില്ല...! വിദ്യാർത്ഥികളുടെ മനസ്സിൽ ലഡ്ഡു പൊട്ടാൻ മറ്റെന്തു വേണം... സാധനങ്ങൾ ആവശ്യമുള്ളവർ കടയിൽ പോയി, സ്വയം അതെടുക്കുക.  എന്നിട്ട് എഴുതി വച്ച വില നോക്കി, പണം കടയിലെ ഒരു മൂലയിൽ വച്ചിരിയ്ക്കുന്ന പെട്ടിയിൽ നിക്ഷേപിയ്ക്കുക. ഇതായിരുന്നു നൂതന പദ്ധതി.. എന്തിനു പറയുന്നു - കുറച്ചു കാലം പിടിച്ചു നിന്നെങ്കിലും, സത്യസന്ധതയുടെ കട അധികകാലം തഴച്ചു വളർന്നില്ല എന്നാണ് എന്റെ ഓർമ്മ.

.....

ആണ്ടിക്കുട്ടി മാസ്റ്റർ, കാളിന്ദി ടീച്ചർ, ഇന്ദിരാദേവി ടീച്ചർ, ലീല ടീച്ചർ, ജനചന്ദ്രൻ മാസ്റ്റർ, ചന്ദ്രിക ടീച്ചർ എന്നിവരൊക്കെ  പല രൂപത്തിലും, ഭാവത്തിലും ഞാൻ സ്ക്കൂളിൽ പഠിച്ച ഏഴു വർഷങ്ങളിൽ ധാരാളം ഓർമ്മകൾ  സമ്മാനിച്ചവരാണ്‌.

പഠിത്തത്തിൽ വലിയ സ്ഥാനമാനങ്ങളൊന്നും എനിയ്ക്ക് ഉണ്ടായിരുന്നില്ല. പക്ഷേ സഹപാഠികളായ കൂട്ടുകാരിൽ പലരും അത്യാവശ്യം നല്ലവണ്ണം പഠിക്കുന്നവരായിരുന്നു.  അവരുടെയൊക്കെ തൊട്ടടുത്തിരിയ്ക്കാൻ എനിയ്ക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. "മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം" എന്ന് പറയുമ്പോലെ  അതിൻറെയൊക്കെ ഗുണം പിൽക്കാലത്ത് എനിയ്ക്ക് ഉണ്ടായിട്ടുമുണ്ട്.

വിദ്യാർത്ഥികളുടെ സാഹിത്യവാസന പരിപോഷിപ്പിയ്ക്കാൻ അക്കാലത്ത് - സാഹിത്യ സമാജം - എന്നൊരു പരിപാടി  നടത്താറുണ്ടായിരുന്നു.  ഓരോ ക്ലാസ്സുകളിലും അത് നടത്തും. അഞ്ചും, ആറും, ഏഴും ക്ലാസ്സുകൾക്കാണ് പ്രാധാന്യം ഉണ്ടായിരുന്നത്. അവിടെ വച്ച് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിക്കും, പാട്ട് പാടുന്നവർ പാടും, ചിലർ പ്രസംഗിക്കും. വലിയ ചിലവൊന്നുമില്ല. പെൺകുട്ടികൾ കുറച്ച് പൗഡർ കൂടുതലിട്ടു വരും, ആൺകുട്ടികൾ ഹിപ്പി മുടി ചീകിയൊന്ന്  മിനുക്കി വരും അത്ര തന്നെ...

.....

പറയാൻ തുടങ്ങിയാൽ ഇനിയുമൊരുപാടുണ്ട് ഓർമ്മകൾ. സഹപാഠികളെപ്പറ്റി, ക്ലാസ്സിൽ മാജിക് പരിശീലിപ്പിച്ച ജനചന്ദ്രൻ മാഷെപ്പറ്റി, ഗോട്ടി കളികളെപ്പറ്റി, ലീവ് ലെറ്റർ എഴുതി കൊടുത്തതിനെപ്പറ്റി, ബ്രിൽ മഷിപ്പേനകളെപ്പറ്റി, ബെഞ്ചിൽ കയറ്റി നിർത്തിപ്പിച്ചതിനെപ്പറ്റി..ക്ലാസ്സിൽ മിണ്ടിയവരുടെ പേര് ബോർഡിൽ എഴുതി വച്ചതിനെപ്പറ്റി... അങ്ങനെയങ്ങനെ ഒരു ബെല്ലും ബ്രേക്കുമില്ലാതെ അതങ്ങു മുന്നോട്ട് പോകും. ഒടുവിൽ എന്നോട് ഓർമ്മയിലേക്ക് ഒന്ന് ഊളിയിടാമോ എന്ന് ചോദിച്ച അദ്ധ്യാപികയുടെ ഓർമ്മ പോകും. അതുകൊണ്ട് ഞാൻ ഇനിയുമധികം ഊളിയിട്ട് മുന്നോട്ട് പോകുന്നില്ല... രത്‌നച്ചുരുക്കമായി ഒന്നു രണ്ടു കാര്യങ്ങൾ കൂടി സൂചിപ്പിച്ചു കൊണ്ട് ഈ ഓർമ്മക്കുറിപ്പ് അവസാനിപ്പിയ്ക്കാം.

....

അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളിൽ  പേടിയുടെ അംശങ്ങൾ ഉണ്ടായിരുന്നെങ്കിലും, പരസ്പ്പരം ബഹുമാനം, ആദരവ്, സ്‌നേഹം എന്നിവയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. അന്ന് പരീക്ഷകളിൽ വിദ്യാർത്ഥികൾ തോൽക്കാറുണ്ടായിരുന്നു. ഒരു പരാജയമെങ്ങനെ നേരിടണം എന്ന പാഠം  സ്ക്കൂളിൽ നിന്നും  ചെറിയ പ്രായത്തിൽ തന്നെ പ്രായോഗികമായി പഠിച്ചിരുന്നു. പരീക്ഷയിൽ തോറ്റാൽ ആത്മഹത്യ ചെയ്യണമെന്നോ, ശിക്ഷ കിട്ടിയാൽ പിണങ്ങി നാട് വിട്ടുപോകണമെന്നോ അന്നാരും ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്‌തവം.

ഇന്ന് കാലം മാറി, കഥ മാറി...

തിരിഞ്ഞു നോക്കുമ്പോൾ, ജീവിതത്തിൽ  അടിസ്ഥാന ശില പാകുന്നതിൽ, അക്ഷരലോകത്തേക്ക് കൈ പിടിച്ചു നയിക്കുന്നതിൽ പരിയാപുരം സെൻട്രൽ എ.യു.പി സ്ക്കൂൾ സമ്മാനിച്ച ഏഴു വർഷങ്ങൾക്ക് നിർണ്ണായ പങ്കുണ്ട്.. സ്വർഗ്ഗീയനായ കാട്ടുപ്പറമ്പിൽ  നാരായണൻ മാസ്റ്റർ ഏകാംഗ വിദ്യാലയമായി തുടങ്ങിയ വിദ്യാലയമിപ്പോൾ  നവതി ആഘോഷിക്കുകയാണ്... ഇനിയുമേറെ വർഷങ്ങൾ അക്ഷരവെളിച്ചമായ് തുടരാൻ എന്റെ വിദ്യാലയത്തിന് കഴിയട്ടേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ...

കൂപ്പുകൈകളോടെ സാദരം ....

കൃഷ്ണൻ കാട്ടുപ്പറമ്പിൽ

പരിയാപുരം സെൻട്രൽ എ.യു.പി. സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി

[1972 - 1979]