ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പ് .

2021 ഒക്ടോബർ 27.പ്രഥമാധ്യാപികയായി ആദ്യനിയമനം.അതിന്റെ പിരിമുറുക്കത്തോടുകൂടിയാണ് ഞാൻ ഈ സ്കൂളിലേക്ക് എത്തുന്നത്.കോവിഡാനന്തരം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളുമായി അധ്യാപകരും രക്ഷകർത്താക്കളും.പൊതുവെ ശാന്തമായ അന്തരീക്ഷം. സമാധാനമായി . 28 മാസക്കാലം പ്രഥമാധ്യാപികയായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞു. ആത്മാർത്ഥതയും അർപ്പണമനോഭാവവുമുള്ള അധ്യാപകർ. മിടുക്കരായ വിദ്യാർത്ഥികൾ .സഹകരണമനോഭാവമുള്ള എസ്.എം.സി, എം.പി.ടി.എ, രക്ഷകർത്താക്കൾ .സന്തോഷം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം. പുതിയൊരു സ്കൂൾ കെട്ടിടം അത്യാവശ്യമായ സാഹചര്യത്തിൽ അതിനുവേണ്ടി ശ്രമിച്ചെങ്കിലും നേടാനായില്ല. എത്രയുംപെട്ടെന്ന് ആ ആവശ്യം കൂടി സാധ്യമാകട്ടേയെന്ന് പ്രാർഥിക്കുന്നു.

            2024 മാർച്ച് 31 ന് സന്തോഷപൂർവ്വമായ പടിയിറക്കം.ഇതുവരെ ലഭിച്ച എല്ലാ സഹായസഹകരണങ്ങൾക്കും എല്ലാപേരോടും എന്റെ ഹൃദയംനിറഞ്ഞ നന്ദി.....

(പ്രഥമാധ്യാപിക അനിതടീച്ചർ തന്റെ പ്രഥമാധ്യാപനകാലത്തെ അനുഭവങ്ങൾ ഓർത്തെടുക്കുന്നു.)



എന്റെ വിദ്യാലയ ഓർമ്മകൾ.

           മതിലുകളില്ലാത്ത കഴിവൂർമൂലക്കര സ്കൂളിനെക്കുറിച്ചുള്ള ഓർമ്മകളും വിശാലമാണ്.

                                ഓരോ ക്ലാസ്സിലും നാല്പതിനുമേൽ കുട്ടികൾ ഉണ്ടായിരുന്ന കാലഘട്ടത്തിൽ സ്കൂൾ ചുറ്റുവട്ടവും അതിരുകളില്ലാത്തവയായിരുന്നു.

            ശങ്കരൻ സാർ എന്ന ബഹുമാന്യ ഹെഡ്മാസ്റ്റർ അക്കാലത്ത് ഞങ്ങളുടെ ഹീറോയും പേടിസ്വപ്നവുമായിരുന്നു.ആപ്പീസ്‌മുറിയിൽ കയറ്റി അടി വാങ്ങിച്ചുകൊടുക്കുകയും കിട്ടുകയും  ചെയ്തിരുന്നതിലെ പ്രധാനകഥാപാത്രം അദ്ദേഹമായിരുന്നു.

                   സ്കൂളും പരിസരവും ആഴ്ചയിൽ ഒരുനാൾ വൃത്തിയാക്കുന്നതിന് അദ്ദേഹം ഓരോ ക്ലാസ്സിലെ കുട്ടികൾക്കും പ്രത്യേക ഇടങ്ങൾ വിഭജിച്ച് നൽകിയിരുന്നു.ഇതെല്ലാം നോക്കി അദ്ദേഹം ചൂരലുമായി നിൽക്കുന്നുണ്ടാകും.ഈ പ്രവൃത്തിയുടെ ഒടുക്കവും തുടക്കവും ഒരു പ്രത്യേകതരം മണി കിലുക്കമായിരുന്നു.ആ മണിനാദത്തിന്റെ സ്വാതന്ത്ര്യത്തിനായി കാത്തിരുന്ന കാലമുണ്ടായിരുന്നു.

              സ്കൂളിൽ നിന്നും അകലെയായി ഒരു കനാൽ കടന്നുപോയിരുന്നു.അതിൽ നിന്നും ബക്കറ്റിൽ വെള്ളം കോരിക്കൊണ്ടുവന്ന് അന്നുണ്ടായിരുന്ന രണ്ട് വലിയ മൂത്രപ്പുരകൾ കഴുകിവൃത്തിയാക്കുന്നതിന് കിട്ടുന്ന അവസരം ഞങ്ങൾ സ്വയം കുളിക്കുന്നതിനും ഉപയോഗിച്ചിരുന്നു.പിന്നെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സേവനവാരാഘോഷം ഉത്സവസമാനമായിരുന്നു.എല്ലാ ദിവസവും ഉച്ചയ്‌ക്ക് കപ്പയും ചമ്മന്തിയും കിട്ടുമായിരുന്നു.ചിലപ്പോൾ ചോറും പായസവും വിരുന്നുവന്നിരുന്നു.

ലില്ലിബായി ടീച്ചർ , അഗസ്ത്യൻ സാർ തുടങ്ങിയ അധ്യാപകരേക്കാൾ ഞങ്ങൾക്ക് പ്രിയം ഉപ്പുമാവ് ഉണ്ടാക്കിത്തന്നിരുന്ന മാമിയെ ആയിരുന്നു.അന്നത്തെ അമേരിക്കൻ മഞ്ഞപ്പൊടിയും റവയും ടിന്നിൽ വരുന്ന സസ്യ എണ്ണയും നൽകിയ നാവിലെ മധുരം ഇന്നത്തെ ചോറിനോളം എത്തുന്നില്ല.

                          പഠനത്തിലും കായിക മത്സരങ്ങളിലും കലാപ്രകടനങ്ങളിലും എന്റെ ഈ അഭിമാന വിദ്യാലയം വളരെയധികം പ്രചോദനമായിരുന്നു.ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷികത്തിന് അവതരിപ്പിച്ച നാടകത്തിൽ എന്റെ വേഷം ഹെഡ്മാസ്റ്ററുടേതായിരുന്നു.ഇന്ന് ജീവിതത്തിലും ആ റോൾ തന്നെ ലഭിച്ചു എന്നത് യാദൃശ്ചികമായേക്കാം.

           ഒട്ടനേകം പ്രതിഭാശാലികളെ വാർത്തെടുത്ത ഈ വിദ്യാലയ മുത്തശ്ശി എന്നും എക്കാലവും മനസ്സിൽ മായാത്ത ഓർമ്മകളായി നിലകൊള്ളുന്നു.

              പൂർവ്വ വിദ്യാർത്ഥിയായ സനൽഘോഷ്  ( പ്രധാനാധ്യാപകൻ ) തന്റെ ആദ്യ വിദ്യാലയാനുഭവം ഓർക്കുന്നു.