2022-23 വരെ2023-242024-25


പ്രവേശനോത്സവം

 

2023-24 അക്കാദമിക വർഷത്തിലെ വിദ്യാലയ പ്രവേശനോത്സവം വളരെ നിറപ്പകിട്ടോടെയാണ് ആഘോഷിച്ചത്. വിദ്യാലയത്തിലേക്ക് ആദ്യാക്ഷരത്തിന്റെ മധുരം നുണയാനെത്തിയ എല്ലാ കുരുന്നുകളെയും നിറപകിട്ടാർന്ന പൂന്തോട്ടത്തിലേക്ക് പറന്നെത്തുന്ന പൂമ്പാറ്റകളെപ്പോലെ മധുരപലഹാരങ്ങളും പൂക്കളും സമ്മാനങ്ങളും നൽകി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. നയനമനോഹരമായ ആഘോഷ പരിപാടികൾ തന്നെയാണ് ഇതിനായി ഈ അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ ഒരുക്കിയത്.

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എ എൽ പി എസ് തോക്കാംപാറയിൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു. കുട്ടികൾ പച്ചക്കറി തൈകൾ വീട്ടിൽ നിന്ന് മുളപ്പിച്ച് കൊണ്ടു വരുകയും സ്കൂൾ അസംബ്ലിയിൽ വെച്ച് അത് ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ മാഷിന് കൈമാറുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെ ഗ്രോബാഗുകളിൽ ഈ പച്ചക്കറി തൈകൾ നടുകയും ഒരു ചെറിയ പച്ചക്കറി തോട്ടം വിദ്യാലയത്തിനായി ഒരുക്കുകയും ചെയ്തു. പ്രധാനാധ്യപകനായ ജയകൃഷ്ണൻ മാസ്റ്റർ നേതൃത്വം നൽകി.

പഠനോപകരണ ശില്പശാല

 

ഒന്നാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കായി ജൂൺ 12 ന് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലെ അധ്യാപകരായ ബരീറ ടീച്ചർ, ജിത്യ ടീച്ചർ, ജ്യോത്സന ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല നടന്നത്. രക്ഷിതാക്കൾ എല്ലാവരും വളരെ ഉത്സാഹത്തോടെയും സന്തോഷ ത്തോടെയും ഇതിൽ പങ്കെടുക്കുകയും കുട്ടികൾക്കായി പഠനോപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു.

വായനവാരാചാരണം

 

കുട്ടികളിൽ വായനയുടെ പ്രാധാന്യം എന്താണെന്ന് തിരിച്ചറിവുകൾ ഉണ്ടാവാനും വായനാശീലാ വളർത്തുന്നതിന്റെയും ഭാഗമായി ജൂൺ 19 മുതൽ ഒരാഴ്ച കാലം വിദ്യാലയത്തിൽ ധാരാളം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയിരുന്നു. ക്ലാസ് തല- സ്കൂൾ തല ലൈബ്രറി ശാക്തീകരണം, വായന മത്സരങ്ങൾ, അക്ഷരമര നിർമ്മാണം, ക്ലാസ് തല- സ്കൂൾ തല ക്വിസ് മത്സരങ്ങൾ, വായനകുറിപ്പ് തയ്യാറാക്കൽ, അമ്മമാർക്കായുള്ള വായനദിന ക്വിസ് മത്സരം തുടങ്ങി വ്യത്യസ്തത നിറഞ്ഞ ധാരാളം പ്രവർത്തനങ്ങളിലൂടെയാണ് ഈ വർഷത്തെ വായന വാരാചരണം കടന്ന് പോയത്.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

 

ജനാധിപത്യ ഭരണരീതികൾ കുട്ടികൾക്ക് മനസ്സിലാവാനും തിരഞ്ഞെടുക്കപ്പെടുന്നതിന്റെയും തിരഞ്ഞെടുപ്പിന്റെയും ഘട്ടങ്ങൾ എന്തെല്ലാമാണെന്നും തിരിച്ചറിയാനുമായി ഈ അക്കാദമിക വർഷത്തിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂൺ 26 ന് നടത്തി. സ്കൂളിൽ തയ്യാറാക്കിയ പ്രത്യേക ബാലറ്റ് പേപ്പറും ബാലറ്റ് ബോക്സും ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചതും കുട്ടികളായിരുന്നു.

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികക്കായി പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും പ്ലകാർഡുകളും കുട്ടികൾ നിർമ്മിച്ച് കൊണ്ടുവരികയും വിദ്യാലയത്തിന്റെ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിച്ചു.

പെരുന്നാൾ നിലാവ്

എല്ലാ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മുടെ നാടിന്റെ സംസ്കാരത്തെയും സൗഹാർദ്ദത്തെയും ഊട്ടി ഉറപ്പിക്കുന്ന മഹത്തായ പാരമ്പര്യത്തിന്റെ നെടും തൂണുകളാണെന്ന തിരിച്ചറിവുകൾ കുട്ടികളിൽ വളർത്താനായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ബലി പെരുന്നാളിനോടനുബന്ധിച്ച് 'പെരുന്നാൾ നിലാവ് ' എന്ന പേരിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി അമ്മമാർക്കുള്ള മൈലാഞ്ചി ഇടൽ മത്സരം, കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരം, വിവിധ തരം മാപ്പിള കലകളുടെ അവതരണം എന്നിവയും നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള പായസവിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

ബഷീർ ദിനാചരണം

പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാർത്ഥം ജൂലൈ 5 ബഷീർ ദിനാചരണം നടത്തി. ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും പ്രദർശനവും സംഘടിപ്പിച്ചു. ബഷീറിന്റെ തൂലികയിൽ നിന്നും പിറന്ന് അവിസ്മരണീയമായി തീർന്ന പല കഥാപാത്രങ്ങളായി വേഷമണിഞ്ഞും മറ്റും കുട്ടികൾ വിവിധ പരിപാടികളിൽ പങ്കാളികളായി.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

2023-24 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 5ന് ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴി നിർവ്വഹിച്ചു. കഥകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളോടൊപ്പം സംവദിച്ച് കൊണ്ടായിരുന്നു വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തത്.

അറബിക് ടാലന്റ് ടെസ്റ്റ്

അറബി ഭാഷ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കായി അലീഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല അറബിക് ടാലന്റ് ടെസ്റ്റ് പരീക്ഷ നടത്തി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ പരിപാടി ഉദ്ഘാടനം ചെയ്തു.

ചാന്ദ്രദിനം

ജൂലൈ 19 ചന്ദ്രദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നടത്തി. 'നമുക്ക് അമ്പിളി മാമനോട് ചോദിക്കാം' എന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം എ ശ്രീധരൻ മാഷ് നിർവ്വഹിച്ചു. നിരവധി പരീക്ഷണങ്ങളിലൂടെ അദ്ദേഹം കുട്ടികൾക്ക് മുമ്പിൽ പ്രപഞ്ചാത്ഭുതത്തിന്റെ വർണ്ണ വിസ്മയങ്ങൾ തുറന്ന് കാട്ടി. കുട്ടികൾ ധാരാളം സംശയങ്ങൾ ചോദിക്കുകയും ചെയ്തു. സൗരയുഥത്തിലെ ഗ്രഹങ്ങളായും ബഹിരാകാശ യാത്രികരായും മാറി കുട്ടികൾ പ്രകടനങ്ങൾ കാഴ്ചവെച്ചു.