ജി.എൽ.പി.എസ് ക്ലാരി/ചരിത്രം

21:06, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (→‎സമഗ്ര വിവരണം[തിരുത്തുക | മൂലരൂപം തിരുത്തുക])
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ ഹിന്ദു സ്കൂളായി കല്ലുമംഗതത്ത് ശങ്കരൻ എമ്പ്രാന്തിരിയാണ് ഈ സ്കൂളിനു തുടക്കം കുറിച്ചത്. കുട്ടികളെ വീടുകളിൽ പോയി വിളിച്ചുകൊണ്ടു വന്നിരുത്തേണ്ട സ്ഥിതി ഉണ്ടായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം ജനതയെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി മുൻനിരയിലെത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പത്തും അധികാരവും ചെറിയൊരു വിഭാഗം ആളുകളുടെ കൈകളിൽ മാത്രമായിരുന്ന കാലത്താണ് ഈ വിദ്യാലയം പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ടത്. ഇതിനു പിന്നിൽ പ്രവർത്തിച്ച മഹത് വ്യക്തികളെ ഈ അവസരത്തിൽ സ്മരിക്കേണ്ടതായിട്ടുണ്ട്. മെയ് ആദ്യവാരം തൊട്ട് ജൂൺ വരെയായിരുന്നു അന്നും പ്രവേശന കാലം. ഹിന്ദു മതത്തിൽപ്പെട്ട കുട്ടികൾ പൂജവെപ്പിനു ശേഷമായിരുന്നു സ്കൂളിൽ പ്രവേശിച്ചിരുന്നത്. പുസ്തകങ്ങളുടെ എണ്ണക്കുറവ് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരനുഗ്രഹം തന്നെയായിരുന്നു. ഈ നാട്ടുകാർ തന്നെയായിരുന്നു ഇവിടുത്തെ ആദ്യകാല അധ്യാപകർ. ഈ വിദ്യാലയത്തിൽ പഠിച്ച് ജീവിതത്തിന്റെ വിവിധ മേഖലയിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ അനവധിയുണ്ട്. തികച്ചും ഒരു കാർഷിക ഗ്രാമമായിരുന്ന ക്ലാരിയിൽ വിദ്യാസമ്പന്നനായ ഒട്ടനവധി പേർ വളർന്നു വന്നത് ഈ വിദ്യാലയത്തിലൂടെയാണ്. 83 വർഷം പൂർത്തിയാക്കിയ ഈ കൊച്ചു വിദ്യാലയത്തിൽ അറിവിന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തിയ എത്രയോ ഗുരു നാഥന്മാർ ഇന്നും സ്മരിക്കപ്പെടുന്നു.

സ്വന്തമായ കെട്ടിടം

വിദ്യാലയം നിൽക്കുന്ന 30 സെന്റ് സ്ഥലം സ്വകാര്യവ്യക്തിയുടെ സ്വന്തമായതു കൊണ്ട് 2007 ഫെബ്രുവരി 27ന് സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതുവരെ ഡി.പി.ഇ.പി. S.S.A ഫണ്ടുകളൊന്നും ലഭിച്ചിരുന്നില്ല. ഭൗതിക സൗകര്യങ്ങൾ ഒന്നുമില്ലാത്തതു കൊണ്ട് വളരെ വിഷമത്തിലായിരുന്നു. എല്ലാ വർഷവും പി.ടി.എ-യുടെ സഹായത്തോടെയാണ് അറ്റകുറ്റ പണികൾ നടത്തിയിരുന്നത്. 1999 – 2000 വർഷത്തിൽ തയ്യിൽ അലവി പ്രസിഡന്റ് ആയിരുന്ന എടരിക്കോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി സ്ഥലവും കെട്ടിടവും അക്വയർ ചെയ്ത് ഏറ്റെടുക്കുന്നതിന് പദ്ധതി വിഹിതം അനുവദിച്ചു. നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്കൂൾ അക്വയർ ചെയ്ത് ഏറ്റെടുക്കുന്നതിന് സർക്കാർ പ്രത്യേക അനുമതി നൽകി. 2005 – 2006 വരെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിച്ചുവന്ന സ്കൂൾ ജനറൽ കലണ്ടറിലേക്കു മാറ്റി. 2007 ഫെബ്രുവരി 4-ന് എട്ടു പതിറ്റാണ്ടിന്റെ ചരിത്രമുള്ള അമ്പലവട്ടം സ്കൂൾ ഏറ്റെടുക്കാൻ പ്രഖ്യാപനം ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ എം.എ ബേബി നിർവഹിച്ചു. അബ്ദു റഹ്മാൻ രണ്ടത്താണി (എം.എൽ.എ) അദ്ധ്യക്ഷനായിരുന്നു. അതിനു ശേഷം എട്ടുലക്ഷത്തിന്റെ S.S.A ഫണ്ടുപയോഗിച്ച് നാലു ക്ലാസ് മുറികളുടെ പണി ആരംഭിച്ചു. രണ്ടേമുക്കാൽ ലക്ഷം രൂപ ഗ്രാമ പഞ്ചായത്തും അനുവദിച്ചു. 2008 മെയ് 19-ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ശ്രീ പാലോളി മുഹമ്മദ്കുട്ടി പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. റോഡ് വക്കിലുള്ള സ്കൂളിന് പഞ്ചായത്തിന്റെ സഹായത്താൽ ചുറ്റുമതിൽ നിർമ്മിച്ചതും ഈ കാലഘട്ടത്തിലാണ്. S.S.A ഫണ്ടുകൊണ്ട് ഗേൾസ് ടോയ് ലറ്റും പണിതു. എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും ധന സഹായം ഉപയോഗിച്ച് ഒന്നാം നിലയിൽ രണ്ട് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചിട്ടുണ്ട്.

സമഗ്ര വിവരണം

ഈ വിദ്യാലയത്തിൽ 117 കുട്ടികളാണ് ഈ വർഷം വിദ്യ അഭ്യസിക്കുന്നത്. കൊഴിഞ്ഞു പോകുന്നവരും പഠനം നിർത്തുന്നവരും ഇവിടെ ഉണ്ടാകാറില്ല. ഇതിൽ 50 ശതമാനവും പെൺകുട്ടികളാണ്. സബ്ജില്ലാ കലാമേളകളിൽ ഗണ്യമായ സ്ഥാനം ഈ സ്കൂളിനു ലഭിക്കാറുണ്ട്. 2012 ൽ ആരംഭിച്ച പ്രീ പ്രൈമറി ക്ലാസ്സിൽ ഇപ്പോൾ 46 കുട്ടികൾ പഠനം നടത്തുന്നു. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിന് ലൈബ്രറിയിൽ 2500 പുസ്തകങ്ങളുണ്ട്. സ്കൂൾ വൈദ്യുതീകരിക്കുകയും എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. പുരോഗതിയുടെ പാതയിലാണ് ക്ലാരി ജി.എൽ.പി.സ്കൂൾ. ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി മിനി പി നായർ ഉം ശ്രീമതിമാർ പദ്മജ.എ, പുഷ്പലത.പി, സുജാത.ആർ എന്നിവർ സഹാദ്ധ്യാപികമാരും ശ്രീ ഷാജി സി.വി സഹാദ്ധ്യാപകനും ശ്രീമതി ഷരീഫ സി അറബിക് ടീച്ചറുമാണ്. പി.ടി.സി.എം ആയി ജോലി ചെയ്യുന്നത് ശ്രീമതി സലൂബ പി യാണു. പ്രസിഡന്റ് ശ്രീ. കുഞ്ഞലവി പോക്കാട്ട് ന്റെ നേതൃത്വത്തിൽ സജീവമായ പ്രവർത്തനം പി.ടി.എ നടത്തുന്നു.