എന്റെ ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലാണ് (കണ്ടമംഗലം)  

എറിയാട് എന്ന എന്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്.1964 -ൽ രൂപീകരിച്ച 33.83 ച.കി.മീ വിസ്തീർണ്ണമുള്ള തിരുവാലി ഗ്രാമപഞ്ചായത്തിൽ 16 വാർഡുകൾ ഉണ്ട്. സ്കൂൾ സ്ഥിതി ചെയ്യുന്ന ഏഴാം വാർഡിന്റെ ആകെ വിസ്തീർണം 1.59827 ച. കി. മീ ആണ്. എറിയാട് ഗ്രാമം അറിയപ്പെടുന്നത് തന്നെ എറിയാട് എ. യു. പി. എസ് വിദ്യാലയവുമായി  ബന്ധപ്പെടുത്തിയാണ്. അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഗ്രാമത്തിനോട് ചേർന്ന് തന്നെ പ്രധാനപ്പെട്ട ആശുപത്രികളും സ്കൂളുകളും കോളേജുകളും നഴ്സറി അംഗനവാടികളും ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും പോലീസ് സ്റ്റേഷൻ, DEO ഓഫീസ് ഉൾപ്പെടെ ഗവൺമെന്റ് സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നു.

കലാസാംസ്‌കാരികം

കലാസാംസ്കാരിക രംഗങ്ങളിൽ നിസ്തുല മാതൃക കാഴ്ച്ചവെക്കുന്ന ഒരു പ്രദേശമാണ് എറിയാട്. നിരവധി പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ എറിയാട് ഗ്രാമത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളും കലാസാംസ്‌കാരിക വേദികളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് ഗായകൻ വണ്ടൂർ ജലീൽ, മാപ്പിള സാഹിത്യകാരൻ പുലിക്കോട്ടിൽ ഹൈദർ, എഴുത്തുകാരി സീനത്ത് ചെറുകോട്, ഗായിക യു. കെ സഹല തുടങ്ങിയവർ എറിയാട് പ്രദേശത്തെ സാംസ്കാരികമായി മുൻനിരയിലെത്തിച്ച പ്രമുഖരിൽ ചിലരാണ്. മതസൗഹാർദ്ദവും ജനങ്ങൾക്കിടയിൽ പരസ്പരം ഐക്യവും ഊട്ടിയുറപ്പിക്കുന്നതിൽ  ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ്, റബീഉൽ അവ്വൽ വേളകളിലെ ആഘോഷങ്ങൾ വലിയ പങ്കാണ് വഹിച്ചുപോരുന്നത്. മതവിഭാഗങ്ങളുടെ പ്രത്യേക ആഘോഷങ്ങളിൽ പോലും വിഭാഗീയതകൾ ഇല്ലാതെ മുഴുവൻ  ജനങ്ങളും ഒരുമിച്ച് കൂടിയിരുന്നു. ക്ലബ്‌, വായന ശാല സ്കൂൾ കേന്ദ്രീകരിച്ചുള്ള ഇത്തരം പരിപാടികളിൽ ഇന്നും പ്രദേശവാസികൾക്കിടയിൽ മതസൗഹാർദ്ദം വിളിച്ചോതുന്നു.

വായനശാല

പ്രദേശവാസികളുടെ സാംസ്‌കാരിക വളർച്ചയിൽ വായനശാലകൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.തൊണ്ണൂറുകളിൽ എറിയാട് എ.യു.പി.എസിന് സമീപത്തായി പ്രവർത്തിച്ചു വന്ന കെ.ടി.കെ.എം എന്ന പേരിൽ വായനാശാല ജനങ്ങളെ സാക്ഷരാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. വാർത്തകളും മറ്റുവിവരങ്ങളും അറിയുന്നതിന് വേണ്ടി പത്ര-മാസികകൾക്ക് പുറമെ പ്രത്യേക റേഡിയോ സംവിധാനവും ഉപയോഗപ്പെടുത്തിയിരുന്നു. റേഡിയോ വാർത്തകൾ കേൾക്കുന്നതിന് മാത്രമായി ആളുകൾ വൈകുന്നേരങ്ങളിൽ ഒരുമിച്ച് കൂടുക പതിവായിരുന്നു. വിപുലമായ പ്രവർത്തിച്ചിരുന്ന ഈ വായനശാല പല കാരണങ്ങളാൽ നിലച്ചതായി പറയപ്പെടുന്നു. നിലവിൽ സർക്കാർ സഹായത്തോടെ ടാഗോർ പബ്ലിക് ലൈബ്രറി എന്ന പേരിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയൊരു വായനാശാല പ്രവർത്തിച്ച് പോരുന്നു. സമീപ പ്രദേശങ്ങളിൽ സർക്കാർ സഹകരണത്തോട് കൂടി പ്രവർത്തിക്കുന്ന നാല് ലൈബ്രറികളിൽ ഒന്നാണ് ഈ വായനശാല.

KTKM Arts & Sports Club