എ.യു.പി.എസ് എറിയാട്/എന്റെ ഗ്രാമം
എന്റെ ഗ്രാമം
കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലാണ് (കണ്ടമംഗലം)
എറിയാട് എന്ന എന്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്.1964 -ൽ രൂപീകരിച്ച 33.83 ച.കി.മീ വിസ്തീർണ്ണമുള്ള തിരുവാലി ഗ്രാമപഞ്ചായത്തിൽ 16 വാർഡുകൾ ഉണ്ട്. സ്കൂൾ സ്ഥിതി ചെയ്യുന്ന ഏഴാം വാർഡിന്റെ ആകെ വിസ്തീർണം 1.59827 ച. കി. മീ ആണ്. എറിയാട് ഗ്രാമം അറിയപ്പെടുന്നത് തന്നെ എറിയാട് എ. യു. പി. എസ് വിദ്യാലയവുമായി ബന്ധപ്പെടുത്തിയാണ്. അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഗ്രാമത്തിനോട് ചേർന്ന് തന്നെ പ്രധാനപ്പെട്ട ആശുപത്രികളും സ്കൂളുകളും കോളേജുകളും നഴ്സറി അംഗനവാടികളും ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും പോലീസ് സ്റ്റേഷൻ, DEO , AEO ഓഫീസ് ഉൾപ്പെടെ ഗവൺമെന്റ് സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നു.
ചിത്രശാല
-
കണ്ടമംഗലം വാർഡ്
-
കണ്ടമംഗലം വാർഡ് അതിർത്തി
https://maps.app.goo.gl/MbcjXmyYzsuW1StQ6 |കണ്ടമംഗലം,വണ്ടൂർ https://www.openstreetmap.org/way/965355343 |എറിയാട്
വിദ്യാഭ്യാസം
വിദ്യാഭ്യാസപരമായി വളരെ മുന്നേറ്റം നിൽക്കുന്ന പ്രദേശമാണ് എറിയാട്. സ്വാതന്ത്രാനന്തര കാലത്ത് കേവലം കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയായിരുന്നു എറിയാട്ടുകാർ.1970-80 കാലഘട്ടത്തിൽ ഗൾഫ് കുടിയേറ്റം നടന്നതോടെ ഗ്രാമങ്ങളിൽ നിന്ന് പ്രവാസികളായവരിൽ സാമ്പത്തികനില മെച്ചപ്പെട്ടതോടെ നാട്ടിൽ വിദ്യാഭ്യാസരംഗത്തേക്ക് കാൽവെപ്പുകൾ ഉണ്ടായി. അതുവരെ പ്രാഥമിക വിദ്യാഭ്യാസത്തിന് ജനങ്ങൾ ആശ്രയിച്ചിരുന്നത് എറിയാട് സ്കൂളിനെയായിരുന്നു. ഗൾഫ് മേഖലയിലുള്ള മുന്നേറ്റം സാമ്പത്തികനില ഭദ്രമാക്കിയതോടെ നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വന്നു. നിലവിൽ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഒരു വാർഡ് കൂടിയാണ് സ്കൂൾ നിലനിൽക്കുന്ന ഏഴാം വാർഡ്. തുടക്കത്തിൽ എൽ. പി സെക്ഷൻ മാത്രമായിരുന്ന എറിയാട് സ്കൂൾ യു. പി സെക്ഷൻ കൂടിയാക്കിയതോടെ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റം തന്നെയുണ്ടായി. എറിയാട് എ.യു.പി സ്കൂളിന് പുറമെ വനിത കോളേജ്, Grace Public School, ഐ. ടി. ഐ എന്നിവയും മറ്റു മതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു.
ചിത്രശാല
കലാസാംസ്‌കാരികം
കലാസാംസ്കാരിക രംഗങ്ങളിൽ നിസ്തുല മാതൃക കാഴ്ച്ചവെക്കുന്ന ഒരു പ്രദേശമാണ് എറിയാട്. നിരവധി പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ എറിയാട് ഗ്രാമത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളും കലാസാംസ്‌കാരിക വേദികളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് ഗായകൻ വണ്ടൂർ ജലീൽ, മാപ്പിള സാഹിത്യകാരൻ പുലിക്കോട്ടിൽ ഹൈദർ, എഴുത്തുകാരി സീനത്ത് ചെറുകോട്, ഗായിക യു. കെ സഹല തുടങ്ങിയവർ എറിയാട് പ്രദേശത്തെ സാംസ്കാരികമായി മുൻനിരയിലെത്തിച്ച പ്രമുഖരിൽ ചിലരാണ്. മതസൗഹാർദ്ദവും ജനങ്ങൾക്കിടയിൽ പരസ്പരം ഐക്യവും ഊട്ടിയുറപ്പിക്കുന്നതിൽ ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ്, റബീഉൽ അവ്വൽ വേളകളിലെ ആഘോഷങ്ങൾ വലിയ പങ്കാണ് വഹിച്ചുപോരുന്നത്. മതവിഭാഗങ്ങളുടെ പ്രത്യേക ആഘോഷങ്ങളിൽ പോലും വിഭാഗീയതകൾ ഇല്ലാതെ മുഴുവൻ ജനങ്ങളും ഒരുമിച്ച് കൂടിയിരുന്നു. ക്ലബ്, വായന ശാല സ്കൂൾ കേന്ദ്രീകരിച്ചുള്ള ഇത്തരം പരിപാടികളിൽ ഇന്നും പ്രദേശവാസികൾക്കിടയിൽ മതസൗഹാർദ്ദം വിളിച്ചോതുന്നു.
ചിത്രശാല
വായനശാല
പ്രദേശവാസികളുടെ സാംസ്‌കാരിക വളർച്ചയിൽ വായനശാലകൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.തൊണ്ണൂറുകളിൽ എറിയാട് എ.യു.പി.എസിന് സമീപത്തായി പ്രവർത്തിച്ചു വന്ന കെ.ടി.കെ.എം എന്ന പേരിൽ വായനാശാല ജനങ്ങളെ സാക്ഷരാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. വാർത്തകളും മറ്റുവിവരങ്ങളും അറിയുന്നതിന് വേണ്ടി പത്ര-മാസികകൾക്ക് പുറമെ പ്രത്യേക റേഡിയോ സംവിധാനവും ഉപയോഗപ്പെടുത്തിയിരുന്നു. റേഡിയോ വാർത്തകൾ കേൾക്കുന്നതിന് മാത്രമായി ആളുകൾ വൈകുന്നേരങ്ങളിൽ ഒരുമിച്ച് കൂടുക പതിവായിരുന്നു. വിപുലമായ പ്രവർത്തിച്ചിരുന്ന ഈ വായനശാല പല കാരണങ്ങളാൽ നിലച്ചതായി പറയപ്പെടുന്നു. നിലവിൽ സർക്കാർ സഹായത്തോടെ ടാഗോർ പബ്ലിക് ലൈബ്രറി എന്ന പേരിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയൊരു വായനാശാല പ്രവർത്തിച്ച് പോരുന്നു. സമീപ പ്രദേശങ്ങളിൽ സർക്കാർ സഹകരണത്തോട് കൂടി പ്രവർത്തിക്കുന്ന നാല് ലൈബ്രറികളിൽ ഒന്നാണ് ഈ വായനശാല.
ചിത്രശാല
KTKM Arts & Sports Club
കെ.ടി കുഞ്ഞാൻ മെമ്മോറിയൽ ക്ലബിന് കീഴിൽ ധാരാളം കലാ-കായിക സാംസ്‌കാരിക പരിപാടികൾ നടന്നു വരുന്നു. വിനോദങ്ങളും ആഘോഷപരിപാടികളും സേവന പ്രവർത്തനങ്ങളുമായി എറിയാടിന്റെ തിളങ്ങുന്ന മുഖമായി നിലനിൽക്കുന്നു.
ചിത്രശാല
കാർഷികം
ആദ്യകാലത്ത് കേവലം കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പ്രദേശമായിരുന്നു എറിയാട്. നെൽകൃഷിയായിരുന്നു പ്രധാന കൃഷി. പിന്നീട് റബ്ബർ കൃഷിയിലേക്കുള്ള വളർച്ച സാമ്പത്തിക മേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കി. മേഖലയിൽ റബ്ബർ കൃഷിക്ക് തുടക്കം കുറിക്കുന്നത് എറിയാട് ഭാഗത്താണ്. ഇവയ്ക്ക് പുറമെ നാളികേരം, അടക്ക, മരച്ചീനി, വാഴ തുടങ്ങിയവയുടെ ഉൽപാദനത്തിലും ഗണ്യമായ പുരോഗതിയുണ്ടായി. കാർഷികമേഖലയിൽ നാണ്യവിളകളുടെ മുന്നേറ്റം സാമ്പത്തിക പുരോഗതിയിലും ഗണ്യമായ മാറ്റങ്ങളുണ്ടായി.
ചിത്രശാല
സാമ്പത്തികം
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്ത് കേരളമാകെ പട്ടിണിയിൽ മുഴുകിയിരുന്നപ്പോൾ അക്ഷരാർത്ഥത്തിൽ ദാരിദ്ര്യത്തിൽ തന്നെയായിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് പോയിരുന്ന പ്രദേശമായിരുന്നു എറിയാട്. വിരലിൽ എണ്ണാവുന്ന ചില കുടുംബങ്ങൾ മാത്രമായിരുന്നു സാമ്പത്തികമായി മെച്ചപ്പെട്ടിരുന്നത്.കുടുംബങ്ങളിൽ വേണ്ടത്ര സാമ്പത്തിക ഭദ്രത ഇല്ലാത്തതുകൊണ്ട് തന്നെ ഗൾഫ് മേഖലയിൽ ജോലി തേടുക എന്നതും ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുണ്ടാക്കിയ കാര്യമായിരുന്നു. കൃഷിയിൽ നിന്ന് റബ്ബർ കൃഷിയിലേക്കുള്ള ത്വരിതഗതിയിലുള്ള മുന്നേറ്റം സാമ്പത്തിക മേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കി. തുടർന്ന് 1970 - 80 കളിൽ പ്രവാസലോകത്തേക്ക് ആളുകൾ കുടിയേറിയതോടെ പ്രദേശം വലിയ തോതിലുള്ള സാമ്പത്തിക ഭദ്രത കൈവരിച്ചു.നിലവിൽ ജനങ്ങളുടെ ജീവിതശൈലി മെച്ചപ്പെട്ട അവസ്ഥയിലായി. വ്യാപാരസ്ഥാപങ്ങൾ, ബാങ്കുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റ് കെട്ടിടങ്ങൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് പ്രദേശം സാക്ഷ്യം വഹിച്ചുവരുന്നു
ചിത്രശാല
ആരോഗ്യകായികം
കായികം
എല്ലാവിധ കായികവിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നാടാണ് എറിയാട്. പ്രധാനമായും ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന കായികപ്രേമികളാണ് എറിയാട്ടുകാർ. ക്ലബ്ബുകൾ കേന്ദ്രീകരിച്ചുള്ള ഫുട്ബോൾ ടൂർണമെന്റുകൾ നാടിനെ ആവേശം കൊള്ളിക്കുന്നതാണ്. എറിയാട് സ്കൂളിന്റെ ഗ്രൗണ്ട് ഇന്നും യുവതലമുറ കാൽ പന്തുകളിയുടെ വേദിയായി ഉപയോഗപെടുത്തുന്നുണ്ട്. ' കാളപ്പൂട്ടുകണ്ടം' എന്ന പേരിലറിയപ്പെടുന്ന സമീപ പ്രദേശം കാലങ്ങളായി കാളപ്പൂട്ട് മത്സരങ്ങളുടെ ഈറ്റില്ലമായിരുന്നു. വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് പലതരത്തിലുള്ള കാളകളെ മത്സരങ്ങൾക്ക് വേണ്ടി കൊണ്ടുവരികയും ആവേശപൂരിതമായ മത്സരങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു. ക്ലബ്ബുകൾക്ക് കീഴിൽ ക്രിക്കറ്റ് ടീമുകളും സജീവമായി ടൂർണമെന്റുകൾ നടത്തിവരുന്നു.ആഘോഷവേളകളിൽ കായിക പ്രാധാന്യമുള്ള വിനോദങ്ങൾ തുടർച്ചയായി നടത്തി വരുന്നതും ആളുകളുടെ പങ്കാളിത്തവും പ്രദേശവാസികളുടെ കായികപ്രേമം വിളിച്ചോതുന്നവയാണ്.
ചിത്രശാല
ആരോഗ്യം
കേരളത്തിലെ ആദ്യത്തെ ഗവ: ഹോമിയോ കാൻസർ ഹോസ്പിറ്റൽ ഈ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഗവ. ഹോമിയോ ഹോസ്പിറ്റൽ, ഗവ: ആയുർവേദിക് ഹോസ്പിറ്റൽ, താലൂക്ക് ഹോസ്പിറ്റൽ, പബ്ലിക് ഹെൽത്ത് സെന്റർ തുടങ്ങിയവയും നിരവധി സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളും പ്രവർത്തിച്ച് വരുന്നു. പൊതുജനങ്ങളിൽ കായിക ക്ഷമന വർദ്ധിപ്പിക്കാൻ ഉതകുന്ന ഒരു പബ്ലിക് പാർക്ക് ഗവ:വി.എം.സി സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ച് വരുന്നു.