വെട്ടിക്കവല

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെട്ടിക്കവല.

കൊല്ലം തിരുമംഗലം ‍ദേശീയ പാതയിൽ ചെങ്ങമനാട് നിന്നും രണ്ടര കിലോമീറ്റർ തെക്കുഭാഗത്താണ് വെട്ടിക്കവല. രണ്ടുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേ‍ന്ദ്രഭാഗം. ഇവിടെ നിന്നും തെക്കോട്ടു സ‍‍ഞ്ചരിച്ചാൽ സദാനന്ദപുരം മോട്ടൽ ജംഗ്ഷനിൽ എത്താം. വടക്കോട്ടുള്ള പാത വാളകം ജംഗ്ഷനിൽ എത്തുന്നു. ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിന്റെ ഓഡിറ്റോറിയത്തിനടുത്തുള്ള ഗ്രൗണ്ടിൽ ധാരാളം കാട്ടുവള്ളികളാൽ ചുറ്റപ്പെട്ട ഒരു വെട്ടിമരവും അതിനോടു ചേർന്ന് ഒരു കാവും ഉണ്ടായിരുന്നു. അങ്ങനെയാണ് വെട്ടിവൃക്ഷം ഉള്ള കവല എന്ന അർത്ഥത്തിൽ ഈ ഗ്രാമത്തിന് വെട്ടിക്കവല എന്ന പേര് വന്നത്.

സമതലങ്ങളും കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിൽ തന്നെ പേരുകേട്ട വെട്ടിക്കവല മഹാദേവ ക്ഷേത്രം പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. വെട്ടിക്കവല വാതുക്കൽ ഞാലിക്കു‍ഞ്ഞിന്റെ പാൽപൊ‍ങ്കാല ഏറെ പേരുകേട്ടതാണ്. ശ്രീമൂലം തിരുനാൾ നിർമ്മിച്ച കൊട്ടാരത്തിന്റെ തിരുശേഷിപ്പുകൾ ഇപ്പോഴും ഇവിടെ കാണാൻ കഴിയും.ഗ്രാമത്തിന്റെ കേ‍ന്ദ്രഭാഗത്തായി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കുളും അതിനോട് ചേർന്ന് ഗവൺമെന്റ് എൽ പി സ്ക്കുളും സ്ഥിതിചെയ്യുന്നു. നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളും ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നുണ്ട്

ഭൂമിശാസ്ത്രം

പ്രധാന പൊതുസ്ഥാപനങ്ങൾ

ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ

ഗവൺമെന്റ് എൽ പി സ്ക്കൂൾ

ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ

വില്ലേജ് ഓഫീസ്

പ‍‍ഞ്ചായത്ത് ഓഫീസ്

പോസ്റ്റ് ഓഫീസ്

കൃഷി ഭവൻ, വെട്ടിക്കവല

സർവ്വീസ് സഹകരണ ബാങ്ക്

ശ്രേദ്ധേയരായ വ്യക്തികൾ

  • വെട്ടിക്കവല പി.കെ.ഗോവിന്ദപിള്ള, വെട്ടിക്കവല നാരായണനുണ്ണി, വെട്ടിക്കവല എ.കെ.നാരായണൻവൈദ്യർ തുടങ്ങിയവർ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളാണ്.
  • വെട്ടിക്കവല ഗോവിന്ദൻവൈദ്യർ, ശങ്കരൻവൈദ്യൻ, സദാനന്ദപുരം രാഘവൻപിളളവൈദ്യൻ, മരങ്ങാട് ഗോവിന്ദൻ നായർ തുടങ്ങിയവർ വെട്ടക്കവലയിലെ മൺമറഞ്ഞ ഭിഷഗ്വര ശ്രേഷ്ഠൻമാരാണ്.
  • അഗ്നിസാക്ഷി എന്ന സാഹിത്യകൃതിയുടെ കർത്താവായ ലളിതാംബിക അന്തർജനം വെട്ടിക്കവല പഞ്ചായത്തിൽ കോട്ടവട്ടത്ത് തെങ്കുന്നത്തു മഠത്തിലാണ് ജനിച്ചുവളർന്നത്.
  • കവിയും കലാകരനും വാഗ്മിയുമായ വെട്ടിക്കവലനാരായണദാസ് കേരളക്കരയിലെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു.
  • വെട്ടിക്കവല ശശികുമാർ കേരളക്കരയിലെ അറിയപ്പെടുന്ന നാദസ്വര വി‍ദ്വാനാണ്.
  • ചലച്ചിത്ര നടനാണ് സതീഷ് വെട്ടിക്കവല. 2012 മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവം. തൽസമയം ഒരു പെൺകുട്ടി, അവൾ വന്നതിനുശേഷം, ജാക്ക് ഫ്രൂട്ട് എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

ആരാധനാലയങ്ങൾ

വെട്ടിക്കവല മഹാദേവ ക്ഷേത്രങ്ങൾ

വെട്ടിക്കവല മഹാദേവ ക്ഷേത്രങ്ങൾ പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. കേരളത്തിലെ പ്രധാന ശിവ-വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് വെട്ടിക്കവല ശ്രീ മഹാദേവർ ക്ഷേത്രം. ഒരു വെട്ടി മരത്തിനു താഴെയുള്ള വിഗ്രഹാരാധന ഗ്രാമത്തിന്റെ പേരിന്റെ ഉത്ഭവത്തെ സൂചിപ്പിക്കുന്നു. . ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ, ഏകദേശം 17-ഓ 18-ഓ നൂറ്റാണ്ടിൽ, ഇളയടത്ത് സ്വരൂപത്തിലെ രാജ്ഞി മരത്തിന് സമീപം ക്ഷേത്രം നിർമ്മിച്ചതായി പറയപ്പെ‍ടുന്നു. കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള ഇളയടത്ത് സ്വരൂപം 1742-ൽ തിരുവിതാംകൂർ-ഡച്ച് യുദ്ധത്തിന്റെ ഫലമായി മാർത്താണ്ഡവർമ്മയുടെ സൈന്യം തിരുവിതാംകൂറിന് കീഴിൽ കൊണ്ടുവന്നു . കൂട്ടിച്ചേർക്കലിനുശേഷം വർഷങ്ങളോളം ക്ഷേത്രം ജീർണാവസ്ഥയിൽ തുടർന്നു. എന്നിരുന്നാലും, 1900-ൽ ( മലയാള യുഗം 1176), തിരുവിതാംകൂർ രാജാവായിരുന്ന കൊട്ടാരം മാനേജർ ശങ്കരൻ തമ്പിയുടെ നിർബന്ധപ്രകാരം , ശ്രീമൂലം തിരുനാൾ ക്ഷേത്രം നിലവിലുള്ള ഘടനയിൽ പുതുക്കിപ്പണിതു.

വിഷ്ണുവും ശിവനുമാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തികൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ഈ ക്ഷേത്രം. ഇവിടുത്തെ "വാതുക്കൽ ഞാലിക്കുഞ്ഞ്" എന്ന ദേവീസങ്കൽപം ഏറെ പ്രശസ്തമാണ്. ദേവിയുടെ ശൈശവ രൂപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. പുത്രലാഭമുണ്ടാകും എന്ന വിശ്വാസത്താൽ കരിവള, എണ്ണ, തൊട്ടിൽ എന്നിവ ഇവിടെ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്നു. ഇവിടുത്തെ വലിയ ക്ഷേത്രഗോപുരങ്ങളോടും അകത്തളങ്ങളോടും കൂടിയ ക്ഷേത്രസമുച്ചയങ്ങൾ കേരളത്തിന്റെ വാസ്തുവിദ്യ പ്രകാരം നിർമ്മിച്ചവയാണു്.

ഇവിടെ രണ്ട് ക്ഷേത്രങ്ങളുണ്ട്. ശിവനും വിഷ്ണുവുമാണ് പ്രതിഷ്ഠകൾ. രണ്ടുപേർക്കും കൊടിമരവും ബലിക്കല്ലുമുണ്ട്. ഇരുവരും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠിയ്ക്കപ്പെട്ടതിനുപിന്നിലുള്ള ഐതിഹ്യം ഇതാണ്: ഒരിയ്ക്കൽ ശിവനും വിഷ്ണുവും ഇതുവഴി പോകുമ്പോൾ ഈ സ്ഥലത്തിന്റെ ശാന്തതയും സൗന്ദര്യവും കണ്ട് അവർ മതിമയങ്ങിപ്പോയി. തങ്ങൾക്ക് വിശ്രമിയ്ക്കുന്നതിനുള്ള സ്ഥലം കണ്ടുപിടിയ്ക്കുന്നതിനായി അവർ തങ്ങളുടെ സേവകരായ ഭൂതത്താനെയും അക്കരെത്തേവരെയും നിയമിച്ചു. ഇരുവരും തങ്ങളുടെ യജമാനന്മാർക്ക് വിശ്രമിയ്ക്കാൻ പറ്റിയ സ്ഥലമായി കണ്ടെത്തിയതിനാൽ ഇരുവരും അവിടെ വിശ്രമിച്ചു. പിന്നീട് അവിടെ ക്ഷേത്രം ഉയർന്നുവന്നു. ശിവക്ഷേത്രത്തിന് മേലൂട്ട് ക്ഷേത്രമെന്നും വിഷ്ണുക്ഷേത്രത്തിന് കീഴൂട്ട് ക്ഷേത്രമെന്നും പേരുകൾ വന്നു. കിഴക്കോട്ടാണ് രണ്ട് ക്ഷേത്രങ്ങളുടെയും ദർശനം.

ഒരുനിലമാത്രമുള്ള ചെമ്പുമേഞ്ഞ വട്ടശ്രീകോവിലിൽ ശിവപ്രതിഷ്ഠയും രണ്ടുനിലകളുള്ള ചെമ്പുമേഞ്ഞ ചതുരശ്രീകോവിലിൽ വിഷ്ണുപ്രതിഷ്ഠയും നടത്തിയിരിയ്ക്കുന്നു. വലിയമ്പലത്തോടുചേർന്ന് കൂത്തമ്പലം പണികഴിപ്പിച്ചിരിയ്ക്കുന്നു. ഗണപതി, അയ്യപ്പൻ, യക്ഷി, രക്ഷസ്സ്, നാഗങ്ങൾ, ഞാലിക്കുഞ്ഞുദേവി, അപ്പൂപ്പൻ എന്നിവരാണ് ഉപദേവതകൾ. നമസ്കാരമണ്ഡപത്തിലാണ് ഞാലിക്കുഞ്ഞുദേവിയുടെ പ്രതിഷ്ഠ. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കുഭാഗത്തായി അപ്പൂപ്പൻ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വടക്കോട്ടാണ് ഇരുവരുടെയും ദർശനം.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്ക്കൂൾ

ഗവൺമെന്റ് എൽ പി സ്ക്കൂൾ

ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ

തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂൾ വെട്ടിക്കവല