എന്റെ ഗ്രാമം

വാടാനാംകുറുശ്ശി റെയിൽവേ സ്റ്റേഷൻ.

ഷൊർണ്ണൂർ - നിലമ്പൂർ റെയിൽപ്പാതയിൽ വരുന്നതാണ് ഈ സ്റ്റേഷൻ. പാലക്കാട് പട്ടാമ്പി സ്റ്റേറ്റ് ഹൈവേയും വാടാനാംകുറുശ്ശിയിലൂടെ കടന്നു പോകുന്നു.

വാടാനാംകുറുശ്ശി ഗ്രാമം


പാലക്കാടിന്റെ മനോഹാരിത വിളിച്ചോതുന്ന പച്ചപ്പാർന്ന നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ട വിദ്യാലയം.വാടാനാംകുറുശ്ശി ഗ്രാമത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന നിരവധി മേഖലകൾ കാണാം. അതിൽ എടുത്തു പറയേണ്ട ഒന്നാണ് വാടാനാംകുറുശ്ശി റെയിൽവേ സ്റ്റേഷൻ. ഷൊർണ്ണൂർ - നിലമ്പൂർ റെയിൽപ്പാതയിൽ വരുന്നതാണ് ഈ സ്റ്റേഷൻ. പാലക്കാട് പട്ടാമ്പി സ്റ്റേറ്റ് ഹൈവേയും വാടാനാംകുറുശ്ശിയിലൂടെ കടന്നു പോകുന്നു. ആരഭി എന്ന വലിയ ഗ്രാമീണ വായനശാല അക്ഷര ലോകത്തേക്ക് ഈ നാടിനെ കൈ പിടിച്ചു നടത്തുന്നു.പതിറ്റാണ്ടുകൾക്കു മുൻപ് ആരംഭിച്ച ഈ വായനശാല വാടാനാംകുറുശ്ശിയുടേയും സമീപപ്രദേശങ്ങളുടേയും ജനങ്ങളുടെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. കളിമൺപാത്ര നിർമ്മാണ്ണം ഈ മേഖലയിലെ പ്രധാന കൈത്തൊഴിലുകളിൽ ഒന്നാണ്. ചെറുതും വലുതുമായ കാർഷിക ഉപകരണങ്ങളുടെ നിർമ്മാണ യൂണിറ്റുകളും വാടാനാംകുറുശ്ശിയിലുണ്ട്. കാർഷികവൃത്തിയിലധിഷ്ഠിതമായ ജീവിതം നയിക്കുന്ന വലിയൊരു കർഷക സമൂഹവും ഈ നാടിന് സ്വന്തം. ഇവർ നാടിന്റെ തനിമ നിലനിർത്തുന്നു.അതുപോലെ കർഷകത്തൊഴിലാളികൾ ധാരാളമുള്ള ഒരു മേഖല കൂടിയാണ് വാടാനാംകുറുശ്ശി. ഈ നാടിന്റെ കലാ-കായിക -സാംസ്കാരിക മുന്നേറ്റത്തിനുതകുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഒട്ടേറെ ക്ലബ്ബുകളും ഇവിടെയുണ്ട്.പുരാതനമായ ക്ഷേത്രങ്ങൾ ധാരാളമുള്ള ഈ നാട്ടിൽ ചെറുതും വലുതുമായ നിരവധി ഉത്സവങ്ങൾ നടന്നു വരുന്നു. പതിറ്റാണ്ടുകൾ മുൻപേ തന്നെ തപാൽ ഓഫീസ് ഈ നാട്ടിൽ ആരംഭിച്ചിരുന്നു.

     
     

പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വാടാനാം കുറുശ്ശി ദേശത്തിന് തനതായ ചരിത്രമുണ്ട്. വാടാനാംകുറുശ്ശിയുടെ യഥാർത്ഥ പേര് വടുവാമനാംകുറുശ്ശി എന്നാണ്. വടുവാമനാംകുറുശ്ശി എന്ന പേര് ലോപിച്ചാണ് വാടാനാംകുറുശ്ശി എന്ന നാമം ഉണ്ടായത്. 1912 ൽ ആരംഭിച്ച LP സ്കൂൾ .ദേശമംഗലം മനയിലെ ആശ്രിതരുടെ മക്കളുടെ പഠനത്തിനായാണ് തുടങ്ങിയത്.1936ൽ ഇത് ESSLC എന്ന ഉയർന്ന ക്ലാസ്സുകളുള്ള പഠന നിലവാരത്തിലേക്ക് ഉയർന്നു വന്നു. തുടക്കത്തിൽ ഒരു കെട്ടിടം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ESSLC വന്നതോടെ 3 കെട്ടിടമായി ഉയർന്നു.1958 ൽ മലബാർ ബോർഡ് ഏറ്റെടുത്ത് ഹൈസ്ക്കൂളായി ഉയർത്തി. ബോർഡ് ഏറ്റെടുക്കുമ്പോൾ വില വാങ്ങാതെ വെറുതെ നൽകാനായിരുന്നു ദേശമംഗലം മനക്കാർ ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ ബോർഡിന്റെ നിർബന്ധപ്രകാരം ഒരു രൂപ വിലക്ക് രണ്ടേമുക്കാൽ ഏക്കറോളം സ്ഥലവും കെട്ടിടങ്ങളും മനവകയായി കൊടുക്കുകയാണുണ്ടായത്. മലബാർ ബോർഡ് ഏറ്റെടുത്ത് ഹൈസ്കൂൾ ആക്കി ഉയർത്തുമ്പോൾ കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം ഉണ്ടെങ്കിൽ മാത്രമേ അതിന് സാധിക്കുകയുള്ളൂ എന്നു വന്നു. അങ്ങനെ ഏതാണ്ട് ഒന്നര ഏക്കറോളം കളിസ്ഥലം സ്കൂളിന് അല്പം നീങ്ങി ലഭിച്ചു. വാടാനാംകുറുശ്ശിയിൽ ഒരു ഹൈസ്കൂൾ ഉണ്ടായി കാണണം എന്നത് സ്കൂളിന് സ്ഥലം അനുവദിച്ച വലിയ നാരായണൻ നമ്പൂതിരിയുടെ ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരി വളരെയധികം ആഗ്രഹിച്ചിരുന്നു. അതിനായി അദ്ദേഹം നല്ലതുപോലെ പരിശ്രമിച്ചിട്ടുണ്ട്. വലിയ നാരായണൻ നമ്പൂതിരി സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്,ബോർഡ് ഏറ്റെടുത്ത കാലത്ത് സ്കൂളിലെ വിജയശതമാനം ഉയർന്ന നിലവാരമുള്ളതായിരുന്നു. പിന്നീട് 1980കളിൽ നിലവാരം കുറഞ്ഞു വന്നു.2010 കാലയളവിൽ കൂടി വരികയും ചെയ്തു.വാടാനാംകുറുശ്ശി സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി ഇതേ പ്രദേശത്ത് തന്നെ പാരമ്പര്യ വൈദ്യം നടത്തി വന്ന പ്രഗത്ഭരാണ് കരിപ്പോട്ടിൽ കരുണാകരൻ വൈദ്യർ, പ്രഭാകരൻ വൈദ്യർ എന്നിവരൊക്കെ. വൈദ്യശാല ഇന്നും നടത്തിപ്പോരുന്നു. സാഹിത്യ രംഗത്ത് പ്രഗത്ഭരായ ശ്രീ ഷൊർണ്ണൂർ കാർത്തികേയൻ വാടാനാം കുറുശ്ശി സ്കൂളിൽ നിന്നാണ് അറിവിന്റെ ആദ്യപാഠം കുറിച്ചത്. പ്രശസ്ത കവി ശ്രീ.ചെറുകാട് മാഷ് വാടാ നാംകുറുശ്ശിയിലെ മലയാളം അധ്യാപകനായിരുന്നു. സ്കൂൾ പഠനത്തിനുശേഷംഇതേ സ്കൂളിൽ അധ്യാപകനായി ആദ്യം എത്തിയത് വലിയവീട്ടിൽ നമ്പ്യാർ മാസ്റ്ററായിരുന്നു. തുടർന്ന് സേവന കാലം മുഴുവൻ ഇതേ സ്കൂളിൽ ജോലി ചെയ്തു. ഇതു പോലെ ഈ സ്കൂളിൽ പഠിച്ച് ഇതേ സ്കൂളിൽ അധ്യാപനം നടത്തി വിരമിച്ചവരാണ് അച്യുതവാരിയർ മാസ്റ്റർ, ടി.എം. പത്മാവതി ടീച്ചർ, ഭർത്താവ് കുട്ടൻ നായർ മാസ്റ്റർ, രുഗ്മിണി ടീച്ചർ, നാരായണൻ മാസ്റ്റർ, കോയിച്ചിറ നാരായണൻ മാസ്റ്റർ, ദാക്ഷായണി ടീച്ചർ, വേണുഗോപാലൻ മാസ്റ്റർ, മനോരമ ടീച്ചർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, സുലോചന ടീച്ചർ തുടങ്ങിയ പലരും. ഇപ്പോഴും ഇത്തരത്തിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ വാടാനാം കുറുശ്ശി സ്കൂളിലുണ്ട് .പ്രഗത്ഭ ഡോക്ടർമാരായ ഡോ.രാമകൃഷ്ണൻ, ഡോ.വത്സല, ഡോ.രാമനുണ്ണി (Late), ഡോ. വേണുഗോപാലൻ, ഡോ.സുലോചന, എന്നിവർ എടുത്തു പറയേണ്ടവരാണ്. ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച വാസുദേവൻ വാടാനാം കുറുശ്ശിയിൽ അക്ഷരാഭ്യാസം നേടിയ മഹാനാണ്.അതു പോലെ എടുത്തു പറയേണ്ട ഒരാളാണ് കളക്ടറായി സേവനമനുഷ്ഠിച്ച പി.എം. കുഞ്ഞാമൻ. എണ്ണിയെടുക്കാൻ പറ്റാത്തിടത്തോളം മഹാപ്രഗത്ഭർ ഇനിയും ഒട്ടനവധി.