ജി.എച്ച്.എസ്സ്.പാമ്പാക്കുട

20:40, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtcmuvattupuzha (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാമ്പാക്കുട == ചിത്രം:GHS PAMPAKUDA.jpg 19…)

ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാമ്പാക്കുട

 

1913-ല്‍ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെര്‍നാക്കുലര്‍ മലയാളം സ്‌കൂള്‍ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡില്‍ സ്‌കൂളായും 1980-ല്‍ ഹൈസ്‌കൂളായും 2001-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. സ്‌കൂളാരംഭത്തില്‍ നാനാജാതി മതസ്ഥരുടെ സഹായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാന്‍ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ മാടപ്പറമ്പില്‍ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.എ. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എല്‍.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു. ഒന്നു മുതല്‍ പത്തുവരെ 11 ക്ലാസ്‌ ഡിവിഷനുകളിലായി 293 കുട്ടികളും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌, ബയോളജി ഗ്രൂപ്പുകളിലായി 185 കുട്ടികളും ഉള്‍പ്പെടെ 478 പേര്‍ ഇവിടെ അധ്യയനം നടത്തുന്നു. 3600 പുസ്‌തകങ്ങള്‍ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറന്‍സിനുമായി കുട്ടികള്‍ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയര്‍സെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകള്‍ അടങ്ങിയ രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്‌. കുട്ടികള്‍ക്ക്‌ എഡ്യൂസാറ്റ്‌ പരിപാടികള്‍ കണ്ടാസ്വദിക്കുന്നതിനായി ആര്‍.ഒ.റ്റി. സംവിധാനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഓരോ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 ക്ലബ്ബുകള്‍ പുത്തന്‍ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക്‌ പ്രദാനം ചെയ്യുന്നു. എസ്‌.എസ്‌.എല്‍.സി. വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകള്‍ ജില്ലാപഞ്ചായത്ത്‌, എം.പി.റ്റി.എ. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു.