എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ

2022

പ്രവേശനോത്സവം

2022 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 352 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതുതായി എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. തുടർന്ന് കുട്ടികൾക്കായി പ്രത്യേക കലാപരിപാടികളും നടത്തപ്പെട്ടു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു.

വിവിധ ക്ലബുകളുടെ രൂപീകരണം

2022-2023 അധ്യയന വർഷത്തെ വിവിധ ക്ലബുകളുടെ രൂപീകരണം നടന്നു. ഓരോ ക്ലബുകളിലും ഉൾപ്പെട്ടിരിക്കുന്ന കുട്ടികളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ക്ലബ് കൺവീനർമാർ ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദമാക്കി.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിദിന സന്ദേശം സ്കൂൾ അസംബ്ലിയിൽ നല്കി. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനായി ചിത്രരചന മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തപ്പെട്ടു

വായനാദിനം

ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അധ്യക്ഷ പദം അലങ്കരിച്ച മാനേജർ സി. ലിസി റോസ് കുട്ടികൾക്കായി വായനാദിന സന്ദേശം നൽകി. തദവസരത്തിൽ വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക "നിനവ് 2022" പ്രകാശനം ചെയ്തു.വായനദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ അവരവരുടെ ക്ലാസ് ലൈബ്രറിയിലേക്ക് ശേഖരിച്ച ബുക്കുകളിൽ നിന്നും കുറച്ച് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. അക്ഷരങ്ങൾ കൊണ്ട് നിറച്ച് കുട്ടികൾ തയ്യാറാക്കിയ വായനമരം എല്ലാ കുട്ടികളിലും കൌതുകം ഉണർത്തുന്നത് ആയിരുന്നു.

പുസ്തക പ്രദർശനം

കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ശ്രീ പി.എൻ പണിക്കരുടെ സ്മരണ ദിനമായ ജൂൺ 19 വായന ദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ നൽകിയ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു

ലോക ലഹരിവിരുദ്ധദിനാചരണം

ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തി. സ്‌കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുമാരി സാഹിത്യ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരിവിരുദ്ധ റാലി മാനേജർ സി. ലിസി റോസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്‌കൂളിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും, ലഹരിവിരുദ്ധ നാടൻപാട്ട് അവതരണം നടത്തുകയും ചെയ്തു.

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്

ലഹരിയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി നൽകുന്നതിന് എക്സൈസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നൽകി.

സ്കൂൾ പാർലമെൻറ്

ജൂൺ 29-ാം തിയതി രാവിലെ 9.30 ന് ശ്രീ. ജയൻ തോമസിന്റെ അധ്യക്ഷതയിൽ സ്കൂൾ പാർലമെന്റ് സംഘടിപ്പിച്ചു. മുഖ്യാതിഥിയായ സ്കൂൾ മാനേജർ സി. ലിസി റോസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സ്കൂൾ ലീഡറായി മാസ്റ്റർ യൂജിൻ മാത്യുവും ചെയർ പേഴ്സനായി കുമാരി അന്ന റോസ് ആന്റെണിയും സ്ഥാനമേറ്റു. തുടർന്ന് ഹൗസ് ക്യാപ്റ്റന്മാരും അതാത് ഹൗസുകളിലെ കുട്ടികളും പ്രതിജ്ഞ എടുത്തു. അന്നേ ദിവസം തന്നെ ക്ലാസ് മോണിറ്റേഴ്സ് ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്നയിൽ നിന്നും ബാഡ്ജസ് ഏറ്റുവാങ്ങി

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു.കൂടാതെ ബഷീറിന്റെ ജീവിതത്തെയും കൃതികളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ഡോക്കുമെന്റേഷൻ പ്രദർശനം നടത്തി. കുട്ടികൾക്കായി ഒരു ബഷീർദിന ക്വിസും സംഘടിപ്പിക്കപ്പെട്ടു.

ബഷീർ കഥാപാത്ര അനുകരണ മത്സരം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ . July 5 ബഷീർ ദിനത്തിൽ കുട്ടികൾക്കായി ബഷീർ കൃതികളിലെ കഥാപാത്ര അനുകരണ മത്സരം സംഘടിപ്പിച്ചു.

റോഡ് സുരക്ഷാ ക്ലാസ്

2022 ജൂൺ 7 നു കുട്ടികൾക്കായി റോഡ് സേഫ്റ്റി ക്ലാസ് നടത്തപ്പെട്ടു.ആലപ്പുഴ സെക്ഷനിലെ ട്രാഫിക് പോലീസ് ഓഫിസർ ആയ ശ്രീ. ജയമോഹൻ . റ്റി ആണ് കുട്ടികൾക്കായി ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ് നടത്തിയത്. സൈക്കിളിൽ യാത്ര ചെയ്ത് സ്കൂളിലേക്ക് എത്തുമ്പോൾ റോഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട നിയമങ്ങൾ എന്നിവയൊക്കെ വളരെ വ്യക്തമായി ഈ ബോധവത്ക്കരണ ക്ലാസിലൂടെ കുട്ടികളിൾക്ക് മനസിലാക്കി കൊടുത്തു. അതുപോലെ തന്നെ വാഹനമോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയും, മൊബൈൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളും അദ്ദേഹം കുട്ടികളെ പ്രത്യേകമായി ഓർമ്മിപ്പിച്ചു. അത്തരത്തിൽ അപകട സാഹചര്യങ്ങളിൽ വാഹനം ഓടിക്കുന്ന വീട്ടുകാരോ, നാട്ടുകാരെയോ കണ്ടാൽ മുന്നറിയിപ്പ് നല്കാൻ മടിക്കരുത് എന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. അതുപോലെതന്നെ നടന്നു വരുന്ന കുട്ടികൾ റോഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം പറഞ്ഞു.

ലോകജനസംഖ്യാദിനം

ജൂലൈ 11 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസുകളും വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ ജനസംഖ്യാദിന പ്രതിജ്ഞ എടുത്തു. പൂർവ്വവിദ്യാർത്തിയായ ശ്രീ.വൈശാഖിന്റെ നേതൃത്വത്തിൽ വളരെ വ്യതസ്ഥമായ ഒരു ക്വിസ് നടത്തപ്പെട്ടു. ഒരു കഥയിൽ തുടങ്ങി മറ്റൊരു കഥയിൽ അവസാനിച്ചപ്പോൾ ഒരു മത്സരം കഴിഞ്ഞതുപോലെ വളരെ കൃത്യമായി നടത്തപ്പെട്ട ക്വിസ് കുട്ടികൾക്ക് വളരെയധികം അറിവുകൾ പ്രധാനം ചെയ്ത ഒന്നായിരുന്നു. കുട്ടികൾക്കായി "ജനസംഖ്യാ വർദ്ധനവ് ഭൂമിയെ എങ്ങനെ ബാധിക്കുന്നു " എന്ന വിഷയത്തിൽ ഒരു പോസ്റ്റർ രചനാ മത്സരവും നടത്തി.

അന്തർദേശീയ ചാന്ദ്രദിനം

അന്തർദേശീയ ചാന്ദ്രദിനം ജൂലൈ 20 ന് സ്‌കൂൾ സയൻസ് ക്ലബ് വിവിധ മത്സര പരിപാടികളോട് കൂടെ നടത്തപ്പെട്ടു. മനുഷ്യൻ ചന്ദ്രനിൽ എത്തിയതിന്റെയും തുടർന്ന് ലോകരാഷ്ട്രങ്ങൾ നടത്തിയ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളുടെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പോസ്റ്റർ രചനാ മത്സരം, ക്വിസ്, ബഹിരാകാശത്ത് ഇന്ത്യയുടെ മുന്നേറ്റം എന്ന വിഷയത്തിൽ പ്രസംഗമത്സരം, ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരം എന്നിവ നടത്തപ്പെട്ടു. ചാന്ദ്രദിനത്തിൽ സ്കൂൾ സ്റ്റുഡിയോയിൽ നിന്ന് പ്രത്യേക അസ്സംബ്ലി നടത്തപ്പെട്ടു. തുടർന്ന് സ്കൂൾ മാനേജർ മൂൺ ഡേ സ്പെഷ്യൽ സയൻസ് മാഗസിൻ റിലീസ് ചെയ്തു. മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് ചന്ദ്രന്റെ വിവിധ രൂപങ്ങളെ അനുകരിച്ച് കുട്ടികൾ സ്‌കൂൾ മുറ്റത്ത് അണിനിരന്നു.

സ്പോർട്സ് ദിനം

2022-23 അധ്യയന വർഷത്തെ സ്പോർട്സ് ദിനം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു. സംസ്ഥാനതല സ്പോർട്സ് മത്സരത്തിൽ നടത്തപ്പെടുന്ന എല്ലാ മത്സര ഇനങ്ങളും സ്കൂളിൽ നടത്തപ്പെട്ടു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആണ് നടത്തപ്പെട്ടത്. കുട്ടികൾ അവരുടെ ഹൌസ് ജേഴ്സി ധരിച്ചാണ് സ്കൂളിൽ എത്തിയത്. സ്കൂൾ അസംബ്ലിയിൽ വച്ച് സ്പോർട്സ് ഡേ ഉദ്ഘാടനം ശ്രീ. ആജേഷ് സർ നിർവ്വഹിച്ചു. വിവിധ ഹൌസ് അടിസ്ഥാനത്തിൽ അണിനിരന്ന കുട്ടികൾ സ്പോർട്സ് ദിന പ്രതിജ്ഞ ചൊല്ലി. ഹൌസ് ക്യാപ്റ്റൻസും, വൈസ് ക്യാപ്റ്റൻസും ചേർന്ന് പതാക നാട്ടി. തുടർന്ന് ഷോട്ട് പുട്ട് മത്സരത്തോടെ മത്സരങ്ങൾ ആരംഭിച്ചു.

IT ക്വിസ്

മറ്റ് വിഷയങ്ങൾക്കൊപ്പം തന്നെ സാങ്കേതിക വിദ്യയിലെ വളർച്ചയെ മനസിലാക്കുന്നതിനും കൂടുതൽ പഠിക്കുന്നതിനും ഉള്ള താല്പര്യങ്ങൾ വളർത്തുന്നതിനായി കുട്ടികൾക്കായി ഐ. ടി ക്വിസ് നടത്തപ്പെട്ടു. പൂർവ്വവിദ്യാർഥിയായ ശ്രീ. വൈശാഖ് ആണ് ക്വിസ് നടത്തിയത്. ഒരു മത്സരം എന്നതിനെക്കാൾ വളരെയധികം വിവരങ്ങൾ കുട്ടികൾക്കായി പങ്കുവയ്ക്കപ്പെട്ട ഒരു അവസരം ആയിരുന്നു ഇത്തവണത്തെ ഐ. ടി ക്വിസ്. മത്സരത്തിൽ യെല്ലോ ഹൌസിലെ ഹരിശങ്കർ ഒന്നാം സ്ഥാനത്ത് എത്തി.

ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ആദരവ്

കഴിഞ്ഞ എസ്.എസ് . എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ 38 കുട്ടികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ആദരവ് സ്‌കൂളിൽ നടത്തപ്പെട്ടു. അഡ്വ: റിയാസ് . ആർ പരിപാടികൾക്ക് നേതൃത്വം നൽകി. ആലപ്പുഴ എം.എൽ.എ. ശ്രീ. ചിത്തരഞ്ജൻ മുഖ്യാഥിതി ആയിരുന്നു.

സയൻസ് ക്വിസ്

ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച , പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ: എ. പി. ജെ അബ്ദുൾ കലാമിന്റെ ചാരമവാർഷിക ദിനമായ ജൂലൈ 27 കലാം ഓർമദിനമായി സയൻസ് ക്ലബ് ആചരിച്ചു. ഇതിനോടനുബന്ധിച്ച് ഒരു സയൻസ് ക്വിസ് നടത്തപ്പെട്ടു. കലാമിന്റെ ജീവിത ചരിത്രവും, ജനറൽ സയൻസും ഉൾപ്പെടുത്തിയാണ് ക്വിസ് നടത്തിയത്. ബ്ലൂ ഹൌസിലെ പോൾ ജോസഫ് ആണ് വിജയിയായത് .

വയോജനദിനാചരണം

വാർദ്ധക്യം അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിൻറെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ, അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്‌കൂളിലെ കുരുന്നുകൾ. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്കായി ഒരു ദിനം തന്നെ അവർ മാറ്റി വച്ചു. സ്‌കൂളിൽ എത്തിയ വയോജനങ്ങളെ കുട്ടികൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. വിവിധ കലാപരിപാടികളും അവർക്കായി നടത്തപ്പെട്ടു. ഒരു സ്‌നേഹവിരുന്നും നൽകിയാണ് കുട്ടികൾ അവരെ യാത്രയാക്കിയത്.

മെറിറ്റ് അവാർഡ് വിതരണം

ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളിലെ 38 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് നടത്തപ്പെട്ടു. ആലപ്പുഴ എം.എൽ.എ ശ്രീ. ചിത്തരഞ്ജൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പൂങ്കാവ് സഹവികാരി റവ:ഫാ: ബെനസ്റ്റ് ചക്കാലക്കൽ അദ്ധ്യക്ഷ പദം അലങ്കരിച്ചു.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം - വിളംബര ജാഥ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് വിളംബര റാലി 11 -ന് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് ആലപ്പുഴ ജില്ലാ സബ് കളക്ടർ ബഹു. ശ്രീ. സൂരജ് ഷാജി ഐ.എ.എസ് ഫ്ളാഗ് ഓഫ് ചെയ്തു. ഭാരതമാതാ, ഭാരതത്തിന്റെ നാനാത്വം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ,സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷങ്ങൾ, ദേശീയ ചിഹ്നങ്ങൾ വിവിധ നൃത്ത രൂപങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ വേഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, കേരളതനിമയുള്ള കലാരൂപങ്ങളായ തെയ്യം, ചെണ്ടമേളം, തിരുവാതിര, ഒപ്പന, കളരിപ്പയറ്റ്, മാർഗ്ഗം കളി മുതലായവ അണിചേർന്നതായിരുന്നു വിളംബര റാലി.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം- ഹർ ഗർ തിരങ്ക - പതാക വിതരണം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ പതാക ഉയർത്തുന്നതിന്റെ ഭാഗമായുള്ള പതാക വിതരണം ഹെഡ് മിസ്ട്രസ് സി. ഷിജി ജോസ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഷീബ ജോർജ്ജിന് നല്കി ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകർ ഓരോ ക്ലാസിലെയും കുട്ടികൾക്ക് പതാക വിതരണം ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം - ദേശഭക്തിഗാന മത്സരം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ഹൌസുകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തപ്പെട്ടു.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം സമാപനാഘോഷങ്ങൾ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂൾ

സ്വാതന്ത്ര്യദിനാഘോഷം - ഓഗസ്റ്റ് 15 th

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികളുടെ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് വർണ്ണാഭമായ വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ മാനേജർ സി. ലിസി റോസ് പതാക ഉയർത്തി. വിമുക്തഭടന്മാരായ ശ്രീ. കുഞ്ഞപ്പൻ . വി. റ്റി , ശ്രീ. റ്റി. കെ രാജൻ എന്നിവർക്ക് ആദരവ് നല്കി. റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നല്കി. സ്കൂൾ ബാൻഡ് ഡിസ്പ്ലേ, കുട്ടികളുടെ മാസ് ഡ്രിൽ, ദേശീയത തുളുമ്പുന്ന നൃത്താവിഷ്ക്കാരം, 75 കുട്ടി ഗായകർ ചേർന്ന് അവതരിപ്പിച്ച ദേശഭക്തിഗാനം എന്നിവയൊക്കെ ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു. കുട്ടികൾക്ക് സ്വീറ്റ്സും വിതരണം ചെയ്തു.