ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/അവാർഡ് നൽകുന്ന വിദ്യാലയം


അവാർഡ് നൽകുന്ന വിദ്യാലയം

വിദ്യാലയങ്ങൾക്ക് അവാർഡ് ലഭിക്കുന്ന വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ വിദ്യാലയം അവാർഡ് ഏർപ്പെടുത്തുകയും കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് അതിന് യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് അവാർഡ് നൽകുകയും ചെയ്യുക എന്ന അപൂർവ്വത നമുക്ക് സ്വന്തമാണ്. ഏറ്റവും നല്ല വീട് കണ്ടെത്തി അവാർഡ് കൊടുക്കുന്നതാണ് നമ്മുടെ രീതി.

വൃത്തിയുള്ള, മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന, കാര്യക്ഷമമായി വൈദ്യുതി ഉപയോഗിക്കുന്ന, ശുദ്ധജലസ്രോതസ്സുകൾ നന്നായി സംരക്ഷിക്കുന്ന, പൂന്തോട്ടം ഉള്ള, അടുക്കളത്തോട്ടം ഉള്ള, വിദ്യാർത്ഥികളായ വീട് അംഗങ്ങൾക്ക് സ്വസ്ഥമായി പഠിക്കാൻ ഇടമുള്ള തുടങ്ങി പതിനഞ്ചോളം മാനദണ്ഡങ്ങൾ പരിഗണിച്ച് പ്രാഥമിക സെലക്ഷനിൽ മുന്നിലെത്തുന്ന അഞ്ചു വീടുകളെ പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർ, ഹെൽത്ത് ഇൻസ്പെക്ടർ, പി ടി എ പ്രസിഡന്റ്,എം ടി എ പ്രസിഡന്റ്, മുതലായവരെ ഉൾപ്പെടുത്തി ഉണ്ടാക്കുന്ന ജൂറി ടീം നേരിട്ട് സന്ദർശിച്ച് മാനദണ്ഡങ്ങൾക്കനുസരിച്ച് വിലയിരുത്തി തെരഞ്ഞെടുത്ത കേട്ട ഏറ്റവും നല്ല വീടിന് ട്രോഫിയും സമ്മാനങ്ങളും നൽകുന്നതാണ് ഈ രീതി.

അഞ്ചു പ്രാവശ്യം ഇങ്ങനെ ചെയ്തു ഈ പ്രവർത്തനം നല്ല നിലയിൽ മുന്നോട്ടു പോകുന്നു. മറ്റുള്ളവർ വരാനും കാണാനും ഉണ്ടാകുമ്പോൾ നമ്മുടെ ചുറ്റുപാടും വീടിനകവും ഒന്നും മനോഹരമാക്കുക മാനുഷിക സഹജമായ ഒരു പ്രവർത്തിയാണ്. ആ സാധ്യത നിലനിർത്തി വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മുഴുവൻ വീട്ടിലും നല്ലൊരു സന്ദേശം എത്തിക്കാനും ഇതുമായി സഹകരിക്കാനും സാധിച്ചു എന്നതാണ് ഈ പ്രവർത്തി കൊണ്ട് ഉണ്ടായ ഏറ്റവും വലിയ ഗുണം.

ഈ മത്സരത്തിന് പേരിൽ എത്രയോ അധികം വീടുകളിൽ പുതുതായി പൂന്തോട്ടവും പച്ചക്കറി തോട്ടവും നിർമ്മിക്കുകയും അതു പിൽക്കാലത്ത് സ്ഥിരമായി നിലനിർത്താൻ സാധിക്കുന്നു എന്ന് ആ വീട്ടുകാർ നമ്മെ അറിയിക്കുകയും ചെയ്യുന്നത് തന്നെയാണ് ഇതിൽ വിദ്യാലയത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അവാർഡ്. നമ്മുടെ ഓഫീസിന്റെ വാതിലിനു മുകളിൽ അഭിമാനപൂർവ്വം നാം കുറിച്ചുവെച്ച ഒരു വാചകമുണ്ട്..... ഇവിടെ പഠിക്കുന്നവരെ പഠിപ്പിക്കുന്ന വരോ ഇല്ല എല്ലാവരും എല്ലാവരെയും പഠിപ്പിക്കുന്നു എല്ലാവരും എല്ലാവരിൽനിന്നും പഠിക്കുന്നു.