ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്‍ക‍ുൾ പ്രവർത്തനങ്ങൾ (2021-22)

പഠന വീടുകൾക്ക് അംഗീകാരം - 2021 മെയ് 6

മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൻ്റെ പ0ന വീടുകൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരം

         കോവിഡ് കാലത്തെ ഓൺലൈൻപOനത്തിൻ്റെ പരിമിതികൾ മറികടക്കാൻ മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂൾ നടപ്പിലാക്കിയ പഠന വീടുകൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കഴിഞ്ഞ 5 വർഷം വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റങ്ങൾ പ്രതിപാദിക്കുന്ന പൂക്കൾ ചിരിക്കുന്ന മണ്ണ് എന്ന പുസ്തകത്തിൽ പOന വീടുകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.സംസ്ഥാനത്തെ ചുരുക്കം വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമേ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ളൂ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മുഴുവൻ കുട്ടികൾക്കും നേരിട്ടുള്ള പ0നാനുഭവങ്ങൾ ലഭിക്കുന്നതിന് സാമൂഹ്യ പങ്കാളിത്തത്തോടെയാണ് പഠന വീടുകൾ നടപ്പിലാക്കിയത്. 5 വീതം കുട്ടികൾക്കായി ഓരോ പ0ന വീടുകൾ ഒരുക്കി വിദ്യാ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പ0ന പിന്തുണ നൽകിയത്. ഇത്തരത്തിൽ 40 ഓളം പ0ന വീടുകൾ പ്രവർത്തിച്ചു. വളണ്ടിയർ മാർക്കുള്ള പരിശീലനം, പ്രവർത്തന കൈപ്പുസ്തകം, പ0ന കേന്ദ്രത്തിലേക്കുള്ള വൈറ്റ് ബോർഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കി.വാർഡ് തല വിദ്യാഭ്യാസ സമിതികൾ പ0ന വീടുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചു.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുൻ സംസ്ഥാന കോർഡിനേറ്റർ രതീഷ് കളിയാടനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.ഈ പദ്ധതി സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.പ0ന വീടുകളുടെ പ്രവർത്തനങ്ങളെ  നിയുക്ത എം.എൽ.എ.എം.രാജഗോപാലനും അഭിനന്ദിച്ചു.2021-22 വർഷവും പ0ന വീടുകൾ തുടരാനാണ് വിദ്യാലയ വികസന സമിതി തീരുമാനിച്ചിട്ടുള്ളത്.

ഈദ് മൽഹാർ - 2021 മെയ് 15, 16

വീട്ടിൽ അടച്ചിടപ്പെട്ടവർക്ക് സമാശ്വാസമായി പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഗസൽ വിരുന്ന്

     കോവിഡ് പോസിറ്റീവായ തുമൂലവും രോഗികളുമായി സമ്പർക്കമുണ്ടായതു മൂലവും സമ്പർക്ക വിലക്കിലായി വീട്ടിലടക്കപ്പെട്ടവർക്ക് മടുപ്പ് അകറ്റി  പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ഗസൽ വിരുന്ന് സമാശ്വാസം പകർന്നു. വലിയപറമ്പ് പഞ്ചായത്ത് മാഷ് ടീമിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്പർക്ക വിലക്കിലുള്ളവരുടെ ഓൺലൈൻ സംഗമത്തിലാണ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ ഗസൽ ഗാനങ്ങൾ ആലപിച്ചത്. ആവശ്യപ്പെട്ട ഗാനങ്ങൾ പാടിക്കൊണ്ട് അവരുടെ പ്രശംസ പിടിച്ചുപറ്റിയ പ്രസിഡണ്ട് സരസഭാഷണവും സമാശ്വാസ വാക്കുകളും കൊണ്ട് അവരോടൊപ്പം ചേർന്നു നിന്നു. സമ്മർക്ക വിലക്കിലുള്ളവരും ഗാനങ്ങൾ ആലപിച്ചു.ഗൂഗിൾ മീറ്റിൽ നടന്ന സംഗമം മാഷ് പ്രോഗ്രാമിൻ്റെ ജില്ലാ ലെയ്സൺ ഓഫീസർ പി.സി.വിദ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കോർഡിനേറ്റർ വി.മോഹനൻ മാസ്റ്റർ, നോഡൽ ഓഫീസർമാരായ ആർ.ശശി, രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.


മാവിലാടത്തിൻ്റെ മനം കുളിർപ്പിച്ച് ഇശൽ മഴ പെയ്തിറങ്ങി;ഈദ് മൽഹാർ സമാപിച്ചു

        കോവിഡ് ഭീതി കാരണം വീട്ടിലടക്കപ്പെട്ട കാലത്തും പെരുന്നാളി ഘോഷത്തിൻ്റെ പൊലിമ പകർന്ന് മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൻ്റെ ഓൺലൈൻ പ്രോഗ്രാം 'ഈദ് മൽഹാർ ' സമാപിച്ചു.ആകാശത്ത് ന്യൂനമർദ്ദം ആശങ്കയുടെ കാർമേഘമായി ഉരുണ്ടുകൂടി നിൽക്കുമ്പോൾ മാവിലാടത്തെ വീട്ടകങ്ങളിൽ ഇമ്പമാർന്ന മാപ്പിളപ്പാട്ടുകൾ കുളിർ മഴയായി പെയ്തിറങ്ങി. രണ്ടു ദിവസമായി നടന്ന പെരുന്നാളാഘോഷത്തിന് സമാപനം കുറിച്ച് നടന്ന ഇശൽ മഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ്റെ അധ്യക്ഷതയിൽ എം.രാജഗോപാലൻ MLA ഉദ്ഘാടനം ചെയ്തു. ആൽബം ഗാനത്തിലൂടെ പ്രശസ്തയായ കൊച്ചു ഗായിക ലാനിയത്ത് ലത്തീഫ് മുഖ്യാതിഥിയായി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.അബ്ദുൾ സലാം, എം.ഹസീന, എം.ടി.ബുഷ്റ, പി.ടി.എ പ്രസിഡണ്ട്. പി.പി.കുഞ്ഞിരാമൻ, എന്നിവർ ആശംസാ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ എ ജി. ശംസുദ്ദീൻ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് എം.സുന്ദരൻ നന്ദിയും പറഞ്ഞു. ഇശൽ മഴയിൽ വലിയ പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ, മുൻ പ്രസിഡണ്ട് എം.ടി.അബ്ദുൾ ജബ്ബാർ, ആൽബം ഗാനങ്ങളിലൂടെ പ്രശസ്തയായ കൊച്ചു ഗായിക ലാനിയത്ത് ലത്തീഫ്, സഹോദരൻ മാസ്റ്റർ ലിയാഖത്ത്,പ്രശസ്ത ഗായകരായ  ഇസ്ഹാഖ് പന്ത്രണ്ടിൽ, ഉണ്ണി മാവിലാടം, ഷാഫി മാവിലാടം, മാസ്റ്റർ ഇബ്രാഹിം ,അത്താവുള്ള മാസ്റ്റർ,ഹെഡ്മാസ്റ്റർ എ.ജി.ശംസുദ്ദീൻ,  അധ്യാപകരായ ഉഷ കണ്ണോത്ത്, ശ്രീലക്ഷ്മി, രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളുമായ ഷാജി.വി, ബിനീഷ് .എം, ബീന.എം, ഷാജി.വി.പി, വിദ്യാർത്ഥികളായ ഫാത്തിമത്ത് തസ്നി , ആയിഷ ജാഫർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. ഇന്നലെ മൈലാഞ്ചി മൊഞ്ച് - മൈലാഞ്ചിയിടൽ മത്സരം നടന്നു.

പൾസ് ഓക്സിമീറ്റർ സംഭാവന - 2021 മെയ് 22

മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ അധ്യാപകർ പൾസ് ഓക്സിമീറ്റർ സംഭാവന നൽകി

      മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ അധ്യാപകർ വിദ്യാലയ പരിധിയിലെ 1,13,12,11,10 വാർഡുകളിൽ ജാഗ്രതാ സമിതികൾക്ക് പൾസ് ഓക്സിമീറ്റർ സംഭാവന നൽകി.വാർഡ് കേന്ദ്രങ്ങളിൽ നടന ചടങ്ങുകളിൽ വെച്ച് വാർഡ് മെമ്പർമാരായ എം.അബ്ദുൾ സലാം ,എം.ടി. ബുഷറ, എം.ഹസീന, വി മധു, ഖാദർ പാണ്ഡ്യാല എന്നിവർ ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീനിൽ നിന്ന് ഏറ്റുവാങ്ങി.സ്കൂൾ അധ്യാപകൻ എം.രാജേഷ്, മാഷ് ടീം അംഗങ്ങൾ, ജാഗ്രതാ സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കുട്ടികളുടെ പ്രവേശനത്തിൽ 30 % വർധന. പ്രവേശനോത്സവം മാധവൻ മണിയറ ഉദ്ഘാടനം ചെയ്യും

        നാളെ ഓൺലൈൻ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൽ  പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ വർഷം 56 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയതെങ്കിൽ ഈ വർഷം 73 കുട്ടികൾ പുതുതായി ചേർന്നു.ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ 55 കുട്ടികളെക്കൂടാതെ മറ്റ് ക്ലാസുകളിലേക്ക് അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നടക്കം നിരവധി കുട്ടികളാണ് വന്നു ചേർന്നത്.കഴിഞ്ഞവർഷം LSS പരീക്ഷയിൽ നേടിയ ഉന്നത വിജയവും കോവിഡ് കാലത്ത് വിദ്യാലയത്തിൽ നടപ്പിലാക്കിയ ശ്രദ്ധേയമായ ഓൺലൈൻ പരിപാടികളും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയ പ0ന വീടുമെല്ലാം വിദ്യാലയത്തെപ്പറ്റി സമൂഹത്തിൽ നല്ല മതിപ്പുണ്ടാക്കാൻ ഉപകരിച്ചിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടു. ഇനിയും പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾ എത്രയും വേഗം വിദ്യാലയത്തിലെത്തി പ്രവേശനം നേടണമെന്നും ഈ വർഷത്തെ പ0ന വീടുകളുടെ പ്രവർത്തനം ലോക്ഡൗൺ പിൻവലിച്ചയുടൻ ആരംഭിക്കുമെന്നും ഹെഡ്മാസ്റ്റർ ഏ.ജി.ശംസുദ്ദീൻ അറിയിച്ചു.

       ഈ വർഷത്തെ വലിയപറമ്പ് ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ അധ്യക്ഷത വഹിക്കും.

ഓൺലൈൻ പ്രവേശനോത്സവം - 2021 ജൂൺ 1

വീടുകളിൽ ക്ലാസ് മുറികളൊരുങ്ങി, അമ്മമാർ അധ്യാപകരായി: മാവിലാക്കടപ്പുറത്തെ വീടുകളിൽ വർണാഭമായ പ്രവേശനോത്സവം

        അടച്ചിട്ട വിദ്യാലയങ്ങളുമായി ഒരു അധ്യയന വർഷം കൂടി ആരംഭിക്കുമ്പോൾ ഓൺലൈനിലും ഓഫ് ലൈനിലുമായി മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ പ്രവേശനോത്സവം വിപുലമായി നടന്നു. വീടുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് രക്ഷിതാക്കൾ കുട്ടികളെ പുതിയ അധ്യയന വർഷത്തിലേക്ക് ആനയിച്ചത്.വീട്ടിലെ ക്ലാസ് മുറി ബലൂൺ, റിബൺ, അക്ഷരക്കാർഡുകൾ എന്നിവ കൊണ്ട് അലങ്കരിച്ചു.സ്കൂൾ അധ്യാപകൻ ടി.മുഹമ്മദ് റഫീഖിൻ്റെ പരിശീലനത്തിൽ കുട്ടികൾ തന്നെ നിർമ്മിച്ച അക്ഷര കിരീടവും ബേഡ്ജും ധരിച്ച് ഒരുങ്ങി വന്ന കുരുന്നുകൾക്ക് മധുര പലഹാരങ്ങളും പായസവും വിളമ്പി. അമ്മമാർ പാട്ടുകളും കഥകളും പഠിപ്പിച്ചു കൊണ്ട് പoനത്തിന് തുടക്കം കുറിച്ചു.തുടർന്ന് സ്കൂളിൽ സംഘടിപ്പിച്ച ഓൺലൈൻ പരിപാടി കുടുംബസമേതം വീക്ഷിച്ചു.ഈ വർഷം വലിയപറമ്പ് ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂളിലാണ് നടന്നത്. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെയും യൂട്യൂബ് ചാനലിലൂടെയും വെർച്ച്വൽ പ്ലാറ്റ്ഫോമിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ അധ്യക്ഷനായി.എ.ഇ.ഒ.കെ ജി സനൽഷ സന്ദേശം കൈമാറി. ഹെഡ്മാസ്റ്റർ എ.ജി.ശംസുദ്ദീൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.കെ.മല്ലിക, ഖാദർപാണ്ഡ്യാല, മെമ്പർമാരായ ഹസീന, എം.ടി. ബുഷ്റ, എം.അബ്ദുൾ സലാം, വി.മധു ,പി.ടി.എ പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ, എം.എ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ എം.അബ്ദുൾ റസാഖ്, ബി.ആർ.സി.ട്രെയിനർ പി.കെ.സരോജിനി, സീനിയർ അസിസ്റ്റൻറ് കെ.സുരേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ഒന്നാം ക്ലാസിലെ അധ്യാപികമാരുടെ പ്രാർത്ഥനാ ഗാനം, അധ്യാപകരും രക്ഷിതാക്കളും ചേർന്ന് അവതരിപ്പിച്ച പ്രവേശനോത്സവഗാനം ,കുമാരി ദിൽഷ അവതരിപ്പിച്ച നൃത്തശില്പം, കുട്ടികളുടെ കഥകൾ, പാട്ടുകൾ, ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.വിദ്യാലയ ജീവിതം ആരംഭിച്ചതിൻ്റെ ഓർമ്മ നിലനിർത്താൻ വീട്ടുമുറ്റത്ത് മാവിൻതൈ നട്ടു കൊണ്ടാണ് പ്രവേശനോത്സവത്തിന് സമാപനം കുറിച്ചത്.

പരിസ്ഥിതി ദിനം - 2021 ജൂൺ 5

അടുത്ത വർഷത്തെ  മത്സരം ഈ വർഷം തന്നെ പ്രഖ്യാപിച്ച് മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൻ്റെ പരിസ്ഥിതി ദിനാചരണം

മാവിലാക്കടപ്പുറം: പുതുനാമ്പുകളായ കുട്ടികളിൽ ഹരിത പുതുനാമ്പുകൾ വിരിയിക്കാനാവശ്യമായ വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്തു കൊണ്ടാണ് ജി എൽ പി സ്കൂൾ മാവിലാകടപ്പുറം ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തമാക്കിയത്.പ്രദേശത്തെ നൂറുക്കണക്കിന് കുടുംബങ്ങൾ ഈ ഭൂമിയെ പുന:സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആടിയുംപാടിയും വരച്ചും നട്ടുനനച്ചും പറഞ്ഞും കേട്ടും ഈ ദിനത്തെ അവർ വരവേൽക്കുകയും കൊണ്ടാടുകയും ചെയ്തു. പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷത്തൈകളെ അനാഥരാക്കി മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. അടുത്ത വർഷത്തെ പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ നടത്തുന്ന മത്സരം ഈ വർഷം തന്നെ പ്രഖ്യാപിച്ചത് പരിസ്ഥിതിദിനാചരണങ്ങളിലെ വേറിട്ട അനുഭവമായി മാറി.ഈ വർഷം നട്ട ചെടികളുടെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയെന്ന 'ഫോട്ടോ ചാലഞ്ച് ' കുട്ടികൾ ഏറ്റെടുത്തു.  പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും മികച്ച കർഷകനും അധ്യാപകനും പരിശീലകനുമായ ശ്രീ. റാഫി ചർച്ചമ്പലപ്പള്ളി ചടങ്ങിൽ മുഖ്യാ തിഥിയായിരുന്നു. വലിയപറമ്പ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഹസീന ടീച്ചർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഏ.ജി.ഷംസുദ്ദീൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ സുനിത ടീച്ചർ നന്ദിയും പറഞ്ഞു .മുൻ വാർഡ് മെമ്പർ എം കെ എം അബ്ദുൾ ഖാദർ ,പി ടി എ പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ, മുൻ പി.ടി.എ പ്രസിഡണ്ട് ഇ കെ അബ്ദുൾ അസീസ്, അധ്യാപകരായ സുരേശൻ . കെ ,മനോജ് കുമാർ.പി വി, എം.രാജേഷ്, ടി. മുഹമ്മദ്റഫീഖ്, എന്നിവർ ആശംസാ പ്രസംഗം നടത്തി.നാലാം തരം വിദ്യാർത്ഥികൾ ആയ മറിയംബി, നഫീസത്ത്‌ എന്നിവരുടെ പരിസ്ഥിതി ദിന ലഘു പ്രസംഗങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. പരിസ്ഥിതി കവിതകൾ അവതരിപ്പിച്ചു.

സമുദ്രദിനം - 2021 ജൂൺ 8

അറ്റ്ലാൻ്റിക് സമുദ്രത്തിൽ നിന്നും ഫിലിപ്പീൻസുകാരൻ്റെ ആശംസ: 'കടലി(ര)മ്പം' അവിസ്മരണീയമാക്കി മാ വിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ

മാവിലാക്കടപ്പുറം: കടലിനെ ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റയും ഭാഗമായി സ്വീകരിച്ച മാവിലാക്കടപ്പുറത്തെ കുരുന്നുകൾക്കും രക്ഷിതാക്കൾക്കും മുമ്പിൽ 'കടലി(ര)മ്പം'എന്ന പേരിൽ മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ ഓൺലൈനായി സംഘടിപ്പിച്ച സമുദ്രദിനാഘോഷ പരിപാടികൾ ഏറെ ശ്രദ്ധേയമായി.കടലിൻ്റെ ഇരമ്പലിനേക്കാൾ അതിൻ്റെ ഇമ്പമാർന്ന സംഗീതവും സാന്ത്വനവും അനുഭവിക്കുന്നവരാണ് കടലോര മക്കൾ എന്ന സന്ദേശം ഉൾക്കൊള്ളുന്ന വിധത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അറ്റ്ലാൻ്റിക് സമുദ്രത്തിലെ കപ്പലിൽ നിന്നും ഉദിനൂർ സ്വദേശിയായ പി.വി. മുകേഷിനൊപ്പം സഹപ്രവർത്തകൻ ഫിലിപ്പൈൻസ് സ്വദേശി മാർക് എബ്യുക്കസ് നൽകിയ വീഡിയോ സന്ദേശം വേറിട്ട അനുഭവമായി മാറി. കപ്പലിന്റെ ക്യാപ്റ്റൻ കുട്ടികൾക്കായി കപ്പലിൻ്റെ ഭാഗങ്ങൾ കാണിച്ച് വിശദീകരിച്ചു കൊടുത്തു.ഇതോടൊപ്പം കടലുമൊത്ത്ഏറെക്കാലത്തെ  ജീവിതാനുഭവങ്ങളുള്ള മത്സ്യത്തൊഴിലാളികൾ കെ.കുഞ്ഞികൃഷ്ണനും പി.പി.ചന്ദ്രനും തങ്ങളുടെ കടലോർമ്മകൾ പങ്കുവെച്ചു.ദിനാചരണത്തിൻ്റെ ഭാഗമായി കടലോര ശുചീകരണം,കടൽ പ്രമേയമായി ചിത്രരചന, കവിതാ രചന, shell Art, ഡോക്യുമെൻ്ററി പ്രദർശനം, ഗാനമേള തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.സമുദ്രദിനാഘോഷ പരിപാടികൾ വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം.അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.എം.സുന്ദരൻ, മാട്ടുമ്മൽ കണ്ണൻ, എ വി.ശ്രീലക്ഷ്മി, എം.സി. ആയിഷ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ ഏ.ജി.ഷംസുദ്ദീൻ സ്വാഗതവും ഉഷകണ്ണോത്ത് നന്ദിയും പറഞ്ഞു.

വിദ്യാലയ പ്രവേശനം

മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ - മികവിൻ്റെ പൊതു വിദ്യാലയം;വിദ്യാലയ പ്രവേശനത്തിൽ 66 % വർധന

ഈ വർഷം ഔപചാരികമായി കുട്ടികളുടെ കണക്കെടുക്കുന്ന ദിവസം പ്രഖ്യാപിച്ചിട്ടൊന്നുമില്ലെങ്കിലും ആറാം ദിവസത്തെ കണക്കുകൾ നോക്കുമ്പോൾ മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ അധ്യാപകരും പി.ടി.എ.കമ്മിറ്റിയും ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ്. പല പൊതു വിദ്യാലയങ്ങളും  ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ച് കുട്ടികളുടെ എണ്ണം കൂട്ടാൻ ശ്രമിക്കുമ്പോൾ മാതൃഭാഷ മാത്രം മാധ്യമമായി നിലനിർത്തി കുട്ടികളുടെ പ്രവേശനത്തിൽ 66 % വർധനയാണ് സ്കൂളിൽ ഈ വർഷം ഉണ്ടായത്.കഴിഞ്ഞവർഷം 56 കുട്ടികളാണ് പുതുതായി ചേർന്നതെങ്കിൽ ഇത്തവണ 93 കുട്ടികളാണ് പുതുതായി ചേർന്നത്.കഴിഞ്ഞവർഷം ഒന്നാം ക്ലാസിൽ 48 കുട്ടികളുമായി രണ്ട് ഡിവിഷനുകൾ ഉണ്ടായിരുന്നത് ഈ വർഷം 73 കുട്ടികളുമായി 3ഡിവിഷൻ ഉറപ്പിച്ചു.രണ്ടാം ക്ലാസിൽ എണ്ണം 49 ൽ നിന്ന് 63ലെത്തി.മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പുതുതായി കുട്ടികൾ ചേർന്നു.19 കുട്ടികൾ അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിൽ നിന്ന് മാറി ചേർന്നവരാണ്. കോവിഡ് കാലത്തെ വിദ്യാഭ്യാസത്തിന് വ്യത്യസ്തമായ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയതാണ് സ്കൂളിലേക്ക് രക്ഷിതാക്കളെ ആകർഷിക്കാൻ കാരണം.കുട്ടികളെ നാലും അഞ്ചും എണ്ണം വരുന്ന ചെറുസംഘങ്ങളാക്കി നേരിട്ട് പOന പിന്തുണ നൽകുന്ന 30 പഠനവീടുകൾ ആരംഭിച്ചു. മാവിലാടത്തെ പഠന വീടുകൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരം നേടിയിരുന്നു. ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ഓൺലൈൻ ദിനാചരണ പരിപാടികളും ഉത്സവാഘോഷങ്ങളും ജനങ്ങൾക്കിടയിൽ വലിയ മതിപ്പുണ്ടാക്കി. ഈ വർഷം വായനയുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധ്യാപകരും പി.ടി.എ യും.

ഏകാന്തതയുടെ വായനക്കാലം

ഒറ്റപ്പെടലിൻ്റെ കാലത്ത് ഏകാന്തതയിലൂടെയുള്ള സാഹിത്യ സഞ്ചാരമായി മാവിലാക്കപ്പുറം ഗവ: എൽ.പി.സ്കൂളിലെ വായനാ പക്ഷാചരണം

മാവിലാക്കടപ്പുറം: മഹാമാരി തീർത്ത ഒറ്റപ്പെടലിൽ കഴിയുന്ന കാലത്തെ വായന പക്ഷാചരണ പരിപാടികളിൽ ഏകാന്തതയെ പ്രധാന വിഷയമായി സ്വീകരിച്ച് ദിനാചരണത്തെ കാലികമാക്കിത്തീർക്കുകയാണ് മാവിലാക്കപ്പുറം ഗവ: എൽ.പി.സ്കൂൾ. ഏകാന്തത വിഷയമായി മലയാളത്തിലും ലോകസാഹിത്യത്തിലും ഉണ്ടായിട്ടുള്ള പ്രമുഖ സാഹിത്യകൃതികളെ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പരിചയപ്പെടുത്തുന്നു. മതിലുകൾ, ആടുജീവിതം, രാത്രിമഴ, ജംഗിൾ ബുക്ക്, പന്തയം, ആൻഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ, ടോട്ടോചാൻ തുടങ്ങിയ കൃതികളാണ് പരിചയപ്പെടുത്തുന്നത്. പുസ്തക പരിചയത്തോടൊപ്പം ചിത്രരചനാ മത്സരം, ചിത്ര പ്രദർശനം, കവിയരങ്ങ്, ഹ്രസ്വചിത്രപ്രദർശനം, തുടങ്ങിയവയും വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി നടക്കും. ഓൺലൈനായി നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി.സനൽഷ നിർവഹിച്ചു.മുഖ്യാതിഥിയായി ഫസ്റ്റ് ബെൽ ക്ലാസ് അധ്യാപകൻ എസ്.ടി. സാജൻ പങ്കെടുത്തു. ആൻഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ പരിചയപ്പെടുത്തിക്കൊണ്ട് എ.വി.സന്തോഷ് കുമാർ സംസാരിച്ചു. ടി.എം.സി.ഇബ്രാഹിം, പി. കൈരളി ടീച്ചർ, പി.വേണുഗോപാലൻ, കെ.അജിത, സുകുമാരൻ ഈയ്യക്കാട്, ബാലകൃഷ്ണൻ നാറോത്ത്, ഷീബ ഈയ്യക്കാട് തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും. സമാപന സമ്മേളനം ജൂലൈ 7 ന് എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ അധ്യക്ഷനാകും. പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ ഒരുക്കുന്ന ലൈബ്രറികളിലേക്ക് കൈമാറും. പുസതകങ്ങളുമായുള്ള പുസ്തകവണ്ടികളുടെ യാത്ര എം .എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.തുടർന്ന് ഒരു വർഷക്കാലം വായനയുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ നടക്കും.കുട്ടികളുടെയും രക്ഷിതാക്കളുടെയും വായനാക്കുറിപ്പുകളും സാഹിത്യരചനകളും ചേർത്ത് മാഗസിനുകൾ തയ്യാറാക്കും.


ഓർമ്മകളിൽ മങ്ങാതെ 25 വർഷം മുമ്പ് പറഞ്ഞ കഥ;വായനപക്ഷാചരണത്തിന് അതിഥിയായെത്തിയ അധ്യാപകനെ വിസ്മയിപ്പിച്ച് പഴയ ശിഷ്യർ

മാവിലാക്കടപ്പുറം: മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ അതിഥിയായെത്തിയ ഈയ്യക്കാട് സുകുമാരൻ മാസ്റ്ററെ അമ്പരപ്പിച്ചു കൊണ്ട് ഗ്രൂപ്പിലെ അമ്മമാർ 25 വർഷം മുമ്പ് മാഷ് പഠിപ്പിച്ച കുഞ്ഞിക്കാളിയുടെ കഥ ഓർത്തെടുത്തു.ഈ ഓർമ്മ ഗുരുദക്ഷിണയായി സ്വീകരിച്ച മാസ്റ്റർ അന്നത്തെ നാലാം ക്ലാസുകാർ പാടിയ സംഘഗാനത്തിലെ 'നട്ട ഞാറിൽ പൊട്ടി വന്നു... അഞ്ചാറിലയും പുത്തനൊരു നെൽ കതിരും' എന്ന് തുടങ്ങുന്ന വരികൾ ഓർത്തു പാടിയപ്പോൾ ഗുരുശിഷ്യബന്ധത്തിൻ്റെ വൈകാരിക മുഹൂർത്തമായി മാറി. വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഒറ്റപ്പെടലിൻ്റെ രണ്ട് വർഷങ്ങൾ -ഏകാന്തതയുടെ വായനക്കാലം എന്ന പേരിൽ നിരവധി പരിപാടികളാണ് ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ചത്.ടോട്ടോചാൻ ജനലരികിലെ വികൃതിക്കുട്ടി എന്ന പുസ്തകം സുകുമാരൻ മാസ്റ്റർ പരിചയപ്പെടുത്തി.ഇപ്പോൾ പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായി പ്രവർത്തിക്കുന്ന സുകുമാരൻ മാസ്റ്റർ 25 വർഷം മുമ്പ് മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല ഉദ്ഘാടനം ചെയ്തു. ചിത്രരചനാ മത്സരം ഷീബ ഈയ്യക്കാട് ഉദ്ഘാടനം ചെയ്തു. ഷീബയുടെ ചിത്രങ്ങളുടെ പ്രദർശനവും നടന്നു. മുൻ ഗ്രാമ പഞ്ചായത്തംഗം എം.കെ.എം.അബ്ദുൾ ഖാദർ അധ്യക്ഷനായി. വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് കെ.എം.സുരാഗ്, കെ.മധു, മുനവിർ എന്നിവർ ആശംസകളർപ്പിച്ചു. പി.വി.മനോജ് കുമാർ സ്വാഗതവും ആത്മജ് നന്ദിയും പറഞ്ഞു.


വനവീഥിയിലൂടെയുള്ള ഏകാന്ത യാത്രയുടെ ഉദ്വേഗജനകമായ ഓർമ്മകൾ പങ്കുവെച്ച് ടി .എം.സി.ഇബ്രാഹിം, ശ്വാസമടക്കിപ്പിടിച്ച് കഥ കേട്ടിരുന്ന് കുരുന്നുകൾ

   മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൻ്റെ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി നടന്ന 'ഏകാന്തവീഥിയിലൂടെ ' എന്ന യാത്രാനുഭവ വിവരണം കുട്ടികൾ കേട്ടിരുന്നത് ശ്വാസമടക്കിപ്പിടിച്ചാണ്. രണ്ടു പേർ രണ്ടു ബൈക്കുകളിലായി ഇന്ത്യ ചുറ്റിക്കറങ്ങാനിറങ്ങിയതും യാത്രക്കിടയിൽ പരസ്പരം വേർപെട്ടതും കടുവകൾ വിഹരിക്കുന്ന ഉത്തർപ്രദേശിലെ കാനനപാതയിലൂടെ ഒറ്റക്ക് പോകേണ്ടി വന്നതുമെല്ലാം ടി.എം.സി.ഇബ്രാഹിം  വിവരിച്ചു. അനുഭവങ്ങൾ എങ്ങനെ എഴുത്തിലേക്ക് നയിക്കുമെന്ന് സ്വാനുഭവത്തിലൂടെ അദ്ദേഹം കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. പ്രമുഖ മാധ്യമ പ്രവർത്തകനായ ടി.എം.സി.ഇബ്രാഹിം യാത്രാനുഭവങ്ങൾ ചേർത്ത് പുസ്തകം എഴുതിയിട്ടുണ്ട്. വലിയ പറമ്പ് ഗ്രാമപഞ്ചാത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഇ.കെ.മല്ലിക ഉദ്ഘാടനം ചെയ്തു.മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം. ടി.അബ്ദുൾ ജബ്ബാർ അധ്യക്ഷനായി. മുൻ അധ്യാപകരായ പി. സുലോചന, എം.സുന്ദരൻ, എം‌ ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു.ടി.മുഹമ്മദ് റഫീഖ് സ്വാഗതവും മാസ്റ്റർ നദീർ ടി.കെ.സി. നന്ദിയും പറഞ്ഞു. അറബിക്കടലിലെ തിളങ്ങും താരങ്ങൾ എന്ന ഡോക്യുമെൻ്ററിയും പ്രദർശിപ്പിച്ചു.


കുട്ടിപ്പാട്ടുകളും നാടൻ പാട്ടുകളുമായി ബാലകൃഷ്ണൻ നാറോത്ത്, അകലെയാണെങ്കിലും കൂടെപ്പാടി മാവിലാടത്തെ കുട്ടികളും

  മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂളിലെ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടിപ്പാട്ടുകളും കൂട്ടപ്പാട്ടുകളും അകലങ്ങളിൽ നിന്നും ഒരുമയുടെ സന്ദേശം കൈമാറുന്ന നിമിഷങ്ങളായി മാറി.ഉദിനൂരിൽ നിന്നും നാറോത്ത് ബാലകൃഷ്ണൻ മാസ്റ്റർ 'ഒന്നാം വേലിക്കൽ ചെന്നുപറിച്ചത് ' എന്ന് പാടിയപ്പോൾ മാവിലാക്കപ്പുറത്തെ വീടുകളിലിരുന്ന് കുട്ടികൾ 'ഒന്നരവട്ടി പാവയ്ക്ക ' എന്ന അടുത്ത വരി ചേർത്തുപാടി. ഏകാന്തതയുടെ രണ്ട് വർഷങ്ങൾ, ഒറ്റപ്പെടലിന്റെ വായനക്കാലം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ജൂൺ 19 മുതൽ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് കുട്ടിപ്പാട്ടുകളും കൂട്ടപ്പാട്ടുകളും സംഘടിപ്പിച്ചത്. ചെറുവത്തൂർ ബി.പി.സി.വി.എസ്.ബിജുരാജ് ഉദ്ഘാടനം ചെയ്തു.കാസർഗോഡ് ഡയറ്റ് ലക്ചറർ കെ.അജിത പുസ്തകാസ്വാദനം നടത്തി. കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് മൃഗങ്ങളോടൊപ്പം ജീവിക്കേണ്ടി വന്ന മനുഷ്യരുടെ കഥ പറയുന്ന രണ്ട് നോവലുകൾ ജംഗിൾ ബുക്കും ആടുജീവിതവും ചേർത്ത് വെച്ചാണ് പുസ്തകാസ്വാദനം നടത്തിയത്.മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.ഉത്തമൻ ,എം.എ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ എം.അബ്ദുൾ റസാഖ്, സഹചാരി ക്ലബ്ബ് പ്രതിനിധി എം.കെ.എം.അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ എ.ജി.ഷംസുദീൻ അധ്യക്ഷനായി.എം.രാജേഷ് സ്വാഗതവും ഫാത്തിമത്ത് നൂറ നന്ദിയും പറഞ്ഞു.


പുസ്തകക്കൂട്ടുമായി പുസ്തകവണ്ടിയെത്തി;മാവിലാക്കടപ്പുറത്തെ വീടുകളിൽ ഇനി വായനക്കാലം

മാവിലാക്കടപ്പുറം: മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ കുട്ടികളുടെ വീടുകളിലേക്ക് പുസ്തകക്കൂട്ടുമായി പുസ്തകവണ്ടികളെത്തി. ഇനി മാവിലാക്കടപ്പുറത്തെ വീടുകളിൽ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചിരുന്ന് പുസ്തകങ്ങൾ വായിക്കും. വായനവീടുകൾ എന്ന പേരിൽ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന അനുബന്ധപ്രവർത്തനങ്ങളാണ് ഇതിൻ്റെ ഭാഗമായി നടക്കുന്നത്.പുസ്തക ചലഞ്ചിലൂടെ നാട്ടുകാരിൽ നിന്നും സമാഹരിച്ച തുകയ്ക്കാണ് ആയിരത്തോളം പുസ്തകങ്ങൾ വാങ്ങിയത്. പുസ്തകവണ്ടിയുടെ ഫ്ളാഗോഫ് മാവിലാക്കടപ്പുറം പാലത്തിന് സമീപത്ത് വെച്ച് എം.രാജഗോപാലൻ MLA നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ അധ്യക്ഷനായി.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, പഞ്ചായത്തംഗങ്ങളായ എം.അബ്ദുൾ സലാം, എം.ഹസീന, എം.ടി.ബുഷ്റ, വി.മധു, ഹെഡ്മാസ്റ്റർ എ.ജി.ഷംസുദീൻ, സീനിയർ അസിസ്റ്റൻ്റ് കെ.സുരേശൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.അബ്ദുൾ ജബ്ബാർ, എം.എ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ എം. അബ്ദുൾ റസാഖ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പുസതകവണ്ടികൾ വിവിധ വാർഡുകളിലൂടെ സഞ്ചരിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറി. ഏകാന്തതയുടെ രണ്ട് വർഷക്കാലം, ഒറ്റപ്പെടലിൻ്റെ വായനക്കാലം എന്ന പേരിൽ നടന്ന വായനാ പക്ഷാചരണത്തിനു ശേഷമാണ് വായന വീടുകൾക്ക് തുടക്കം കുറിക്കുന്നത്. വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പരിചയം, ഷോർട്ട് ഫിലിം പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്ക്കാരം,ക്വിസ് മത്സരം, ചിത്രരചന, കവിതാലാപനം, കവിതാ രചന, ഞാനൊരു കഥ പറയാം, വായനാ മത്സരം, കവിയരങ്ങ് തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ രായ ഇ.കെ.മല്ലിക, ഖാദർ പാണ്ഡ്യാല,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി.സനൽഷ, ചെറുവത്തൂർ ബി.പി.സി.വി.എസ്.ബിജുരാജ്,ഡയറ്റ് ലക്ചറർ കെ.അജിത, ഫസ്റ്റ് ബെൽ അധ്യാപകൻ എസ്.ടി. സാജൻ മാസ്റ്റർ, എ.വി.സന്തോഷ് കുമാർ, പി. കൈരളി ടീച്ചർ, സുകുമാരൻ ഈയ്യക്കാട്, ടി.എം.സി.ഇബ്രാഹിം, ബാലകൃഷ്ണൻ നാറോത്ത്, പി.വേണുഗോപാലൻ, പി.കെ.സരോജിനി, സുരേന്ദ്രൻ കാടങ്കോട്, പ്രമോദ് ആലപ്പടമ്പൻ, കെ.എം. ഈശ്വരൻ, രഞ്ജിത്ത് ഓരി, എം.കെ.പ്രസാദ്, എന്നിവർ പങ്കെടുത്തു

വളണ്ടിയർമാർക്ക് അനുമോദനം

പഠന വീട് വളണ്ടിയർ മാർക്ക് അനുമോദനം നൽകി

മാവിലാക്കടപ്പുറം: കോവിഡ് കാല വിദ്യാഭ്യാസത്തിനായി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂൾ 2020-2021 വർഷം നടപ്പിലാക്കിയ പഠന വീടുകൾ വിജയകരമായി നടപ്പിലാക്കുന്നതിന് വിദ്യാവളണ്ടിയർമാരായി പ്രവർത്തിച്ചവരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർമാർക്കുള്ള ഉപഹാരവും നൽകി. മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂളിൻ്റെ പേര് പOന വീടുകളിലൂടെ കേരളമാകെ ശ്രദ്ധിക്കപ്പെട്ടു.ഈ നേട്ടത്തിനു പിന്നിലെ പ്രധാന ഘടകം വിദ്യാവളണ്ടിയർമാരാണ്. നിസ്വാർത്ഥ സേവനത്തിലൂടെ മികച്ച മാതൃക കാണിച്ച ഇവരെ നാട് എല്ലാക്കാലത്തും ഓർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമ പഞ്ചായത്തംഗം എം.ഹസീന അധ്യക്ഷയായി.എം.രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒന്നാം വാർഡ് മെമ്പർ എം.അബ്ദുൾ സലാം, സീനിയർ അസിസ്റ്റന്റ് കെ.സുരേശൻ, സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് റഫീഖ് എന്നിവർ ആശംസകളർപ്പിച്ചു. തഷ്രിഫ, ശോഭിൻ, റസീന, സുമ കണ്ണൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീൻ സ്വാഗതവും എസ്.ആർ.ജി. കൺവീനർ എ സുനിത നന്ദിയും പറഞ്ഞു

ചന്ദ്രോത്സവം - 2021 ജൂലൈ 21

ചന്ദ്രഗീതങ്ങൾ പെയ്തിറങ്ങി; ചന്ദ്രോത്സവത്തിന് രാഗാർദ്രമായ സമാപനം

മാവിലാക്കടപ്പുറം: ഒന്നിനു പിറകെ ഒന്നായി അമ്പതിലധികം ഗാനങ്ങൾ, അമ്പതിലധികം ഗായകർ, ഇടമുറിയാതെ പെയ്യുന്ന മഴയുടെ പ്രതീതിയായിരുന്നു ചന്ദ്രഗീതം പരിപാടിയുടെ ശ്രോതാക്കൾക്ക് അനുഭവപ്പെട്ടത്. മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ ചന്ദ്രോത്സവത്തിന്റെ സമാപനം കുറിച്ച് നടന്ന ചന്ദ്രഗീതം പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമടങ്ങിയ ഗായകർ പാടിയത് ചന്ദ്രനെക്കുറിച്ച് പ്രതിപാദിക്കുന്ന ഗാനശകലങ്ങൾ മാത്രം. സിനിമാഗാനങ്ങൾ, നാടകഗാനങ്ങൾ, കവിതകൾ, കുട്ടിപ്പാട്ടുകൾ എന്നിവയിൽ നിന്നെല്ലാമായി കണ്ടെത്തിയ ഗാനശകലങ്ങളാണ് അവതരിപ്പിച്ചത്.പ്രശസ്ത ഗായകനും പടന്ന എം.ആർ.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പളുമായ ഈശ്വരൻ നമ്പൂതിരി ഗാനങ്ങൾ ആലപിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം ഹസീന അധ്യക്ഷയായി.ഉഷ കണ്ണോത്ത്, ശ്രുതി കൃഷ്ണൻ,എം.സി. ആയിഷ എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മാസ്റ്റർ എ.ജി.ശംസുദീൻ സ്വാഗതവും എൻ.ഇസ്മയിൽ നന്ദിയും പറഞ്ഞു. ചന്ദ്രോത്സവത്തിൻ്റെ ഭാഗമായി ശാസ്ത്ര ക്ലാസ്, പ്രശ്നോത്തരി ,ചാന്ദ്രദിന പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.പ്രദീപൻ കൊടക്കാട് ശാസ്ത്ര ക്ലാസ് അവതരിപ്പിച്ചു.കെ സുരേശൻ മാസ്റ്റർ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി.ടി.മുഹമ്മദ് റഫീഖ്, എ സുനിത, പി.വി.മനോജ് കുമാർ, എം.രാജേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സ്നേഹോത്സവം - 2021

യുദ്ധങ്ങളിൽ മരിച്ചുവീണ കുരുന്നുകൾക്ക് പ്രണാമമർപ്പിച്ച് സ്നേഹോത്സവത്തിന് തുടക്കമായി

മാവിലാക്കടപ്പുറം: മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ സ്നേഹോത്സവം 2021 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾക്ക് തുടക്കമായി.ആഗസ്ത് 6 മുതൽ 9 വരെ നാലു ദിവസങ്ങളിലായി വിവിധ പരിപാടികളാണ് സ്നേഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഹിരോഷിമ ദിനത്തിൽ ഇതുവരെ ലോകത്ത് നടന്ന യുദ്ധങ്ങളിൽ മരിച്ചുവീണ കുഞ്ഞുങ്ങൾക്കുള്ള ശ്രദ്ധാഞ്ജലിയായി ഓർമ്മപ്പൂക്കൾ എന്ന പേരിൽ കടലാസു പൂക്കൾ നിർമ്മാണം, സ്നേഹദീപം തെളിക്കൽ, സ്നേഹ സന്ദേശ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.കുട്ടികളുടെ വീടുകളിൽ കുടുംബാംഗങ്ങളെല്ലാം ചേർന്നാണ് കുരുന്നുകൾക്ക് സ്നേഹാഞ്ജലി അർപ്പിച്ചത്.വീട്ടിലെ മുതിർന്നയംഗം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വീട്ടിൽ സ്നേഹദീപം തെളിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഏ.ജി.ഷംസുദ്ദീൻ, സീനിയർ അസിസ്റ്റൻ്റ് കെ.സുരേശൻ എന്നിവർ സംസാരിച്ചു.


സ്നേഹ സദസ്സ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

മാവിലാക്കടപ്പുറം: ഹിരോഷിമ - നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ സംഘടിപ്പിച്ച സ്നേഹോത്സവം - 2021 ന്റെ ഭാഗമായുള്ള സ്നേഹ സദസ്സ് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന സ്നേഹ സദസ്സിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ, വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ഹസീന, എം.ടി.ബുഷ്റ, എം.അബ്ദുൾ സലാം, വി.മധു, പി.ടി.എ.പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ, പഠന വീട് വളണ്ടിയർ എം.ദിനേശ് ഒരിയര എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീൻ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കെ.സുരേശൻ നന്ദിയും പറഞ്ഞു. തുടർന്ന് മാനവ സ്നേഹ സന്ദേശമുയർത്തുന്ന ഗാനങ്ങൾ കോർത്തിണക്കി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച സ്നേഹഗീതങ്ങളും അരങ്ങേറി.

സ്വാതന്ത്ര്യ ദിനം - 2021

മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യം അർത്ഥപൂർണമാകുന്നത്: ഭണ്ഡാരി സ്വാഗത് രൺബീർ ചന്ദ് ഐ.എ.എസ്.

മാവിലാക്കടപ്പുറം: മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോഴാണ് നാം നേടിയ സ്വാതന്ത്ര്യം അർത്ഥപൂർണമാകുന്നതെന്ന് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺബീർ ചന്ദ് ഐ.എ .എസ് .അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി മനുഷ്യരുടെ ത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരെപ്പോലെ നാടിനു വേണ്ടി നന്മ ചെയ്യുമ്പോഴാണ് അവരോടുള്ള കടപ്പാട് യാഥാർത്ഥ്യമാകുന്നത്. നമ്മുടെ നദികളും ചുറ്റുപാടുമെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന തിരിച്ചറിവിലേക്ക് നാം എത്തണം.അദ്ദേഹം അഭിപ്രായപ്പെട്ടു.മാ വിലാക്കപ്പുറം ഗവ: എൽ.പി.സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ അസംബ്ലിയിൽ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി സംസാരിക്കുകയായിരുന്നു അവർ.മഹാമാരി കാരണം പറമ്പിന്റെ നാലതിരുകളിൽ ഒതുങ്ങിക്കഴിയേണ്ടി വന്നെങ്കിലും മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൽ  ആഗ: 14 മുതൽ 16 വരെയായി 'ആഗസ്ത് കാറ്റിലെ തിരകൾ ' എന്ന പേരിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.ആഗഃ 14 ന് പതാക നിർമ്മാണ ശില്പശാല നടന്നു. സ്വാതന്ത്ര്യദിനത്തിന് കൈയ്യിലേന്താനുള്ള പതാകയും ബേഡ്ജും കുട്ടികൾ ശില്പശാലയിൽ വെച്ച് ഉണ്ടാക്കി.ഓൺലൈനായി നടന്ന ശില്പശാല വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല ഉദ്ഘാടനം ചെയ്തു.ടി.മുഹമ്മദ് റഫീഖ് പരിശീലനം നൽകി. സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ ഓൺലൈൻ അസംബ്ലി ശ്രദ്ധേയമായി.സ്കൂൾ മുറ്റത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ഹെഡ്മാസ്റ്റർ ഏ.ജി.ഷംസുദ്ദീൻ പതാക ഉയർത്തി.ഇതേ സമയത്ത് കുട്ടികൾ വീടുകളിൽ നിന്ന് തന്നെ അസംബ്ലിയിൽ പങ്കു ചേർന്നു. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രാർത്ഥന, പ്രതിജ്ഞ, ദേശീയഗാനം തുടങ്ങിയവയിലെല്ലാം കുട്ടികൾ പങ്കാളികളായി. വീടുകൾ അലങ്കരിച്ചും മധുരം വിളമ്പിയും വീട്ടുകാർ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കാളികളായി. ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺബീർ ചന്ദ് ഐ..എ.എസ്.സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. വലിയ പറമ്പ് ഗ്രാമപഞ്ചായത്തംഗം എം ടി. ബുഷ്റ ആശംസാപ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ, മുൻ ഗ്രാമ പഞ്ചായത്തംഗം എം.കെ.എം.അബ്ദുൾ ഖാദർ എന്നിവർ സംബന്ധിച്ചു.സ്കൂൾ ലീഡർ മുഹമ്മദ് ഇസ്മയിൽ അസംബ്ലിക്ക് നേതൃത്വം നൽകി. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വലിയ പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ അധ്യക്ഷനാകും. സത്യൻ മാടക്കാൽ വലിയ പറമ്പിലെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ദേശഭക്തിഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം, സ്വാതന്ത്ര്യ സമര പ്രശ്നോത്തരി തുടങ്ങിയവ വിവിധ മത്സരങ്ങളും നടത്തി.


മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്യദിനാഘോഷം - 'ആഗസ്റ്റ് കാറ്റിലെ തിരകൾ' സമാപിച്ചു

മാവിലാക്കടപ്പുറം: മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂൾ മൂന്ന് ദിവസങ്ങളിലായി 'ആഗസ്ത് കാറ്റിലെ തിരകൾ ' എന്ന പേരിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സമാപിച്ചു.ത്സംഡ ഊംച രഹേ ഹമാരാ, ഓരോ തളിരിലും ഓരോ മലരിലും, പാരതന്ത്ര്യം മാനികൾക്ക്, കല്ലിനുമുണ്ടൊരു കഥ പറയാൻ, പോരാ പോരാ നാളിൽ നാളിൽ, എൻ്റെ ജീവിതം എൻ്റെ സന്ദേശം,ഭാരതമെന്ന പേർ കേട്ടാൽ തുടങ്ങിയ നാമകരണങ്ങളോടെ പതാക നിർമ്മാണം, ഓൺലൈൻ അസംബ്ലി ,സാംസ്കാരിക സമ്മേളനം, പ്രാദേശിക ചരിത്ര ക്ലാസ്, ദേശഭക്തിഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം, പ്രശ്നോത്തരി തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. ജില്ലാ കലക്ടർ ശ്രീമതി ഭണ്ഡാരി സ്വാഗത് രൺബീർ ചന്ദ് ഐ.എ.എസ്.ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സത്യൻ മാടക്കാൽ പ്രഭാഷണം നടത്തി. ദേശഭക്തി ഗാന മത്സരം കെ.കെ.സഹീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രച്ഛന്നവേഷ മത്സരം ഗ്രാമപ്പഞ്ചായത്തംഗം വി.മധുവും പ്രശ്നോത്തരി ഗ്രാമപഞ്ചായത്തംഗം എം.അബ്ദുൾ സലാമും ഉദ്ഘാടനം ചെയ്തു.പ്രശ്നോത്തരിക്ക് കെ.രാജീവൻ മാസ്റ്റർ നേതൃത്വം നൽകി. പ്രച്ഛന്നവേഷ മത്സരത്തിൽ സൂര്യദേവ് സുനിൽ, മുഹമ്മദ് മുനവിർ മൊയ്തീൻ  സ്റ്റാറ്റസ് മത്സരത്തിൽ മുഹമ്മദ് ഹിഷാം, നിത ഫാത്തിമ ദേശഭക്തിഗാന മത്സരത്തിൽ സൗരഭ് സാബു & പാർടി, ആര്യ ബിജു & പാർട്ടി എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പ്രശ്നോത്തരിയിൽ സൗരഭ് സാബു, മുഹമ്മദ് ഷമ്മാസ് എന്നിവർ ഒന്നാം സ്ഥാനവും ഷനിൽ ഷാജി രണ്ടാം സ്ഥാനവും നേടി.വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും കേഷ് അവാർഡും വീടുകളിലെത്തി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.മധു,ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീൻ, അധ്യാപകരായ മനോജ് കുമാർ.പി.വി, ഉഷ കണ്ണോത്ത്, എൻ.ഇസ്മയിൽ, ശ്രുതി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഓണത്തിരകൾ - 2021

വീട്ടുമുറ്റങ്ങൾ ഓണാങ്കണങ്ങളായി മാറി; അതിജീവന കാലത്തെ ഓണാഘോഷത്തിൻ്റെ മാവിലാടം മാതൃക

മാവിലാക്കടപ്പുറം: അതിജീവന കാലത്തെ ഓണാഘോഷത്തിന് വേറിട്ട മാതൃകയുമായി മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൻ്റെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.രണ്ടു ദിവസങ്ങളിലായി 'ഓണത്തിരകൾ' എന്ന പേരിൽ വിവിധ പരിപാടികളാണ് വീട്ടുമുറ്റങ്ങളിലും ഓൺലൈനിലുമായി സംഘടിപ്പിച്ചത്.  വിദ്യാർത്ഥികളുടെ വീടുകളിൽ പൂക്കളവും ഓണസദ്യയും ഓണക്കളികളും ഒരുക്കി വീട്ടുമുറ്റങ്ങളെ ഉത്സവപ്പറമ്പുകളാക്കി മാറ്റി. കാഴ്ചക്കാർ അധികമില്ലെങ്കിലും വാശിയേറിയ മത്സര പരിപാടികൾ വീട്ടുമുറ്റങ്ങളിൽ നടന്നു. കസേരക്കളി, കമ്പവലി, തൊപ്പി റെയ്സ്, ചട്ടി റെയ്സ്, സുന്ദരിക്ക് പൊട്ടു തൊടൽ, മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ,കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങി ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കാറുള്ള പല പരിപാടികളും വീട്ടുമുറ്റങ്ങളിൽ നടന്നു.രാവിലെ നടന്ന പൂക്കള മത്സരം മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.അബ്ദുൾ ജബ്ബാറും വൈകുന്നേരം 'ഓണാങ്കണം' എന്ന പേരിൽ വീട്ടുമുറ്റങ്ങളിൽ നടന്ന പരിപാടികൾ മുൻപഞ്ചായത്ത് പ്രസിഡണ്ട് വി.വി.ഉത്തമനും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുൻ അംഗങ്ങളായ എം.കെ.എം.അബ്ദുൾ ഖാദർ, മാധവൻ ഒരിയര, പി.ടി.എ.പ്രസിഡണ്ട് പി.പി..കുഞ്ഞിരാമൻ, മദർ പി.ടി.എ പ്രസിഡണ്ട് പി.വി.യമുന, വൈസ് പ്രസിഡണ്ട് വി.പി.ഫൗസിയ, മുൻ പി.ടി.എ പ്രസിഡണ്ട് ഇ.കെ.അബ്ദുൾ അസീസ്, ഹെഡ്മാസ്റ്റർ ഏ.ജി.ഷംസുദ്ദീൻ, സീനിയർ അസിസ്റ്റൻ്റ് കെ.സുരേശൻ.സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് റഫീഖ്, അധ്യാപകരായ ആയിഷ.എം.സി, ശ്രുതി കൃ ഷണൻ എന്നിവർ സംസാരിച്ചു.രണ്ടാം ദിവസം ഓണപ്പയമ , സംഗീത വിരുന്ന്, നൃത്ത നിശ, തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.


ഓണത്തിരകൾ സമാപിച്ചു

      മാവിലാകടപ്പുറം ഗവ: എൽ.പി.സ്കൂൾ രണ്ടു ദിവസമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ 'ഓണത്തിരകൾ' സമാപിച്ചു.തിരുവോണ ദിവസം ഓണാങ്കണം എന്ന പേരിൽ കുട്ടികളുടെ വീട്ടുമുറ്റത്തും അവിട്ടം നാളിൽ ഓൺലൈനിലുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം ജില്ല വിദ്യാഭ്യാസ ഉപഡയരക്ടർ കെ.വി.പുഷ്പ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം.ഹസീന അധ്യക്ഷയായി.കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ശിശുരോഗ വിദഗ്ദൻ സി.കെ.പി.കുഞ്ഞബ്ദുള്ള 'ഓണമുണ്ട വയറേ' എന്ന പേരിൽ ആരോഗ്യകരമായ ഭക്ഷണ രീതിയെക്കുറിച്ച് ക്ലാസെടുത്തു.റിട്ട. ഹെഡ്മിസ്ട്രസ് പി.സുലോചന, റിട്ട. അധ്യാപകൻ എം.സുന്ദരൻ ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീൻ,  അധ്യാപകരായ എം.രാജേഷ്, ഉഷകണ്ണോത്ത്, കെ രാജഗോപാലൻ എന്നിവർ സംസാരിച്ചു.ലക്ഷ്മി മേലത്ത് കുട്ടികളോടൊപ്പം ഓണപ്പയമകൾ പങ്കുവെച്ചു.പ്രശസ്ത ഗായകൻ രാജേഷ് തൃക്കരിപ്പൂരും കുടുംബവും പാട്ടുകളുമായി പരിപാടിയിൽ പങ്കു ചേർന്നു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സിന്ധു സമ്മാനദാനം നിർവ്വഹിച്ചു.തുടർന്ന് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് സംഗീത വിരുന്നും നൃത്ത നിശയും അവതരിപ്പിച്ചു

'കണ്ണാടി' ഉദ്ഘാടനം ചെയ്തു.

കണ്ണാടിയിൽ തെളിഞ്ഞത് കുഞ്ഞുമനസ്സുകൾ ;കുട്ടികളുടെ സാഹിത്യവേദിക്ക് തുടക്കമായി

             മാധവിക്കുട്ടിയുടെ നെയ്പായസം എന്ന കഥയെക്കുറിച്ച് നടന്ന കുട്ടികളുടെ ചർച്ചയിൽ കുഞ്ഞു വായനക്കാരുടെ അഭിപ്രായങ്ങളിൽ നിറഞ്ഞു നിന്നത് മാതൃസ്നേഹത്തെക്കുറിച്ചുള്ള വാക്കുകൾ. അമ്മമാർ കുടുംബത്തോട് കാട്ടുന്ന സ്നേഹം അവർക്ക് തിരിച്ചു കിട്ടുന്നില്ലെന്ന സത്യമാണ് കഥയിൽ അവതരിപ്പിച്ചതെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ കുട്ടികളുടെ സാഹിത്യ വേദി - കണ്ണാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കഥ ചർച്ചയിലാണ് കുരുന്നു മനസ്സുകളിലെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കപ്പെട്ടത്.സ്കൂൾ ഈ വർഷം ഏറ്റെടുത്ത വിദ്യാഭ്യാസ പദ്ധതിയായ 'വായന വീട്' ൻ്റെ ഭാഗമായാണ് കുട്ടികളുടെ സാഹിത്യ വേദിയായ 'കണ്ണാടി' ആരംഭിക്കുന്നത്. രണ്ടാഴ്ചയിലൊരിക്കൽ ഒരു കഥ/കവിത വായിച്ച് അതിനെക്കുറിച്ച് ചർച്ച സംഘടിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വായനാഭിരുചി വർദ്ധിപ്പിക്കുന്നതിനും കുട്ടികളെ സ്വതന്ത്രരചനയിലേക്ക് നയിക്കുന്നതിനും ഇത്തരം സദസ്സുകൾ ഉപകരിക്കുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.13 വയസ്സിനുള്ളിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി 13 നോവലുകൾ എഴുതി വിസ്മയം സൃഷ്ടിച്ച സിനാഷ 'കണ്ണാടി' യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പാടിക്കീൽ യു.പി.സ്കൂൾ അധ്യാപകൻ വി.വി.മാധവൻ കഥ അവതരിപ്പിച്ചു. എം രാജേഷ് മാസ്റ്റർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥിനികളായ ആയിഷ.എം.കെ.സ്വാഗതവും ഫാത്തിമത്ത് റബീഹ നന്ദിയും പറഞ്ഞു.


കവിതാസ്വാദന സദസ്സ് നടത്തി

          അടച്ചിരുപ്പ് കാലത്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും വായന പരിപോഷിപ്പിക്കുന്നതിന് മാവിലാക്കടപ്പുറം ഗവ.എൽ പി സ്കൂൾ നടപ്പിലാക്കിയ വായന വീട് പരിപാടിയുടെ ഭാഗമായുള്ള കുട്ടികളുടെ സാഹിത്യ വേദി - 'കണ്ണാടി' യുടെ രണ്ടാം എപ്പിസോഡിൽ വൈലോപ്പിള്ളിയുടെ മാമ്പഴം കവിതയുടെ ആസ്വാദനം നടത്തി.നീലേശ്വരം രാജാസ് എ .എൽ. പി.സ്കൂൾ ഹെഡ്മിസ്ട്രസ് എം.വി.വനജ അവതരണം നടത്തി. ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീൻ അധ്യക്ഷനായി.കുമാരി നഫീസത്ത് എം സ്വാഗതവും കുമാരി സാറാബി.ടി. നന്ദിയും പറഞ്ഞു. ഗൂഗിൾ മീറ്റിൽ നടന്ന പരിപാടിയിൽ കുട്ടികളും കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു

ഗ്രന്ഥശാല ദിനാചരണവും 'ഓളങ്ങൾ' ഉദ്ഘാടനവും

പുസ്തകങ്ങൾ കൈമാറിയും വായനാനുഭവങ്ങൾ പങ്കുവെച്ചും ഗ്രന്ഥശാല ദിനാചരണം സംഘടിപ്പിച്ചു

   മാവിലാക്കടപ്പുറം: മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ നടപ്പിലാക്കുന്ന 'വായനവീട്' പദ്ധതിയുടെ ഭാഗമായി ഗ്രന്ഥശാല ദിനാചരണം സംഘടിപ്പിച്ചു.വായനവീടുകളിലേക്ക് നൽകിയ പുസ്തകങ്ങൾ തൊട്ടടുത്ത വായനവീടുമായി കൈമാറി. രാത്രി ഓൺലൈനായി 'ഓളങ്ങൾ' എന്ന പേരിൽ വീട്ടുകാരുടെ വായനാനുഭവങ്ങൾ പങ്കുവെക്കൽ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി.സനൽഷ ഉദ്ഘാടനം ചെയ്തു.ഷെഹീറ.എച്ച്, രേഷ്മ.സി, സാജിത.പി, ശ്രുതി. കെ.വി. എന്നിവർ വിവിധ കഥകൾ അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ഏ.ജി.ഷംസുദ്ദീൻ അധ്യക്ഷനായി. വായന വീട് കോർഡിനേറ്റർ എം.രാജേഷ് സ്വാഗതവും എസ്.ആർ.ജി.കൺവീനർ എ.സുനിത നന്ദിയും പറഞ്ഞു.

ഗാന്ധി ജയന്തി - 2021 ഒക്ടോബർ 2

കടൽത്തീരം സുന്ദരമാക്കി ഗാന്ധിജയന്തി ദിനാഘോഷത്തിന് തുടക്കം

        മാവിലാക്കടപ്പുറം പുലിമുട്ട് മുതൽ സൂപ്പർ ബീച്ച് വരെയുള്ള കടൽത്തീരം ശുചീകരിച്ചു കൊണ്ട് മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ ഗാന്ധിജയന്തി ദിനാഘോഷത്തിന് തുടക്കം കുറിച്ചു. വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 24 കി.മീ. ദൈർഘ്യമുള്ള കടൽത്തീരം വൃത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് സ്കൂൾ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മാവിലാക്കടപ്പുറത്തെ കടൽത്തീരം വൃത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, പഞ്ചായത്തംഗങ്ങളായ എം അബ്ദുൾ സലാം, എം.ഹസീന, വി.മധു, എം ടി. ബുഷ്റ എന്നിവർ വാർഡ് കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് റഫീഖ്, എസ്.ആർ.ജി.കൺവീനർ എ സുനിത, അധ്യാപകരായ പി.വി.മനോജ് കുമാർ, പി.രാജഗോപാലൻ, ഉഷകണ്ണോത്ത് ,ശ്രുതി കൃ ഷണൻ, പി.ടി. സി.എം.കണ്ണൻ മാട്ടുമ്മൽ എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. തുടർന്ന് വിദ്യാർത്ഥികൾ വീടും പരിസരവും അധ്യാപകർ സ്കൂളും പരിസരവും വൃത്തിയാക്കി. തുടർന്ന് രാത്രി പ്രശ്നോത്തരി,പ്രസംഗ മത്സരം തുടങ്ങിയ പരിപാടികൾ ഓൺലൈനായി നടന്നു.

വിദ്യാലയം ശുചീകരിച്ചു - 2021 ഒക്ടോബർ 24

നവംബർ 1ന് വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ മുന്നോടിയായി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനത്തിൽ ഒരിയര യുനൈറ്റഡ് എഫ്.സി.യും അംബേദ്കർ ക്ലബ്ബും പങ്കാളികളായി. സ്കൂളിലെ കുടിവെള്ള ടാങ്കുകൾ ക്ലബ്ബ് പ്രവർത്തകർ കഴുകി വൃത്തിയാക്കിയും സിമൻറ് അടർന്ന ചുമരുകൾ പ്ലാസ്റ്റർ ചെയ്തും പ്രവർത്തനത്തിൻ്റെ ഭാഗമായി.വിദ്യാലയത്തിൽ നടക്കുന്ന മൂന്നാം ഘട്ട ശുചീകരണമാണ് ഇന്നത്തേത്.കഴിഞ്ഞയാഴ്ച മാവിലാടം റെഡ്സ്റ്റാർ ക്ലബ്ബും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.ഞായറാഴ്ച അവസാനഘട്ട ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി സ്കൂളിനടുത്തുള്ള റോഡും പരിസരവും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃത്തിയാക്കും.

സ്കൂൾ പഠനാരംഭം : മുന്നൊരുക്കം വിലയിരുത്തി

വലിയപറമ്പ : കോവിഡ് കാലത്ത് അടഞ്ഞു കിടന്ന പൊതു വിദ്യാലയങ്ങൾ തുറക്കുമ്പോഴുള്ള മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ ഉന്നതസംഘം വിദ്യാലയ സന്ദർശനം നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ചെറുവത്തൂർ ബി ആർ.സിയുടെ സഹകരണത്തോടെ  പഞ്ചായത്ത് പ്രസിഡണ്ട്‌ വി വി സജീവൻ, കൈറ്റ് പ്രധിനിധി അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ്  വിദ്യാലയം സന്ദർശിച്ചത്. രാവിലെ പത്തു മണിക്ക് ജി എൽ പി എസ് മടക്കലിൽ നിന്നും ആരംഭിച്ച യാത്ര എ എൽ പി എസ് ഇടയിലക്കാട്, ജി എഫ് യു പി എസ് ഉദിനൂർ കടപ്പുറം, ജി എൽ പി എസ് തയിൽ നോർത്ത്, എ എൽ പി എസ് വലിയപറമ്പ, ജി എഫ് എച് എസ് എസ് പടന്ന കടപ്പുറം, ജി എൽ പി എസ് മാവിലാ കടപ്പുറം എന്നിവിടങ്ങളിൽ വിദ്യാലയങ്ങൾ സന്ദർശിച്ചു. മാവിലകടപ്പുറം എം.എ.യു.പി സ്കൂൾ  സ്കൂളിൽ സമാപിച്ചു. ഒന്നര വർഷം അടഞ്ഞു കിടന്ന സ്കൂളിൻ്റെ ഭൗതിക സാഹചര്യം, ശുചീകരണം, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഉൾപെടുത്തിയ ചോദ്യവലി വിവരങ്ങൾ സംഘം നേരിൽ കണ്ടു ശേഖരിച്ചു. ഇമ്പ്ലിമെന്റിങ് ഓഫീസർ എ ജി ശംസുദ്ധീൻ, പഞ്ചായത്ത് (LSGD) ഓവർസിയർ എ ജി അബ്ദുൾ സലാം , ഹെഡ് ക്ലാർക്ക് മുരളി മനോഹർ, ഇടയിലക്കാട് പ്രധാന അദ്ധ്യാപകൻ അനിൽ കുമാർ മാസ്റ്റർ, സി ആർ സി കോ ഓർഡിനേറ്റർ ജുവൈരിയ എന്നിവർ പങ്കെടുത്തു.

പുതിയ മുഖച്ഛായയുമായി കുരുന്നുകളെ സ്വീകരിക്കാനൊരുങ്ങി മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ

         നവംബർ 1ന് വിദ്യാലയങ്ങൾ തുറക്കുമെന്ന പ്രഖ്യാപനം വന്ന ദിവസം മുതൽ ആരംഭിച്ച ഒരുക്കങ്ങൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാക്കി കുരുന്നുകളെ കാത്തിരിക്കുകയാണ് മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ.കോവിഡ് കാലത്ത് പഠന വീടുകൾ, വായന വീടുകൾ തുടങ്ങിയ പദ്ധതികളിലൂടെയും വേറിട്ട ദിനാചരണ പരിപാടികളിലൂടെയും ശ്രദ്ധ നേടിയ ഈ തീരദേശ വിദ്യാലയം വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ ഭാഗമായി നടത്തിയത്.പാഠഭാഗങ്ങൾക്കനുസരിച്ച ചിത്രങ്ങൾ വരച്ച് ക്ലാസ് മുറികളും വരാന്തകളും മനോഹരമാക്കി. അറ്റകുറ്റപ്പണികൾ, ശുചീകരണം എന്നിവ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. റെഡ്സ്റ്റാർ മാവിലാടം, യുനൈറ്റഡ് എഫ്.സി, അംബേദ്കർ ഒരിയര, എ കെ.ജി. പന്ത്രണ്ടിൽ എന്നീ ക്ലബ്ബുകളുടെ പ്രവർത്തകരോടൊപ്പം തൊഴിലുറപ്പ് തൊഴിലാളികളും പ്രവർത്തനങ്ങളിൽ പങ്കാളികളായി .DYFl വലിയപറമ്പ് നോർത്ത് മേഖലാ കമ്മിറ്റിയും വടക്കേക്കാട് യുവചേതനാ ക്ലബ്ബും ചേർന്ന് അണുനശീകരണം നടത്തി.ചെറുവത്തൂർ ബി.ആർ.സി.യുടെ സഹകരണത്തോടെ രക്ഷിതാക്കൾ പഠനോപകരണങ്ങൾ നിർമ്മിച്ചു. അടുക്കളയും പാത്രങ്ങളും മദർ പി.ടി.എ അംഗങ്ങൾ കഴുകി വൃത്തിയാക്കി.കോവിഡ് പ്രതിരോധത്തിനുള്ള തെർമൽ സ്കാനർ, സാനിറ്റൈസർ, തുടങ്ങിയവ വിവിധ സംഘടനകൾ സംഭാവന നൽകി. അവസാനഘട്ട ശുചീകരണത്തിൽ പന്ത്രണ്ടിൽ എ.കെ.ജി.ക്ലബ്ബിൻ്റെ പ്രവർത്തകർ പങ്കാളികളായി. കെ മധു, പി.വി.ഷാജി, പി.പി.അശോകൻ, പി.ടി.എ പ്രസിഡണ്ട് ഒ.കെ.വിജയൻ, മദർ പി.ടി.എ പ്രസിഡണ്ട് സുമ കണ്ണൻ എന്നിവർ നേതൃത്വം നൽകി.

ഒന്നാം ഘട്ട പ്രവേശനോത്സവം - 2021 നവംബർ 1

വിദ്യാലയ വാതിലുകൾ തുറന്നു; കുഞ്ഞു കണ്ണുകളിൽ പുഞ്ചിരി വിരിഞ്ഞു

              ഏറെക്കാലമായി അടച്ചിട്ട വിദ്യാലയത്തിൻ്റെ വാതിലുകൾ കുരുന്നുകൾക്കായി തുറന്നുകൊടുത്തപ്പോൾ മുഖം മറച്ച മാസ്കുകൾക്കു പിന്നിൽ ഒളിപ്പിച്ചു വെച്ച പുഞ്ചിരികൾ കുഞ്ഞു കണ്ണുകളിലൂടെ പുറത്തു വന്നു. കാർഡ് ബോർഡിൽ തീർത്തസൂര്യകാന്തി പൂക്കളും മൃഗങ്ങളുടെ മുഖം മൂടികളും അണിയിച്ച്  വിദ്യാലയ കവാടത്തിൽ നിന്നും കുട്ടികളെ സ്വീകരിച്ച് വിദ്യാലയത്തിലേക്ക് ആനയിച്ചു.കുട്ടികൾക്ക് യുനൈറ്റഡ് മാവിലാടം മധുര പലഹാരം വിതരണം ചെയ്തു.പ്രവേശനോത്സവം വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഖാദർ പാണ്ഡ്യാല ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ഒ കെ വിജയൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.ഹസീന, എം അബ്ദുൾ സലാം, എം ടി. ബുഷ്റ, പി.ടി.എ.വൈസ് പ്രസിഡണ്ട് ദിനേഷ്.എം, ഓഡിറ്റർ ലത്തീഫ് മൗലവി, മദർ പി.ടി.എ പ്രസിഡണ്ട് സുമ കണ്ണൻ, വൈസ് പ്രസിഡണ്ട് ഫൗസിയ .കെ .സി, മുൻ പി.ടി.എ പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ, റിട്ട. അധ്യാപകൻ എം സുന്ദരൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ എ.ജി.ശംസുദ്ദീൻ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കെ.സുരേശൻ നന്ദിയും പറഞ്ഞു.

രണ്ടാം ഘട്ട പ്രവേശനോത്സവം - 2021 നവംബർ 4

പാട്ടു പാടി കുട്ടികളെ കൈയ്യിലെടുത്ത് പഞ്ചായത്ത് പ്രസിഡണ്ട്, രണ്ടാം ഘട്ട പ്രവേശനോത്സവം വർണാഭമാക്കി മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ

  മാവിലാക്കടപ്പുറം:  രണ്ടാം ഘട്ട പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനത്തിനെത്തിയ പഞ്ചായത്ത് പ്രസിഡണ്ട് പാട്ടു പാടിയും കൂടെ പാടിപ്പിച്ചും കുട്ടികളെ കൈയ്യിലെടുത്തു.മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവത്തിനെത്തിയ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി. സജീവൻ പതിവു രീതിയിലുള്ള  പ്രസംഗം ഒഴിവാക്കി പാട്ടു പാടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പങ്കു വെക്കലുകൾക്ക് അനുവാദമില്ലാത്ത കാലത്ത് സ്നേഹം പങ്കുവെക്കാനുള്ള ആഹ്വാനവുമായി നിങ്ങള്.... നിങ്ങളെ മാത്രം സ്നേഹിക്കല്ലട്ടപ്പാ... എന്ന ഗാനം പ്രസിഡണ്ടും കുട്ടികളും കൂടി കൈയ്യടിച്ച് പാടിത്തിമിർത്തു .കുട്ടികളെ റോഡിൽ നിന്നും സമ്മാനങ്ങൾ നൽകി സ്കൂൾ കോമ്പൗണ്ടിലേക്ക് സ്വീകരിച്ചു. മാവിലാക്കടപ്പുറം യുനൈറ്റഡ് ക്ലബ്ബ് പ്രവർത്തകർ കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി. വികസന സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, ഗ്രാമപഞ്ചായത്തംഗങ്ങളായ ഹസീന ടീച്ചർ,എം.അബ്ദുൾ സലാം, പി.ടി.എ പ്രസിഡണ്ട് ഒ.കെ.വിജയൻ, മദർ പി.ടി.എ പ്രസിഡണ്ട് സുമ കണ്ണൻ, വൈസ് പ്രസിഡണ്ട് ഫൗസിയ എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ഏ.ജി.ഷംസുദ്ദീൻ അധ്യക്ഷനായി.

വികസന സെമിനാർ സംഘടിപ്പിച്ചു. - 2021 നവംബർ 11

വികസന സ്വപ്നങ്ങൾ പങ്കുവെച്ച് സെമിനാർ: ആവേശപൂർവം ഏറ്റെടുത്ത് ജനങ്ങൾ

മാവിലാക്കടപ്പുറം: ഭൗതിക സാഹചര്യങ്ങളുടെ പരിമിതികളാൽ വീർപ്പുമുട്ടുന്ന മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൻ്റെ വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ ജനങ്ങളുമായി പങ്കുവെച്ച് വികസന സെമിനാർ നടന്നു.80 വർഷം പിന്നിടുന്ന വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിടുന്ന 80 സൂക്ഷ്മപദ്ധതികളാണ് സെമിനാറിൽ അവതരിപ്പിച്ചത്.സെമിനാറിൽ പങ്കെടുത്തവർ തത്സമയം തന്നെ അഞ്ചു ലക്ഷം രൂപ ചെലവുവരുന്ന മുപ്പതോളം പദ്ധതികൾ ഏറ്റെടുക്കാൻ തയ്യാറായത് ആവേശകരമായ അനുഭവമായി മാറി. വികസന സെമിനാർ വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ ഉദ്ഘാടനം ചെയ്തു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജി.സനൽഷ വികസനപദ്ധതി അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ  ഇ.കെ.മല്ലിക അധ്യക്ഷയായി.സ്കൂളിൽ നിന്ന് വിരമിച്ച എം സുന്ദരൻ മാസ്റ്റർക്ക് പി.ടി.എ യുടെ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പൊന്നാടയണിയിച്ചു.സുന്ദരൻ മാസ്റ്റർ വിദ്യാലയത്തിന്   സംഭാവനയായി നൽകിയ പ്രസംഗപീഠം ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.വി.ഉത്തമൻ ,എം.ടി.അബ്ദുൾ ജബ്ബാർ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, പഞ്ചായത്തംഗങ്ങളായ എം ഹസീന, എം.അബ്ദുൾസലാം, എം.ടി.ബുഷ്റ, മുൻ ഗ്രാമ പഞ്ചായത്തംഗങ്ങൾ, പി.ടി.എ കമ്മിറ്റിയംഗങ്ങൾ, മദർ പി.ടി.എ കമ്മിറ്റിയംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ, ക്ലബ്ബ് പ്രവർത്തകർ,പൗരപ്രമുഖർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

ഫോഗിംഗ് മെഷീൻ നൽകി - 2021 നവംബർ 17

മാവിലാക്കടപ്പുറം ഗവ.എൽ പി സ്കൂളിലേക്ക് മാവിലാടം ബ്രദേഴ്സ് ചാരിറ്റബിൾ സൊസൈറ്റി ഫോഗിംഗ് മെഷീൻ നൽകി

അറബിക് ഫെസ്റ്റ് - 2021 ഡിസംബർ 20

'അൽഫുനൂൽ' അറബിക് ഫെസ്റ്റ് സംഘടിപ്പിച്ചു.

മാവിലാക്കടപ്പുറം: ലോക അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ സംഘടിപ്പിച്ച അറബിക് ഫെസ്റ്റ് - അൽഫുനൂൽ സമാപിച്ചു. ഡിസംബർ 17 മുതൽ 20 വരെ തിയ്യതികളിലായി ഓൺലൈനിലും ഓഫ് ലൈനിലുമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. അറബി ഭാഷാദിനമായ ഡിസം 18 ന് മോട്ടോർസിറ്റി ജെംസ് മെട്രോപോൾ അറബി വിഭാഗം മേധാവി സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഏ.ജി.ശംസുദ്ദീൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡണ്ട് ഒ കെ.വിജയൻ, അധ്യാപകരായ ടി.മുഹമ്മദ് റഫീഖ്, സുനിത.എ, പി.വി.മനോജ് കുമാർ, ഉഷ കണ്ണോത്ത്, എം.ടി. യൂനുസ്, എം.സി. ആയിഷ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.എൻ.ഇസ്മയിൽ സ്വാഗതവും മിസാജ് ജൗഹർ നന്ദിയും പറഞ്ഞു.പോസ്റ്റർ കളറിംഗ്, അറബിക് കയ്യെഴുത്ത്, ഖിറാഅത്ത്, അറബിക് പദ്യം, അറബിക് കാലിഗ്രാഫി, സ്റ്റാറ്റസ് കോണ്ടസ്റ്റ്, അറബിക് ഫാമിലി ക്വിസ് തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു.

അക്ഷരമുറ്റം ക്വിസ് - 2022 ജനുവരി 12

അക്ഷരമുറ്റം ക്വിസ്സിന് തുടക്കമായി

       ദേശാഭിമാനി സംഘടിപ്പിക്കുന്ന അറിവുത്സവം - അക്ഷരമുറ്റം മെഗാ ക്വിസിന് തുടക്കമായി.ജനുവരി 12 ന് സ്കൂൾ തലം മുതൽ ഫെബ്രുവരി 19ന് സംസ്ഥാനതലം വരെ വിവിധ ഘട്ടങ്ങളായാണ് മത്സരങ്ങൾ നടക്കുക. മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂളിൽ നടന്ന സ്കൂൾതലമത്സരം വലിയപറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇ.കെ.മല്ലിക ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർഏ.ജി.ഷംസുദ്ദീൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം എം. ഹസീന വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ടി.വി.രവി, എം.രാജേഷ് എന്നിവർ സംസാരിച്ചു. പി.വി.മനോജ് കുമാർ, ശ്രുതി കൃഷ്ണൻ, മിസാജ് ജൗഹർ എന്നിവർ നേതൃത്വം നൽകി.

റിപ്പബ്ലിക്ക് ദിനാഘോഷവും വായനോത്സവം ഉദ്ഘാടനവും - 2022 ജനുവരി 26

അടച്ചിരിപ്പ് കാലത്തെ വായനക്കാലമാക്കി മാറ്റാൻ വായനോത്സവം ആരംഭിച്ചു

മാവിലാക്കടപ്പുറം: കോവിഡ് രൂക്ഷമായതിനെത്തുടർന്ന് വീണ്ടും വിദ്യാലയ വാതിലുകൾ അടഞ്ഞപ്പോൾ വായനയുടെ വാതിലുകൾ തുറക്കുന്നതിനുള്ള വിപുലമായ പരിപാടികളുമായി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂളിൽ വായനോത്സവം ആരംഭിച്ചു. അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പെ തന്നെ പുസ്തക ചലഞ്ചിലൂടെ ശേഖരിച്ച പുസ്തകങ്ങൾ മുഴുവൻ കുട്ടികളുടെയും വീടുകളിലെത്തിച്ച് വായനക്ക് തുടക്കം കുറിച്ചിരുന്നു. കുട്ടികളിലെ വായനാഭി രുചിയും ആസ്വാദനശേഷിയും വർധിപ്പിക്കാൻ കണ്ണാടി എന്ന പേരിൽ കുട്ടികളുടെ സാഹിത്യ വേദിയും രക്ഷിതാക്കളിൽ വായനാശീലം വർധിപ്പിക്കാൻ ഓളങ്ങൾ എന്ന പേരിൽ രക്ഷിതാക്കളുടെ സാഹിത്യ സദസ്സും നടന്നു വന്നിരുന്നു.ഇവ രണ്ടും തുടരുന്നതോടൊപ്പം   ദിവസേന ഓരോ കുഞ്ഞു കഥകൾ പരിചയപ്പെടുത്തുന്ന കഥാസല്ലാപവും വായനാക്കുറിപ്പ് മത്സരവും വായനോത്സവത്തിൻ്റെ ഭാഗമായി നടക്കും. റിപ്പബ്ലിക് ദിന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവനും വായനോത്സവം പ്രകാശൻ കരിവെള്ളൂരും ഉദ്ഘാടനം ചെയ്തു. പ്രകാശൻ കരിവെള്ളൂർ അതിർത്തിയിലെ ഭ്രാന്താശുപത്രി എന്ന കഥയെക്കുറിച്ച് കുട്ടികളുമായി സല്ലപിച്ചു. ഗ്രാമപഞ്ചായത്തംഗം എം.ഹസീന ഭരണഘടനയുടെ ആമുഖം വായിച്ചു. പി.ടി.എ പ്രസിഡണ്ട് ഒ.കെ.വിജയൻ അധ്യക്ഷനായി.മദർ പി.ടി.എ പ്രസിഡണ്ട് സുമ കണ്ണൻ ആശംസകളർപ്പിച്ചു. ഹെഡ്മാസ്റ്റർ എ.ജി.ഷംസുദീൻ സ്വാഗതവും സീനിയർ അസിസ്റ്റൻറ് കെ.സുരേശൻ നന്ദിയും പറഞ്ഞു .

ഫാൻ നൽകി

മാവിലാടം ബ്രദേഴ്സ് ചാരിറ്റബിൾ സൊസൈറ്റി ജി.എൽ.പി.എസ്.മാവിലാകടപ്പുറത്തിന് ഫാനുകൾ കൈമാറി

        നാട്ടിലെ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ സ്കൂളിൻ്റെ സമഗ്ര വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മാവിലാകടപ്പുറം ഗവ: എൽ.പി.സ്കൂൾ തയ്യാറാക്കിയ സമഗ്ര വിദ്യാലയ വികസന പദ്ധതി 'DREAM' നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മാവിലാടം ബ്രദേഴ്സ് ചാരിറ്റബിൾ സൊസൈറ്റി സ്കൂളിന് ഫാനുകൾ സംഭാവന ചെയ്തു.3 സീലിംഗ് ഫാനുകളും 2 വാൾ ഫാനുകളുമാണ് സംഭാവനയായി നൽകിയത്.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ ഏ.ജി.ഷംസുദ്ദീനും പി.ടി.എ പ്രസിഡണ്ട് ഒ.കെ.വിജയനും ചേർന്ന് ഏറ്റുവാങ്ങി. വിദ്യാലയ വികസന സമിതിയംഗം എം.കെ.എം.അബ്ദുൾ ഖാദർ, ബ്രദേഴ്സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തക സമിതിയംഗങ്ങളായ എ.മുസ്തഫ ഹാജി, സി.ബദറുദ്ദീൻ, ടി.സി.അബ്ദുൾകരിം ഹാജി, എം.ടി.സാദിഖ്, കെ.സി.റസാഖ് ഹാജി, സ്കൂൾ സീനിയർ അസിസ്റ്റൻറ് കെ.സുരേശൻ, അധ്യാപകരായ പി.വി.മനോജ് കുമാർ, എ.സുനിത, എം.രാജേഷ്, എൻ.ഇസ്മയിൽ, യൂനുസ്.എം.ടി, ശ്രുതി കൃഷ്ണൻ, പി.പി.ഷൈമ, കണ്ണൻ മാട്ടുമ്മൽ എന്നിവർ പങ്കെടുത്തു.

സദ്യനൽകി

കുരുന്നുകൾക്ക് ഉച്ചയൂണ് നൽകി ജനനേതാവിൻ്റെ സ്മരണ പുതുക്കി

    വലിയപറമ്പ് ഗ്രാമപഞ്ചായത്തിൽ ദീർഘകാലം രാഷ്ട്രീയ, കല-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മാണിയാട്ട് കുമാരൻ്റെ മൂന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ കുരുന്നുകൾക്ക് സദ്യയൊരുക്കി നൽകി.നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ച മാണിയാട്ട് കുമാരൻ ആദ്യകാലത്ത് മാണിയാട്ട് പ്രദേശത്ത് കലാസമിതി -വായനശാലകളുടെ രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.കുടുംബാംഗങ്ങളുടെ വകയായി ഒരുക്കിയ ഓർമ്മയൂണ് നൽകുന്നതിന് മക്കളായ ജയപ്രകാശ്, പ്രദീപൻ, ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീൻ, മദർ പി.ടി.എ പ്രസിഡണ്ട് സുമ കണ്ണൻ, വൈസ് പ്രസിഡണ്ട് ഫൗസിയ, ശാലിനി, റംലത്ത്.പി.എച്ച് പാചകത്തൊഴിലാളി മൃദുല. ടി.വി, അധ്യാപകർഎന്നിവർ നേതൃത്വം നൽകി.

പറവകൾക്കുറവ

സഹജീവി സ്നേഹത്തിൻ്റെ സന്ദേശം പകർന്ന് മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൽ 'പറവകൾക്കുറവ' പദ്ധതിക്ക് തുടക്കമായി

     കൊടുംവേനലിൽ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികൾക്കായി തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുന്ന 'പറവകൾക്കുറവ' പദ്ധതി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂളിൽ തണ്ണീർക്കുടം സ്ഥാപിച്ച് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ കുട്ടികളാണ് പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. ഉദ്ഘാടന പരിപാടിയിൽ സീനിയർ അസിസ്റ്റൻറ് കെ.സുരേശൻ, സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് റഫീഖ്, അധ്യാപകരായ ഉഷകണ്ണോത്ത്, ഷൈമ.പി.പി, മിസാജ് ജൗഹർ എന്നിവർ നേതൃത്വം നൽകി.തുടർ ദിവസങ്ങളിൽ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ച്  പക്ഷികൾക്ക് ദാഹമകറ്റാനുള്ള സൗകര്യമൊരുക്കും.


സ്‍ക‍ുൾ പ്രവർത്തനങ്ങൾ (2020-21)

സ്നേഹോത്സവം - 2020

സ്നേഹോത്സവത്തിന് തുടക്കമായി

    ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിൻ്റെ 75-ാം വാർഷികം വിദ്വേഷത്തിനെതിരെ സ്നേഹ സന്ദേശവുമായി സ്നേഹോത്സവം സംഘടിപ്പിക്കുന്നു. ആഗ: 6 മുതൽ 9 വരെ നീണ്ടു നിൽക്കുന്ന ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ശാരദ നിർവ്വഹിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ മുഖ്യാതിഥിയായി സ്നേഹ സന്ദേശം കൈമാറി. ഹെഡ്മാസ്റ്റർ ഏ.ജി.ശംസുദ്ദീൻ അധ്യക്ഷനായി. പി.പി.കുഞ്ഞിരാമൻ, പി.പി.അശോകൻ, .കെ.എൻ അബ്ദുൾ ഖാദർ ,കുമാരി റിയ ഫാത്തിമ എന്നിവർ ആശംസകളർപ്പിച്ചു. സ്നേഹവർണങ്ങൾ - ചിത്രരചനാ മത്സരവും യുദ്ധവിരുദ്ധ ചിത്രപ്രദർശനവും പ്രമുഖ ചിത്രകാരൻ ബജീഷ് വലിയപറമ്പ് നിർവ്വഹിച്ചു.എം.രാജേഷ് സ്വാഗതവും എ.സുനിത നന്ദിയും പറഞ്ഞു.തുടർന്നുള്ള ദിവസങ്ങളിൽ കഥയും കാര്യവും, സ്നേഹപ്പറവകൾ, യുദ്ധവിരുദ്ധ ചലച്ചിത്രമേള, സ്നേഹഗീതങ്ങൾ എന്നീ പരിപാടികളിൽ വിനോദ് കുട്ടമത്ത് ,പി.സി.സുബൈദ, ഏ.ജി.മുനീറ, കെ.ജി.സനൽഷ, വി.എസ്.ബിജുരാജ്, തുടങ്ങിയവർ അതിഥികളായെത്തും


വെള്ളക്കൊക്കുകളെയുണ്ടാക്കി സമാധാന സന്ദേശവാഹകരായി മാവിലാടത്തെ കുരുന്നുകൾ

        മാവിലാക്കടപ്പുറത്തെ കുരുന്നുകൾ വീടുകളിൽ നിന്ന് ഉണ്ടാക്കിയത് നൂറു കണക്കിന് സഡാക്കോ കൊക്കുകൾ. രക്ഷിതാക്കളും കൊക്ക് നിർമ്മാണത്തിൽ പങ്കാളികളായി. മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്നേഹോത്സവത്തിൻ്റെ രണ്ടാം ദിവസമായ ഇന്നലെ സ്നേഹപ്പറവകൾ പരിപാടിയുടെ ഭാഗമായാണ് കൊക്കുകളെയുണ്ടാക്കിയത്. ഓൺലൈനിൽ നടത്തിയ ഒറിഗാമി പരിശീലനത്തിന് ടി.മുഹമ്മദ് റഫീഖ് നേതൃത്വം നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി.സനൽഷ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.മുനീറ മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ എ.ജി.ശംസുദ്ദീൻ അധ്യക്ഷനായി. പാട്ടും കഥകളുമായി സുനിൽ കുന്നരു കുരുന്നുകളോടൊപ്പം ചേർന്നു.ഇ കെ.അബ്ദുൾ അസീസ്, പി.വി.യമുന, ഖാദർ പാണ്ഡ്യാല, അബ്ദുൾ റഷീദ്, എം.വി.സുരേന്ദ്രൻ, വിദ്യാർത്ഥികളായ അഭിറാം.വി.വി, മുഹമ്മദ് റാസിൽ എന്നിവർ ആശംസകളർപ്പിച്ചു.എം.സുന്ദരൻ സ്വാഗതവും എൻ.ഇസ്മയിൽ നന്ദിയും പറഞ്ഞു. സ്നേഹോത്സവത്തിൽ ഇന്ന് യുദ്ധവിരുദ്ധ ചലച്ചിത്രമേള നടക്കും.


കുഞ്ഞു സിനിമകൾ കുഞ്ഞു മനസ്സിൽ തീർത്തത് യുദ്ധവെറിക്കെതിരായ വികാരം

     ഏതാനും മിനുട്ടുകൾ മാത്രം ദൈർഘ്യമുള്ള കുഞ്ഞു സിനിമകളാണെങ്കിലും അവകുഞ്ഞുമനസ്സുകളിൽ യുദ്ധക്കൊതിരെയുള്ള വികാരമുണർത്തുന്നവയായിരുന്നു. ഹിരോഷിമ - നാഗസാക്കി അണുബോംബ് സ്ഫോടനത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂൾ ആഗ: 6 മുതൽ 9 വരെയായി നടത്തുന്ന സ്നേഹോത്സവത്തിൻ്റെ ഭാഗമായി ഇന്നലെ നടന്ന ഹ്രസ്വ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച സിനിമകൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സിനെ പിടിച്ചുലച്ചു.ചലച്ചിത്രമേള പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാധവൻ ഒരിയര ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.ജി.ശംസുദ്ദീൻ അധ്യക്ഷനായി. തിരക്കഥാകൃത്ത് വിനോദ് കുട്ടമത്ത് മുഖ്യാതിഥിയായി. സുഹറ.എം.സി, സി.കെ.സുമതി, കെ.സി.ഫൗസിയ, കെ.എം.സുരാഗ്, എം.ടി. ഷഫീഖ്, പി.പി.മനോജ്, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അമീൻ .കെ .സി എന്നിവർ ആശംസകളർപ്പിച്ചു.കെ.സുരേശൻ മാസ്റ്റർ സ്വാഗതവും ടി.വി.ശ്രുതി കൃഷ്ണൻ നന്ദിയും പറഞ്ഞു. യുദ്ധവിരുദ്ധ ഉള്ളടക്കമുള്ള മലയാള സിനിമകളെക്കൂടാതെ വിശ്വ പ്രസിദ്ധമായ Neighbours, OffSide, The Magicion എന്നീ അന്യഭാഷാചിത്രങ്ങളും പ്രദർശിപ്പിച്ചു. ഇന്ന് സ്നേഹോത്സവത്തിൻ്റെ സമാപനം നടക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം പി.സി.സുബൈദ ഉദ്ഘാടനം ചെയ്യും .തുടർന്ന് നടക്കുന്ന സ്നേഹഗീതം ഗ്രാമ പഞ്ചായത്തംഗം എം.കെ.എം.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും.


ഇരുന്നൂറിലധികം വീടുകളിൽ നിന്ന് ഒരേ സമയം ഉയർന്നത് മനുഷ്യ സ്നേഹത്തിന്റെ സംഗീതം

            മാവിലാക്കടപ്പുറത്തെ ഇരുന്നൂറിലധികം വീടുകളിൽ നിന്നായി ആയിരം കണ്ഠങ്ങൾ ഒരേ സമയം  മനസ്സു നന്നാവട്ടെയെന്ന് ഒത്തു പാടി.മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹോത്സവത്തിൻ്റെ അവസാന ദിവസമായ ഇന്നലെ നടന്ന 'സ്നേഹഗീതങ്ങൾ' പരിപാടിയിലാണ് അവിസ്മരണീയമായ മുഹൂർത്തമുണ്ടായത്. സ്കൂളിലെ അധ്യാപിക ഓൺലൈനിൽ പാടിക്കൊടുത്ത വരികൾ വീടുകളിൽ നിന്ന് കുട്ടികളും രക്ഷിതാക്കളും ഏറ്റു പാടി.കോവിഡ് ഭീതിയിൽ കൂട്ടിലടക്കപ്പെട്ട കുരുന്നുകൾക്ക് സമാശ്വാസത്തിൻ്റെ കൈത്തിരി പകർന്നു നൽകിയ നിരവധിഗാനങ്ങൾ ആലപിക്കപ്പെട്ടു. സ്നേഹോത്സവത്തിൻ്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം പി.സി.സുബൈദ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എം കെ എം അബ്ദുൾ ഖാദർ അധ്യക്ഷനായി. ചെറുവത്തൂർ ബി. പി.സി ബിജുരാജ് മത്സര വിജയികൾക്കുള്ള ഡിജിറ്റൽസർട്ടിഫിക്കറ്റ് വിതരണം ചെയ്തു.മുൻ ഹെഡ്മിസ്ട്രസ് പി.സുലോചന, എം.എ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ എം.അബ്ദുൾ റസാഖ് ,സി.ആർ.സി. കോ-ഓർഡിനേറ്റർ പി.കെ.ജുവൈരിയ, പി.ടി.എ.പ്രതിനിധികളായ അബ്ദുൾ ലത്തീഫ് ,ജയപ്രകാശ്  എന്നിവർ ആശംസകളർപ്പിച്ചു. പി.വി.മനോജ് കുമാർ സ്വാഗതവും എം.സി. ആയിഷ നന്ദിയും പറഞ്ഞു. സ്നേഹഗീതങ്ങളിൽ ഇസ്ഹാഖ് പന്ത്രണ്ടിൽ, പ്രകാശൻ കുതിരുമ്മൽ, ശാഫി മാവിലാടം, പ്രസന്ന ഉദിനൂർ, സത്യൻ ഉദിനൂർ, ഷൈജുപടന്ന, നീതു പടന്ന, മാസ്റ്റർ ഇബ്രാഹിം ശാഫി എന്നിവരോടൊപ്പം സ്കൂൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഗാനങ്ങൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ഏ.ജി.ശംസുദ്ദീൻ,ഏ.വി.ശ്രീലക്ഷ്മി, ഉഷ കണ്ണോത്ത്, എന്നിവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യ ദിനം - 2020 ആഗസ്ത് 15

വീട്ടുമുറ്റങ്ങളിൽ പ്രതിജ്ഞയും ദേശീയ ഗാനവും, ഓൺലൈൻ അസംബ്ലി ശ്രദ്ധേയമായി

      കേരളം കോവിഡിനു കീഴടങ്ങാതെ അതിജീവനത്തിൻ്റെ പുതുവഴികൾ തേടുമ്പോൾ മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ ഓൺലൈൻ അസംബ്ലി വേറിട്ട മാതൃകയായി. സ്വാതന്ത്ര്യദിനത്തിന് സ്കൂൾ മുറ്റത്ത് പതാക ഉയർത്തൽ ചടങ്ങ് നടക്കുമ്പോൾത്തന്നെ ഇരുന്നൂറിലധികം വരുന്ന കുട്ടികളുടെ വീട്ടുമുറ്റങ്ങളിലും അസംബ്ലി ചേർന്ന് പ്രതിജ്ഞയും ദേശീയ ഗാനവുമൊക്കെ അവതരിപ്പിച്ചു.ഓരോ വീട്ടിലെ കുട്ടികൾ ഒറ്റക്കായും അടുത്തടുത്ത വീട്ടിലെ കുട്ടികൾ ചേർന്നും സ്കൂൾ യൂണിഫോം ധരിച്ച് വീട്ടുമുറ്റത്ത് ഒത്തുചേർന്ന് സ്കൂൾ ലീഡറുടെ നിർദേശപ്രകാരം സ്കൂൾ അസംബ്ലിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഭംഗിയായി നിർവഹിച്ചു. രക്ഷിതാക്കളും വീട്ടുകാരും മിഠായി വിതരണം ചെയ്തും പായസം നൽകിയും കൂടെ കൂടി. ചില വീടുകളിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.ഈ കാര്യങ്ങളെല്ലാം സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചപ്പോൾ സ്കൂൾ മുറ്റത്ത് ഒത്തുകൂടി സ്വാതന്ത്ര്യദിനാഘോഷം നടത്തിയ പ്രതീതി ഉണ്ടായി. ഹെഡ്മാസ്റ്റർ എ ജി ശംസുദ്ദീൻ പതാക ഉയർത്തി. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മാധവൻ ഒരിയര, ഗ്രാമ പഞ്ചായത്തംഗം എം.കെ.എം.അബ്ദുൾ ഖാദർ എന്നിവർ ആശംസകളർപ്പിച്ചു.വൈകുന്നേരം നടന്ന സ്വാതന്ത്യ സന്ധ്യ രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ടി.അബ്ദുൾ ജബ്ബാർ അധ്യക്ഷനായി. റിട്ട. സുബേദാർ ഇ.നാരായണൻ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ഗ്രാമപഞ്ചായത്തംഗം സി.കെ.സുമതി, പി.ടി.എ പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ, വൈസ് പ്രസിഡണ്ട് എം.വി.സുരേന്ദ്രൻ, മദർ പി.ടി.എ പ്രസിഡണ്ട് പി.വി.യമുന, പി.ടി.എഎക്സി.കമ്മിറ്റിയംഗം ശ്രീജ, ക്ലബ്ബ് പ്രതിനിധികളായ റഹീം വളപ്പിൽ, പി.മനീഷ് ,വിദ്യാർത്ഥി പ്രതിനിധികളായ മർവ.പി, സഹൽ.പി. എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മാസ്റ്റർ എ.ജി.ശംസുദ്ദീൻ സ്വാഗതവും കെ സുരേശൻ നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന സ്വാതന്ത്ര്യ ഗീതങ്ങളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ഉഷ കണ്ണോത്ത്, ശ്രീലക്ഷ്മി.എ.വി, ആയിഷ.എം.സി. എന്നിവർ നേതൃത്വം നൽകി.ഇന്ന് രാത്രി 7.30 ന് സ്വാതന്ത്ര്യ ദിന മേഗസിൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് എം മഹേഷ് കുമാർ പ്രകാശനം ചെയ്യും. തുടർന്ന് സ്വാതന്ത്ര്യ പ്രശ്നോത്തരി നടക്കും.


'തീരം പറയുന്ന സ്വാതന്ത്ര്യവർത്താനങ്ങൾ' പ്രകാശനം ചെയ്തു

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂൾ ആഗ: 14,15,16 തിയ്യതികളിലായി നടത്തിയ സ്വാതന്ത്ര്യോത്സവം സമാപിച്ചു.സമാപന സമ്മേളനം വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാധവൻ ഒരിയര ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം.കെ.എം അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യേ)ത്സവവുമായി ബന്ധപ്പെട്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും സൃഷ്ടികൾ സമാഹരിച്ച് തയ്യാറാക്കിയ ഡിജിറ്റൽ മേഗസിൻ' തീരം പറയുന്ന സ്വാതന്ത്ര്യവർത്താനങ്ങൾ പ്രകാശനം ചെയ്തു.ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.മഹേഷ് കുമാർ പ്രകാശനം നിർവഹിച്ചു.എം.എ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ എം.അബ്ദുൾ റസാഖ്, ചെറുവത്തൂർ ബി.ആർ.സി.ട്രെയിനർ പി.വേണുഗോപാലൻ, പി.ടി.എ.എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.സി.ഫൗസിയ, ബീന ,സൗണ്ട് മാവിലാടം പ്രതിനിധി കെ.സി.ഇസ്മയിൽ, എസ്.വൈ.എസ്.സാന്ത്വനം പ്രതിനിധി എം ടി.സി. ജാബിർ, അധ്യാപക പ്രതിനിധി ശ്രുതി കൃഷ്ണൻ, സാംസ്കാരിക പ്രവർത്തകരായ സിദ്ദിഖ് പടന്ന, പ്രേമൻ കരിവെള്ളൂർ, വിദ്യാർത്ഥി പ്രതിനിധികളായ റിയ ഫാത്തിമ, ഷാനിബഎന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.എം.രാജേഷ് സ്വാഗതവും എൻ.ഇസ്മയിൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സ്വാതന്ത്ര്യ പ്രശ്നോത്തരിക്ക് കെ.സുരേശൻ മാസ്റ്റർ നേതൃത്വം നൽകി.

ഓണാഘോഷം - 2020

പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ഓണപ്പാട്ടോടുകൂടി 'മാവിലാടം മാവേലിയോടൊപ്പം 'ആരംഭിച്ചു

     മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 'മാവിലാടം മാവേലിയോടൊപ്പം 'വലിയപറമ്പത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ടി.അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന പ്രസംഗത്തിനു ശേഷം തിരുവോണ നാളിൻ്റെ മുറ്റത്ത്, പൊന്നൂഞ്ഞാലാടുന്ന നേരത്ത് എന്ന ഓണപ്പാട്ടു പാടിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.മദർ പി.ടി.എ പ്രസിഡണ്ട് പി.വി.യമുന അധ്യക്ഷയായി.ഓൺലൈൻ പാചക മത്സരത്തിൽ തെക്കില്ലം മാധവൻ നമ്പൂതിരി മുഖ്യാതിഥിയായി. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ ഓണക്കറികൾ, പായസം, പലഹാരങ്ങൾ എന്നിവ തയ്യാറാക്കുന്ന വിധം അവതരിപ്പിച്ചു. ബീച്ച് ഫ്രണ്ട്സ് വായനശാല സെക്രട്ടറി കെ.വി.വത്സൻ, രക്ഷാകർതൃ പ്രതിനിധി എം.ഭാനുമതി, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമത്ത് സഫ എന്നിവർ ആശംസകളർപ്പിച്ചു.സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയംഗം എ സുനിത ടീച്ചർ സ്വാഗതവും ഉച്ചഭക്ഷണ പദ്ധതി സ്റ്റാഫ് എം.കെ.സുനിത നന്ദിയും പറഞ്ഞു. ഇന്ന് വൈകുന്നേരം 4 മണി മുതൽ ഓണപ്പയമ എന്ന പേരിൽ വീട്ടുമുറ്റങ്ങിലൊത്തുചേർന്ന് ഓണക്കളികളും ഓണത്തിൻ്റെ ഓർമ്മകൾ പങ്കുവെക്കലും നടക്കും. തുടർന്ന് ഓണത്തുമ്പീ പാടൂ - ഓണപ്പാട്ടുകളുടെ അവതരണം നടന്നു.


വീട്ടുമുറ്റങ്ങൾ ഓണപ്പറമ്പുകളാക്കി 'മാവിലാടം മാവേലിയോടൊപ്പം '

         മാവിലാക്കടപ്പുറത്തെ നൂറിലധികം വീട്ടുമുറ്റങ്ങൾ ഇന്നലെ വൈകുന്നേരം 4 മണി മുതൽ ഓണപ്പറമ്പുകളായി മാറി.മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ ഓണാഘോഷ പരിപാടി 'മാവിലാടം മാവേലിയോടൊപ്പ'ത്തിൻ്റെ രണ്ടാം ദിവസമാണ് വീട്ടുമുറ്റങ്ങളിൽ ഓണക്കളികളും ഓണപ്പയ മകളുമായി ഒത്തുചേർന്നത്.വീട്ടുമുറ്റങ്ങളിൽ കുട്ടികളും മുതിർന്നവരും ഒത്തുചേർന്ന് കസേരക്കളി, മിഠായി പെറുക്കൽ, സ്പൂൺ വിത്ത് ലെമൺ, ബിസ്കറ്റ് ഈറ്റിംഗ് തുടങ്ങിയ മത്സരങ്ങളിൽ പങ്കു ചേർന്നു. വിജയികൾക്ക് രക്ഷിതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണപ്പയമ മുൻ സമഗ്ര ശിക്ഷ ജില്ല പ്രൊജക്ട് ഡയരക്ടർ എം.കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.ബാലചന്ദ്രൻ എരവിൽ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ എ.ജി.ശംസുദ്ദീൻ അധ്യക്ഷനായി. പി.ടി.എ.പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ, ഒരിയര യുനൈറ്റഡ് എഫ്.സി. പ്രതിനിധി ജിഷ്ണു ജനൻ, സീനിയർ അസിസ്റ്റൻറ് എം.സുന്ദരൻ, വിദ്യാർത്ഥി പ്രതിനിധി ദിൽഷ.കെ എന്നിവർ ആശംസകളർപ്പിച്ചു.കെ.സുരേശൻ മാസ്റ്റർ സ്വാഗതവും പി.ടി.സി.എം മാട്ടുമ്മൽ കണ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് ഓണപ്പാട്ടുകൾ കോർത്തിണക്കിയ ആരാദ്യം പാടും, ഗാനവിരുന്ന് എന്നീ പരിപാടികളും നടന്നു. വിദ്യാലയത്തിലെ ഓണാഘോഷ പരിപാടികൾ ഇന്ന് സമാപിക്കും. സമാപന സമ്മേളനം എം രാജ ഗോപാലൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നൃത്ത നിശ അരങ്ങേറും.


തീരദേശത്തെ വീടുകളിൽ നൂപുരധ്വനികളുണർന്നു, മാവിലാടത്ത് ഉത്സവാന്തരീക്ഷമൊരുക്കിയ 'മാവിലാടം മാവേലിയോടൊപ്പം ' സമാപിച്ചു

  മാവിലാക്കടപ്പുറത്തെ വീടുകളിൽ നിന്ന് ഇന്നലെ സന്ധ്യ മുതൽ കാൽച്ചിലങ്കകളുടെയും പാദചലനങ്ങളുടെയും കൈകൊട്ടിക്കളയുടെയും ശബ്ദം ഉയർന്നു കേട്ടു .മാ വിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ ഓണാഘോഷ പരിപാടി 'മാവിലാടം മാവേലിയോടൊപ്പ'ത്തിൻ്റെ സമാപന ദിവസമായ ഇന്നലെ രാത്രി നടന്ന ഓൺലൈൻ നൃത്ത വിരുന്നിനു വേണ്ടിയാണ് അകത്തളങ്ങളും വീട്ടു വരാന്തകളും നൃത്തവേദിയായി മാറിയത്.വീടുകളിൽ അവതരിപ്പിച്ച നൃത്തങ്ങൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ടി.വി.ചാനൽ ഷോകളിലൂടെ പ്രശസ്തനായ ജിതേഷ്മാവിലാടം നൃത്തവിരുന്ന് ഉദ്ഘാടനം ചെയ്തു. രാവിലെ മുതൽ പൂക്കള മത്സരം, പൂക്കള ചിത്രരചന, മാവേലി എഴുന്നള്ളത്ത്, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. സമാപന സമ്മേളനം എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എം.കെ.എം അബ്ദുൾ ഖാദർ അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡണ്ട് എം.വി.സുരേന്ദ്രൻ, മാവിലാടം വാർത്ത പ്രതിനിധി അജേഷ്.കെ.വി, തീരദേശ വാർത്ത പ്രതിനിധി സാലി മാടക്കാൽ, പന്ത്രണ്ടിൽ എ.കെ.ജി.ക്ലബ്ബ് സെക്രട്ടറി കെ മധു, മാവിലാടം വിജ്ഞാനദായിനി വായനശാല സെക്രട്ടറി ടി.വി രവി, വിദ്യാർത്ഥി പ്രതിനിധി ഇംറാൻ.കെ.യു എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മാസ്റ്റർ ഏ ജി ശംസുദ്ദീൻ സ്വാഗതവും ഉഷ കണ്ണോത്ത് നന്ദിയും പറഞ്ഞു

അധ്യാപകദിനം - 2020 സെപ്തംബർ 5

ഓർമ്മകളുടെ കടലിരമ്പം തീർത്ത്മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൽ 'ടീച്ചിങ്ങ് നോട്ട് ' അധ്യാപകദിനാഘോഷം

            വർഷങ്ങൾക്കു മുമ്പ് വിരമിച്ച അധ്യാപകരെയടക്കം മനസ്സുകൊണ്ട് ഒരിക്കൽക്കൂടി വിദ്യാലയത്തിലെത്തിച്ച് മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ അധ്യാപക ദിനാഘോഷം 'ടീച്ചിങ്ങ് നോട്ട് ' വികാരനിർഭരമായി മാറി.SYSമാവിലാക്കടപ്പുറം യൂണിറ്റിൻ്റെ സഹകരണത്തോടുകൂടിയാണ് അധ്യാപകദിനാഘോഷം സംഘടിപ്പിച്ചത്.വിദ്യാലയത്തിൻ്റെ ആദരവുമായി വീടുകളിലെത്തിയ അധ്യാപകർക്കു മുന്നിൽ ഓർമ്മകളുടെ കടലിരമ്പവുമായി പൂർവ അധ്യാപകർ വികാരനിർഭരരായപ്പോൾ ആ വിദ്യാലയ കാലം തന്നെ മനസ്സിൽ പുനർജനിക്കുകയായിരുന്നു. തോണിയിൽ കടവ് കടക്കാൻ പേടിയായതുകൊണ്ട് സ്ഥലം മാറ്റത്തിന് ശ്രമിച്ചതും മഴപെയ്ത് വെള്ളം ക്ലാസിലേക്ക് കയറുന്നത് തടയാൻ കുട്ടികൾ മണൽ കൂട്ടി അതിരുണ്ടാക്കിയതും കടലറിവിൻ്റെ അപാരശേഖരമായിരുന്ന തുരുത്തിക്കാരൻ കണ്ണേട്ടനും കടത്തുകാരൻ കണ്ണേട്ടനുമെല്ലാം മനസ്സിൽ നിറഞ്ഞു നിന്നു.ആദരസൂചകമായി പൊന്നാടയും ഉപഹാരവും വൃക്ഷത്തൈകളും സമ്മാനിച്ചു. അധ്യാപക ദിനാഘോഷ പരിപാടികൾ മുൻ അഡീഷണൽ വിദ്യാഭ്യാസ ഡയരക്ടർ സി.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.SYS തൃക്കരിപ്പൂർ സോൺ സെക്രട്ടറി അബ്ദുൾ ജലീൽ സഖാഫി അനുഗ്രഹഭാഷണം നടത്തി. മുൻ കാല അധ്യാപകൻ എ.വി.രാമൻ മാസ്റ്ററുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ വിദ്യാലയത്തിലേക്ക് സംഭാവന നൽകുന്ന പുസ്തകങ്ങൾ മകൻ ഏ.വി.സത്യനും ചെറുമകൾ ശ്രീലക്ഷ്മിയും ചേർന്ന് ഹെഡ്മാസ്റ്റർക്ക് കൈമാറി.ഒ.രാജഗോപാലൻ, പി.സുലോചന, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ മറുപടി പ്രസംഗം നടത്തി.വീടുകളിലെത്തി അധ്യാപകരെ ആദരിക്കുന്നതിന് ഹെഡ്മാസ്റ്റർ ഏ.ജി.ശംസുദ്ദീൻ, സീനിയർ അസിസ്റ്റന്റ് എം.സുന്ദരൻ, അധ്യാപകരായ കെ സുരേശൻ, പി.വി.മനോജ് കുമാർ, എ സുനിത, എം രാജേഷ്, എൻ.ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം നടന്ന ഓൺലൈൻ പരിപാടികൾ സി.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എം.കെ.എം.അബദുൾ ഖാദർ അധ്യക്ഷനായി. പി.ടി.എ.പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ, സഹചാരി വെളുത്ത പൊയ്യ വൈസ് പ്രസിഡണ്ട് എം.കെ.എം.ശംസുദ്ദീൻ, സാന്ത്വനം മാവിലാടം യൂണിറ്റ് ജനറൽ സെക്രട്ടറി എം.ടി.അബ്ദുൾ ഗഫൂർ, സീനിയർ അസിസ്റ്റൻറ് എ.സുന്ദരൻ, പൂർവ അധ്യാപകരായ കാർത്യായനി, എം.മഹമൂദ്, വി.ശശി, മുസ്തഫ, യൂസഫ്, പി.മുരളീധരൻ, ടി.വി.പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഏ.ജി.ശംസുദ്ദീൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ അധ്യാപകരായി കൈകാര്യം ചെയ്ത ഓൺലൈൻ ക്ലാസുകളുടെ അവതരണവും അധ്യാപകരുടെ വിദ്യാലയ സ്മരണകൾ പങ്കുവെക്കുന്ന ഓർമ്മകളിലെ മാവിലാടം എന്ന പരിപാടിയും രക്ഷിതാക്കൾ അവരുടെ അധ്യാപകരെ ഓർമ്മിക്കുന്ന ഹോം വർക്ക് എന്ന പരിപാടിയും നടന്നു. കുട്ടികൾക്കായി ആശംസാ കാർഡ് നിർമ്മാണം, വ്യക്തികളെ തിരിച്ചറിയൽ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

ഗാന്ധിജയന്തി - 2020 ഒക്ടോബർ 2

ഗാന്ധി സന്ദേശ പ്രചരണത്തിന് നാടിനെയാകെ കണ്ണി ചേർത്ത് മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ ഗാന്ധിജയന്തി ദിനാഘോഷം

        മാവിലാക്കടപ്പുറം: കോവിഡ് കാലത്തിൻ്റെ പരിമിതികൾക്കുള്ളിൽ നിന്ന് ഗാന്ധിജിയുടെ സന്ദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ വ്യത്യസ്തമായ വഴിയാണ് മാവിലാക്കപ്പുറം ഗവ: എൽ.പി.സ്കൂൾ തെരഞ്ഞെടുത്തത്. സ്കൂളിലെ മുഴുവൻ രക്ഷിതാക്കളുടെയും വാട്സാപ്പ് സ്റ്റാറ്റസുകൾ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സന്ദേശങ്ങളാക്കി മാറ്റുക എന്ന ആശയമാണ് വിദ്യാലയം നടപ്പിലാക്കിയത്.അതിനായി തലേ ദിവസം തന്നെ ഗാന്ധി വചനങ്ങളും ചിത്രങ്ങളും ചേർത്ത് അമ്പതോളം പോസ്റ്ററുകൾ നിർമ്മിച്ച് സ്കൂൾ ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു.ഇതോടൊപ്പം കുട്ടികളുടെ ഗാന്ധി വേഷത്തിലുള്ള ഫോട്ടോക ളും അവർ വരച്ച ചിത്രങ്ങളും ചേർത്താണ് രക്ഷിതാക്കൾ സ്റ്റാറ്റസുകൾ തയ്യാറാക്കിയത്. രക്ഷിതാക്കളോടൊപ്പം നാട്ടുകാരും സ്റ്റാറ്റസ് ക്വാമ്പെയ്ൻ ഏറ്റെടുത്തു. ഒക്ടോബർ 1, 2 തിയ്യതികളിലായി നടന്ന ദിനാഘോഷത്തിൻ്റെ ഭാഗമായി ചിത്രരചന, കഥ പറയൽ, ഗാന്ധിതൊപ്പി നിർമ്മാണം, പതിപ്പ് നിർമ്മാണം,ക്വിസ് മത്സരം, അനുസ്മരണം, കവിതാലാപനം, ഫോട്ടോ പ്രദർശനം എന്നിവയും നടന്നു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്തംഗം എം.കെ.എം.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിർമൽകുമാർ കാടകം അനുസ്മരണ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ എ.ജി.ശംസുദ്ദീൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡണ്ട് പി.പി .കുഞ്ഞിരാമൻ, മദർ പി.ടി.എ പ്രസിഡണ്ട് പി.വി.യമുന, അബ്ദുൾ അസീസ് എന്നിവർ ആശംസകളർപ്പിച്ചു. സീനിയർ അസിസ്റ്റൻറ് എം.സുന്ദരൻ സ്വാഗതവും എ.വി.ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.

ഗണിത സല്ലാപം - 2020 ഒക്ടോബർ 14

അധ്യാപകരെയടക്കം അമ്പരപ്പിച്ച് കാർത്തികിൻ്റെ ഗണിത സല്ലാപം

മാവിലാക്കടപ്പുറം: മാവിലാക്കപ്പുറം ഗവ: എൽ.പി.സ്കൂൾ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ആറാം ക്ലാസുകാരൻ കാർത്തിക് നടത്തിയ ഗണിത സല്ലാപം കുട്ടികളിലും അധ്യാപകരടക്കമുള്ള മുതിർന്നവരിലും ഒരുപോലെ അമ്പരപ്പുളവാക്കി.നാലക്ക സംഖ്യകളുടെ ഗുണന ക്രിയകളടക്കം ചെയ്ത് ഉത്തരം പറയാൻ കാർത്തി കെടുത്തത് ചോദ്യം പറഞ്ഞു തീരാനുള്ള സമയം മാത്രം.നൂറു വർഷം മുമ്പുള്ളതും അടുത്ത നൂറു വർഷത്തിനുള്ളിലുള്ളതുമായ തീയതികൾ പറഞ്ഞാൽ ഉടൻ തന്നെ അത് ഏത് ദിവസമാണെന്ന് കാർത്തിക് പറയും .മക്കളുടെ ജനന തീയ്യതി പറഞ്ഞപ്പോൾ ജനിച്ച ദിവസം കൃത്യമായി പറഞ്ഞത് കേട്ട് രക്ഷിതാക്കൾ അത്ഭുതപ്പെട്ടു. വിസ്മയ പ്രകടനങ്ങൾക്കു ശേഷം അതിനു പിന്നിലെ സൂത്രങ്ങളും കാർത്തിക് വിശദീകരിച്ചു. പിന്നീട് കാർത്തിക് ചോദിച്ച ചോദ്യങ്ങൾക്ക് കുട്ടികളും നിമിഷ നേരം കൊണ്ട് ഉത്തരം കണ്ടെത്തി പറഞ്ഞു. ഗണിതത്തിൽ താത്പര്യം തോന്നാനിടയാക്കിയ കാര്യങ്ങളും ഗണിതാധ്യാപകനാകണമെന്ന ആഗ്രഹവുമെല്ലാം കുട്ടികളുമായുള്ള സല്ലാപത്തിനിടയിൽ കാർത്തിക് പങ്കുവെച്ചു. അന്നൂർ യു.പി‌.സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന കാർത്തിക് നാലാം ക്ലാസ് മുതൽ ഇത്തരം ഗണിത സദസ്സുകളിൽ അവതരണം നടത്തി വരുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലും ക്ലബ്ബുകളിലുമായി ഇതിനകം 230 ൽ അധികം ക്ലാസുകൾ കൈകാര്യം ചെയ്തു. പയ്യന്നൂർ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ പിതാവ് അപ്യാൽ രാജൻ മാസ്റ്ററും കുട്ടികളുമായി സംവദിച്ചു.ചെറുവത്തൂർ ബി.പി.സി .വി.എസ്.ബിജരാജ് ഗണിത ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പാഠപുസ്തക സമിതി കോർ കമ്മിറ്റിയംഗം എം.കുഞ്ഞബ്ദുള്ള മുഖ്യാ തിഥിയായി. ഹെഡ്മാസ്റ്റർ ഏ.ജി.ശംസുദ്ദീൻ അധ്യക്ഷനായി. അധ്യാപകരായ ടി.മുഹമ്മദ് റഫീഖ്, എം.രാജേഷ്, കെ.സുരേശൻ എന്നിവർ സംസാരിച്ചു.

'സിബാക്' അറബിക് ഫെസ്റ്റ് - 2020 ഒക്ടോബർ 17, 18

വിജയികളെ അനുമോദിച്ചു

മാവിലാകടപ്പുറം: സംസ്ഥാന തലത്തിൽ നടത്തിയ അറബിക് ടാലൻ്റ് ടെസ്റ്റ് -അലീഫ് പരീക്ഷയിൽ A ഗ്രേഡ് നേടിയ കുട്ടികളെ അനുമോദിച്ചു. മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂളിലെ 16 കുട്ടികൾക്കാണ് ഇത്തവണ A ഗ്രേഡ് ലഭിച്ചത്.സ്കൂളിൽ നടന്നുവരുന്ന സിബാക്ക് ഓൺലൈൻ അറബിക് കലോത്സവത്തിൻ്റെ ഉദ്ഘാടന പരിപാടിയോടനുബന്ധിച്ചാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.സർട്ടിഫിക്കറ്റുകളും ട്രോഫികളും ഓൺലൈനായിത്തന്നെ വിജയികൾക്ക് സമ്മാനിച്ചു.സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ടി.പി.ഹാരിസ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ എ.ജി.ശംസുദ്ദീൻ അധ്യക്ഷനായി.ചെറുവത്തൂർ എ.ടി.സി.സെക്രട്ടറി ആശിഖ് നിഷാമി, പി.ടി.എ പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ, അധ്യാപകരായ പി.വി.മനോജ് കുമാർ, എ.സുനിത, എം.സി. ആയിഷ ,വിദ്യാർത്ഥി പ്രതിനിധി അബ്ദുറഹ്മാൻഎന്നിവർ ആശംസകളർപ്പിച്ചു. സീനിയർ അസിസ്റ്റൻ്റ് എം.സുന്ദരൻ സ്വാഗതവും അറബി അധ്യാപകൻ എൻ.ഇസ്മയിൽ നന്ദിയും പറഞ്ഞു. സിബാക്ക് കലോത്സവം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ മുതൽ അറബിക് കാലിഗ്രാഫി, അറബിക് ഗാനം, അറബിക് രാഗകേളി, അറബിക് ഫാമിലി ക്വിസ് എന്നിവ നടന്നു.

കേരളപ്പിറവി - 2020 നവംബർ 1

കോവിഡ് കാലം ഉത്സവകാലമാക്കി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂൾ

  മാവിലാക്കടപ്പുറം: കോവിഡ് ഭീതിയിൽ വീടുകളിൽ തളച്ചിടപ്പെട്ട ബാല്യങ്ങൾക്ക് ആത്മവിശ്വാസവും ആനന്ദവും പകരുന്നതോടൊപ്പം വിദ്യാലയാനുഭവങ്ങൾ വീടുകളിലെത്തിക്കുവാൻ കൂടി സാധിക്കുന്ന വിധത്തിൽ കോവിഡ് കാലത്തെ ഉത്സവകാലമാക്കി മാറ്റുകയാണ് മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ. പ്രതിസന്ധികളെ അവസരമാക്കി മാറ്റുകയെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയാണ് ഈ തീരദേശ വിദ്യാലയം. ദിനാചരണങ്ങളും ആഘോഷങ്ങളും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരേ പോലെ വീട്ടിലിരുന്ന് ആഘോഷിക്കാനുള്ള അവസരങ്ങളാണ് ഒരുക്കിയത്. സ്നേഹോത്സവം, സ്വാതന്ത്ര്യോത്സവം, ടീച്ചിങ്ങ് നോട്ട്, മാവിലാടം മാവേലിയോടൊപ്പം, സി ബാക്ക് - അറബിക് ഫെസ്റ്റ് തുടങ്ങി ഓരോ പരിപാടികളും രണ്ടും മൂന്നും ദിവസം നീണ്ടു നിൽക്കുന്ന വിധത്തിലാണ് നടപ്പിലാക്കിയത്. അറബിക് ഫെസ്റ്റിന് സമാപനം കുറിച്ച് നടന്ന ഇശൽ നൈറ്റിൽ പ്രശസ്തരായ നിരവധിഗായകർ ഗാനങ്ങൾ അവതരിപ്പിച്ചു. കേരളപ്പിറവി ദിനാഘോഷം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാധവൻ ഒരിയര ഉദ്ഘാടനം ചെയ്തു.വി.വി.ഉത്തമൻ പ്രഭാഷണം നടത്തി.പി.കെ.സരോജിനി,പി..മുരളീധരൻ, എം.ഉണ്ണിക്കൃഷ്ണൻ, എ.വി.സുനിത, ശ്രുതി. ടി.വി, വി.വി.അബ്ദുൾ സലാം, എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം എം.കെ.എം.അബ്ദുൾ ഖാദർ അധ്യക്ഷനായി.ഹെഡ്മാസ്റ്റർ എ ജി.ശംസുദ്ദീൻ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് എം സുന്ദരൻ നന്ദിയും പറഞ്ഞു. തുടർന്ന് കേരള മെഗാ ക്വിസ് നടത്തി. ഇന്ന് ഭൂപട നിർമാണവും നാളെ  പ്രസംഗ മത്സരവും നടക്കും.

ശിശുദിനം - 2020 നവംബർ 14

ഒറ്റപ്പെടലിൻ്റെ വേദനയും കൂടിച്ചേരലിൻ്റെ സന്തോഷവും പങ്കുവെച്ച് മാവിലാക്കപ്പുറം എൽ .പി .സ്കൂളിൽ ചിൽഡ്രൻസ് മീറ്റ്

    മാവിലാക്കടപ്പുറം: ഒൻപത് മാസത്തിലേറെക്കാലമായി പരസ്പരം കാണാനാവാതെ ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്ന കൂട്ടുകാർ ഓൺലൈനിൽ ഒത്തുചേർന്നപ്പോൾ പങ്കുവെച്ചത് കോവിഡ് കാലത്തെ അനുഭവങ്ങളും ഒറ്റപ്പെടലിൻ്റെ വേദനയും .എപ്പോഴാണ് ഇനി എല്ലാവർക്കും ഒത്തുചേർന്ന് ക്ലാസ് മുറിയിൽ ഇരിക്കാനാവുക എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക.വീട്ടുവിശേഷങ്ങളും കൊച്ചുവർത്തമാനങ്ങളുമായി ഒരു മണിക്കൂറിലേറെ സമയം ചെലവഴിച്ച് പിരിയുമ്പോൾ എല്ലാവർക്കും മനസ്സുനിറയെ സ്നേഹവും സന്തോഷവും .മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചിൽഡ്രൻസ് മീറ്റിലാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. ഓരോ ക്ലാസിലെയും കുട്ടികൾക്ക് ഗൂഗിൾ മീറ്റിലൂടെ ഒത്തുചേരാനുള്ള അവസരമാണ് ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിക്കൊടുത്തത്. ചെറുവത്തൂർ ബി.ആർ.സി. പ്രോഗ്രാം കോർഡിനേറ്റർ വി.എസ്.ബിജുരാജ് ഉദ്ഘാടനം ചെയ്തു.മൂന്ന് ദിവസമായി നടന്ന ശിശുദിനത്തിൻ്റെ ഭാഗമായി ബാലോത്സവം എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോമഡി ഉത്സവത്തിലൂടെ പ്രശസ്തനായ കൊച്ചു ഗായകൻ ഗോകുൽ രാജ് ഉദ്ഘാടനം ചെയ്തു.SSK ജില്ലാ പ്രൊജക്ട് ഓഫീസർ പി.രവീന്ദ്രൻ സ്കൂളിൻ്റെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു.നെഹ്റു അനുസ്മരണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി.സനൽഷ ഉദ്ഘാടനം ചെയ്തു.വിനയചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളുടെ കലാവിരുന്ന്, ഫോട്ടോ കൊളാഷ്, ഒറിഗാമി, പ്രശ്നോത്തരി, ചാച്ചാജിക്കൊരു കത്ത് തുടങ്ങിയ വിവിധ പരിപാടികൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകി. സമാപന സമ്മേളനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ കെ.വി.പുഷ്പ ഉദ്ഘാടനം ചെയ്തു.പി.പി.കുഞ്ഞിരാമൻ, പി.വി.യമുന, പി..കെ.സരോജിനി, എം.അബ്ദുൾ റസാഖ്, ഹെഡ്മാസ്റ്റർ ഏ.ജി.ശംസുദ്ദീൻ, സീനിയർ അസിസ്റ്റൻറ് എ.സുന്ദരൻ, പ്രോഗ്രാം കോർഡിനേറ്റർ എ .സുനിത എന്നിവർ സംസാരിച്ചു.

പുതുവത്സരാഘോഷം - 2020 ഡിസംബർ 29

പുതുവത്സരാശംസകളുമായി അധ്യാപകർ വീടുകളിലെത്തി, ആശംസാ കാർഡുകൾ നൽകി  കുട്ടികൾ വരവേറ്റു

മാവിലാക്കടപ്പുറം: കോവിഡ് കാരണം കൂട്ടിലടക്കപ്പെട്ട പോലെ വീടുകളിൽ കഴിയുന്ന കുരുന്നുകളെ കണ്ട് ആത്മവിശ്വാസം പകരാനും പുതുവത്സരാശംസകൾ കൈമാറാനുമായി മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ അധ്യാപകർ വീടുകളിലെത്തി. പ്രിയപ്പെട്ട അധ്യാപകർ തങ്ങളെ കാണാൻ വരുന്നുണ്ടെന്ന് വാട്സാപ്പ് ഗ്രൂപ്പിലൂടെ വിവരം കിട്ടിയ കുട്ടികൾ മനോഹരമായ ആശംസാ കാർഡുകൾ തയ്യാറാക്കിയാണ് അവരെ കാത്തിരുന്നത്. സ്കൂളിൻ്റെ സമ്മാനമായി ആശംസാ കാർഡുകളും മിഠായികളും കുട്ടികൾക്ക് സമ്മാനിച്ചു. അധ്യാപകരുടെ ഗൃഹസന്ദർശനം കുട്ടികളിൽ അതിയായ സന്തോഷവും ആത്മവിശ്വാസവും ഉണ്ടാക്കി. ഇടയ്ക്കിടെ വീട്ടിൽ വരണമെന്ന് ക്ഷണിച്ചു കൊണ്ടാണ് അവർ അധ്യാപകരെ യാത്രയാക്കിയത്.ഗൃഹസന്ദർശന പരിപാടി ഒരിയരയിൽ ഗ്രാമപഞ്ചായത്തംഗം എം.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ ജി.ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.എം.സുന്ദരൻ, കെ.സുരേശൻ, എൻ.ഇസ്മയിൽ, എം.രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.

പ്രതിഭാ കേന്ദ്രത്തിൽ പഠനോപകരണ വിതരണം - 2021 ജനുവരി 23

പഠനോപകരണ കിറ്റ് വിതരണം ചെയ്തു

   മാവിലാക്കപ്പുറം: സമഗ്ര ശിക്ഷ കേരള, ചെറുവത്തൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഒരിയര പ്രാദേശിക പ0ന കേന്ദ്രത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഇ.കെ.മല്ലിക അധ്യക്ഷയായി. മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ എ.ജി.ശംസുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.ബി.ആർ.ബി.ട്രെയിനർ പി.കെ.സരോജിനി, മാവിലാക്കടപ്പുറം എം.എ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ എം.അബ്ദുൾ റസാഖ്, ഗവ: എൽ.പി.സ്കൂൾ അധ്യാപകൻ കെ.സുരേശൻ, പി.വി.മനോജ് കുമാർ, എം രാജേഷ്, വിദ്യാഭ്യാസ വളണ്ടിയർ എം ഷിനോജ് എന്നിവർ ആശംസകളർപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം എം.അബ്ദുൾ സലാം സ്വാഗതവും കുമാരി അതുല്യ അജയൻ നന്ദിയും പറഞ്ഞു.

റിപ്പബ്ലിക് ദിനം - 2021 ജനുവരി 26

റിപ്പബ്ലിക് ദിനത്തിൽ മാവിലാടത്തെ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് പറഞ്ഞു - We The People of India

     ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ട് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക്  തുടക്കം കുറിച്ച് മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ. We The People of India എന്ന പേരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ ജി.ഷംസുദ്ദീൻ അധ്യക്ഷനായി.എം.രാജേഷ് മാസ്റ്റർ ഭരണഘടനയുടെ ആമുഖം വായിച്ചു കൊടുത്തു.വിദ്യാർത്ഥികളും രക്ഷിതാക്കളും അവരുടെ വീടുകളിലിരുന്ന് ഏറ്റുചൊല്ലി. ഗ്രാമപഞ്ചായത്തംഗങ്ങളായ ഹസീന ടീച്ചർ, ബുഷ്റ എം.ടി., പി.ടി.എ പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ എന്നിവർ ആശംസകളർപ്പിച്ചു.സ്കൂൾ ലീഡർ മറിയംബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. ലഘു പ്രസംഗം, ചിത്രരചന, നൃത്തശില്പം തുടങ്ങി വിവിധ പരിപാടികൾ നടന്നു.

ഗാന്ധിയോർമ്മ- 2021 ജനുവരി 30

ഗാന്ധിയോർമ്മ സംഘടിപ്പിച്ചു

മാവിലാക്കടപ്പുറം: ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൽ ഗാന്ധിയോർമ - അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇ.കെ മല്ലികയുടെ അധ്യക്ഷതയിൽ ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി.സനൽഷ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഖാദർ പാണ്ഡ്യാല, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.അബ്ദുൾ സലാം, വി.മധു, മദർ പി.ടി.എ പ്രസിഡണ്ട് പി.വി.യമുന, അധ്യാപകരായ പി.വി.മനോജ് കുമാർ, എം രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.എം.സുന്ദരൻ മാസ്റ്റർ സ്വാഗതവും കെ.സുരേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഗാന്ധി -വരയും വരിയും പരിപാടിയിൽ കുട്ടികൾ ഗാന്ധി ചിത്രങ്ങൾ വരച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഗാന്ധി കവിതകച്ചും ഗാനങ്ങളും അവതരിപ്പിച്ചു

പഠന വീട് ശില്പശാല - 2021 ഫെബ്രുവരി 21

വിദ്യാഭ്യാസ ശില്പശാലയും ജനപ്രതിനിധികൾക്ക് സ്വീകരണവും

മാവിലാക്കടപ്പുറം : മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൽ വിദ്യാഭ്യാസ ശില്പശാലയും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഓൺലൈൻ പഠനത്തിന്റെ പരിമിതികൾ മറികടന്ന് മുഴുവൻ കുട്ടികളും പഠനനേട്ടങ്ങൾ നേടി എന്നുറപ്പുവരുത്തുന്നതിനായുള്ള വിദ്യാഭ്യാസ പദ്ധതിക്ക് ശില്പശാല രൂപം കൊടുത്തു.ജനകീയ പിന്തുണയോടെ 40 പഠനവീടുകൾ ആരംഭിച്ച്  5 വീതം കുട്ടികൾക്ക് വിദ്യാഭ്യാസവളണ്ടിയറുടെ നേതൃത്വത്തിൽ പഠന പിന്തുണ നൽകുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. മാർച്ച് ആദ്യവാരം പഠനവീടുകൾ പ്രവർത്തനമാരംഭിക്കും. പ്രൊജക്ടിന്റെ കരട് രൂപരേഖ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർക്ക് കൈമാറി വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. സജീവൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ. മല്ലിക അധ്യക്ഷയായി. എം. രാജേഷ് പദ്ധതി അവതരണം നടത്തി. ജനപ്രതിനിധികൾക്കുള്ള ഉപഹാരങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി. സനൽഷ വിതരണം ചെയ്തു. എം.അബ്ദുൾ റസാഖ് മാസ്റ്റർ അനുമോദന പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ ,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഖാദർ പാണ്ഡ്യാല, കെ. മനോഹരൻ , ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.അബ്ദുൾ സലാം, വി.മധു , എം.ടി.ബുഷറ കെ.അജിത,മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ എം.കെ.എം.അബ്ദുൾ ഖാദർ, സുമ കണ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ ഏ.ജി. ശംസുദ്ദീൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എം. സുന്ദരൻ നന്ദിയും പറഞ്ഞു.

വളണ്ടിയർ പരിശീലനം - 2021 മാർച്ച് 13

പഠനവീട്‌ വളണ്ടിയർമാർക്ക് പരിശീലനവും ഉപകരണങ്ങളുടെ വിതരണവും നടത്തി

മാവിലാക്കടപ്പുറം : മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൽ ഓൺലൈൻ പഠനത്തിന്റെ പരിമിതികൾ മറികടക്കുന്നതിനായി നടപ്പിലാക്കുന്ന പഠന വീട് പദ്ധതിയുടെ വിദ്യാഭ്യാസ വളണ്ടിയർ മാർക്കുള്ള പരിശീലനവും പഠനവീടുകളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണവും കാസർഗോഡ് ഡയറ്റ് ലക്ചറർ വിനോദ് കുമാർ കുട്ടമത്ത് നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ഏ.ജി. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ ആശംസയർപ്പിച്ചു.  എം.സുന്ദരൻ, കെ.സുരേശൻ , മുഹമ്മദ് റഫീഖ്, എ. സുനിത, ഉഷ കണ്ണോത്ത്, എം.രാജേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

പ0ന വീട് ഉദ്ഘാടനം - 2021 മാർച്ച് 14

നാട്ടു കൂട്ടായ്മയിൽ നാൽപത് പഠനവീടുകൾ ; മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിന്റേത് അതിജീവനത്തിന്റെ വേറിട്ട മാതൃക

മാവിലാക്കടപ്പുറം : ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടക്കുന്നതിന് മാറിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ നടപ്പിലാക്കുന്ന പഠനവീടുകൾ പദ്ധതിക്ക് തുടക്കമായി. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം മുൻ സംസ്ഥാന കോർഡിനേറ്ററും സ്കോൾ കേരളയുടെ എക്സിക്യൂട്ടീവ് ഡയരക്ടറുമായ ഡോ.രതീഷ് കാളിയാടൻ ഉദ്ഘാടനം ചെയ്തു. മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ ആവിഷ്കരിച്ച പഠനവീടുകൾ എന്ന ആശയം നാളെ കേരളം ഏറ്റെടുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് ഭീതിയിൽ വിദ്യാലയങ്ങൾ അടച്ചപ്പോൾ ഓൺലൈൻ ക്ലാസുകൾ ഒരു പരിധി വരെ കുട്ടികൾക്ക് പ്രയോജനപ്രദമായിട്ടുണ്ട്. എന്നാൽ അതിന് ഒട്ടേറെ പരിമിതികൾ ഉണ്ട്. ആ പരി മിതികൾ മറികടക്കുന്നതിന് വേണ്ടി നാട്ടുകാരുടെ കൂട്ടായ്മയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിലെ വിദ്യാഭ്യാസപ്രവർത്തകർ ശ്രദ്ധിക്കുക തന്നെ ചെയ്യും. വിനോദ സഞ്ചാരത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ പറമ്പ് നാളെ മാവിലാക്കടപ്പുത്തെ വിദ്യാഭ്യാസ പദ്ധതിയുടെ പേരിൽക്കൂടി ശ്രദ്ധിക്കപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കു വെച്ചു. മാവിലാക്കടപ്പുറം പുലിമുട്ടിന് സമീപം പഠനവീടായി തെരഞ്ഞെടുത്ത ഒന്നാം ക്ലാസിലെ നിവേദിന്റെയും അമേയ സാബുവിന്റെയും വീട്ടുമുറ്റത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് പി.പി.കുഞ്ഞിരാമൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കാദർ പാണ്ഡ്യാല, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.അബ്ദുൾ സലാം, ഹസീന ടീച്ചർ, വി.മധു , എം.എ.യു.പി. ഹെഡ് മാസ്റ്റർ അബ്ദുൾ റസാഖ് എന്നിവർ  സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ഏ.ജി. ശംസുദ്ദീൻ സ്വാഗതവും  വാർഡ് വിദ്യാഭ്യാസ സമിതി കൺവീനർ പി.വി. മനോജ് കുമാർ നന്ദിയും പറഞ്ഞു.

         സ്കൂളിന്റെ പരിധിയിലുള്ള 5 വാർഡുകളിലായി ഒരുക്കിയ 40 പഠനവീടുകളിൽ 210 കുട്ടികൾ ഇനിയുള്ള ദിവസങ്ങളിൽ അധ്യയനം നടത്തും. അധ്യാപകരായി സേവന സന്നദ്ധരായ വളണ്ടിയർമാരാണ് പ്രവർത്തിക്കുക. വിദ്യാർത്ഥികൾ, അധ്യാപകപരിശീലനം നേടിയവർ, ബിരുദധാരികൾ തുടങ്ങി വ്യത്യസ്ത വിദ്യാഭ്യാസയോഗ്യതയുള്ള വളണ്ടിയർമാർക്ക് സ്കൂളിലെ അധ്യാപകർ തയ്യാറാക്കിയ പ്രവർത്തന പാക്കേജും പരിശീലനവും നൽകിയാണ് ക്ലാസെടുക്കാൻ സജ്ജരാക്കിയത്. വളണ്ടിയർ പരിശീലനത്തിന്റെ ഉദ്ഘാടനം ഡയറ്റ് ലക്ചറർ  വിനോദ് കുട്ടമത്ത്  പഠനവീടുകളിലേക്കുള്ള സാമഗ്രികൾ  ഒന്നാമത്തെ പഠനവീടിന്റെ വളണ്ടിയർ പ്രിയ ബിനീഷിന് നൽകി നിർവഹിച്ചു. ദിവസം രണ്ട് മണിക്കൂർ വീതം 60 ദിവസങ്ങളിൽ ക്ലാസുകൾ നടക്കും. ഓരോ ദിവസവും നൽകുന്നവർക് ഷീറ്റുകളിലൂടെ വിലയിരുത്തൽ നടത്തി ജൂൺ 1 ന് വിജയ പ്രഖ്യാപനം നടത്തുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. വാർഡ് മെമ്പർ ചെയർമാനായിട്ടുള്ള വാർഡ് വിദ്യാഭ്യാസ സമിതികളാണ് പഠനവീടുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

സ്‍ക‍ുൾ പ്രവർത്തനങ്ങൾ (2019-20)

വായനാ വാരാചരണവും യോഗ ദിനാചരണവും - 2019 ജൂൺ 21

വായനാ വാരാചരണത്തിന്റെ ഭാഗമായി 2019 ജൂൺ 21 ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകൻ നാറോത്ത് ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ എം.കെ.എം. അബ്ദുർഖാദർ അധ്യക്ഷനായി. കണ്ണൻ മാട്ടുമ്മൽ യോഗ പ്രദർശനം നടത്തി.

ഓണാഘോഷം - 2019 സെപ്തംബംർ 6

2019 ലെ