യു.പി.എസ്. അയിരക്കുഴി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
മനുഷ്യലോകം വിവിധരോഗങ്ങളാൽ പരീക്ഷിക്കപ്പെടുകയാണ്. രോഗമൊരു അനിർവചനീയ പ്രതിഭാസമാണെന്നാണ് ആനുകാലിക സംഭവങ്ങൾ നൽകുന്ന പാഠം. കാൻസർ, ട്യൂമർ, ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങി ധാരാളം രോഗങ്ങൾ നമുക്ക് പരിചിതമാണ്. അടുത്ത കാലങ്ങളിലായി ഡങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ നാം കേട്ടിട്ടുണ്ട്. നിപ്പയും, അവസാനമായി കൊറോണ വൈറസ് (കോവിഡ് 19) പോലുള്ള മഹാമാരികൾ കൊണ്ട് ലോകം വിറങ്ങലിച്ചുനിൽക്കുകയാണ്. കൊറോണ എന്ന ആളുകളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ലക്ഷക്കണക്കിനുപേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണസംഖ്യ ഇനിയും ഉയർ ന്നേക്കുമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളം. അതിൽ അത്ഭുതപ്പെടാനില്ല. പുറംലോകവുമായി മലയാളികളോളം ബന്ധപ്പെടുന്ന മറ്റൊരു ജനവിഭാഗം ഇന്ന് രാജ്യത്തില്ല. അടുത്തകാലത്ത് പല ദുരന്തങ്ങളും നേരിട്ട ജനങ്ങളും, ആരോഗ്യഭരണ സംവിധാനങ്ങളും അവസരത്തിനൊത്തുയർന്നു പ്രവർത്തിച്ചതിന്റെ ഫലമായി മറ്റേതു സംസ്ഥാനത്തെക്കാളും ഭംഗിയായി ഈ മഹാമാരിയെ നിയന്ത്രിച്ചു നിർത്താൻ കേരളത്തിനായി. ഈ വസ്തുത പരക്കെ അംഗീകരിക്കപ്പെടുകയും ആരോഗ്യമന്ത്രി K.K ശൈലജ ടീച്ചർ ഉൾപ്പെടെയുള്ള സർക്കാർ സംസ്ഥാനത്തിനകത്തും, പുറത്തുമുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങിക്കൊ ണ്ടിരിക്കുകയുമാണ്. ലോകം മുഴുവൻ കോവിഡ് 19-നെതിരായ പ്രവർത്തനങ്ങളിൽ മുഴുകിയ സന്ദർഭമാണിത്. മനുഷ്യഹൃദയമുള്ളവരെയെല്ലാം വേദനിപ്പിക്കുന്ന വാർത്തകളാണ് ലോകത്തിന്റെ മിക്ക കോണുകളിൽനിന്നും ദിനേന വരുന്നത്. ഈ സാഹചര്യത്തിൽ ഈ വൈറസ് ബാധയുടെ പ്രതിവിധി എന്താണെന്ന് നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൊറോണ വൈറസിന് വാക്സിനേഷനോ, പ്രതിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ടുതന്നെ കൊറോണ പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്. പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളുമായോ, രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് കഴുകുക. കോവിഡ് 19 ലോകത്താകെ പടരുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ ആയുധം സോപ്പുതന്നെ. സോപ്പുകൊണ്ട് നന്നായി, ചുരുങ്ങിയത് ഇരുപത് സെക്കന്റ് എങ്കിലും കൈ കഴുകിയാൽ കൈയ്യിൽ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകളെ കൊല്ലാനും അതുവഴി രോഗം വരുന്നത് തടയാനും കഴിയും. സോപ്പ്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, കൈയ്യുറകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, പനി -ചുമ -ജലദോഷം -തൊണ്ടവേദന -ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെടുന്നവർ ക്വാറന്റൈനിൽ കഴിയുക, രോഗം സ്ഥിരീകരിക്കപ്പെട്ടവർ ഐസൊലേഷനിൽ കഴിയുക, വ്യക്തമായ കാരണങ്ങൾ ഇല്ലാതെ യാത്ര ചെയ്യാതിരിക്കുക, കേന്ദ്ര -സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ലോക്ക്ഡൗൺ തുടങ്ങിയവ കോവിഡ് 19 എന്ന ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ്.ഈ വിഷയത്തിൽ സർക്കാരിന്റെയും, ആരോഗ്യപ്രവർത്തകരുടെയും, സന്നദ്ധസേവകരുടെയും പ്രവർത്തനങ്ങൾ വളരെ പ്രശംസയർഹിക്കുന്നതാണ്. കോവിഡ് 19 പ്രതിരോധത്തിൽ ലോകരാജ്യങ്ങൾ കേരളത്തെ പ്രശംസിക്കുകയുണ്ടായി. കോവിഡ് വ്യാപനത്തിന്റെയും, മരണത്തിന്റെയും കാര്യത്തിൽ ചൈന, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾക്ക് പിന്നിൽ ഏഷ്യയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഈ സാഹചര്യത്തിൽ നാം വളരെ ജാഗ്രതാനിരതരാകണം. കൊറോണ ഉൾപ്പെടെയുള്ള വായുജന്യ രോഗങ്ങൾക്ക് പ്രതിരോധം പരമപ്രധാനമാണ്. കോവിഡ് മുക്തമായ നല്ലൊരു നാളേക്ക് വേണ്ടി നമ്മുടെ സർക്കാരി നോടൊപ്പം നമുക്കും കൈകോർക്കാം.......!
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - ലേഖനം |