നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിവിധ സ്കൂൾപ്രവർത്തനങ്ങൾ:

കലാ രംഗം

കുട്ടികൾക്ക് കലാപരവും കായികപരവും മാനസികപരവുമായ പിന്തുണ നൽകുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. ആർട്സ് ക്ലബ്ബായ 'വർണ്ണം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്ര കലാദ്ധ്യാപകന്റെ നേതൃത്വത്തിൽ, ചിത്ര കലാരംഗത്ത് പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്താൻ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തി വരുന്നത്. പ്രശസ്ത ചിത്രകാരൻമാരുടെ ഓർമ്മ ദിനങ്ങളിൽ ചിത്രരചനയിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരങ്ങൾ നടത്താറുണ്ട്. കൂടാതെ ചരിത്ര ചിത്രരചനയുടെ ഭാഗമായി സ്കൂളിൽ  ക്യാൻവാസ് പെയിൻറിംഗ് നടത്തി. 'വർണ്ണം' ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖരായ ചിത്രകലാദ്ധ്യാപകരെ സ്കൂളിലെത്തിച്ച് നടത്തിയ ചിത്രരചനാ ശിൽപശാല വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി മാറി. പെൻസിൽ, ജലച്‍ഛായം, എണ്ണച്‍ഛായം എന്നീ മത്സര ഇനങ്ങളിൽ സബ്‍ജില്ലാ-ജില്ലാ തലങ്ങളിൽ വിദ്യാർഥികൾ കഴിവ് തെളിയിക്കാറുണ്ട്.

കായികം

സ്കൂളിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വിവിധ കായിക പരിശീലനങ്ങൾ നടന്നു വരുന്നു. കബഡി മത്സരത്തിൽ ദേശീയ തലം വരെ എത്തുന്നതിന് നമ്മുടെ വിദ്യാലയത്തിലെ കാവ്യ ജി എസിന് കഴിഞ്ഞത് എടുത്ത് പറയേണ്ട നേട്ടം തന്നെയാണ്. കൂടാതെ ജൂഡോ മത്സരത്തിൽ ദേശീയ താരമായി മുഹമ്മദ് അഫ്‍നാസിനെ വളർത്തിയെടുക്കാ്‍ കഴിഞ്ഞത് അഭിമാനകരമാണ്. ഉപജില്ലാ തലത്തിൽ ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് വർഷങ്ങളായി നിലനിർത്തി വരുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കബഡിയിൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ മികവ് തെളിയിക്കാനും, ഉപജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നേടാനും കഴിഞ്ഞു. വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവയിലും അത്‌ലറ്റിക്സ് ഇനങ്ങളിലും നമ്മുടെ വിദ്യാർഥികൾക്ക് കഴിവ് തെളിയിക്കാൻ അവസരമുണ്ടായി. അദ്ധ്യാപകരെയും പൊതു ജനങ്ങളെയും അണി നിരത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കരാട്ടെ പരിശീലനം നടത്താൻ കഴിയുന്നുണ്ട്. ഓണാഘോഷം വിവിധ വിനോദ-കായിക മത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്‍തമാക്കാൻ സാധിച്ചിട്ടുണ്ട്.

പിന്തുണാ സമിതികൾ

സ്കൂൾ ജാഗ്രതാസമിതി, സ്കൂൾ വികസന സമിതി, സദ്ഭാവനാ സമിതി, ജനാതിപത്യ വേദി എന്നിവ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപികാദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതിയുടെ മേൽ നോട്ടത്തിൽ; ആവശ്യമായ വിദ്യാർത്ഥികർക്ക് കൗൺസിലിംഗ് നൽകാറുണ്ട്. കായികാദ്ധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഭാവനാ സമിതി, സ്കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ നിസ്തുലമായ സേവനം നടത്തി വരുന്നു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ, വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ സ്കൂൾ വികസന സമിതി, സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ജനാധിപത്യ വേദിയുടെ കീഴിൽ ക്ലാസ്സ് സഭകൾ നടന്നു വരുന്നു.

സഹകരണ സംഘം

വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി സ്കൂൾ സ്റ്റോർ പ്രവർത്തിക്കുന്നു. ത്രിവേണി നോട്ടുബുക്കുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്തു വരുന്നത് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് താങ്ങായി മാറുന്നു.

അക്കാദമിക് കൗൺസിൽ

സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്താനും ആസൂത്രണം ചെയ്യാനുമായി സ്കൂൾ എസ്.ആർ.ജി വളരെ സജീവമായി പ്രവർത്തിക്കുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി, അക്കാദമിക് കൗൺസിലും വിവിധ വിഷയ സമിതികളും സമയബന്ധിതമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, അവ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. എസ്.എസ്.എൽ.സി. വിദ്യാർത്ഥികളെ വിവിധ ക്ലബ്ബുകളായി തിരിച്ച് ക്ലാസ്സുകൾ നൽകുന്നു. പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ കുറെ വർഷങ്ങളായി ഉയർന്ന സുസ്ഥിര വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുന്നു.

ഐ.ടി

സ്കൂളിലെ അദ്ധ്യാപകനും കൈറ്റ് സംസ്ഥാന മാസ്റ്റർ ട്രെയിനറുമായ ബി.എം ബിജു സാറിന്റെ നേതൃത്വത്തിൽ, എൽ പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അദ്ധ്യാപകർക്കായുള്ള വിവിധ ഐ.ടി കോഴ്‍സുകൾക്ക് സ്കൂൾ വേദിയാവാറുണ്ട്.

ഉച്ച ഭക്ഷണം

സർക്കാരിന്റെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു. കൂടാതെ ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വരുന്ന നിർധനരായ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹമായി മാറുന്നു.

2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 

2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ