എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/നാടോടി വിജ്ഞാനകോശം

കീഴ്മലനാട് രാജ്യത്തിന്റെ  ഭാഗമായിരുന്നു  തൊടുപുഴ ഉൾപ്പെടുന്ന പ്രദേശങ്ങൾ. രാജ ഭരണകാലത്ത് കാരിക്കോട് ആയിരുന്നു ആസ്ഥാനം. ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകൾ ഉൾപ്പെട്ടിരുന്ന കാരിക്കോട് തലസ്ഥാനമായി ഉണ്ടായിരുന്ന കീഴ്മലനാട് പിന്നീട് വടക്കുംകൂറിൽ ലയിച്ചു. തൊടുപുഴ നഗരത്തിൽ ഇന്ന് കാണുന്നപുരോഗമനം കഴിഞ്ഞ കുറച്ചു ദശകങ്ങൾക്കുള്ളിൽ സംഭവിച്ചതാണ്.

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ക്ഷേത്രത്തിന്റെ ഉത്ഭവം പുരാതന കാലഘട്ടത്തിലെ പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കൽ വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടനത്തിനായി അലഞ്ഞുതിരിയുന്ന ഒരു ബ്രാഹ്മണൻ ഇവിടെ എത്തുകയും ഭഗവാൻ കൃഷ്ണന്റെ ദിവ്യ ദർശനം നേടുകയും ചെയ്തു എന്നാണ് പ്രചാരത്തിലുള്ള ഐതിഹ്യങ്ങൾ. കൃഷ്ണന്റെ ദർശനം ലഭിച്ച ശേഷം, അടുത്തുള്ള നദിയിൽ (തൊടുപുഴയാർ) ദേഹശുദ്ധി വരുത്തി, വിളക്ക് കത്തിച്ച് ദേവന് നിവേദ്യം സമർപ്പിച്ചു. മലയാളമാസമായ മീനത്തിലെ ചോതി നാളിലായിരുന്നു ഇത്. ഈ സംഭവമാണ് ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് പ്രധാന കാരണം എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.

പിന്നീട് കീഴ്മലനാട്ടിലെ രാജാവ് ദേവിക്ക് ഒരു ശ്രീകോവിൽ നിർമ്മിച്ചു. ഒരു വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. നിലവിൽ, ഇവിടെയെത്തുന്ന തീർത്ഥാടകർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പ്രസിദ്ധമായ ചോതിഊട്ട് വിരുന്നാണ് ക്ഷേത്രത്തിൽ നടക്കുന്നത്.

കംസഭൃത്യനായ ബകാസുരൻ വലിയൊരു ഗൃദ്ധൃ രൂപത്തിൽ(പുള്ളിന്റെ രൂപത്തിൽ)കൃഷ്ണനും കൂട്ടുകാർക്കും അടുത്തു വരവെ അവരെ കൊല്ലുന്നതിനായി പിടിച്ച് വിഴുങ്ങിയെങ്കിലും ആയിരം സൂര്യനെ വിഴുങ്ങിയാലെന്ന പോലെ ഉള്ളു പൊള്ളി പെട്ടെന്ന് താഴോട്ടിട്ടുകളയവെ, ആ ദുരാത്മാവിന്റെ മേൽച്ചുണ്ടിലും കീഴ്ചുണ്ടിലും പിടിച്ച് രണ്ടായി കീറി സംഹരിച്ചു. ബകൻ വിരോധഭാവത്തിലാണെങ്കിലും ഭഗവത് സായൂജ്യം തന്നെയാണ് പൂകിയത്. ഭിന്ന പ്രകൃതികളായ പറവകളോടും ജീവജാലങ്ങളോടും ഭഗവാൻ യഥായോഗ്യം ഇടപെട്ട് നിഗ്രഹാനുഗ്രഹ ലീലകളെ അനുവർത്തിച്ചു. ദേവൻ ഉപകൃത ഭാവത്തിലും അപകൃത ഭാവത്തിലും വിഭിന്നമായി നടിച്ച് ഭക്തരെ അനുഗ്രഹിക്കുന്നു.

കുട്ടികൾക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചിൽ, വിട്ടുമാറാത്ത ബാലരോഗങ്ങൾ തുടങ്ങിയ ബാലപീഡകൾ മാറുന്നതിനു വേണ്ടി പുള്ളും പ്രാവും സമർപ്പിക്കുന്നത് ഇവിടെ മാത്രം കണ്ടു വരുന്ന വിശേഷപ്പെട്ട വഴിപാടാണ്. പക്ഷി പീഡ നിമിത്തം കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങളെ ഈ ദേവൻ അത്ഭുതകരമായി ശമിപ്പിക്കുന്നു. വെള്ളി കൊണ്ട് പുള്ളും പ്രാവും(അല്ലെങ്കിൽ പുള്ളും മുട്ടയും)ഉണ്ടാക്കി നടയ്ക്കൽ വച്ച് പ്രാർഥിച്ച് പ്രസാദം വാങ്ങി കുട്ടികൾക്ക് കൊടുത്താൽ പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകാറില്ല. ഭഗവാന് ചാർത്തിയ മാല വാങ്ങി ഗൃഹത്തിൽ പൂജാമുറിയിൽ സൂക്ഷിച്ചാൽ അദൃശ്യശക്തികൾ മൂലമുണ്ടാകുന്ന ബാല ദുരിതങ്ങൾക്ക് ശമനമുണ്ടാകും.

അമരം കാവ്

മാറ്റത്തിന്റെ ചൂളം വിളിയിൽ പഴമയുടെ മുഖം നഷ്ടപ്പെട്ട തൊടുപുഴ നഗരത്തിൻറെ ഒരു അരികിൽ ഇന്നും മാറാതെ നിൽക്കുന്ന ഒരു കാവുണ്ട്. നൂറുകണക്കിന് സസ്യജന്തുജാലങ്ങൾക്കു ആവാസവ്യവസ്ഥയൊരുക്കി നഗര ജീവിതത്തിന്റെ ഇന്നും അകറ്റി നിർത്തുന്ന കോലാനിയിലെ തൊടുപുഴയുടെ സ്വന്തം അമരം കാവ്.

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കാവാണ് അമരംകാവ്. തിരുനാവായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലാണ് അമരംകാവ് . 3 ഏക്കറിനടുത്ത് വിസ്തൃതിയുള്ള അമരംകാവ് തൊടുപുഴ കോലാനി യിലാണ് സ്ഥിതിചെയ്യുന്നത്. വനദുർഗ പ്രതിഷ്ഠയായിട്ടുള്ള അമരംകാവ് ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ്. വിവിധയിനം പക്ഷികളും അപൂർവ്വമായി കാണപ്പെടുന്ന ഔഷധ സസ്യ ഇനങ്ങളും ഇവിടെയുണ്ട്. അമരം കാവിൽ നടത്തിയ സർവ്വേ പ്രകാരം 85 ഇനം പക്ഷികൾ 60 ഇനം ചിത്രശലഭങ്ങൾ 30 നം തുമ്പികൾ എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. നിത്യഹരിതവനങ്ങളിൽ മാത്രം കാണപ്പെടുന്ന കടൽ മാണിക്യം കമ്പകം, പാലിമിയ തുടങ്ങിയ അപൂർവ്വ ഇനം സസ്യങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയും, ശാസ്ത്രവും, ദൈവിക സങ്കൽപ്പങ്ങളും ഇടകലർന്നതാണ് അമരം കാവ്. കേന്ദ്ര സർക്കാരിൻറെ കേരളത്തിലെ പൈതൃക പട്ടികയിൽ അമരം കാവുണ്ട്