സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലഹരി വിരുദ്ധ സെമിനാർ

 
പോസ്റ്റർ

ഫെബ്രുവരി 18ന് ഉച്ചക്ക് 12 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ജെ.ആർ.സി. കുട്ടികൾക്കുവേണ്ടി ഒരു ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത സെമിനാർ കുട്ടികൾക്ക് പുതുമയാർന്ന അറിവും അനുഭവവും പ്രദാനംചെയ്തു. സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ നയിച്ച ക്ലാസ്സിൽ വിവിധ തരത്തിലുള്ള ലഹരി പദാർഥങ്ങളെ കുറിച്ച് വിശദീകരിക്കുകയും അവ മവുഷ്യ ശരീരത്തിൽ വരുത്തുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ഒരു വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു. ലഹരിപദാർഥങ്ങൾ ഒരു തമാശയായി തുടങ്ങുകയും പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് മനസിലാക്കി കൊടുത്തു. .ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കൾ ഉള്ള കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ച് വിശദീകരണം നൽകി. ലഹരിപദാർഥങ്ങൾക്ക് അടിമകൾ ആയവരെ അതിൽ നിന്നും മുക്തരാക്കുവാനുള്ള ഗവണ്മെന്റ്, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സേവനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ ക്ലാസ്സ്‌ വളരെ സഹായകമായി. ജെ.ആർ.സി. ഇളമ്പ ഉറവിടങ്ങളെ ക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. .എന്നത് കുട്ടികളിൽ ആകാംഷ ഉളവാക്കി. 4. 5. 6. 7. GHSS JRC യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഈ സ്കൂളിലെ ഓരോ അധ്യാപകരും JRC കേഡറ്റുകളും പൂർണ പിന്തുണയും സഹായവും നൽകുകയുണ്ടായി. എല്ലാവരുടെയും കൂട്ടായ പ്രവർത്തനഫലമായി ഈ സെമിനാർ ഒരു വിജയം ആക്കിത്തീർക്കുവാൻ സാധിച്ചതിൽ ഇളമ്പ JRC യൂണിറ്റ് അഭിമാനിക്കുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന സി ലെവൽ കുട്ടികൾക്കായാണ് പ്രസ്തുത സെമിനാർ സംഘടിപ്പിച്ചത്. വാർഡ് മെമ്പർ, പി.ടി.എ. പ്രസിഡന്റ് ഹെഡ്‍മാസ്റ്റർ, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി എന്നിവ‍ർ ചടങ്ങിൽ പങ്കെടുത്തു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പ്രസ്തുത സെമിനാർ, സ്കൂളിന്റെ ആദരണീയനായ പി.റ്റി.എ. പ്രസിഡന്റ്‌ ശ്രീ എം മഹേഷ്‌ ഉദ്ഘാടനം ചെയ്തതു. ബഹുമാനപ്പെട്ട HM ശ്രീമതി സതിജ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീ എം ബാബു സർ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മുൻവർഷങ്ങളിലെ JRC പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട്‌ JRC സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. സെമിനാറിൽ നന്ദി പറഞ്ഞത് JRC ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധി മിടുക്കനായ ആനന്ദ് സ്വരൂപ്‌ ആയിരുന്നു.

രക്തസാക്ഷി ദിനം 2022

 
ഗാന്ധി സ്മരണ

ജനുവരി മാസം മുപ്പതാം തീയതി സ്കൂളിൽ രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുവാൻ ഗാന്ധിദർശൻ തീരുമാനിച്ചിരുന്നു. പ്രോട്ടോകോൾ പ്രകാരം ഈ ദിവസം ഓൺലൈനിലൂടെയാണ് പരിപാടികൾ സംഘടിപ്പിക്കേണ്ടത് എന്ന നിർദ്ദേശവും നൽകിയിരുന്നു. ഇതനുസരിച്ച് സ്കൂളിലെ ഗാന്ധിദർശൻ സമിതി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും അവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ക്ലാസ് ഗ്രൂപ്പുകൾ വഴി എല്ലാ കുട്ടികളിലേക്കും എത്തിക്കുകയും ജനുവരി 30 ഞായറാഴ്ച അവർ വീടുകളിൽ ഇരുന്ന് തയ്യാറാക്കിയ വിവിധ പ്രോഗ്രാമുകൾ സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുന്നതിനും തുടർന്ന് അത് അതാത് ക്ലാസ്സുകളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനവും ചെയ്തിരുന്നു. ഗാന്ധി പ്രതിമയിലോ ചിത്രത്തിലോ  പുഷ്പാർച്ചന നടത്തൽ, ഗാന്ധി ഗാനാഞ്ജലി , സർവ്വമത പ്രാർത്ഥന, അനുസ്മരണം, പ്രതിജ്ഞ എന്നിവ നടത്തി. ഇതനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും സ്കൂൾ ഗാന്ധിദർശന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. രാവിലെ 11 മണി മുതൽ 11.02 വരെയുള്ള സമയം മൗനാചരണമായി ആചരിക്കണമെന്ന് നിർദ്ദേശവും നൽകിയിരുന്നു. എല്ലാ ക്ലാസ് ഗ്രൂപ്പുകളിൽ നിന്നും മികച്ച തരത്തിലുള്ള പിന്തുണയാണ് ഈ പ്രോഗ്രാമുകൾക്ക് കിട്ടിയിട്ടുള്ളത്. ഓരോ ക്ലാസ്സിലെയും കുട്ടികൾ ഇതുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ ഡിജിറ്റൽ രൂപത്തിൽ ചെയ്യുകയും അവ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു .തുടർന്ന് കുട്ടികളുടെ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും എത്തിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഓരോ കുട്ടിയും ചെയ്ത പ്രവർത്തനങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും കാണുന്നതിനുള്ള അവസരം കൂടിയാണ് ഇതുവഴി ലഭ്യമാക്കിയത്. ഇത്തരത്തിലുള്ള ഒരു സാഹചര്യം നിലനിൽക്കുന്ന അവസരത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമിലാണെങ്കിൽ പോലും ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തുവാൻ സ്കൂൾതല ഗാന്ധി ദർശന് സാധിച്ചിട്ടുണ്ട്. വളരെ മികച്ച രീതിയിൽ കുട്ടികൾ പ്രോഗ്രാമുകൾ ഏറ്റെടുക്കുകയും അവർ തയ്യാറാക്കി ഗ്രൂപ്പിലേക്ക് അയയ്ക്കുകയും ചെയ്തതു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഒപ്പം അധ്യാപകരുടെയും സർഗ്ഗാത്മകതയും കഴിവും, ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ എന്നിവരുടെയും സമ്പൂർണമായ സഹകരണമാണ് ഈ പരിപാടി ഇപ്രകാരം ഒരു വിജയമാക്കാൻ സാധിച്ചത്.  ഇതിനു സ്കൂൾതല ഗാന്ധിദർശൻ സമിതി എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

റിപ്പബ്ലിക് ദിനാചരണം 2022

 
പതാക ഉയർത്തൽ
 
ദിനാചരണവേള

ഈ വർഷത്തെ എഴുപത്തി മൂന്നാമത്  റിപ്പബ്ലിക് ദിനാചരണങ്ങൾ പ്രൗഢഗംഭീരമായി സ്കൂളിൽ  സംഘടിപ്പിക്കപ്പെട്ടു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ  സ്കൂൾ മുറ്റത്ത് ദേശീയ പതാക ഉയർത്തി. ബഹുമാനപ്പെട്ട എച്ച് എം, പി ടി എ പ്രസിഡന്റ്, സീനിയർ അസിസ്റ്റന്റ്, എസ് എം സി ചെയർമാൻ, സ്കൂൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. മലയാളം അധ്യാപകനായ സുരേഷ് സാറിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം ആലപിച്ചു. സർക്കാർ പ്രോട്ടോകോൾ അനുസരിച്ചാണ് ചടങ്ങുകൾ നടന്നത്.

             റിപ്പബ്ലിക് ദിനാചരണത്തിന്റെ  ഭാഗമായുള്ള  ഓൺലൈൻ പരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിച്ചു. സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത പ്രോഗ്രാമുകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് എത്തിക്കണമെന്ന് നിർദ്ദേശം നൽകി. ക്ലബ്ബ് കൺവീനർ സ്വാഗതം പറഞ്ഞു കൊണ്ടാണ് ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിച്ചത്. എഴുപത്തി മൂന്നാമത് റിപ്പബ്ലിക്  ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ വീഡിയോ ഇതോടൊപ്പം നൽകി. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും  ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി. ബഹുമാനപ്പെട്ട മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ പിടിഎ പ്രസിഡന്റ്, സ്കൂൾ  HM, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി,എസ് എം സി ചെയർമാൻ, വിവിധ ക്ലബ്ബ് ഭാരവാഹികൾ ഇവരെല്ലാം ഇതിന്റെ  ഭാഗമായിരുന്നു. രാജ്യത്തിന്റെ പ്രൗഡിയും അഖണ്ഡതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശം ഇവരുടെ വാക്കുകളിൽ ഉൾപ്പെട്ടിരുന്നു. ഇതോടൊപ്പം അധ്യാപകർ നൽകിയ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഓൺലൈൻ പ്രോഗ്രാമുകളുടെ ഏറ്റവും വലിയ ആകർഷണം വിദ്യാർത്ഥികൾ ഓൺലൈനായി തയ്യാറാക്കിയ പ്രോഗ്രാമുകൾ ആയിരുന്നു. ഇതിൽ ദേശഭക്തിഗാനം, ചിത്രങ്ങൾ,ചാർട്ടുകൾ, ഡിജിറ്റൽ ആൽബങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കൽ, പ്രസംഗം ഇംഗ്ലീഷിലും മലയാളത്തിലും ഉള്ളവ, റിപ്പബ്ലിക് ദിന സന്ദേശങ്ങൾ, റിപ്പബ്ലിക് ദിന ക്വിസ് അവതരണം, റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന വീഡിയോ പ്രസന്റേഷൻ എന്നിവ പ്രധാന ഇനങ്ങൾ ആയിരുന്നു. ഇതിൽ ശ്രദ്ധേയമായത് 9  ബി ൽ പഠിക്കുന്ന ആദ്യ സുമൻ  ദേശഭക്തി ഗാനത്തിന്റെ നൃത്താവിഷ്കാരവും ദേശീയ ഗാനത്തിന്റെ നൃത്താവിഷ്കാരവും  അവതരിപ്പിച്ചതാണ്. ഉച്ചയ്ക്ക് 12 മണി വരെ ഓൺലൈൻ പ്രോഗ്രാമുകൾ നീണ്ടുനിന്നു. സാമൂഹ്യ ശാസ്ത്ര അധ്യാപികയായ ശ്രീരഞ്ജു ടീച്ചർ ദേശീയഗാനവും ദേശീയ ഗീതവും ആലപിച്ചു. യു പി വിഭാഗത്തിലെ സീനിയറായ പ്രിയ ടീച്ചർ നന്ദി പറഞ്ഞ തോടുകൂടി റിപ്പബ്ലിക് ദിനാചരണവുമായി ബന്ധപ്പെട്ടു നടന്ന ഓൺലൈൻ പരിപാടികൾ അവസാനിച്ചു.

          സ്കൂളിലെ എല്ലാ അധ്യാപകരിൽ നിന്നും അകമഴിഞ്ഞ പിന്തുണയാണ് പ്രോഗ്രാമിന് ലഭിച്ചത്. സർവോപരി സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ HM എന്നിവർ പ്രോഗ്രാമിന്റെ എല്ലാ ഘട്ടത്തിലും നിർദ്ദേശങ്ങൾ നൽകുകയും മേൽനോട്ട ചുമതല വഹിക്കുകയും ചെയ്തു. പ്രിയ ടീച്ചർ, സുഷാര ടീച്ചർ, ശ്രീ രഞ്ജു ടീച്ചർ ഇവരുടെ മേൽനോട്ടത്തിലാണ് ഓൺലൈൻ പ്രോഗ്രാമുകൾ നടന്നത്. പരിപാടി സമ്പൂർണ്ണ വിജയത്തിൽ എത്തിച്ച എല്ലാ വിശിഷ്ട വ്യക്തികൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.

ഐ.റ്റി. ഗ്രാമോത്സവം

 
ഹാർഡ്‍വെയർ പ്രദർശനം
 
ഹാർഡ്‍വെയർ പ്രദർശനോദ്ഘാടനം
          നമ്മുടെ സ്കൂളിലെ ഐ.റ്റി. ഗ്രാമോത്സവം കുട്ടികൾക്കും നാട്ടുകാർക്കും പുതിയ അനുഭവമായി. സംസ്ഥാന തലത്തിൽ സ്കൂളുകളിൽ സർക്കാർ നടപ്പിലാക്കിയ സമഗ്ര കമ്പ്യൂട്ടർ പരിശീലന പദ്ധതിയുടെ ഭാഗമായി  "ഡോ. ഹാർഡ് വെയർ" എന്ന പേരിൽ  സ്കൂളിൽ ഹാർഡ്‍വെയർ പ്രദർശനം സംഘടിപ്പിച്ചു. പതിനഞ്ചോളം സ്റ്റാളുകളും ഐ.റ്റി. ലാബുകളും ഇതിനായി സജ്ജീകരിച്ചു. കമ്പ്യൂട്ടറിന്റെ ഉള്ളറകൾ തിരിച്ചറിയുന്നതിനും പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനും കുട്ടികൾക്കും നാട്ടുകാർക്കും അവസരമൊരുങ്ങി. കമ്പ്യൂട്ടറിന്റെ ചരിത്രം മുതൽ ആധുനിക കമ്പ്യൂട്ടർ ഉപകരണങ്ങളായ ടാബുകൾ, റാസ്ബറിപൈ, ഡ്രോണുകളുടെ നിർമ്മാണം ഉൾപ്പെടെയുള്ളവ പ്രദർശനത്തിന്റെ ഭാഗമായി. പഴയതും പുതിയതുമായ  വിവിധ തലമുറയിൽപ്പെട്ട മുപ്പതിലധികം മദർബോർഡുൾ, പ്രിന്ററുകൾ, ഡിസ്പ്ലെ യൂണിറ്റുകൾ തുടങ്ങിയവ പ്രദർശനത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച അൻപതിലധികം കുട്ടികൾ പ്രദർശന ഇനങ്ങൾ സന്ദർശകർക്ക് വിശദീകരിച്ചുനൽകി. ഐ.റ്റി. പുസ്തകപ്രദർശനം, കമ്പ്യട്ടറിന്റെ നാൾവഴികൾ തേടിയുള്ള ചിത്രപ്രദർശനം തുടങ്ങി യവയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമീപപ്രദേശത്തെ പത്തോളം സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം കാണാനെത്തി. സംസ്ഥാനതലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പ്രദർശനം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്രനിലവാരത്തിലേക്ക് സ്കുളിനെ ഉയർത്തുന്നതിന്റെ ആദ്യപടിയായി സ്കുളിലെ മുഴുവൻകുട്ടികൾക്കും കമ്പ്യൂട്ടർ ഹാർഡ് വെയർ പരിശീ ലനം പൂർത്തിയാക്കിവരികയാണ്. ഐ.റ്റി. ഗ്രാമോത്സവം ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി എസ്. രാധാദേവി ഉദ്ഘാടനംചെയ്തു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ മഹേഷ് അധ്യക്ഷനായി. സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ എസ്. ഷാജികുമാർ പദ്ധതിവിശദീകരണം നടത്തി. ബ്ലോക്കുമെമ്പർ സിന്ധുകുമാരി, വാർഡംഗം എസ്. സുജാതൻ, പ്രിൻസിപ്പാൾ ആർ. എസ്. ലത, എ. ജാഫറുദ്ദീൻ, വികസനസമിതി ചെയർമാൻ ടി. ശ്രീനിവാസൻ, എസ്. ജൂന എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽവച്ച് കാനറാബാങ്ക് മുദാക്കൽ ശാഖ, പഠനത്തിൽ മികവുപുലർത്തുന്ന കുട്ടികൾക്കായി എർപ്പെടുത്തിയ സ്കോളർഷിപ്പ് ശാഖാ മാനേജർ ശ്രീ വിനീഷ് വിതര ണംചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് എസ്. ഗീതാകുമാരി സ്വാഗതവും എം.ബാബു നന്ദിയും അറിയിച്ചു. 

പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം

 
ശിലാസ്ഥാപനം


വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി 5.62 കോഡി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡെപ്യൂട്ടിസ്പീക്കർ ശ്രീ. വി. ശശി നിർവഹിച്ചു. ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഗോപിനാഥൻ നായർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഒ.എസ്. അമ്പിക മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു എന്നിവർ സാന്നിധ്യംകൊണ്ട് സമ്പന്നമാക്കി. പി.ടി.എ. പ്രസിഡന്റ് ശ്രി. എം. മഹേഷ്, പ്രിൻസിപ്പാൾ ശ്രീ. ടി അനിൽ, എച്ച്.എം. ഇൻ ചാർജ്ജ് ശ്രീ. വിനോദ് സി.എസ് എന്നിവർസന്നിഹിതരായിരുന്നു.

പ്രകാശനപ്പൊലിമയുമായി ലിറ്റിൽ കൈറ്റ്സ്

 
പ്രകാശനം

സ്കൂളിൽ ലിറ്റിൽ കൈറ്റ്‍സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'അക്ഷരക്കൂട്ട്' - ഡിജിറ്റൽ മാഗസിന്റെ പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എസ്. രാധാദേവി നിർവഹിച്ചു. തദവസരത്തിൽ ഇരുപത് ലാപ്‍ടോപ്പുകളിലൂടെ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ലിറ്റിൽ കൈറ്റ്സ് കുട്ടികളും നിർവഹിച്ചത് ഏറെ ശ്രദ്ധേയമായി. ഇത്തരത്തിലുള്ള പ്രകാശനരീതി സംസ്ഥാനത്തുതന്നെ ഇതാദ്യമാണ്. സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ കഥയും കവിതയും ലേഖനങ്ങളും കടങ്കഥകളും ജീവചരിത്രകുറിപ്പുകളും ലിറ്റിൽകൈറ്റുകളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീസോഫ്റ്റുവെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബ്രെ ഓഫീസ് റൈറ്റർ, ഇമേജ് എഡിറ്റിംഗ് സോഫ്റ്റുവെയറായ ജിമ്പ് എന്നീ ആപ്ലിക്കേഷൻ സോഫ്‍റ്റ്‍വെയറുകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിന് രൂപം നൽകിയത്. സ്കൂളിൽ രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ കുഞ്ഞുപ്രതിഭകളുടെ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിനാക്കിമാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശനചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ എം. മഹേഷ് അധ്യക്ഷനായി. ബ്ലോക്ക് പ‍ഞ്ചായത്തു മെമ്പർ എം. സിന്ധുകുമാരി, ഗ്രാമ പഞ്ചായത്തു മെമ്പർ എസ്. സുജാതൻ, സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ലത, പ്രഥമാധ്യാപിക എസ്. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം.ബാബു, തുടങ്ങിയവർ ആശംസാപ്രസംഗവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എസ്. ഷാജികുമാർ പ്രവർത്തന റിപ്പോർട്ടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ.എസ് രാജി നന്ദിയും അറിയിച്ചു.

ആയിരത്തൊന്ന് മാഗസിൻ

ഇളമ്പ ഗവ. ഹയർസെക്കന്ററിസ്കൂളിൽ നവതി ആഘോഷങ്ങളുടെ ഭാഗമായി 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥി/വി ദ്യാർത്ഥിനികൾ 1001 കൈയ്യെഴുത്തുമാഗസിൻ തയ്യാറാക്കി. ഒരുകുട്ടി ഒരുമാഗസിൻ എന്ന നിലയിലാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. സ്വന്തം കൃതികൾ, പഠനപ്രർത്തനങ്ങളുടെ ഭാഗമായുള്ള യാത്രാവിവരണങ്ങൾ, വിലയിരുത്തൽ കുറിപ്പുകൾ, അനുഭവകുറിപ്പുകൾ, നിരൂപണക്കുറിപ്പുകൾ തുടങ്ങിയവയാണ് മാഗസിന്റെ ഉള്ളടക്കം.

   2014 ജനുവരി 24 ന് സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ബഹു: ജില്ലാപഞ്ചായത്ത് ഡിവിഷൻമെമ്പർ ശ്രീ സതീശൻ നായർ മാഗസിൻ പ്രകാശനകർമ്മം നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ആർ.എസ്. ലത സ്വാഗതം പറഞ്ഞു. മുദാക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വിജയകുമാരി, ഹെഡ് മാസ്റ്റർ ഗിരിജാവരൻ നായർ, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ബി. ജയകുമാരനാശാരി എന്നിവർ സംസാരിച്ചു. തുടർന്ന് +1 വിദ്യാർത്ഥിനി ഐശ്വര്യാ. എ.പി. സ്വന്തം കവിത അവതരിപ്പിച്ചു.

ഒരുവീട്ടിൽ ഒരുമരം

വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുവീട്ടിൽ ഒരുമരം പദ്ധതി നടപ്പിലാക്കി. ക്ലബ്ബിലെ ഹരിതസേനാംഗങ്ങളായ കുട്ടികൾ സ്കൂളിന്റെ പരിസരത്തുള്ള നൂറോളം വീടുകൾ സന്ദർശിച്ച് പ്ലാവ്, പുളി തുടങ്ങിയ വൃക്ഷങ്ങളുടെ ഇരുന്നൂറിലധികം തൈകൾ വച്ചുപിടിപ്പിച്ചു. ഈ തൈകളുടെ തുടർ പരിപാലനവും കുട്ടികൾ തന്നെ നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം വാർഡുമെമ്പർ സുജാതൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം. മഹേഷ്, സ്കൂൾ വികസന സമിതി ചെയർമാൻ ടി. ശ്രീനിവാസൻ, എച്ച്.എം. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ഇക്കോക്ലബ്ബ് കൺവീനർ സജിത്ത്. വി.ആർ, അധ്യാപകരായ എം. സിജു, എസ്. ബിജു, കെ. പ്രകാശ്, സി. സുബാഷ്, എസ്. സുമേഷ്, ടി. രജീഷ്, ‍ജയന്തിമണി, കുമാരി ഷിലു, മിനിമോൾ എന്നിവർ ഈ പരിപാടിക്ക് നേതൃത്വം‌ നല്കി.

അധ്യാപകർ വിദ്യാർത്ഥികളായി

 
അധ്യാപകർ വിദ്യാർത്ഥികൾ


അധ്യാപകർ വിദ്യാർത്ഥികളായി - ഒക്ടോബർ 5 ലോക അധ്യാപക ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ചുമതലകൾ ഏറ്റെടുത്ത് അധ്യാപകർ ലോക അധ്യാപക ദിനമാചരിച്ചു. അസംബ്ലിയിൽ കുട്ടികൾ ചെയ്യാറുള്ള പ്രാർത്ഥന മുതൽ ദേശീയ ഗാനം വരെ അധ്യാപകർ ഏറ്റെടുത്തു. ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപികമാർ പ്രാർത്ഥനാ ഗീതമാലപിച്ചതു മുതൽ കുട്ടികൾക്ക് കൗതുകം വർദ്ധിച്ചു. അധ്യാപകനായയസുമേഷിന്റെ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുമാരി ഷിലു വിന്റെ പത്രവായനയും പ്രകാശ്, മഞ്ജുള, ബിന്ദു കുമാരി എന്നിവർ ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ അവതരിപ്പിച്ച അധ്യാപക ദിന സന്ദേശവും കുട്ടികൾ ശ്രദ്ധയോടെ കേട്ടു നിന്നു. അധ്യാപകരും കുട്ടികളെ പോലെ വരിയായി നിന്ന് അസംബ്ലിയിൽ പങ്കെടുത്തു. അസംബ്ലി നിയന്ത്രിക്കുന്ന കുട്ടികളുടെ ചുമതല ഒഴിവാക്കി സ്കൗട്ട് മാസ്റ്ററായ അനിൽകുമാർ ഏറ്റെടുത്തതും ശ്രദ്ധേയമായി. പ്രിൻസിപ്പൾ ഇൻ-ചാർജ് മായ ,സീനിയർ അസിസ്റ്റന്റ് രാജി, സ്റ്റാഫ് സെക്രട്ടറി എം.ബാബു എന്നിവർ അധ്യാപക ദിനത്തെക്കുറിച്ചു സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്കൂളും പരിസരവും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ശുചീകരിച്ചു.പ്രവർത്തനങ്ങൾക്ക് വാർഡ്‍മെമ്പർ സുജാതൻ ,പ്രഥമാധ്യാപിക എസ്.ഗീതാകുമാരി, പി.റ്റി.എ.പ്രസിഡന്റ് എം.മഹേഷ്, പി റ്റി.എ വൈസ് പ്രസിഡന്റ് ശശിധരൻ നായർ തുടങ്ങിയവർ നേതൃത്വം നല്കി.

വിളവെടുപ്പുത്സവം

സ്കൂളിൽ വിളവെടുപ്പുത്സവം - ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജൈവകൃഷിയിലൂടെ വിളയിച്ച ഉൽപന്നങ്ങളുടെ വിളവെടുപ്പു നടന്നു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വിജയകുമാരി വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പിറ്റിഎ യുടെ സാമ്പത്തിക സഹായത്തോടെ സ്കൂൾ എൻ.എസ്.എസ് യൂണിറ്റാണ് കൃഷിക്ക് നേതൃത്വം നല്കിയത്. പൂർണമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിച്ചത് .അൻപതിലധികം ഏത്തവാഴക്കുലകൾ, മരച്ചീനി, ചീര, പയർ തുടങ്ങിയവ കൃഷിയുടെ ഭാഗമായി ലഭിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ആർ.എസ് ലത, പി.റ്റി.എ പ്രസിഡൻറ് എം.മഹേഷ്, ഹെഡ്മിസ്ട്രസ് എസ് .ഗീതാകുമാരി, വികസന സമിതി ചെയർമാൻ ടി.ശ്രീനിവാസൻ,എൻ.എസ്.എസ് കോർഡിനേറ്റർ മായ പി. എസ് , സ്റ്റാഫ് സെക്രട്ടറി എം.ബാബു. അശോകൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

ട്രൂത്ത് കോളിന് രണ്ടു പുരസ്കാരങ്ങൾ

 
ട്രൂത്ത് കാളറിന് അനുമോദനങ്ങൾ


തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റേയും ഡയറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഫിലിം ഫെസ്റ്റിവലിൽ ഇളമ്പ ഗവ.ഹയർ സെക്കന്റെറി സ്കൂൾ അവതരിപ്പിച്ച 'ട്രൂത്ത് കോൾ ' എന്ന ഷോർട്ട് ഫിലിമിന് രണ്ടു പുരസ്കാരങ്ങൾ ലഭിച്ചു'.മികച്ച ചിത്രത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും മികച്ച അഭിനേത്രിയ്ക്കുമുള്ള പുരസ്കാരവുമാണ് ചിത്രത്തിന് ലഭിച്ചത്. ഒൻപതാം ക്ലാസുകാരി സ്നേഹ .എസ്.ഹരിയാണ് മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ടത്. സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽവച്ച് വിജയികളെ അനുമോദിച്ചു. അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സിന്ധു കുമാരി ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് എം . മഹേഷ് അധ്യക്ഷനായി. ട്രൂത്ത് കോൾ സിഡി പ്രകാശനം യുവചലച്ചിത്ര സംവിധായകൻ സജീവ് വ്യാസ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ ആർ എസ്. ലത, ഹെഡ്മിസ്ട്രസ് ഗീതാകുമാരി, നാടകസിനിമ പ്രവർത്തകനായ അശോക്ശ ശി, മക്കാംകോണം ഷിബു , സുഭാഷ്, ഡി.ദിനേശ്, ശശിധരൻ നായർ, ഫിലിം ക്ലബ് കൺവീനർ എം ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ല പഞ്ചായത്തിന്റെയും സ്കൂൾ പിറ്റിഎ യുടേയും സാമ്പത്തിക സഹായത്തോടെ സ്കൂൾ ഫിലിം ക്ലബ്ബാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്. വിവിധ കലാകായിക  മത്സരങ്ങളിൽ സംസ്ഥാന തല വിജയികളായ വിദ്യാർത്ഥികളേയും യോഗത്തിൽ വച്ച് അനുമോദിച്ചു.

ഹലോ ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പ്

 
ഹലോ ഇംഗ്ലീഷ് വർക്ക്ഷോപ്പ്

ഹലോ ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പ്. _ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റേയും ആറ്റിങ്ങൽ ബി.ആർ .സി യുടേയും സംയുക്താഭിമുഖ്യത്തിൽ ദ്വിദിന ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പിന് തുടക്കമായി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കളികൾക്കും സർഗ്ഗാത്മക പ്രകടനത്തിനും ഊന്നൽ നല്കികൊണ്ടുള്ള പ്രവർത്തനങ്ങളാണ് ശില്പശാലയിൽ സംഘടിപ്പിക്കുന്നത്. സ്കിറ്റുകൾ, ഇൻസ്റ്റലേഷനുകൾ, ചിത്രീകരണങ്ങൾ, ഹൈക്കൂ, നാടകീകരണം തുടങ്ങി ഇരുപതിലധികം പ്രവർത്തനങ്ങൾ രണ്ടു ദിവസത്തെ ശില്പശാലയിൽ ഒരുക്കിയിട്ടുണ്ട്. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വിജയകുമാരി ശില്പശാല ഉദ്ഘാടനം ചെയ്തു പി.റ്റി എ പ്രസിഡന്റ് എം .മഹേഷ് അധ്യക്ഷനായി. വാർഡംഗം എസ് .സുജാതൻ, ഹെഡ്മിസ്ട്രസ് എസ്. ഗീതാകുമാരി, സി.ഒ.റീന, എം.ബാബു തുടങ്ങിയവർ സംസാരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ആറ്റിങ്ങൽ ബി.ആർ.സി. ട്രയിനർ ബി.ജയകുമാർ, ശരണ്യ ദേവ്. ഡി എന്നിവരാണ് ശില് പശാലക്ക് നേതൃത്വം നല്കുന്നത്.

നാട്ടുവായനക്കാർക്ക് തുറന്ന വായനശാല

 
പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനം
 
നാട്ടുവായന ഉദ്ഘാടനം

സ്കൂളിലും പഞ്ചായത്ത് ഓഫീസിലും തുറന്ന വായനശാലകൾ ആരംഭിച്ച് ഇളമ്പ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം.വിവിധ സേവനങ്ങൾക്കായി മുദാക്കൽ പഞ്ചായത്ത് ഓഫീസിലും ഇളമ്പ സ്കൂളിലുമെത്തുന്നവർക്ക് വായനയുടെ വാതായനം തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷരദീപം എന്ന പേരിൽ വായനശാലകൾ ആരംഭിച്ചത്.പൊതു ജനങ്ങൾക്ക് സ്വന്തമായി പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനായി സ്കൂളിലും പഞ്ചായത്ത് ഓഫീസിലും വായന മൂലയും ഷെൽഫും സജ്ജീകരിച്ചിട്ടുണ്ട്. ഇരു ലൈബ്രറികളിലുമായി നൂറിലധികം പുസ്തകങ്ങളും ക്രമീകരിച്ചു. അക്ഷരദീപം പദ്ധതിയുടെ ഭാഗമായി നാട്ടുകാരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമാണ് പുസ്തങ്ങൾ ശേഖരിച്ചത്.എൻ.എസ്.എസ് യൂണിറ്റും പി റ്റി.എ യും ചേർന്ന് ഷെൽഫുകളും മറ്റും വാങ്ങി വായനശാലകൾ സജ്ജീകരിച്ചു. അക്ഷരദീപം സ്കൂൾ ലൈബ്രറി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവിയും പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരിയും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.സിന്ധുകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.റ്റി.സുഷമാ ദേവി, അനിത രാജൻ ബാബു, എസ്.സുജാതൻ, ജയശ്രീ പി.സി, ഷീബ റ്റി.എൽ, പി.റ്റി.എ പ്രസിഡന്റ് എം. മഹേഷ്, പ്രിൻസിപ്പൾ ആർ.എസ്. ലത, ഹെഡ്മിസ്ട്രസ് എസ്.ഗീതാകുമാരി, എസ്.എം.സി ചെയർമാൻ ഡി.ദിനേശ്, വികസന സമിതി കൺവീനർ ടി. ശ്രീനിവാസൻ, മുദാക്കൽ പഞ്ചായത്ത് സെക്രട്ടറി രാജേഷ്, എൻ.എസ്.എസ്.കോർഡിനേറ്റർ പി .ശിവകുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ പങ്കെടുത്തു.തുറന്ന വായനശാലകൾ വരും അധ്യയന വർഷത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുയാണ് ലക്ഷ്യം.


ചികിത്സാ സഹായ വിതരണം

സ്കുളിലെ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ ചികിത്സാ സഹായം കൈമാറൽ, പഠനോപകരണ വിതരണം തുടങ്ങിയവ നടന്നു. പി.റ്റി.എ., അധ്യാപകർ, എസ്.പി സി യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ചേർന്നു സമാഹരിച്ച നാല്പത്തിയാറായിരം രൂപ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവിന്റെ ചികിത്സക്കായി കൈമാറി. ചികിത്സാ സഹായ വിതരണവും ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് എം.മഹേഷ് അധ്യക്ഷനായി. പ്രിൻസിപ്പൽ ടി. അനിൽ സ്വാഗതം പറഞ്ഞു. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, വാർഡംഗം സുജിത. ബി, എസ്.എം.സി. ചെയർമാൻ ജി. ശശിധരൻ നായർ, പി.റ്റി.എ. വൈസ് പ്രസിഡന്റ് എസ്. രാജേന്ദ്രൻ , എച്ച്.എം. ഇൻ ചാർജ്ജ് സി.എസ്. വിനോദ്, എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി എം. ബാബു നന്ദി രേഖപ്പെടുത്തി.

ജൂനിയർ ലിറ്റിൽ കൈറ്റ്സ്

 
ജൂനിയർ ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിൽ


പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന 'ലിറ്റിൽ കൈറ്റ്സ് ' ന്റെ ചുവട് പിടിച്ച് യു.പി തലത്തിൽ 'ജൂനിയർ ലിറ്റിൽ കൈറ്റ്സ്' രൂപീകരിച്ച് ഇളമ്പ  ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്തിന് മാതൃകയാകുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കംപ്യൂട്ടർ പ്രതിഭകളെ കണ്ടെത്താൻ സംസ്ഥാന തലത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു യൂണിറ്റിന് രൂപം നല്കിയിരിക്കുന്നത്. ജൂനിയർ ലിറ്റിൽ കൈറ്റ്സ് രൂപീകരണത്തിന്റെ ഭാഗമായി ത്രിദിന ഐടി ശില്പശാലക്കും തുടക്കമായി. ഭാഷാ കംപ്യൂട്ടിങ് , ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ മാഗസീൻ നിർമാണം, ഡിജിറ്റൽ പത്രം,  കംപ്യൂട്ടർ പ്രസന്റേഷൻ, ന്യൂസ് മേക്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കും. തിരഞ്ഞെടുക്കപ്പെട്ട നാല്പത് കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നല്കുന്നത്. ഇവർ അടുത്ത ഘട്ട പരിശീലനത്തിൽ മറ്റു കുട്ടികൾക്ക് പരിശീലനം നല്കും. സ്കൂളിലെ മുപ്പതിലധികം ലാപ്ടോപ്പുകളും ഐടി ലാബും ഇതിനായി ഉപയോഗിക്കും. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എസ് .ഷാജികുമാറാണ് പരിശീലനത്തിന് നേതൃത്യം നല്കുന്നത്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം

സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി അധ്യക്ഷയായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി എസ്.എസ്.എൽ.സി. 1992 ബാച്ച് സംഭാവനയായി നല്കിയ തുക ഡെപ്യൂട്ടി സ്പീക്കറുടെ സാനിധ്യത്തിൽ ബാച്ച് പ്രതിനിധി അനീഷ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. ഖേലോ ഇന്ത്യ ദേശിയ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി നീരജ്. എസ് നും സ്കൗട്ട് രാജ്യപുരസ്ക്കാർ, സംസ്ഥാനതലം വരെ പങ്കെടുത്ത് വിവിധയിനങ്ങളിൽ വിജയം നേടിയവർ എന്നിവർക്കുമുള്ള പി.റ്റി.എ യുടെ ഉപഹാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു, സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.റ്റി.സുഷമാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധുകുമാരി, വാർഡംഗം എസ്.സുജാതൻ, ആറ്റിങ്ങൽ സബ് ഇൻസ്പക്ടർ എസ്.സനൂജ്, എസ് എം സി ചെയർമാൻ ജി.ശശിധരൻ നായർ, മുൻ എസ് എം സി ചെയർമാൻ ഡി.ദിനേശ്, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.പി. ബീന നന്ദിയും രേഖപ്പെടുത്തി.

അടുക്കാതെ അടുത്തേക്ക്

 
ടി.വി. വിതരണോദ്ഘാടനം

ലോക് ഡൗൺ കാലത്ത് പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ഇളമ്പ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഓൺലൈൻ പഠന പദ്ധതിയായ 'അടുക്കാതെ അടുത്തേക്ക്' ' പരിപാടിക്ക് സ്കൂളിൽ തുടക്കമായി. അതിൻ്റെ ഭാഗമായി സ്കൂൾ പിറ്റിഎ സമിതിയും അധ്യാപകരും ചേർന്ന് അഞ്ച് കുട്ടികൾക്കും വിവിധ സംഘടനകളുടെ സഹായത്തോടെ പത്ത് കുട്ടികൾക്കും സൗജന്യമായി ടി വി കൾ നല്കി. അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിൽ ഓൺലൈൻ പഠനം നടപ്പിലാക്കുക, കേബിൾ-വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് സഹായം ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.ഇതോടൊപ്പം സ്കൂൾ പി.റ്റി.എ _ അധ്യാപക കൂട്ടായ്മയിൽ എണ്ണായിരം മാസ്കുകളും  തയ്യാറാക്കിയിട്ടുണ്ട്. പദ്ധതി ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.സ്കൂൾ പിറ്റിഎ പ്രസിഡൻ്റ് എം.മഹേഷ് അധ്യക്ഷനായി.മാസ്ക് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി നിർവഹിച്ചു. എം. സിന്ധുകുമാരി, എസ്.സുജാതൻ, പൊയ്ക മുക്ക് ഹരി, കെ.മഹേഷ് , സീനിയർ അസിസ്റ്റൻറ്റ് എസ്.ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി. അനിൽ സ്വാഗതവും എസ്.എം.സി ചെയർമാൻ ജി.ശശിധരൻ നായർ നന്ദിയും രേഖപ്പെടുത്തി.

ഹൈടെക് വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം

 
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
   ഇളമ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 5 കോടി രൂപയുടെ കിഫ്ബി ഫണ്ടും 1.2 കോടി രൂപയുടെ എം.എൽ.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ നടന്ന ചങ്ങിൽ ശിലാഫലക അനാച്ഛാദനവും കിച്ചൺ കം ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വച്ച് ഡെപ്യൂട്ടി സ്പീക്കറെ പി.റ്റി.എ യും സ്വാഗത സംഘവും ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം  കെ വേണുഗോപാലൻ നായർ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു,വൈസ് പ്രസിഡന്റ് ശ്രീജ,   ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം പി കരുണാകരൻ നായർ , മുദാക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ   വിഷ്ണു രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി സുജാത , ബിന്ദു.പി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റർ എസ് ജവാദ് , ആറ്റിങ്ങൽ ഡി.ഇ.ഒ ജെ സിന്ധു, പി.ടി.എ പ്രസിഡന്റ് എം മഹേഷ് ,  എസ്.എം.സി ചെയർമാൻ ജി ശശിധരൻ നായർ, വികസന സമിതി കൺവീനർ ടി ശ്രീനിവാസൻ , മുൻ പി.ടി.എ പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, പ്രൻസിപ്പാൾ ടി. അനിൽ, എച്ച്.എം ഇൻ ചാർജ് വിനോദ് സി എസ്,  സീനിയർ അസിസ്റ്റന്റ് കുമാരി ഷിലു, സ്റ്റാഫ് സെക്രട്ടറി എം.ബാബു എന്നിവർ സന്നിഹതരായിരുന്നു.