എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/ഇരട്ടക്കിരീടത്തിന്റെ നാൾവഴികൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഇരട്ടക്കിരീടത്തിന്റെ നാൾവഴികൾ / പി ജമാലുദ്ദീൻ


കുന്നമംഗലം പഞ്ചായത്തിന്റെ വടക്കേ അതിർത്തി. ആമ്പ്രക്കുന്നിന് വെള്ളിക്കൊലുസ് ചാർത്തിയൊഴുകുന്ന പൂനൂർ പുഴ. കൂടത്താൾ മലയുടെയും കുരുത്തോലക്കുന്നിന്റെയും മനോജ്ഞമായ താഴവര ഭാഷാ സ്നേഹികളായ ഒരുപറ്റം പച്ച മനുഷ്യരുടെ നാട്. കാളവണ്ടിക്കാലം മുതൽ ചരക്കുവണ്ടിയുടെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ റെക്കോർഡുണ്ടായിരുന്നൊരു കൊച്ചു ഗ്രാമം.

പ്രാദേശിക മുസ്ലിം നാടുവാഴികളും പ്രമാണിമാരും തറവാടുകളും. കരുവാരപ്പറ്റ നായന്മാർ ഉത്സവത്തിന് ശൂലം കുത്തിയിടം. പിന്നീട് പ്രയോഗത്തിൽ ചൂലാംവയലായി. ടിപ്പുവിന്റെ പടയോട്ട സ്മരണകളുണർത്തുന്ന പടനിലവും വഴിയോരങ്ങളിൽ അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശ പ്രകാരം തണൽ വിരിച്ച് ഇടതൂർന്ന് വളർന്ന മാവിൻ കൂട്ടങ്ങളും ബ്രിട്ടീഷ് പട്ടാളം തേർവാഴ്ച നടത്തിയ പഴയ കാലത്തെ സ്രാമ്പിയയും. ഇതൊക്കെയാണ് പ്രദേശത്തിന്റെ പൂർവ്വകാല ചരിത്രം. സാമ്രാജ്യത്വ അധിനിവേശവും സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയും ദർശിച്ച്, 1929 മുതൽ 2019 വരെയുളള നീണ്ട വർഷങ്ങൾ. നവതിയുടെ നിറവിലേക്ക് കാലെടുത്ത് വെക്കുന്നു വഴിവിളക്കായ ഈ ഗുരുകുലം.

ഈ വിളക്കുമാടത്തിന്റെ വിഹായസ്സിൽ ആയിരം പൂർണചന്ദ്രിക പാലൊളി തൂകി പടിഞ്ഞാറോട്ട് ചാക്രമണം നടത്തിയിട്ടുണ്ട്. ഒപ്പം സൂര്യതേജസ്സും. ഈ ഉദ്യാനമുറ്റത്തെ മലർവാടിയിൽ ശതകോടി കുസുമങ്ങൾ വർണരാജി വിരിച്ചിട്ടുണ്ട്. ബാല്യ കൗമാരങ്ങളുടെ ത്രസിക്കുന്ന ഓർമപുസ്തകങ്ങൾ ബാക്കിയാക്കി പതിനായിരങ്ങൾ ഈ നടുമുറ്റത്തിന്റെ ഈ കൽപ്പടവുകൾ കടന്ന് പുറത്തേക്കൊഴുകിയിട്ടുണ്ട്. ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ വലിയ മണ്ണത്താൾ ഹംസ അക്ഷര ലോകത്തേക്ക് പിച്ചവെച്ചത് ഈ വിദ്യാലയത്തിരുമുറ്റത്ത് നിന്നാണ്. അവർക്കൊക്കെ മാക്കൂട്ടം ഉന്മാദമായൊരോർമയാണ്. സുരയ്യക്ക് നിർമാതളം പോലെ, സുൽത്താന് മാങ്കോസ്റ്റിൻ പോലെ.

വന്ദ്യരായ തന്റെ പിതാവ് ആലി മുസ്ലിയാർക്കൊപ്പം കുഞ്ഞുകുസൃതിയുടെ ഒരു വ്യാഴവട്ടക്കാലം മഹാനായ മുൻ മുഖ്യമന്ത്രി | സി.എച്ച് മുഹമ്മദ് കോയ സാഹിബ് പിച്ചവെച്ചത് ഏടുകളിൽ ഉല്ലേഖനം ചെയ്തിട്ടുണ്ട്.

ഈ നവതി വസന്തത്തിൽ നമ്മുടെ സ്കൂളിന്റെ അറബി പഠനചരിത്രത്തിന്റെ നാൾവഴിയിലേക്കൊരെത്തിനോട്ടമാണ് ഞാനിവിടെ ഉദ്ദേശിക്കുന്നത്. കേരളത്തിലെ പ്രൈമറി പാഠശാലകളിലെ പാഠ്യപദ്ധതിയിൽ അറബി ഭാഷ ഉൾപ്പെടുത്തിയ 1956 മുതൽ നമ്മുടെ സ്കൂളിലും അറബിക് പഠനം ആരംഭിച്ചിരുന്നു. കെ.പി. മുഹമ്മദ് മുൻഷി(സൗത്ത് കൊടുവള്ളി)യായിരുന്നു പ്രഥമ അറബിക് അധ്യാപകൻ. പിന്നീട് പി.സി മൂസ്സ മാസ്റ്റർ(താമരശ്ശേരി), 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഈ വർഷം വിരമിക്കുന്ന വി.പി. അബ്ദുൽ ഖാദർ മാസ്റ്റർ(പാറന്നൂർ), കെ. പാത്തുമ്മ(കരുവൻപൊയിൽ) എന്നിവർ അറബിക് അധ്യാപകരായി. അതിന് ശേഷമാണ് ഈയുളളവൻ അറബിക് അധ്യാപകനായി നിയമിതനായത്. 1986 മുതൽ 34 വർഷക്കാലമായി നമ്മുടെ സ്ഥാപനത്തിൽ മൂന്ന് അറബിക് അധ്യാപകർ നിലവിലുണ്ടായിരുന്നു. ആ വർഷം തന്നെയാണ് ഈയുള്ളവനും സ്കൂളിൽ സർവ്വീസിൽ കയറുന്നത്. ഇതേ വർഷം തന്നെയായിരുന്നു നമ്മുടെ സ്കൂളിൽ അവിഭക്ത കുന്നമംഗലം ഉപജില്ലയുടെ ഉപജില്ലാ കലോൽസവം. അന്ന് ജനറൽ വിഭാഗത്തിനൊപ്പം അറബിക്കിനും ഓവറോൾ നമുക്കായിരുന്നു. അതിന് ശേഷം 2001 മുതൽ ഉപജില്ലാ അറബിക് കലാമേളകളിൽ നമ്മുടെ കുട്ടികൾ ചരിത്രനേട്ടം കൊയ്യുകയുണ്ടായി. കഴിഞ്ഞ 17 വർഷം തുടർച്ചയായി ഉപജില്ലയിൽ എൽ.പി, യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ മാക്കൂട്ടമാണ്. ഇതൊരു ചരിത്രമാണ്. സംസ്ഥാന കലാമേളകളുടെ ചരിത്രത്തിൽ ഈ ഒരു നേട്ടം നമ്മുടെ സ്കൂളിന് മാത്രം അവകാശപ്പെടാൻ കഴിയുന്നതാണ്.

ഈ കാലയളവിൽ ജില്ലാ കലോൽസവത്തിലടക്കം എണ്ണമറ്റ എ ഗ്രേഡുകളും ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ നാം നേടിയിട്ടുണ്ട്. ഈ വർഷം പ്രളയ ദുരിതം കാരണം മത്സരങ്ങൾ നടന്നിരുന്നില്ല. അലിഫ് അറബി ക്വിസ് മത്സരത്തിലും കൈയ്യെഴുത്ത് മാസികാ നിർമാണത്തിലും എല്ലാ വർഷവും നാം ജേതാക്കളാണ്. ഈ വർഷം ആദ്യമായി സംസ്ഥാന തലത്തിൽ നടത്തിയ അറബി കൈയ്യെഴുത്ത് മാഗസിൻ എൽ.പി, യു.പി വിഭാഗങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് ഗ്രേഡോടെ അഞ്ചാം സ്ഥാനക്കാരായത് മികച്ച നേട്ടം തന്നെയാണ്. ജില്ലയിൽ യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ കഥ പറയൽ, പദ്യം ചൊല്ലൽ, സംഘഗാനം, ഗാനം, ക്വിസ്, ഖുർആൻ പാരായണം, കൈയ്യെഴുത്ത്, പദ നിർമ്മാണം തുടങ്ങി എട്ട് ഇനങ്ങളിലും യു പി വിഭാഗം പദപ്പയറ്റ്, പദകേളി, കഥ പറയൽ, മോണോ ആക്ട്, സംഭാഷണം, പദ്യം ചൊല്ലൽ, ഗാനാലാപനം, സംഘഗാനം, ക്വിസ്, ഖുർആൻ പാരായണം, സാഹിത്യ വായന, സംഭാഷണം, ഭാഷാന്തരം തുടങ്ങി പതിമൂന്ന് വിഭാഗത്തിലുമായാണ് മൽസരം നടക്കാറുള്ളത്. സർഗാത്മകതക്കുപരി പാഠ്യവിഷയങ്ങളിലാണ് മത്സരം കൂടുതൽ ഊന്നൽ നൽകുന്നത് എന്നതിനാൽ സ്കൂൾ തുറന്ന് ജൂൺ മാസാരംഭത്തിൽ കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്ന രീതിയാണ് അവലംബിക്കാറുള്ളത്. ഇടക്കിടെ മത്സരം സംഘടിപ്പിച്ചു മിടുക്കന്മാരെയും മിടുക്കികളെയും തെരഞ്ഞെടുക്കും. ഈ നൈര്യന്തര്യത നിലനിർത്തുന്നതിനാൽ പ്രയാസരഹിതമായി കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്നതിന് സാധിക്കുന്നു. പ്രസംഗം, സംഭാഷണം, മോണോ ആക്ട്, കഥപറയൽ, ക്വിസ്, പാരായണം, തർജ്ജമ, പദപ്പയറ്റ്, പദകേളി എന്നിവ കൂടുതൽ സമയമെടുത്ത് ചെയ്ത് തീർക്കേണ്ടവയാണ്. പദ്യത്തിലും പാട്ടിലും മിടുക്കന്മാരേയും മിടുക്കികളേയും കണ്ടെത്തി പരിശീലിപ്പിക്കണം. കാലിക വിഷയങ്ങളിൽ ഏറ്റവും പുതിയ കവിതകൾ മാത്രമെ സ്റ്റേജിൽ അവതരിപ്പിക്കാറുള്ളൂ. കേരളത്തിലെ പ്രസിദ്ധരായ അറബി കവികളെ കണ്ട് അവരോട് കവിതകൾ എഴുതി വാങ്ങിക്കലാണ് പതിവ്. മോണാ ആക്ടിൽ നൂതനമായ പ്രമേയങ്ങളിൽ നാം തന്നെ നിർമാണവും സംവിധാനവും നിർവ്വഹിക്കുന്നു.

അറബി സംഭാഷണങ്ങൾക്ക് അറേബ്യൻ കൊളോക്കിയൽ പശ്ചാത്തലം ഉപയോഗിക്കുന്നതിനാൽ ജില്ലാ മൽസരങ്ങളിൽ നാം പലപ്പോഴും ഒന്നാം സ്ഥാനം കരസ്ഥമക്കാറുണ്ട്. 2016 ലും 2017 ലും തുടർച്ചയായി ജില്ലയിൽ മാക്കൂട്ടത്തിന്റെ ഹിബ ജബിൻ കവിതാ പാരായണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്മരണീയമാണ്. 2016 -ൽ കോഴിക്കോട്ട് മാൻഹോളിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടയിൽ തന്റെ ജീവൻ ത്യജിക്കേണ്ടി വന്ന നൗഷാദ് എന്ന ധീരനായ ഓട്ടോ ഡ്രൈവറുടെ ത്യാഗം സ്മരിച്ചും 2017 ൽ എയർ ഇന്ത്യാ വിമാനത്തിലെ നൂറിലധികം യാത്രക്കാരെ രക്ഷപ്പെടുത്തിയതിന് ശേഷം മരണത്തിന് കീഴടങ്ങിയ ദുബൈ ഫയർഫോഴ്സ് ജീവനക്കാരൻ ബലൂശിയെ ഓർത്തുമായിരുന്നു കിരീടമണിഞ്ഞത്. എന്റെ സഹപാഠിയും സ്കൂൾ അധ്യാപകനും കരുവൻപൊയിൽ നിവാസിയുമായ കവി കെ അബ്ദുൽ സലാമിന്റേതായിരുന്നു രചന. ജെ ഡി റ്റി ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ കവി നേരിട്ടെത്തി ഹിബക്ക് സമ്മാനം നൽകിയത് വാർത്തയായിരുന്നു. 2018 ൽ ഗദ്യവായനയിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത് അഞ്ചാം ക്ലാസുകാരി ഫിദ ഫാത്തിമക്കാണ്. അറബി ഉച്ചാരണത്തിലും സംസാരശൈലിയിലും നമ്മുടെ കുട്ടികളുടെ മികവു കൂടിയാണ് പ്രസ്തുത അംഗീകാരം. പങ്കെടുക്കുന്ന മുഴുവൻ ഇനങ്ങളിലും ജില്ലാ മൽസരങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നതിൽ നമുക്കഭിമാനിക്കാം. ഒന്നാം ക്ലാസുകാർ മാത്രം പങ്കെടുക്കുന്ന മൽസരമായ പദനിർമ്മാണത്തിനുള്ള പരിശീലനം ശ്രമകരമാണ്. ഏഴ് അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് എഴുപതിലധികം പദങ്ങൾ നിർമ്മിച്ച മിടുക്കന്മാർ ഒന്നാം ക്ലാസിൽ ഉണ്ടായിട്ടുണ്ട്. മത്സരത്തിൽ പല ഇനങ്ങളും മാക്കൂട്ടത്തിന്റെ കുത്തകയായ പോലെ ഇതും ആ ഗണത്തിൽപ്പെടുന്നു. അറബി ഭാഷാ പഠനം ഗൗരവ രീതിയിൽ പരിഗണിക്കുന്നതിനാലാണ് രക്ഷിതാക്കളുടെ സഹകരണ ത്തോടെ വർഷങ്ങളായി നാം ഈ നേട്ടം കൊയ്യുന്നത്. പ്രാപ്തരും അർപ്പണ മനോഭാവമുള്ളവരുമായവരുടെ കൂട്ടായ്മക്കാണ് വിജയം. ലക്ഷ്യബോധമുള്ള വിദ്യാഭ്യാസ വും സന്തോഷവും ഉത്സാഹവുമുള്ള വിദ്യാർത്ഥി സമൂഹവുമാണ് നമുക്ക് വേണ്ടത്.

  • സ്കൂൾ കലാമേളകളിൽ സജീവ സാന്നിധ്യമായിരുന്ന ലേഖകൻ 2021 ഡിസംബർ 15 ന് മരണപ്പെട്ടു.