ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

പ്രവർത്തനങ്ങൾ_2020_21

തച്ചങ്ങാട് ഗവ.സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂനിറ്റ് അനുവദിച്ചു.

തച്ചങ്ങാട് ഗവ.സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഡ്വൈസറി ബോർഡ് രൂപീകരണം നടന്നു.(13-03-2020)

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അടുത്ത അധ്യയനവർഷം മുതൽ ആരംഭിക്കും. ഇതിനു മുന്നോടിയായുള്ള അഡ്വൈസറി ബോർഡ് രൂപീകരണം തച്ചങ്ങാട് ഹൈസ്കൂളിൽ നടന്നു.എക്സൈസ്, വനം വകുപ്പ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, ഗ്രാമപഞ്ചായത്ത്, വിദ്യാഭ്യാസവകുപ്പ്, ഫയർ ആന്റ് റസ്ക്യൂ തുടങ്ങിയ വിവിധവകുപ്പുകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ബേക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ വേണുഗോപാൽ പദ്ധതി വിശദീകരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ പി ലക്ഷ്മി, ഷാഫി,എക്സൈസ് ഓഫീസർ എം.വി. സുധിന്ദ്രൻ , ഷെയ്ക്ക് അബ്ദുൾ ബഷീർ, ഫോറസ്റ്റ്ബീറ്റ് ഓഫിസർ രാഹുൽ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ , പ്രണാബ് കുമാർ , മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപിക ഭാരതീ ഷേണായി സ്വാഗതവും സ്കൂൾ സി.പി ഒ സുനിൽ കുമാർ നന്ദിയും പറഞ്ഞു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഡ്വൈസറി ബോർഡ് മെമ്പർമാർ

പ്രവർത്തനങ്ങൾ_2021_22

ജൂൺ 5-പരിസ്ഥിതി ദിനം_നാട്ടുമാവിൻ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി

 
പരിസ്ഥിതി ദിനാഘോഷംഃ2021

തച്ചങ്ങാടിനെ നാട്ടുമാവിൻ ഗ്രാമമാക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മണ്ണിന് തണലായൊരായിരം മാന്തൈ@ 2021 എന്ന പരിപാടിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും സഹകരിച്ചാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ ഡി.വൈ.എസ്.പി ബിജു.കെ.എം നാട്ടുമാവ് നട്ട്കൊണ്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതം പറഞ്ഞു.നാട്ടിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കുക എന്ന ശ്രദ്ധേയമായ നിർദ്ദേശമാണ് തച്ചങ്ങാട്ടെ ഗ്രാമീണ ജനത നെഞ്ചേറ്റിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും സ്കൂളിൽ വ്യത്യസ്തങ്ങളും ശ്രദ്ധേയങ്ങളുമായ പരിപാടികളുമായി സീഡ് , എസ്.പി.സി യൂണിറ്റുകൾ സജീവമാണ്. പരിസ്ഥിതി ദിനത്തിൽ മൂവായിരത്തോളം നാട്ടുമാവുകളാണ് സ്കൂൾ, വിദ്യാർത്ഥികളുടെ വീട്ടിലും പരിസരത്തുമായി നട്ടത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ, കുഞ്ഞബ്ദുള്ള മവ്വൽ, ഉദുമ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, സ്കൂൾ പ്രഥമാധ്യാപകൻ സുരേശൻ. പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ. എസ്.എം.സി ചെയർമാർ ടി.വി.നാരായണൻ എന്നിവർ മാവിൻ തൈകൾ നട്ടു. അശോക കുമാർ, മനോജ് പിലിക്കോട്, രാജേഷ് തച്ചങ്ങാട്, ജിതേന്ദ്രകുമാർ വിജയകുമാർ,ഡോ.സുനിൽകുമാർ കോറോത്ത്, സജിത, രശ്മി, സുജിത, ഷൈമ,അഭിലാഷ് രാമൻ,എസ്.പി.സി. റെഡ്ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് , സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

ലഹരി വിരുദ്ധ ദിനം_26_06_2021

ജൂൺ26ന് ലഹരിയ്ക്കെതിരെ പോസ്റ്റർരചന,ലഹരിവിരുദ്ധപ്രതിജ്ഞ,ഷോർട്ട്ഫിലിംഎന്നിവ എസ്.പി.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ആഗസ്ത് 15 സ്വാതന്ത്ര്യദിനം

ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പ്രധാനാധ്യാപകൻ സുരേശൻ.പി.കെ ദേശീയപകാക ഉയർത്തി.ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി.തുടർന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ അവതരിപ്പിച്ച ദേശഭക്തിസൂചകമായ ഡിസ്പ്ല അവതരിപ്പിച്ചു.വാർഡ് മെമ്പർമാരായ മണികണ്ഠൻ,ക‍ുഞ്ഞബ്ദുളള മവ്വൽ ,പി.ടി.എ പ്രസിഡൻറ് എന്നിവർ വിശിഷ്ടാതിഥികളായി.തുടർന്ൻക്തന്ത്ര്യദി നക്വിസ്സ്,ദേശഭക്തിഗാനമത്സരം,പ്രഭാഷണമത്സരം എന്നിവ നടത്തി.

അഴിമതിവിരുദ്ധപ്രതിജ്ഞ_02_11_2021

 
അഴിമതി വിരുദ്ധ പ്രതിജ്ഞ

തച്ചങ്ങാട് : വിജിലൻസ് ബോധവൽക്കരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഹൈസ്കൂളിലെ എസ്.പി.സി കുട്ടികൾ അഴിമതിവിരുദ്ധ പ്രതിജ്ഞ കൈക്കൊണ്ടു. വരും തലമുറ പൂർണ്ണമായും അഴിമതിയിൽ നിന്നും കൈക്കൂലി കൊടുക്കൽവാങ്ങലുകളിൽ നിന്നും പിൻതിരിഞ്ഞ് നിൽക്കണമെന്ന് ഓർമിപ്പിച്ചു കൊണ്ട് പ്രധാനാധ്യാപകൻ സുരേശൻ പി.കെ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ കേഡറ്റ് ലക്ഷ്മീ ദേവി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മറ്റു കേഡറ്റുകൾ ഏറ്റുചൊല്ലി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും എസ്.പി യുടെ സി.പി.ഒ ഡോ. സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.

കോവിഡിനൊപ്പം സ്കൂൾ പഠനം: കർമോത്സുകരായി കുട്ടിപ്പോലീസ്_07_11_2021

 

കോവിഡ് 19 രോഗഭീതി നിലനിൽക്കെ സ്കൂൾ പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് നീങ്ങുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകി തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ . ഇതുവരെ ക്ലാസ്സുകൾ ആരംഭിച്ചിട്ടില്ലാത്ത എട്ട്, ഒമ്പത് ക്ലാസ്സുകളിലെ എസ്.പി.സി കേഡറ്റുകൾ ഒമ്പതേകാലിന് ഒന്നാം ക്ലാസ്സു മുതലുള്ള കുട്ടികൾ സ്കൂൾ കവാടത്തിലെത്തും മുമ്പ് തന്നെ ഗേറ്റിലും ക്ലാസ്സുമുറികളുടെ പരിസരങ്ങളിലും നിലയുറപ്പിക്കും. കവാടത്തിൽ വെച്ച് തന്നെ തെർമൽ സ്കാനിങ്ങ് നടത്തി സാനിറ്റൈസർ കൈളിലേക്ക് പകർത്തി മാത്രം പ്രവേശിപ്പിച്ച് കുട്ടികളെ അവരുടെ ക്ലാസ്സു വരെ കേഡറ്റുകൾ അനുഗമിക്കും. അകലം പാലിച്ചു കൊണ്ട് ബെഞ്ചുകളിൽ ഇരുത്തുന്നതും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതും എല്ലാം ഈ കുട്ടിപോലീസ് സേന തന്നെ. ശൗചാലയങ്ങൾ വരെ കൊച്ചുകുട്ടികളെ അനുഗമിച്ചും സാനിറ്റൈസർ നൽകി ശുദ്ധിവരുത്തി അവരെ തിരിച്ചു ക്ലാസ്സിലെത്തിക്കുന്നതും നിത്യകാഴ്ചയാണ്. എസ്.പി.സി കുട്ടികൾ തന്നെ വരച്ചും എഴുതിയും കമ്പ്യൂട്ടറിൽ തയ്യാറാക്കിയതുമായ നിരവധി മാർഗനിർദ്ദേശബോർഡുകൾ സ്കൂളിന്റെ പല ഭാഗങ്ങളിലും തൂക്കിയിട്ടിട്ടുണ്ട്. ഉച്ചഭക്ഷണവിതരണം കൂടി ആരംഭിച്ചതോടെ കേഡറ്റുകൾ കുറേക്കൂടി കർമോത്സുകരായി . ബക്കറ്റുകളിൽ ചോറും കറികളും നിറച്ച് അതത് ക്ലാസ്സുമുറികളിൽ എത്തിക്കുന്നതും കൂട്ടം കൂടാതെ വരിവരിയായി കുട്ടികളെ പാത്രം കഴുകാനായി കൊണ്ടുപോകുന്നതും തിരിച്ച് ക്ലാസ്സുകളിലെത്തിക്കുന്നതും ഉത്തരവാദിത്വമെന്ന പോലെ ഏറ്റെടുത്ത് നടത്തുകയാണ്. വ്യത്യസ്തസമയങ്ങളായി കുട്ടികളെ തിരിച്ചുകൂട്ടാനെത്തുന്ന രക്ഷിതാക്കളെ സ്കൂൾ കവാടത്തിന് വെളിയിൽ നിർത്തി, അവർ നൽകുന്ന സൂചനകൾക്കനുസരിച്ച് അവരവരുടെ കുട്ടികളെ ക്ലാസ്സിൽ നിന്നും കൊണ്ടുവന്ന് രക്ഷിതാക്കളെ ഏല്പിക്കും. എസ്.പി.സി കേഡറ്റുകളുടെ ഈ പ്രവൃത്തി ഇതിനോടകം തന്നെ പൊതുജനപ്രീതി ഏറ്റുവാങ്ങി. ദിവസവും മുപ്പത് വീതം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ വിവിധഭാഗങ്ങളിൽ കർമനിരതയുടെ അടയാളങ്ങളായി നിലയുറപ്പിച്ചിരിക്കുകയാണ്.

എയ്ഡ്സ് ബോധവൽക്കരണ സൈക്കിൾ റാലി_01_12_2022

 
ഏയ്ഡ്സ് ദിനാചരണം_01_12_2021

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണമായി ബേക്കൽ ജനമൈത്രി പോലീസുമായിസഹകരിച്ച് തച്ചങ്ങാട്ടെ കുട്ടിപ്പോലീസ് സൈക്കിൾ റാലി നടത്തി. എയ്ഡ്സ് ബാധിതരെ അകറ്റരുത്, ചേർത്ത് നിർത്തുക, ലഹരി എയ്ഡ്സിന് കാരണമാകുന്നു തുടങ്ങിയ 20 ഓളം മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡുകൾ പതിപ്പിച്ചാണ് കേഡറ്റുകൾ റാലിയിൽ അണിനിരന്നത്. സ്കൂളിൽ നിന്നും ആരംഭിച്ച് തച്ചങ്ങാട് ടൗൺ മുതൽ മൗവ്വൽ ജങ്ഷൻ വരെ സഞ്ചരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ബേക്കൽജനമൈത്രി പോലീസ് സ്റ്റേഷനിെലെ സിവിൽ പോലീസ് ഓഫീസർ രാജേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത്,എസ്.പി.സി യുടെ എ.സി.പി.ഒ സുജിത എ.പി, മനോജ് പിലിക്കോട്, ഇർഷാദ്, നിമിത,രഞ്ജിത, രാജു, ജയേഷ് തുടങ്ങിയ അധ്യാപകരും റാലിയിൽ അണിനിരന്നു.

ബിപിൻ റാവത്തിന് അന്ത്യാഞ്ജലി 10_12_2021

 
ബിപിൻ റാവത്തിന് അന്ത്യാഞ്ജലി_10_12_2021

ഹെലികോപ്റ്റർ അപകടത്തിൽ അകാലമൃത്യു സംഭവിച്ച ഇന്ത്യയുടെ സംയുക്തസേനാധിപൻ ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ച് തച്ചങ്ങാട്ടെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ മൗനജാഥയും മൗന പ്രാർത്ഥനയും നടത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ അധ്യാപക അനധ്യാപക ജീവനക്കാരും വിദ്യാർത്ഥികളും മൗന പ്രാർത്ഥനയിൽ പങ്കു കൊണ്ടു. തുടർന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റംഗങ്ങൾ മൗനജാഥ നടത്തി. രാഷ്ട്രത്തിന് ബിപിൻ റാവത്ത് നൽകിയ സേവനങ്ങളെ അനുസ്മരിച്ച് കൊണ്ട് സീനിയർ അസിസ്റ്റന്റ് വിജയകുമാർ സംസാരിച്ചു. സി.പി.ഒ ഡോ.സുനിൽകുമാർ കോറോത്ത്, എ.സി.പി. ഒ സുജിത. എ.പി ,അഭിലാഷ് രാമൻ, അശോകകുമാർ, സുജിത് സൈമൺ, ധന്യ രതീഷ്, ചാന്ദ്നി എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.

വിജ്ഞാനവും വിനോദം പകർന്ന് ദ്വിദിന എസ്.പി.സി. ക്യാമ്പ് (01_01_2022)

 
പത്രവാർത്ത

തച്ചങ്ങാട് : സ്‌റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സമാപിച്ചു.കോവിഡ് സൃഷ്ടിച്ച അടച്ചിടലുകൾക്കു ശേഷം ഒത്തുകൂടാനായി അവസരം ലഭിച്ചത് കേഡറ്റുകൾക്ക് നവ്യാനുഭവമായി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ അധ്യക്ഷനായി. ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ക്യാമ്പ് ബ്രീഫിങ്ങ് നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രതിദിനം നാണയത്തുട്ടുകൾ ശേഖരിക്കുന്ന ഡ്രോപ്സ് എന്ന നാണയനിധിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. എസ്.പി സി യുടെ പത്ത് ലക്ഷ്യങ്ങൾ, കൗമാരക്കാരുടെ പ്രശ്നങ്ങൾ, ശാരീരികക്ഷമതയും പോഷകാഹാരവും ആരോഗ്യവും ശുചിത്വവും , ദൃശ്യപാഠം, എസ്.പി.സി. യൂണിഫോമിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തി. ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.ശ്രീധരൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സീമ ജി.കെ, പള്ളിക്കര ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപു. സി.എം, ആയിഷബിണ്ടി അബ്ദുൾ ഖാദർ, അഭിലാഷ് രാമൻ, പ്രണാബ് കുമാർ ,ബേക്കൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജനീഷ് മാധവ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിസിറ്റിങ്ങിന്റെ ഭാഗമായി കോട്ടപ്പാറം കാനത്തിലേക്ക് കേഡറ്റുകളും അധ്യാപകരും യാത്ര നടത്തി. ജൈവവൈവിധ്യ സംസ്കൃതിയെ സംരക്ഷിക്കേണ്ടുന്നതിനെക്കുറിച്ച് പരിസ്ഥിതിപ്രവർത്തകനും അധ്യാപകനുമായ ജയപ്രകാശ് ക്ലാസ്സൈടുത്തു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്ററായ മനോജ് പിലിക്കോട് ചൊല്ലിക്കൊടുത്ത കാനം സംരക്ഷണപ്രതിജ്ഞ കേഡറ്റുകൾ ഏറ്റുചൊല്ലി. ബേക്കൽ പോലീസിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി കേഡറ്റുകൾക്ക് കായിക പരിശീലനവും പരേഡും നൽകി. കാലത്ത് നടത്തിയ വിവിധമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഡോ.വി.ബാലകൃഷ്ണൻ നിർവ്വഹിച്ചു. സമാപനസമ്മേളനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡന്റ് അനിത രാധാകൃഷ്ണൻ ,എസ്.എം.സി ചെയർമാൻ ടി.വി. നാരായണൻ, ഗാർഡിയൻ പി.ടി.എ.പ്രസിഡന്റ് ജീത്രേന്ദകമാർ , വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്‌റ്റാഫ് സെക്രട്ടറി അജിത ടി, എ.സി.പി.ഒ സുജിത .എ.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതവും ഡോ.സുനികുമാർ കോറോത്ത് നന്ദിയും പറഞ്ഞു. . ദ്വിദിന എസ്.പി.സി. ക്യാമ്പിന്റെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://youtu.be/238b6vG4vsU