ഗവ. യു പി എസ് പൂജപ്പുര/കൂടുതൽ വായനയ്ക്ക്....ചരിത്രം
വളരെ വർഷത്തിനു മുന്പ് രാമൻപിള്ള ആശാൻ സ്ഥാപിച്ച ഒരു കുടിപ്പള്ളിക്കുടമാണ് പുജപ്പുര ഗവൺമെൻറ് സ്കൂളായി വളർന്നത്. 1960-ലായിരുന്നു ഇന്ന് കാണുന്ന കെട്ടിടം പൂർത്തിയായത്. 1962ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും 2003 വരെ ഹെെസ്കൂളായി പ്രവർത്തിക്കുകയും ചെയ്തു. ചെങ്കളളൂർ പുത്തൻ ബംഗ്ളാവിൽ നീലകണ്ഠപിള്ളയുടെ മകൾ എൻ.ശ്രീമതിയമ്മയാണ് ആദ്യ വിദ്യാർത്ഥി.
1959-ൽ തിരുവന്തപുരത്തിന് സമീപത്തുള്ള ആറ്റിങ്ങലിൽ ശക്തമായ മഴയും കൊടുംകാറ്റും ഉണ്ടായി. അവിടെയുള്ള വളരെ പഴക്കം ചെന്ന ഒരു പ്രെെമറി സ്കൂളിൻെറ മേൽകൂര പൊളിഞ്ഞു വീണ് ചിലകുട്ടികൾക്ക് പരുക്കേറ്റു. ഇന്നത്തെ യുവജനസമാജം ഗ്രന്ഥശാലയിലെ കെട്ടിടത്തിലാണ് അന്ന് പൂജപ്പുര സ്കൂൾ പ്രവർത്തിച്ചിരുന്നത്. ആറ്റിങ്ങലിലെ സംഭവം പത്രവാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള ഒരു ദിവസം രാവിലെ 11 മണിയോടെ പൂജപ്പുര സ്കൂളിൽ വന്നു. സ്കൂളിൻെറ പഴക്കവും അവസ്ഥയും ബോദ്ധ്യമായപ്പോൾ അദ്ദേഹം സമീപത്തുള്ള ബാലമന്ദിരത്തിൽ കയറി തത്ക്കാലം അവിടെയുള്ള ഒരു കെട്ടിടത്തിലേക്ക് സ്കൂളിൻെറ പ്രവർത്തനം മാറ്റാൻ തീരുമാനമെടുത്തു. തുടർന്ന് ഇന്നത്തെ പൂജപ്പുര സ്കൂളിൻെറ സ്ഥലം വിദ്യാഭ്യാസവകുപ്പിനായി പതിച്ചു നൽകാനുള്ള നടപടി സ്വീകരിച്ചു.
ആ സ്ഥലം 'നന്ദാവനം' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അതിൻെറ ഫലമായി പൂജപ്പുര ഗവ:എൽ.പി.എസ്. ഉടനടി നിർമ്മിക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചു. പ്രസ്തുത സ്കൂൾ ശ്രീമാൻ പട്ടം താണുപിള്ള തന്നെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പി.ടി.എ യുടെ ശ്രമഫലമായി പൂജപ്പുര ഗവ:ഹെെസ്കൂൾ ആയി മാറുകയും ചെയ്തു. പ്രസ്തുത ഹെെസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശങ്കർ ആയിരുന്നു. നാലേക്കറോളം സ്ഥലമാണ് വിദ്യാഭ്യാസ വകുപ്പിന് കിട്ടിയത്. പിന്നീട് പരീക്ഷഭവൻ, എസ്.സി.ആർ.ടി. തുടങ്ങിയ സ്ഥാപനങ്ങൾ വരുകയും ചെയ്തു. രാജവാഴ്ച കാലത്ത് പ്രസ്തുത പ്രദേശം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കൾ ശേഖരിക്കുന്നതിനുള്ള ഒരു പൂങ്കാവനമായിരുന്നു. അതിനുവേണ്ടി നിർമ്മിച്ച ഒരു കുളവും ഉണ്ടായിരുന്നു.