സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/എന്റെ ഗ്രാമം

12:14, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/എന്റെ ഗ്രാമം എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)




പ്രാദേശിക ചരിത്രം വലിയതുറ വാർഡ് - തോപ്പ്



തയ്യാറാക്കിയത് 1. ടീനു മൈക്കിൾ (9C) 2. അപർണ്ണ എൻ. (9C) 3. ആൻ എ. സാംസൺ (9B) 4. ആസിയ നജീബ്(9D) 5. ലാവണ്യ ഏണസ്റ്റ് (9A) 6. ഗോഡ് ലി പത്രോസ് (7D) 7. സാനിയ എസ്.(7C) സഹായിച്ച അധ്യാപകർ : പൗളിൻ സിറിൾ, ലീമാ റോസി, മേരി സോഫ്യാ, ഗ്രീറ്റ ജസ്റ്റിൻ, സിമി എസ്.എസ്., ഷൈനി ഫെർണാണ്ടസ് - സെന്റ് റോക്സ് ഹൈസ്കൂൾ

       നന്ദി

പ്രാദേശികചരിത്രരചന എന്ന സംരംഭത്തിൽ ഞങ്ങൾക്ക് മാർഗ്ഗദർശനമേകിയ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സൂസി പെരേര വി. ടീച്ചർ, എസ്.ആർ.ജി കൺവീനർ, സോഷ്യൽ സയൻസ് ക്ലബ്ബിലെ അധ്യാപകർ, ചരിത്രാന്വേഷണയാത്രയിൽ അഭിമുഖം അനുവദിച്ചുതന്ന വാർഡ് കൗൺസിലർ ശ്രീമതി അയറിൻ ടീച്ചർ, ശ്രീമാൻ ആൽബി ഡിക്രൂസ്, ശ്രീമാൻ ജോർജ്ജ് മൈക്കിൾ പെരേര ചരിത്ര പുസ്തകങ്ങളും പഠനവിവരങ്ങളും നൽകി സഹായിച്ച ശ്രീമതി മെറ്റിൽഡ ടീച്ചർ തുടങ്ങിയ സുമനസ്സുകൾക്ക് നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.


                    സെന്റ് റോക്സ് ഹൈസ്കൂൾവിദ്യാർത്ഥികൾ


വലിയതുറ വാർഡ് തിരുവനന്തപുരം കോർപ്പറേഷനിലെ വലിയതുറ വാർഡ് പഴയകാലത്ത് ബീമാപള്ളി മുതൽ ശംഖുമുഖംവരെ വ്യാപിച്ചുകിടന്നിരുന്ന തീരപ്രദേശം ഉൾക്കൊള്ളുന്നതായിരുന്നു. എന്നാൽ ഇന്ന് വാർഡിന്റെ വ്യാപ്തി വലിയതുറ കടൽപാലം മുതൽ ശംഖുമുഖം ബീച്ചുവരെയായിരിക്കുന്നു. ഈ പ്രദേശം ആരാധനാലയങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ബാങ്കുകൾ, സാംസ്കാരികകേന്ദ്രങ്ങൾ, വിമാനത്താവളം, ചരിത്രസ്മാരകങ്ങൾ എന്നിവയാൽ സമ്പന്നമാണ്. അവയുടെ ചരിത്രവസ്തുതകളിലേയ്ക്കുള്ള ഒരു അന്വേഷണമാണ് ഈ പ്രാദേശികചരിത്രം. ചരിത്ര സ്മാരകങ്ങൾ & സാംസ്കാരിക കേന്ദ്രങ്ങൾ

         ഒരു ജനതയുടെ ചരിത്രമെന്നാൽ ‍ അവർ ‍ വസിക്കുന്ന ദേശത്തിന്റെയും ചരിത്രമെന്നർത്ഥം. ജനതയുടെ രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, മതപരം, സാംസ്കാരികം തുടങ്ങിയ സമസ്ത മേഖലകളുടെയും പ്രാരംഭം മുതൽ  വളർച്ചാ പരിണാമ ഘട്ടങ്ങളിലൂടെയുള്ള വർത്തമാനകാലത്തിലെത്തി നില്ക്കുന്നതുവരെയുള്ള ചരിത്രം അതിൽപ്പെടും. ഐതിഹ്യങ്ങളും  അതിൽ ഇടംകണ്ടെത്തും. മേൽപറഞ്ഞ മേഖലകളിലൊക്കെയും തനതു വ്യക്തിത്വം പുലർത്തുന്ന ഒരു പ്രദേശമാണ് തിരുവനന്തപുരം.  ഇന്നലെകളുടെ ഗരിമ ഉദ്‌ഘോഷിച്ചു കൊണ്ട് ഇന്നു ശേഷിക്കുന്നതെന്തും സ്മാരകങ്ങളാണ്. ഇവിടെ അത്തരം പൈതൃക സ്മാരകങ്ങളിലൂടെയൊരു പ്രദക്ഷിണം സാധ്യമാക്കുന്നു. കേരള സംസ്ഥാനപുരാവസ്തു വകുപ്പിന്റെ കീഴിൽ 170 സംരക്ഷിത സ്മാരകങ്ങൾ ഉണ്ട്. വിവിധ കാലഘട്ടങ്ങളിലെ സ്മാരകങ്ങൾ കണ്ടെത്തി സംരക്ഷിച്ചു പോകുക  എന്നത് വകുപ്പിന്റെ ഒരു പ്രധാന ലക്ഷ്യം കൂടിയാണ് . ഇതിൽ സംസ്ഥാനത്തെ  പ്രധാന കൊട്ടാരങ്ങൾ ‍, കോട്ടകൾ ‍, ശിലാഗുഹകൾ ‍, ശവകുടീരങ്ങൾ ‍,ആരാധനാലയങ്ങൾ ‍, കേരളത്തിന്റെ തനതു വാസ്തുശൈലി മന്ദിരങ്ങൾ ‍ തുടങ്ങി പുരാതന സംസ്കാരത്തിന്റെ ബാക്കി പത്രങ്ങൾ ‍ വരെ ഉണ്ട്. ഇങ്ങനെ പറഞ്ഞു പോകുമ്പോൾ നമുക്ക് മാറ്റിവയ്ക്കാൻ കഴിയുന്ന ഒന്നല്ല വലിയതുറയിലെ കടൽ പാലവും ശംഖുമുഖം ബീച്ചും .

വലിയതുറയിലെ കടൽ പാലം.

വലിയതുറ അതിന്റെ തുറമുഖത്തിന് പ്രസിദ്ധമാണ് . 60 വർഷം പഴക്കമുള്ള, 703 അടി (214 മീറ്റർ) പിയറും അതിനു പിന്നിലുള്ള ഗോഡൗണുകളും (വെയർഹൗസുകൾ) പഴയതിൽ നിന്ന് വളരെ അകലെയാണ്, ഒരു സമയം 50 ചരക്ക് കപ്പലുകൾവരെ ഇവിടെ വന്നിരുന്നു. രാജപ്രമുഖിന്റെ ഉപദേഷ്ടാവ് ഡോ. പി.എസ്. റാവു 1956 -ൽ തുറന്ന തെക്കൻ കേരളതീരത്തെ ഏക തുറമുഖമായിരുന്നു അത്.

       		127 കോൺക്രീറ്റ് കൂമ്പാരങ്ങൾ പിന്തുണയ്ക്കുന്ന, കപ്പലിൽ നിന്ന് ചരക്ക് ഇറക്കാൻ 3 ടൺ ഭാരമുള്ള നാല് ക്രെയിനുകളും ഒരു 10 ടണലും ഉണ്ടായിരുന്നു. കടൽ ആഴം കുറഞ്ഞ ജലാശയത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ, കനത്ത കപ്പലുകൾക്ക് ആഴക്കടലിൽ നങ്കൂരമിടുകയും ചെറിയ വള്ളങ്ങളിൽ സാധനങ്ങൾ കൊണ്ടുപോകുകയും ചെയ്യേണ്ടിവന്നു. കൂറ്റൻ ചരക്ക് കപ്പലുകൾക്ക് സൗകര്യമൊരുക്കി കൊച്ചി തുറമുഖം വികസിപ്പിച്ചതോടെ വലിയതുറയ്ക്ക് അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. 1980 കളുടെ തുടക്കത്തിൽ ഇത് 'ഡെഡ് പോർട്ട്' ആയി പ്രഖ്യാപിക്കപ്പെട്ടു.

ശംഖുമുഖം ബീച്ച്



        		ദക്ഷിണേന്ത്യയിലെതന്നെ പേരുകേട്ട ഒരു വിനോദസഞ്ചാരകേന്ദ്രമാണ് കേരളത്തിൽ, തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം ബീച്ച്. വിശാലമായ വെള്ളമണല്പരപ്പും ശാന്തമായ അന്തരീക്ഷവും, നഗരത്തിലെ ജനക്കൂട്ടത്തിൽ നിന്ന് അകലെ, വിശ്രമത്തിനും  സായാഹ്നം ചെലവഴിക്കുന്നതിനും അനുയോജ്യമായ എല്ലാ ചേരുവകളും നൽകുന്നു. കാർ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ കിയോസ്കുകളും ഓപ്പൺ എയർ തിയേറ്ററും   നല്ല ഭക്ഷണം ആസ്വദിക്കാൻ "സ്റ്റാർ ഫിഷ് റെസ്റ്റോറന്റും" ഇന്ത്യൻ കോഫി ഹൗസും എല്ലാം ബീച്ചിലെത്തുന്നവർക്കുള്ള സൗകര്യങ്ങളാണ്. സൂര്യാസ്തമയം ആസ്വദിക്കുന്നതിനുള്ള ഒരു മികച്ച സ്ഥലമാണിത്. ശംഖുമുഖം ബീച്ച് സന്ദർശിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന കാഴ്ചകൾ നിരവധിയത്രേ. ആർട്ട് ഗ്യാലറി, മത്സ്യകന്യകാശിൽപം, കുട്ടികളുടെ പാർക്ക്, കുട്ടികൾക്കുള്ള മറ്റ് വിനോദോപാധികൾ, തുടങ്ങിയവ ഇവിടത്തെ മുഖ്യ ആകർഷണങ്ങളാണ്.

ആർട്ട് ഗ്യാലറി (തെക്കേ കൊട്ടാരം)

മ്യൂസിയം, സമകാലീന കലാസൃഷ്ടികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും പുതിയ കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.


ആർട്ട് ഗ്യാലറി (തെക്കേ കൊട്ടാരം)

           രാജ്യത്തെ മറ്റെവിടെത്തെയും ആർട്ട് ഗാലറികളിൽ നിന്ന് വ്യത്യസ്തമായി, കലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന സ്ഥലത്തിന് പണം നൽകുന്നു. ഇവിടെ കലാകാരന്മാരുടെ ഒരു പാനൽ കലാകാരന്മാരെയും അവരുടെ സൃഷ്ടികളെയും പ്രദർശനത്തിനായി തിരഞ്ഞെടുക്കും. ഇത് പ്രദർശനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കും. 'തിരുവിതാംകൂറിലെ മുൻ രാജകുടുംബത്തിന്റെ വിശ്രമകേന്ദ്രമായിരുന്നു ശംഖുമുഖം കൊട്ടാരം. ആർട്ട് മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ മ്യൂസിയം  തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലായി.
        		 ഒരു ആർട്ട് ഗാലറി എന്നതിനു പുറമേ, ഡ്രോയിംഗിനും പെയിന്റിംഗ് വർക്ക്ഷോപ്പുകൾക്കും, കലാസ്വാദന കോഴ്സുകൾ, സെമിനാറുകൾ തുടങ്ങിയവയ്ക്കും ഈ മ്യൂസിയം ലക്ഷ്യമിടുന്നു. കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള ഒരു പ്രമുഖ പാനൽ ക്രിയേറ്റീവ് ഇൻപുട്ടുകൾ നൽകുന്നു. ഡോ. അജിത്കുമാർ ജി. മ്യൂസിയം ഡയറക്ടറാണ്.

മത്സ്യകന്യക -ശില്പം ശംഖുമുഖം തീരം സന്ദർശിക്കുന്നവരുടെ പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ് തീരത്തെ മത്സ്യകന്യകയുടെ ശിൽപ്പം. മലയാളിയുടെ കപട സദാചാരത്തെ വെല്ലുവിളിച്ചുകൊണ്ട് കാനായി കുഞ്ഞിരാമൻ കവിതാചാരുതയോടെ നിർമ്മിച്ച രണ്ട് കൂറ്റൻ ‍ ശില്പങ്ങളിലൊന്നാണ് ശംഖുമുഖത്തെ സാഗരകന്യക, മറ്റൊന്ന് മലമ്പുഴയിലെ യക്ഷിയും. ജനങ്ങളും കലാകാരന്മാരും തമ്മിലുള്ള അകലം കുറയ്ക്കാനാണ് ഇത്തരം പടുകൂറ്റൻ പുറം വാതിൽ ശിൽപങ്ങൾ അദ്ദേഹം നിർമ്മിച്ചത്. മത്സ്യകന്യകാശില്പത്തിന് 35 മീറ്ററിലധികം നീളമുണ്ട്.


. മത്സ്യകന്യക. ശഖുമുഖത്തെ മറ്റൊരു ശിൽപം

ജവഹർലാൽ നെഹ്റു പാർക്ക്



ജവഹർലാൽ നെഹ്റു പാർക്ക് ഓഫ് ട്രാഫിക് സൈൻസ് ഫോർ ചിൽഡ്രൻ, - കുട്ടികൾക്കായുള്ള പാർക്ക് ഇവിടെയുണ്ട്. ഇത് പാർക്കിലെ കളിയോടൊപ്പം ട്രാഫിക് നിയമങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സഹായകമാണ്. കൊച്ചുകുട്ടികൾക്ക് സൈക്കിൾ സവാരി ചെയ്യുന്നതിനും ഈ പാർക്ക് സൗകര്യമൊരുക്കുന്നു.

ആറാട്ടുകുളവും ആറാട്ട് മണ്ഡപവും.

    		കിഴക്കേ കോട്ടയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തപത്മനാഭ ഭഗവാന്റെ ആറാട്ടിന് (ആചാരപരമായ കുളി) ഉപയോഗിക്കുന്ന ശംഖുമുഖം കടൽത്തീരത്തെ  പുരാതനമായ  കൽക്കുളം ഒരു ചരിത്രസ്മാരകമാണ്. ശ്രീ അനന്തപത്മനാഭന്റെ 'ആറാട്ടുകടവ്' ആയി ശംഖുമുഖം ബീച്ച് കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് ഹിന്ദുക്കൾ പ്രത്യേക അവസരങ്ങളിൽ 'ബലി തർപ്പണം' നടത്താറുണ്ട്. വിനായക ചതുർത്ഥി സമയത്ത് ഗണേശവിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്ന  പ്രധാന സ്ഥലമാണ് ശംഖുമുഖം. 
       		തിരുവനന്തപുരത്തെ ആറാട്ട് ദിവസം, പദ്മനാഭസ്വാമി, നരസിംഹം, ശ്രീകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങൾ ശംഖുമുഖം ബീച്ചിലെ ലക്കാഡിവ് കടലിലേക്ക് ഘോഷയാത്രയായി എടുക്കുന്നു .  തിരുവിതാംകൂർ മഹാരാജാവ് രാജകീയ വാളുമായി ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.  രാജകുടുംബാംഗങ്ങൾ, സായുധ ഗാർഡുകൾ, ക്ഷേത്ര അധികാരികൾ, പോലീസ്, ഉദ്യോഗസ്ഥർ എന്നിവർ മഹാരാജാവിനെ അകമ്പടി സേവിക്കും. ശംഖുമുഖത്ത് ആചാരപരമായ കുളി കഴിഞ്ഞ്, ഉത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ഘോഷയാത്രയിൽ ചിത്രങ്ങൾ തിരികെ എടുക്കുന്നു.

ആരാധനാലയങ്ങൾ

   മനുഷ്യസമൂഹത്തിന്റെ വളർച്ച വിവിധ തരത്തിലുള്ള വിശ്വാസങ്ങളുടെ പിൻബലത്തിലാണ് മുന്നോട്ടു പോകുന്നത്. ഒരു ശക്തി, പ്രപഞ്ചത്തെ നയിക്കുന്നുണ്ടെന്നും ആ ശക്തിയെ ആരാധിക്കേണ്ടത് ആവശ്യമാണെന്നും അവർ കരുതുന്നു. ഇത്തരം ശക്തികളെ കുടിയിരുത്തിയിരിക്കുന്ന സ്ഥലങ്ങളാണ് ആരാധനാകേന്ദ്രങ്ങൾ. വലിയതുറവാർഡിലെ ജനങ്ങൾ ഭൂരിഭാഗവും ക്രിസ്ത്യാനികളാണെങ്കിലും  (ലത്തീൻ കത്തോലിക്കർ, റോമൻ കത്തോലിക്കർ, സി.എസ്.ഐ, പെന്തക്കോസ്തുവിഭാഗങ്ങൾ etc.) ഹിന്ദു മുസ്ലീം മതവിശ്വാസികളും മതസൗഹാർദ്ദത്തോടെ കഴിഞ്ഞുപോരുന്നു. വലിയതുറ വാർഡിൽ  5  ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നു ഇവയിൽ 4 ക്രിസ്ത്യൻ പള്ളികളും 1 ക്ഷേത്രവും ആണുള്ളത്

1. സെന്റ് സേവ്യേഴ്സ് ദൈവാലയം, വലിയതുറ

1840-കളിൽ അന്നത്തെ തെക്കൻ തിരുവിതാംകൂറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പനകൃഷി നടത്തുന്നതിനായി കൊണ്ടുവന്ന് പാർപ്പിച്ച നാടാർ സമുദായത്തിൽപ്പെട്ടവരുടെ പിൻതലമുറക്കാരാണ് ഇന്ന് ഈ ഇടവകയിലുള്ളത്. വലിയതുറ ഇടവകയുടെ ഭാഗമായിരുന്ന ഈ ഇടവക 1970 ഓടെ സ്വതന്ത്ര ഇടവകയായി പ്രവർത്തിച്ചു തുടങ്ങി. 1990 മുതൽ ഈ ഇടവകയുടെ നേതൃത്വം ക്ലാരിഷ്യൻ വൈദീകർക്കാണ്. 2. സെന്റ് ആന്റണീസ് ദൈവാലയം - വലിയതുറ 1530 ൽ ഫ്രാൻസിസ്കൻ മിഷനറിമാരാണ് സെന്റ് ആന്റണീസ് പള്ളി വലിയതുറയിൽ സ്ഥാപിച്ചത്. പുരാതന തിരുവിതാംകൂറിലെ തുറമുഖ നഗരമായ വലിയതുറയ്ക്ക് ഏഴു നൂറ്റാണ്ടിലേറെ ക്രൈസ്തവ പാരമ്പര്യമുണ്ട്. ഇന്ന് കാണുന്ന പള്ളി നിർമ്മാണം 1913 ൽ ആരംഭിച്ച് ഏകദേശം 40 വർഷം കൊണ്ട് പൂർത്തിയാക്കിയതാണ്.


3. ഫാത്തിമ മാതാ ദൈവാലയം, കൊച്ചുതോപ്പ് 2010 ഓടെ സ്വതന്ത്ര ഇടവകയായി മാറിയ ദേശമാണ് കൊച്ചുതോപ്പ് ഇടവക. 1951-ൽ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം സിംഗപ്പുരിൽ നിന്ന് കൊണ്ടു വന്നപ്പോൾ ആ സ്വരൂപം കൊച്ചുതോപ്പിലെ ജനങ്ങൾക്ക് പ്രാർത്ഥനക്കായി പ്രതിഷ്ഠിച്ച സ്ഥലത്താണ് പള്ളി നിർമ്മിച്ചിരിക്കുന്നത്.



4. സെന്റ് ആൻസ് ദൈവാലയം, തോപ്പ് 1911 ൽ തോപ്പ് വലിയതുറയിൽ നിന്നും വേർപെട്ട് സ്വതന്ത്ര ഇടവകയായി. 1921-ൽ സെന്റ് ആൻസ് പള്ളിയുടെ നിർമ്മാണം ആരംഭിക്കുകയും ഏതാണ് 30 വർഷം കൊണ്ട് പണി പൂർത്തിയാക്കുകയും ചെയ്തു. 2011-ൽ നൽമരണ മാതാവിന്റെ കുരിശ്ശടി പുനർനിർമ്മിച്ചു. 1924 ജൂലൈ 28ന് തോപ്പിൽ അഗസ്റ്റീനിയൻ മിഷനറി സഭ സെന്റ് റോച്ച് കോൺവെന്റ് സ്ഥാപിച്ചു.


5. ശംഖുമുഖം ദേവീക്ഷേത്രം

വിമാനത്താവളത്തിനും സമുദ്രത്തിനുമിടയിലായാണ് ശംഖുമുഖം ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ രാജവംശവുമായി അഭേദ്യബന്ധമാണ് ക്ഷേത്രത്തിനുള്ളത്. വർഷത്തിൽ രണ്ടു തവണ ആറാട്ടിനായി ശംഖുമുഖം ദേവിക്ക് പതിനാറേ കാൽ പണം ഇന്നും രാജവംശം നൽകിവരുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 ക്ഷേത്രങ്ങളിലൊന്നാണ് ഈ ദേവീക്ഷേത്രം. ഇത് പണ്ട് ശുക്രാചാര്യരുടെ യാഗഭൂമിയായിരുന്നെന്നും പറയപ്പെടുന്നു. ശുക്രാചാര്യരുടെ തപസ്സിന് ദേവി പ്രീതിപ്പെടാത്തതിനാൽ ശംഖുമുഴക്കി ദേവിയെ ഉണർത്തിയെന്നും അതിനാലാണ് ശംഖുമുഖം എന്ന പേരുണ്ടായതെന്നുമാണ് ഐതിഹ്യം.


പൊതുമേഖലാസ്ഥാപനങ്ങൾ A. വിദ്യാഭ്യാസസ്ഥാപനങ്ങൾ

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ ഒരു പ്രധാന തുറമുഖം ആണ് വലിയതുറ. വലിയതുറ വാർഡിൽ നിരവധി പൊതുസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു അവയിൽ പ്രധാനം വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. ഈ വാർഡിൽ രണ്ട് എയ്ഡഡ് സ്കൂളുകളും, ഒരു ഗവൺമെൻറ് സ്കൂളും ഉൾപ്പെടെ 5 സ്കൂളുകൾ സ്ഥിതിചെയ്യുന്നു. 1. ഗവൺമെൻറ് മേഖല - ഗവൺമെൻറ് എൽ പി സ്കൂൾ, വലിയതുറ 2. എയ്ഡഡ് മേഖല

   • സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ
   • സെൻറ് റോക്സ് ഹൈസ്കൂൾ , സെൻറ് റോക്സ് എൽ.പി.സ്കൂൾ, സെൻറ് റോക്സ് ടി.ടി.ഐ.
                                 സ്വാതന്ത്ര്യം ലഭിക്കും മുൻപ് 1925 ഇൽ ബെൽജിയം ആസ്ഥാനമാക്കിയുള്ള ICM സന്യാസിനി സമൂഹം അഥവാ മറിയത്തിന്റെ  വിമലഹൃദയ പ്രേഷിത സഹോദരിമാർ സ്ഥാപിച്ചതാണ് സെന്റ് റോക്സ് സ്കൂൾ.

3. അൺ എയ്ഡഡ് മേഖല -

   • സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ  & സെൻറ് റോക്സ് പ്രീപ്രൈമറി സ്കൂൾ
     
     B. ബാങ്കുകൾ
പ്രധാനമായും 3 ബാങ്കുകളാണ് വലിയതുറ വാർഡിൽ ഉള്ളത് 
   • എസ് ബി ഐ ശംഖുമുഖം (എസ് ബി ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നറിയപ്പെട്ടിരുന്ന ബാങ്ക് ഇപ്പോൾ എസ് ബി ഐ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലറിയപ്പെടുന്നു.)
   •  കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് (കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് 1959ലാണ് രൂപപ്പെട്ടത് )
   • കനറാ ബാങ്ക്, എയർപോർട്ട് ശാഖ.

C. പോസ്റ്റ് ഓഫീസ് പ്രധാനമായും രണ്ട് സ്ഥലങ്ങളിലായാണ് വലിയതുറ വാർഡിൽ പോസ്റ്റ് ഓഫീസ് ഉള്ളത് .

     വലിയ തോപ്പ് വലിയതുറ ( വലിയതുറ പോസ്റ്റോഫീസ് ഒരു ബ്രാഞ്ച് ഓഫീസറാണ് (BO). ഈ പോസ്റ്റ് ഓഫീസ് കേരള തപാൽ സർക്കിളിന്റെ തിരുവനന്തപുരം നോർത്ത് പോസ്റ്റൽ ഡിവിഷനിൽ ഉൾപ്പെടുന്നു.
     D. പോലീസ് സ്റ്റേഷൻ 
                                                     വലിയതുറ പോലീസ് സ്റ്റേഷൻ 7 .3 .1986 ൽവലിയതുറ ജംഗ്ഷനിൽ പ്രവർത്തനമാരംഭിക്കുകയും 18 .3 .2011 ൽ ശംഖുമുഖത്ത് പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് ഷിഫ്റ്റ് ചെയ്യുകയും ചെയ്തു. ഡി.വൈ.എസ് പി പോലീസ് കമ്മീഷണർ ശ്രീ. തോമസ് ജോളി ചെറിയാൻ  ഐപിഎസ് ,24 .3. 2011ൽ  ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് മുട്ടത്തറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, ചാക്ക, ആൾസെയിന്റ്സ്, വെട്ടുകാട് പ്രദേശങ്ങളിലെ ക്രമസമാധാനം നിലനിർത്തുന്നതിൽ വലിയതുറ പോലീസ് സ്റ്റേഷൻ വലിയ പങ്കുവഹിച്ചു വരുന്നു.
                                     
                                   ▪ 

അന്താരാഷ്ട്ര വിമാനത്താവളം ഈ വാർഡിലെ പ്രധാനപ്പെട്ട ഒരു പൊതുമേഖലാ സ്ഥാപനമാണ് ഡൊമസ്റ്റിക് എയർപോർട്ട്. 700 ഏക്കർ (280 ഹെക്ടർ) വിസ്തൃതിയുള്ള വിമാനത്താവളം 1932 ൽ സ്ഥാപിതമായി. 1932ൽ സ്ഥാപിതമായ എയർപോർട്ട് കേരള സംസ്ഥാനത്തിലെ ആദ്യ വിമാനത്താവളവും ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളവും ആണ്. കേരളത്തിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം, ഇന്ത്യയിലെ പതിനാലാമത്തെ വിമാനത്താവളം എന്നീ വിശേഷണങ്ങളുമുണ്ട്. നഗരമധ്യത്തിൽ നിന്ന് പടിഞ്ഞാറ് 3.7 കിലോമീറ്റർ (2.3 മൈൽ) അകലെയാണ്. ടെക്നോപാർക്കിൽ നിന്നും നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ത്തിൽ നിന്നും 21 കിലോമീറ്റർ (13 മൈൽ) അടുത്താണ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത് . തിരുവനന്തപുരം ഇൻറർനാഷണൽ എയർപോർട്ടിൽ രണ്ട് ടെർമിനലുകൾ പ്രവർത്തിക്കുന്നു. ടെർമിനൽ 1 ആഭ്യന്തര വിമാന സർവീസുകളും, ടെർമിനൽ 2 എയർ ഇന്ത്യയുടെ എല്ലാ ആഭ്യന്തര ഫ്ലൈറ്റുകളും കൈകാര്യം ചെയ്യുന്നു. എയർ ഇന്ത്യ എക്സ്പ്രസ് എയർ ക്രാഫ്റ്റിന്റെ ബോയിങ് 707 ടൈപ്പ് എയർക്രാഫ്റ്റുകൾ സർവീസ് ചെയ്യുന്നതിനായി ഇരട്ട ഹാങ്ങറുകൾ അടങ്ങുന്ന എയർഇന്ത്യയുടെ ഇടുങ്ങിയ ബോഡി മെയിൻറനൻസ്, റിപ്പയർ, ഓവർ ഹോൾ യൂണിറ്റ് - MROഎന്നിവ ചേർന്നതാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.


കലാ സാംസ്കാരിക കേന്ദ്രങ്ങൾ / സംഘടനകൾ

നൂറ്റാണ്ടുകൾ ‍ പഴക്കമുള്ള കലാ-സാംസ്കാരിക പൈതൃകമുണ്ട് കേരളത്തിന്. നാടൻ ‍ കലകളും അനുഷ്ഠാന കലകളും ക്ഷേത്ര കലകളും മുതൽ ‍ ആധുനിക കലാരൂപങ്ങൾ ‍ വരെ കേരളീയ സാംസ്കാരിക ജീവിതത്തിന്റെ വളർച്ചയിൽ ‍ നിർണ്ണായകമായ പങ്കു വഹിക്കുന്നു. ഇങ്ങനെ എടുത്തു പറയാൻ ദേശത്തിന്റെ തായ് സാംസ്കാരിക മന്ദിരങ്ങൾ ഇല്ല എങ്കിലും പ്രദേശത്തെ മത സ്ഥാപനങ്ങളും ചെറുക്ലബ്ബുകളുടെയും പങ്ക് മറക്കാൻ പാടുള്ളതല്ല.

വിവിധ ആർട്സ് & സ്പോർട്സ് ക്ലബ്ബുകൾ

  • . വലിയതുറ ഫുട്ബോൾ അക്കാദമി (VFA)
  • . സെന്റ് മേരീസ് ലൈബ്രറി
  • . USC സ്പോർട്സ് & ആർട്സ് ക്ലബ്
  • . ബ്ലാക്ക് ആരോസ് സ്പോർട്സ് & ആർട്സ് ക്ലബ്

പ്രാദേശികമായി പ്രവർത്തിക്കുന്ന ഈ സംഘടനകൾ നാടിന്റെ കലാകായിക സാംസ്കാരിക മേഖലകളിൽ വരുത്തിയ മാറ്റം എടുത്തുപറയേണ്ടിയിരിക്കുന്നു. ഫുട്ബോളിനെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഈ തീരസമൂഹസംഘടനകളിലൂടെ സർക്കാർമേഖലയിൽ ജോലി നേടിയവർ നിരവധിയാണ്. ഇതിൽ VFA (വലിയതുറ ഫുട്ബോൾ അക്കാദമി ) വിസ്മരിക്കാവതല്ല.

വലിയതുറ ഫുട്ബോൾ അക്കാദമി (VFA)


സംസ്ഥാനത്തെയും രാജ്യത്തെയും പ്രതിനിധീകരിച്ച് മികച്ച ഫുട്ബോൾ കളിക്കാരെ സൃഷ്ടിച്ച വലിയതുറ, ഒരുകാലത്ത് തിരുവനന്തപുരം ജില്ലയിലെ ഫുട്ബോൾ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. എന്നാൽ തീരദേശ മേഖലയിലെ ഏറ്റവും പഴയ ക്ലബ്ബുകളിലൊന്നായ വലിയതുറ ഫുട്ബോൾ അസോസിയേഷൻ (വിഎഫ്എ) നാടിന്റെ മുതൽക്കൂട്ട് തന്നെയായിരുന്നു. 1972 ൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ഈ അക്കാദമി ഒൻപത് വയസ്സുമുതൽ കുട്ടികളെ തിരഞ്ഞെടുത്തു പരിശീലിപ്പിച്ചു തുടങ്ങുന്നു. വലിയതുറ, വെട്ടുകാട്, ബീമാപള്ളി എന്നിവിടങ്ങളിലെ യുവാക്കൾക്ക് ഫുട്ബോൾ പരിശീലനം നൽകുക എന്നതും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും ജി.വി. രാജ സ്പോർട്സ് സ്കൂളും നടത്തുന്ന സ്പോർട്സ് ഹോസ്റ്റലുകളിൽ പ്രവേശനം നേടാൻ മതിയായ പ്രാവീണ്യം നൽകുക എന്നതുമായിരുന്നു ലക്ഷ്യങ്ങൾ. VFA ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ മതിപ്പുളവാക്കിയ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ (KSSC), അക്കാദമിയെ അതിന്റെ ഡേ-ബോർഡിംഗ് പദ്ധതിയിൽ കൊണ്ടുവന്നു. കേരള പോലീസിന്റെ കൊടുങ്കാറ്റായിരുന്ന എഡിസൺ മുതൽ നിലവിലെ ഐ-ലീഗ് കളിക്കാരായ ഒഥേലോ ടാപിയയും ഷൈജുമോനും വരെ വിഎഫ്എയുടെ സമ്പത്തിൽ പെടുന്നു.

ഗതാഗതവും വാർത്താവിനിമയവും

ഗതാഗതം

           ഗതാഗതം നമ്മുടെ ജീവിതത്തിന്റെ ഒരു യാഥാർത്ഥ്യമാണ്. ഫലപ്രദവും താങ്ങാനാവുന്നതുമായ ഗതാഗതമില്ലാതെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക്  സഞ്ചാരം അസാധ്യവും വികസനം അപ്രാപ്യവുമാണ്. 
       		റോഡിന്റെ തായ് വഴികൾ പരിശോധിക്കുമ്പോൾ, 1934-35 കാലഘട്ടത്തിലാണ് വള്ളക്കടവിൽ നിന്നും വലിയതുറവരെയുള്ള റോഡ് നിർമ്മാണം നടത്തപ്പെട്ടത്. തുടർന്നു രണ്ട് വർഷങ്ങൾക്കു ശേഷമാണ് ഈ റോഡ് ടാറിട്ട റോഡ് ആക്കി മാറ്റിയത്.  അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിൽ പട്ടണത്തിന്റെ സാന്നിധ്യം ഈ നാടിന്റെ വളർച്ചയെ സഹായിച്ചത് അല്പമൊന്നുമല്ല. ഇന്ന് ഈ റോഡുകളിലൂടെ തലങ്ങുംവിലങ്ങും ഇരുചക്രവാഹനങ്ങൾ മുതൽ പത്തും പന്ത്രണ്ടും ചക്രങ്ങളോടുകൂടിയ ഹെവി വാഹനങ്ങൾ വരെ മത്സരയോട്ടം നടത്തുന്നു. ഈ പ്രദേശത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളവും അഞ്ചു കിലോമീറ്ററിനുള്ളിൽ ലഭ്യമായ റെയിൽവേ ഗതാഗതവും ഈ പ്രദേശത്തെ, വളർച്ചയുടെ പടവുകൾ താണ്ടാൻ സഹായകമായ ഘടകങ്ങളായി എടുത്തുപറയേണ്ടിയിരിക്കുന്നു.
വാർത്താവിനിമയം
     ചുറ്റുപാടുമെന്തെന്നറിയാൻ ആകാംക്ഷാകുലരാകുന്ന കാലഘട്ടത്തിൽ വാർത്താവിനിമയ സംവിധാനത്തിന്  പ്രസക്തിയേറെയാണ്. അവിശ്വസനീയമായ കുതിച്ചുചാട്ടമാണ് വാർത്താവിനിമയ രംഗത്ത് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്.  ലോകം ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാനകാരണം വാർത്താ വിനിമയ രംഗത്തുള്ള വിസ്ഫോടനമാണെന്ന് നിസംശയം പറയാം. അതിന്റെ ഒടുവിലത്തെ നേട്ടമാണ് ഇന്റർനെറ്റ്. 1930കളിൽ L A നെറ്റോയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ' ലത്തീൻ ക്രിസ്ത്യൻ' പ്രതിവാര പത്രത്തിൽ നിന്ന് വളർച്ചയുടെ പടവുകൾ താണ്ടി വാർത്താവിനിമയസംവിധാനം ഇന്ന് ഒരു കിലോമീറ്റർ പ്രദേശത്തിനുള്ളിൽ   സേവനദാതാക്കളായ അഞ്ചോളം വ്യത്യസ്ത കമ്പനികളുടെ മൊബൈൽ ടവറുകൾ ഇന്നിന്റെ അത്യാവശ്യമായ ഇന്റർനെറ്റ് സൗകര്യങ്ങൾ ഒരുക്കുന്നു. കൂടാതെ  വിദ്യാലയ പരിസരത്ത് ആയി തന്നെ ബിഎസ്എൻഎൽ -ന്റെ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നു.



തോപ്പ് തിരുവനന്തപുരം ജില്ലയിലെ വലിയതുറ വാർഡിലുൾപ്പെടുന്ന ഒരു തീരദേശഗ്രാമമാണ് തോപ്പ്. ശംഖുമുഖം ദേവിക്ഷേത്രവും, ശംഖുമുഖം ബീച്ചും, തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളമൊക്കെ സ്പർശസാമീപ്യം കൊണ്ട് ലാളിക്കുന്ന ഈ കടലോര ഗ്രാമത്തിന്റെ ചരിത്രത്തിലയ്ക്ക് സെന്റ് റോക്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ചരിത്രാന്വേഷണം.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

തിരുവനന്തപുരം താലൂക്കിലെ പേട്ട വില്ലേജിൽ ഉൾപ്പെടുന്ന തോപ്പ എന്ന ഈ തീരദേശ ഗ്രാമം തീരസമതല വിഭാഗത്തിൽ ഉപ്പെടുന്നു. ഇവിടെ തെങ്ങ് സമ്യദ്ധമായി കൃഷി ചെയ്തു വരുന്നു .

   • അക്ഷാംശം : വടക്ക് 8.4766ഡിഗ്രി
     രേഖാംശം : കിഴക്ക് 76.9188 ഡിഗ്രി

അതിർത്തികൾ ശംഖുമുഖത്തെ തെക്കേ കൊട്ടാരമാണ് തോപ്പിന്റെ വടക്കെ അതിർത്തി. തെക്കേ അതിർത്തിയായി പരിഗണിച്ചിരുന്നത് ഒരു നെയ്ത്തുശാലയായിരുന്നു ഇന്നത്തെ അതിർത്തി കൃത്യമായി പറഞ്ഞാൽ വടക്ക് ശംഖുമുഖത്തെ തെക്കേ കൊട്ടാരം, തെക്ക് ജൂസാ റോഡ്, കിഴക്ക് സെന്റ് റോക്സ് കോൺവെന്റും എയർപോർട്ടിന്റെ ഇപ്പോൾ കാണുന്ന ടെർമിനND] 1ന്റെ മുൻഭാഗവും പുതുവൽ ഉൾപ്പെടുന്ന പ്രദേശവും പടിഞ്ഞാറ് ശാന്തസുന്ദരമായ അറബിക്കടലുമാണ്. സ്ഥലനാമ ചരിത്രം. ഒരു കാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ വകയായി ഏക്കറുകളോളം വ്യാപിച്ചു കിടന്ന തെങ്ങിൻ തോപ്പായിരുന്നു ഈ പ്രദേശം. തെങ്ങിൻ തോപ്പ് ലോപിച്ചു പിൽക്കാലത്ത് വലിയതോപ്പായി. തൊട്ടപ്പുറത്ത് ഒരു ചെറിയ തെങ്ങിൻ തോപ്പുകൂടി ഉണ്ടായിരുന്നത്രേ. അതാണ് ഇന്നത്തെ കൊച്ചുതോപ്പ്. തോപ്പ് എന്ന പേരു ലഭിക്കുന്നതിന് മറ്റൊരു കാരണം കൂടി പറഞ്ഞു കേട്ടിട്ടുണ്ട്. ആറാട്ടിനായി ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽനിന്നു വള്ളക്കടവുവഴി കാൽനടയായി ശംഖുമുഖത്ത് വന്നെത്തുന്ന മഹാരാജാവിനും പരിവാരങ്ങൾക്കും വിശ്രമിക്കാൻ മണ്ഡപങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തേത് കരിക്കിൻമണ്ഡപം രണ്ടാമത്തേത് തെങ്ങിൻ തോപ്പ്. തെങ്ങിൻ തോപ്പിലെത്തുന്ന മഹാരാജാവിനു തോപ്പിലെ കുടിയാൻമാർ കരിക്കിൻ കുല കാഴ്ച്ചവച്ചിരുന്നു. ഈ തെങ്ങിൻതോപ്പാണ് പിൽക്കാലത്ത് ലോപിച്ച് തോപ്പ് ആയി മാറിയതത്രേ. രാജകുടുംബത്തിന്റെ വകയായിരുന്ന തെങ്ങിൻ തോപ്പിന്റെ സൂക്ഷിപ്പുകാരും നടത്തിപ്പുകാരും നാടാർ വിഭാഗത്തിൽപ്പെട്ടവരായിരുന്നെന്നും, ഇവിടത്തെ മത്സ്യത്തൊഴിലാളികൾ അപ്പപ്പോഴായി അവരിൽ നിന്നും ഭൂമി വിലയ്ക്ക് വാങ്ങിയതാണെന്നും പറയപ്പെടുന്നു. തോപ്പ് എന്ന ഈ ഗ്രാമത്തിന് ആ പേര് ലഭിക്കാനുള്ള കാരണമായി പറയുന്നത് ഇപ്രകാരമാണ്. രാജഭരണകാലത്ത് തോപ്പ് ഉൾപ്പെടെയുള്ള വലിയതുറ വാർഡ്പ്രദേശത്തിന്റെ ഔദ്യോഗിക പേരുകൾ ശംഖുമുഖം, ദയാതുറ, രാജതുറ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു. രാജതുറയിൽ ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ് തോപ്പ് എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു.

രാജകുടുംബവും തോപ്പുകാരും

തിരുവിതാംകൂർ രാജകുടുംബവും തോപ്പുകാരും തമ്മിൽ ആഴത്തിലുള്ള ബന്ധം ആരംഭിക്കുന്നത് 1733-ലാണ്. അതിനു കാരണമായ സംഭവം ഇതായിരുന്നു. തിരുവിതാംകൂർ രാജ്യത്തിന്റെ സ്ഥാപകനായ മാർത്താണ്ഡവർമ്മ മഹാരാജാവ് ആറാട്ടിന്റെ ഭാഗമായ പള്ളിസ്നാനത്തിന് ശംഖുമുഖത്തെ കടലിൽ ഇറങ്ങുമ്പോൾ അദ്ദേഹത്തെ വധിക്കാൻ ശത്രുക്കളായ എട്ടുവീട്ടിൽ പിള്ളമാർ പദ്ധതിയിട്ടു. ആ വിവരം മനസിലാക്കിയ തോപ്പിലെ മത്സ്യത്തൊഴിലാളികൾ മഹാരാജാവിനെ വിവരം അറിയിക്കുകയും ആപത്തൊന്നും വരാതെ തങ്ങൾ കടലിൽ സംരക്ഷണം നൽകികൊള്ളാമെന്ന് ഉറപ്പ് നൽകുകയുമുണ്ടായി.

              	അതനുസരിച്ചു രാജാവ് കടലിൽ സ്നാനത്തിന് ഇറങ്ങിയപ്പോൾ പറമ്പരാഗത വള്ളങ്ങളിൽ രാജാവിനെ വലയം ചെയ്തു സുരക്ഷയൊരുക്കി മത്സ്യത്തൊഴിലാളികൾ തങ്ങളുടെ വാക്ക് പാലിച്ചു. എല്ലാ ആറാട്ടിനും ഇത് തുടർന്നിരുന്നു. അന്നുമുതൽ ഈ സംഘത്തിന്റെ നേതാവിന് ആറാട്ടുപടി നൽകി ബഹുമാനിച്ചു വന്നു. ഇപ്രകാരം മഹാരാജാവിൽ നിന്നും ആറാട്ടുപടി സ്വീകരിച്ചവരിലെ അവസാന കണ്ണിയായിരുന്നു തോപ്പിലെ ഹെൻറി മിരാന്റ.


മത്സ്യത്തൊഴിലാളികളുടെ ആഗമനം

         		വേണാട് രാജാക്കന്മാരിൽ ആരോ ശംഖുപ്രിയൻ ആയിരുന്നു. വിവിധതരം ശംഖുകൾ ശേഖരിക്കുന്നതിൽ തല്പരനായിരുന്ന അദ്ദേഹം ഏതാനും ശംഖ്‌ കുഴിയാന്മാരെ കുളച്ചൽ ഭാഗത്തു നിന്നും തോപ്പിൽ കൊണ്ടുവന്നു. അറബിക്കടലിൽ നിന്നും ശംഖ്‌ മുങ്ങിയെടുക്കുക  എന്നതായിരുന്നു രാജാവ് അവർക്കു നൽകിയ  ദൗത്യം. ശംഖുമുഖം എന്ന പേരിനു ഇത് മറ്റൊരു കാരണവും ആവാം. ശക്തരും അതിസാമർത്ഥ്യക്കാരുമായ ഈ ശംഖുകുഴിയന്മാരുടെ പിൻഗാമികളാണ് തോപ്പിലെ മത്സ്യത്തൊഴിലാളികൾ എന്നൊരു വിശ്വാസമുണ്ട്.
             ക്രൈസ്തവ സഭയുടെ വിശുദ്ധനായ ഫ്രാൻസിസ് സേവ്യറിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ കടലോരഗ്രാമങ്ങളിൽ  തോപ്പും ഉൾപ്പെട്ടിരുന്നതായി ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവക

          	സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗമായ തോപ്പിലെ ജനസമൂഹം ഈശ്വരവിശ്വാസത്തിലും ആദ്ധ്യാത്മികതയിലൂന്നിയ ജീവിതമൂല്യങ്ങളിലും സമ്പന്നരായിരുന്നു. കത്തോലിക്കാ ക്രൈസ്തവ  വിശ്വാസികളായ ഇവരുടെ വിശ്വാസജീവിതത്തിന്റെ അടിത്തറ വിശുദ്ധ അന്നയുടെ നാമത്തിൽ ഇവിടെ സ്ഥാപിതമായ ദൈവാലയമാണ്. തോപ്പ് ജനതയുടെ സാമൂഹിക -സാംസ്കാരിക -ആദ്ധ്യാ ത്മിക വിദ്യാഭ്യാസ മേഖലകളിൽ സമൂലമായ ഉന്നമനത്തിനു ഈ ദൈവാലയത്തിന്റെ സാന്നിധ്യം അനിഷേദ്ധ്യ ഘടകമായിരുന്നു.
           	തുടക്കത്തിൽ ഓലമേഞ്ഞൊരു പള്ളിയാണ് തോപ്പിൽ ഉണ്ടായിരുന്നത്. ഇന്നത്തെ സെമിത്തേരിയുടെ ഭാഗത്തായി നിലനിന്നിരുന്ന ഈ പള്ളിയുടെ പടിഞ്ഞാറു വശത്ത് വിശുദ്ധ അന്തോണീസിന്റെ കുരിശടിയുമുണ്ടായിരുന്നു. പുതിയ പള്ളിയുടെ പണി ആരംഭിച്ചത് 1921-ലാണ്, പൂർത്തിയായത് 1951-ഡിസംബറിലും. പുതിയ പള്ളി പൂർണമായും ഇടവകക്കാരുടെ അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലം തന്നെ.
             നിർമാണത്തിനാവശ്യമായ തുക മുഴുവൻ മത്സ്യക്കുത്തക വഴിയാണ് ശേഖരിച്ചത്. ഉപജീവനാർത്ഥം സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലായിരുന്ന ഇടവകാംഗങ്ങളിൽ നിന്നു കൂടി സംഭാവന തുക സ്വീകരിച്ചു നിർമിച്ച ഇന്നത്തെ പള്ളി തോപ്പു ജനതയുടെ ഒത്തൊരുമയുടെ പ്രതീകം കൂടിയാണ്. റവ. ഫാദർ ബർണാഡ് കാക്രഞ്ചേരിയുടെ കാലത്ത് 1951-52 പുതിയ പള്ളി ആശീർവദിച്ചു. വിശുദ്ധ അന്തോണീസിന്റെ കുരിശടിയും ആഴ്ചതോറും അവിടെ നടന്നുവരുന്ന നൊവേന പ്രാർഥനകളും ഈ ജനതയുടെ വിശ്വാസത്തെ ആഴത്തി ലുറപ്പിക്കുന്നതും പ്രത്യാശയ്ക്കു വക നൽകുന്നതുമായ ഘടകങ്ങളായി ഇന്നും നിലനിൽക്കുന്നു.
    		രണ്ടാം ലോക മഹായുദ്ധകാലത്ത്, ജപ്പാൻകാർ സിലോണിൽ പലതവണ നടത്തിയ അതിക്രൂരമായ ബോംബാക്രമണത്തിൽ, കടലിലും കരയിലുമായി പല നാശനഷ്ടങ്ങൾ ഉണ്ടാകുകയും പലർക്കും മുറിവേൽക്കുകയും അനവധിപേർ മരണപ്പെടുകയും ചെയ്യുകയുണ്ടായി. ഭയവിഹ്വലരായ സിലോൺ നിവാസികൾ "നീർക്കൊളുമ്പ്" എന്ന സ്ഥലത്തുള്ള ദൈവാലയത്തിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ നൽമരണമാതാവിന്റെ തിരുസ്വരൂപത്തിനു മുൻപിൽ അഭയം പ്രാപിക്കുകയും അപകടവിമുക്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
          	ഈ ദശാസന്ധിയിൽ ആ ചെറുരാജ്യം കാത്തുസൂക്ഷിക്കാൻ നിയുക്തരായ സൈനീക വ്യൂഹത്തിൽ മദ്രാസ് റെജിമെന്റിന്റെ ഒരു യൂണിറ്റും ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിൽ നിന്നും സൈനീക സേവനമനുഷ്ഠിച്ചിരുന്ന പലരും ഈ യൂണിറ്റിൽ ഉണ്ടായിരുന്നു. മരണാപകടത്തിൽ കഴിഞ്ഞിരുന്ന  ക്രൈസ്തവരായ ഭടന്മാർ, അവർക്കു ലഭിച്ചിരുന്ന ഇടവേളകളിൽ ഈ പുണ്യസ്ഥലത്തു പോയി തീർഥാടകരോടൊത്തു  അപകടമുക്തിക്കായി ഹൃദയംനൊന്തു പ്രാർത്ഥിച്ചിരുന്നു. ഈ പുണ്യരൂപത്തിന് മുൻപിൽ പ്രാർത്ഥനാ സഹായം തേടിയെത്തിയ ഒരു ഭടനുപോലും മുറിവേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തില്ല. ഇതുപോലൊരു സ്വരൂപം തങ്ങളുടെ നാട്ടിലും സ്ഥാപിച്ചു പ്രാർത്ഥിക്കണമെന്നു് അവർ ആഗ്രഹിച്ചു.
       		അക്കാര്യം അന്നത്തെ തോപ്പ് ഇടവക വികാരിയായിരുന്ന റവ. ഫാദർ റോക്കി ഫെർണ്ണാണ്ടാസിനെ അറിയിച്ചപ്പോൾ അദ്ദേഹം സന്തോഷപൂർവ്വം അംഗീകരിച്ചു. തുടർന്ന് മാസം തോറും ഒരു ഭടൻ ഒരു രൂപ എന്ന നിരക്കിൽ ഫണ്ട്‌ ശേഖരിക്കുകയും ഇന്ന് കാണുന്ന നൽമരണമാതാവിന്റെ തിരുസ്വരൂപവും മാലാഖമാരുടെ രൂപങ്ങളും, ബംഗ്ലൂരിലെ സൈമൺ കമ്പനിയിൽ നിന്ന് അവർ തോപ്പിൽ എത്തിക്കുകയും ചെയ്തു. സന്തോഷ ഭരിതരായ ഇടവകാംഗങ്ങൾ ഉടനെ സംഭാവനകൾ സ്വീകരിച്ചും പള്ളി ഫണ്ട്‌ ഉപയോഗിച്ചും 1946 ആഗസ്റ്റ് മാസം 6 തിയതി കുരിശടി പണി ആരംഭിച്ചു. 1947 മാർച് മാസം 8 തിയതി കുരിശടി പൂർത്തിയാക്കി തിരുസ്വരൂപം വിശുദ്ധീകരിച്ച് പ്രതിഷ്ഠിച്ചു. 
           യുദ്ധാനന്തരം ഈ തിരുസ്വരൂപം സമ്പാദിക്കുവാൻ ശ്രമിച്ച പടയാളികൾ തിരിച്ചു നാട്ടിൽ വന്നു കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ തിരുസ്വരൂപവണക്കം നടത്തി നേർച്ചകാഴ്ചകൾ അർപ്പിച്ച ഹൃദയസ്പർശിയായ രംഗം തോപ്പുജനത ഇന്നും ഓർക്കുന്നു. തോപ്പ് ഇടവകയുടെ ശതാബ്‌ദി വർഷത്തിൽ (1911-2011) നൽമരണ മാതാവിന്റെ കുരിശടി പുനർനിർമ്മിക്കപ്പെട്ടു.

ആൻസ് കമ്യൂണിറ്റി ഹാൾ

          തോപ്പുകാരുടെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കമ്മ്യൂണിറ്റി ഹാൾ. റവ. ഫാദർ തോമസ് നെറ്റോയുടെ നേതൃത്വത്തിൽ ഇടവകയുടെ ശതാബ്‌ദി വർഷത്തിൽ തന്നെ ഇതിന്റെ പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. തോപ്പുകാരുടെ ആകോശവേളകൾക്കും പൊതു സംഘമങ്ങൾക്കും വേദിയായി ഇതു ഇന്നും നിലകൊള്ളുന്നു.

വിദ്യാഭ്യാസ പുരോഗതി

               തോപ്പിൽ ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. ശ്രീമാൻ അന്തോണി ആയിരുന്നു  ആ പള്ളിക്കൂടത്തിലെ അധ്യാപകൻ. പിന്നീട് ഇദ്ദേഹം പള്ളിക്കണക്കനായി  മാറിയെന്നാണ് അറിവ്. കണക്ക് പിരിസേന്തിയെന്ന് അദ്ദേഹത്തെ വിളിച്ചു വന്നു. പഠനത്തിൽ താല്പര്യമുണ്ടായിരുന്നവരിൽ ചിലർ, അക്കാലത്ത് വലിയതുറ സെന്റ് ആന്റണീസ് പ്രൈമറി സ്കൂളിൽ പോയി പഠിച്ചിരുന്നതായി പറയപ്പെടുന്നു. അന്ന് തോപ്പിനോട് ഏറ്റവും അടുത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂൾ അതായിരുന്നു.

സെന്റ് റോക്സ് കോൺവെന്റും തോപ്പും

മിഷണറി കാനോനസ് ഓഫ് സെന്റ് അഗസ്റ്റിൻ സഭാoഗങ്ങളായ സിസ്റ്റർ ഹാരിസ്, സിസ്റ്റർ , ഗബ്രിയേല സിസ്റ്റർ എലീശ എന്ന ആദരണീയരായ മൂന്ന് ബെൽജിയം കന്യാസ്ത്രീകളാണ്, വിദ്യാഭ്യാസപരമായും സാമൂഹികമായും പ്ന്നാക്കമായിരുന്ന തോപ്പെന്ന തീരപ്രദേശം തങ്ങളുടെ സേവനമേഖലയായി തെരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചത്. ഗോവൻ വൈദീകരാണ് തോപ്പിന്റെ പിന്നോക്കാവസ്ഥ ബഹുമാന്യരായ കന്യാസ്ത്രീകളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

              കാലാന്തരത്തിൽ മദർ മരി ലൂയിസ് ഡിമീസ്റ്റർ സ്ഥാപിച്ച മിഷണറി കനോനസ്  ഓഫ് സെന്റ് അഗസ്റ്റിൻ സഭാംഗങ്ങൾ (ICM -Immanualate cor-dies marie -മറിയത്തിന്റെ വിമലഹൃദയ പ്രേഷിത സഹോദരിമാർ) എന്നറിയപ്പെട്ടു തുടങ്ങി. തീര പ്രദേശത്തു പടർന്നു പിടിച്ചിരുന്ന കോളറ പോലുള്ള മാരകരോഗങ്ങളിൽ നിന്നു തങ്ങൾക്ക് സൗഖ്യം നൽകിയത് റോക്കി പുണ്യവാളനാണെന്ന തോപ്പുകാരുടെ വിശ്വാസം മാനിച്ചാണ് കോൺവെന്റിനും സ്കൂളിനും വിശുദ്ധ റോക്കിയുടെ പേരു നൽകിയത്. പെൺകുട്ടികൾക്കുള്ള തയ്യൽക്ലാസ്സുകളും കുട്ടികൾക്കുള്ള മതപഠന ക്ലാസ്സുകളുമാണ് ആദ്യമായി ആരംഭിച്ചത്. 1925 മെയ്‌ 25ന് പ്രൈമറി സ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളും മിഡിൽ സ്കൂൾ വിഭാഗത്തിൽ പ്രിപ്പറേറ്ററി, ഫസ്റ്റ് ഫോറം എന്നിവയും പ്രവർത്തിച്ചു തുടങ്ങി. ശ്രീ ടി. വി പെരേര ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. റവ. മദർ മരിയ ഹെൻറിറ്റ് നോളറ്റ് ആയിരുന്നു പ്രഥമ മാനേജർ. രാജകുടുംബത്തിലെ ചില അംഗങ്ങൾപോലും ഇവിടെ പഠിച്ചിരുന്നു. പ്രവർത്തനമികവ് കാരണം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്കൂൾ ആരംഭിക്കാൻ പ്രേരണയും സമ്മർദ്ദവും പ്രോത്സാഹനവും സഹായവും വിദ്യാഭ്യാസ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും തോപ്പിലെ ജനങ്ങളോട് ഹൃദയബന്ധം സ്ഥാപിച്ചുകഴിഞ്ഞിരുന്ന സഹോദരിമാർ അതിനു വഴങ്ങിയില്ല.
         
           1935-ൽ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടത് തീരദേശമുൾപ്പടെയുള്ള  പ്രദേശങ്ങളിൽ നിന്ന് നിരവധി മിടുക്കരായ അധ്യാപകരെ പരിശീലിപ്പിച്ചയക്കാൻ സഹായമായി. 1945 -ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1958 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയുണ്ടായി. കുട്ടികളുടെ വിദ്യാഭ്യാസ ആധ്യാത്മിക -സംസ്കാരിക നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നു. ലളിതമായി ആരംഭിച്ച ഡിസ്‌പെൻസറി വിപുലമായി ഇന്ന് കാണുന്ന രീതിയിൽ 1967 മെയ്‌ 4 ന് തോപ്പ് ഇടവകവികാരി ഫാദർ സെബാസ്റ്റ്യൻ ആശിർവദിക്കുകയുണ്ടായി. സിസ്റ്റർ ലൊറൻഷ്യസിന്റെ ചുമതലയിൽ ആക്കാലത്ത് ഡിസ്‌പെൻസറി വളരെ പ്രസിദ്ധിയാർജ്ജിച്ചിരുന്നു.














          പ്രത്യാശാ നികേതൻ എന്ന പേരിൽ 1968 -ൽ ഒരു സോഷ്യൽ സെന്റർ ബെൽജിയം സിസ്റ്റർ കോൺസ്റ്റൻസിയയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ശുചിത്വം, രോഗനിവാരണം എന്നിവയെകുറിച്ച് അമ്മമാർക്കും കുട്ടികൾക്കും ബോധവൽക്കരണം, നഴ്സറി ക്ലാസ്സ്‌, ഭവന നിർമ്മാണ പദ്ധതികൾ, മത്സ്യവല നിർമിക്കാൻ സ്ത്രീകൾക്ക് പരിശീലനം, ഹോം സയൻസ് ക്ലാസുകൾ, വിവാഹ ഒരുക്ക ക്ലാസുകൾ, സമ്പാദ്യ ശീലം വളർത്താനുള്ള പരിശീലനങ്ങൾ എന്നിവയിൽ കേന്ദ്രികരിച്ചായിരുന്നു. പ്രത്യാശനികേതിന്റെ പ്രവർത്തനങ്ങൾ, സംഗീതം, കരകൗശലവിദ്യകൾ, അടുക്കളത്തോട്ട നിർമ്മാണം, കോഴിവളർത്തൽ എന്നിവയ്ക്കും പ്രാധാന്യം നൽകി. ബെൽജിയൻ സിസ്റ്റേഴ്സിന് തോപ്പ് സ്വന്തം വീടും തോപ്പുകാർ സ്വന്തം ജനങ്ങളുമായിരുന്നു. നിരാലംബരായ തോപ്പിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി പ്രത്യേകിച്ചു പെൺകുട്ടികളുടെ ഉന്നമനത്തിനായി സിസ്റ്റേഴ്സ് അഹോരാത്രം പണിയെടുത്തു. പ്രത്യാശാനികേതൻ സെന്ററിലൂടെ തോപ്പിലെ ജനങ്ങളെ കൈപിടിച്ചുയർത്താൻ സിസ്റ്റർമാർക്ക് സാധിച്ചു. മത്സ്യബന്ധനവും വിപണനവും തൊഴിലായിരുന്ന തോപ്പിലെ ജനങ്ങൾക്ക്‌ കുടിൽ വ്യവസായങ്ങൾ പരിചയപ്പെടുത്തുന്നതിലും അതിൽ തല്പരരാകുന്നതിലും കന്യാസ്ത്രീകൾ നേതൃത്വം നൽകി. തയ്യൽ പരിശീലനം, മിഷ്യൻ , എംബ്രോയ്‌ഡറി, ബുക്ക്‌ ബൈൻഡിങ്, പേപ്പർ റോളിങ്, അടുക്കള തോട്ടം, കോഴി വളർത്തൽ, പൂക്കൊട്ട നിർമാണം, വിവിധ തരം അച്ചാറുകൾ, ജാമുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയവ എടുത്തു പറയേണ്ടവയാണ്.
                
                 കുഞ്ഞുങ്ങളുടെ വളർച്ചക്കായി നഴ്സറി സ്കൂളുകൾ സ്ഥാപിച് അവിടെ പഠിപ്പിക്കാനായി തോപ്പ് മേഖലയിൽ നിന്നു തന്നെ കഴിവുള്ളവരെ കണ്ടെത്തി. പ്രാർത്ഥന, ധ്യാനം എന്നിവയിലൂടെ ജനങ്ങളിൽ ദൈവീകചൈതന്യം നിലനിർത്താൻ സിസ്റ്റേഴ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാമ്പത്തികമായി ദാരിദ്രരായിരുന്നെങ്കിലും തോപ്പിലെ ജനങ്ങൾ ആധ്യാത്മികതയിൽ സമ്പന്നരായിരുന്നു. വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ തോപ്പ് നിവാസികളുടെ ജീവിതത്തിൽ പ്രത്യാശ പകരാനും അവരെ ആത്മാർത്ഥമായി സ്നേഹിക്കാനും സിസ്റ്റേഴ്സിന് സാധിച്ചിരുന്നു. നിലവിലെ ICM സന്യാസി സമൂഹവും തോപ്പിലെ ജനങ്ങളുമായി ചേർന്നുകൊണ്ട് തങ്ങളുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്നു.
           	സമൂഹത്തിന്റെ മുഖ്യധാരയിൽപ്പെടാത്ത ജനവിഭാഗങ്ങളിലേക്കുകൂടി സിസ്റ്റേഴ്സിന്റെ സേവനം എത്തിക്കുക എന്നാ ലക്ഷ്യത്തോടെ  1983- ൽ വലിയതുറ കേന്ദ്രമാക്കി ചെറുരശ്മി  സെന്ററിന് ആരംഭം കുറിച്ച്, മദ്യവിരുദ്ധ പ്രവർത്തനം, ആരോഗ്യ സംരക്ഷണ പദ്ധതികൾ എന്നിവയ്ക്കു  മുൻഗണന കൊടുത്തു.

ചെറുരശ്മി സെന്റർ

		"പ്രകാശത്തിന്റെ ചെറുകിരണം" (CRC) എന്നർത്ഥം വരുന്ന ചെറുരശ്മി സെന്റർ തുടങ്ങുന്നത് 1983 ICM സന്യാസിനി സഭാംഗങ്ങളായിരുന്ന സിസ്റ്റർ റോസ് പി. വി. യും സിസ്റ്റർ ആനി പുന്നൂസും ചേർന്നായിരുന്നു. സിസ്റ്റർ ആനി പുന്നൂസിന് ദീർഘകാലം അവിടെ സേവനം അനുഷ്ഠിക്കുവാൻ കഴിഞ്ഞില്ല. തുടർന്നങ്ങോട്ടുള്ള 25 വർഷക്കാലത്തോളം സിസ്റ്റർ റോസ് പി.വി. തന്നെയാണ് ഇതിന്റെ സാരഥ്യം വഹിച്ചത്. സ്ഥാപനത്തിന്റെ വളർച്ചയ്ക്കും ക്ഷേമത്തിനും സ്ഥാപക എന്ന നിലയിൽ സിസ്റ്റർ വഹിച്ച ത്യാഗങ്ങൾ വളരെ വലുതാണ്. സ്ഥാപനം തുടങ്ങുന്നതിന് പ്രേരകമായ പശ്ചാത്തലം ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. ലോകത്തെമ്പാടും തന്നെ എഴുപതുകളുടെ അവസാനവും എൺപതുകളുടെ ആരംഭവും ദൈവശാസ്ത്രത്തിൽ ഊന്നിയ വിമോചനത്തിന്റെ (LiberatIon Theology) കാലഘട്ടം കൂടിയായിരുന്നു. ഇതിൽ ആകൃഷ്ടരായ ധാരാളം സന്യാസീസന്യാസിമാർ, കോൺവെന്റ്‍ ജീവിതമല്ല,  ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് സുവിശേഷം പ്രചരിപ്പിക്കുകയാണ്  ഉത്തമം എന്ന് തിരിച്ചറിഞ്ഞ് ആ ദൗത്യത്തിനായി ഇറങ്ങിത്തിരിച്ചു. ഐ.സി.എം സന്യാസിനികൾ കണ്ടെത്തിയത്  ഏറ്റവും ദരിദ്രരായ, പാർശ്വവൽക്കരിക്കപ്പെട്ട വലിയതുറ വാർഡിന്റെ തന്നെ ചെറുഭാഗം. തീരദേശത്തെ 80% ജനസമൂഹവും വ്യാജവാറ്റിൽ ഏർപ്പെട്ടിരുന്ന കാലഘട്ടം! വിദ്യാഭ്യാസത്തിൽ വളരെ പിന്നിൽ, വ്യാജവാറ്റിന്റെ  പശ്ചാത്തലത്തിൽ സാംസ്കാരിക അധഃപതനവും! അതുവഴി യുവത്വത്തിൽതന്നെ അവിവാഹിതരായ അമ്മമാർ സൃഷ്ടിക്കപ്പെടുന്ന ദയനീയത!  ഒരു ഘട്ടത്തിൽ ഐ.സി.എം സന്യാസിനീസമൂഹത്തിന്റെ പ്രസ്തുത മേഖലയിലുള്ള പ്രവർത്തനത്തിന്റെ ആവശ്യകത  മനസ്സിലാക്കിയ ഫാദർ ജെയിംസ് കുലാസ് ആ പ്രദേശത്തുള്ള തന്റെ ഒഴിഞ്ഞുകിടന്ന ഭവനം അവരുടെ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തു. ആദ്യം തന്നെ ഒരു വിദ്യാഭ്യാസസർവേ നടത്തി കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി. അമ്മമാരുടെ കൂട്ടായ്മയും സ്വയംതൊഴിലും മുൻനിർത്തി, തയ്യൽ, എംബ്രോയ്ഡറി ഹാൻഡ് മേഡ് ഗ്രീറ്റിംഗ് കാർഡ് തുടങ്ങിയവയിൽ പരിശീലനം നൽകുകയും അർഹമായ വേതനം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 25 വർഷത്തെ പരിശ്രമത്തിനും സേവനത്തിനുശേഷം തന്റെ ക്യാൻസർ സംബന്ധമായ രോഗംമൂലം 2003 ഡിസംബറിൽ  സിസ്റ്റർ ഈ ലോകത്തുനിന്ന് വിടവാങ്ങുമ്പോൾ ശ്രേഷ്ഠമായൊരു  സംസ്കാരം സൃഷ്ടിക്കപ്പെട്ടിരുന്നു.

കായികരംഗം

        കോൺവെന്റിന്റെ ആരംഭം മുതൽ സെന്റ് റോക്‌സ് സിസ്റ്റേഴ്സ് യുവാക്കളെ കായികരംഗത്ത്  വേണ്ടത്ര സഹായ സഹകരണങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചിരുന്നു. തന്നിമിത്തം തിരുവനന്തപുരത്തെ തീരപ്രദേശ കായിക രംഗങ്ങളിൽ തോപ്പ് യുവാക്കൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഫുട്ബോൾ മത്സരങ്ങളിൽ. കമ്മ്യൂണിസ്റ്റാദർശങ്ങളുടെ പ്രചരണവേളയിൽ, തോപ്പ് യുവാക്കൾ ബ്ലാക്ക് ആരോസ് ക്ലബ്ബായി മാറി. പല ടൂർണമെന്റുകളിലും ബ്ലാക്ക് ആരോസ് പ്രശസ്ത വിജയം നേടിയിട്ടുണ്ട്. സന്തോഷ്‌ ട്രോഫി ടൂർണമെന്റിൽ ആദ്യമായി പങ്കെടുത്ത തോപ്പുകാരനാണ് സ്റ്റാൻലി റിബേറോ, തീരപ്രദേശത്തെ പല ടൂർണമെന്റുകളിലും അദ്ദേഹം തോപ്പിനെ പ്രതിനിധീകരിച്ചിരുന്നു. തോപ്പുയുവാക്കളുടെ ഫുട്ബോൾ കളിയും മത്സരങ്ങളും പൂർവാധികം ഭംഗിയായി ഇന്നും തുടരുന്നു.
                 തോപ്പിന് സ്വന്തമായി ഒരു ഫുട്ബോൾ ഗ്രൗണ്ട് ഉണ്ട്. 1962ൽ പീറ്റർ ആംബ്രോസ് തോപ്പിന് സംഭാവന നൽകിയതാണ്. വലിയതുറയിലുള്ള ഒരു കുടുംബത്തിന്റെ വകയായിരുന്നു ഈ സ്ഥലം. ആ സമയത്ത് സിംഗപൂരിൽ താമസമാക്കിയിരുന്ന ഉടമസ്ഥരുമായി ഭൂമിയിടപാട് നടത്തിയാണ് ഗ്രൗണ്ടിനുള്ള സ്ഥലം തോപ്പിന് സമ്മാനിച്ചതെന്നു പറയുന്നു.

ബഹുമതി നേടിയവർ

            	വിവിധ ബഹുമതികൾ നേടിയിട്ടുള്ളവർ പലരുണ്ട് തോപ്പിൽ. ഇവിടെ ആദ്യമായി ഒരു പുരസ്‌കാരം നേടിയത് ശ്രീ ഡൊമനിക് ഡിക്രൂസ് ആണ്. രണ്ടാം ലോക മഹായുദ്ധത്തിൽ ധീരതയ്ക്കുള്ള ബഹുമതി വിക്ടോറിയ മഹാറാണിയിൽ നിന്ന് ഏറ്റുവാങ്ങി. ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തിന് പാരിതോഷികങ്ങൾ നൽകി ആദരിച്ചു.
             നാഗാലാ‌ൻറ് ഓപ്പറേഷനിൽ പങ്കെടുത്ത് ധീരതയ്ക്കുള്ള ബഹുമതിയായ അശോകചക്രം ഇന്ത്യൻ പ്രസിഡന്റിൽ നിന്നു കരസ്ഥമാക്കിയ അപൂർവ വ്യക്തി ശ്രീ ഡൊമനിക് ഡിക്രൂസിന്റെ മകൻ ആൽബി ഡിക്രൂസാണ്.
          1971-ൽ ഇന്ത്യ - പാക് യുദ്ധത്തിൽ നേവിയിൽ നിന്നു റഷ്യയിലേക്കു പോയ സൈനീക സംഘത്തിൽ തോപ്പുകാരൻ ശ്രീ പത്രോസ് പെരേരയും ഉണ്ടായിരുന്നു. അങ്ങനെ കരസേനയിലും നാവികസേനയിലും പ്രശസ്ത സേവനം അനുഷ്ഠിച്ചിട്ടുള്ള ധാരാളം വ്യക്തികൾ തോപ്പിലുണ്ട്.

ആൽബി ഡിക്രൂസ്

     ചരിത്രത്തിലിടം നേടിയ തോപ്പ് നിവാസി

സൈനികരുടെ വീരേതിഹാസങ്ങളിൽ രാജ്യം പുളകമണിയുമ്പോൾ പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും ആരവമില്ലാതെ ഒരു യോദ്ധാവ് നമ്മുടെ നാട്ടിൽ അധികമാരാലും അറിയപ്പെടാതെ ജീവിക്കുന്നു, 1962-ൽ പ്രഥമ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദിൽ നിന്നും അതിധീരതയുടെ അംഗീകാരമായ അശോകചക്ര ഏറ്റുവാങ്ങിയ ആദ്യ മലയാളിയായ ആൽബി ഡിക്രൂസ് എന്ന ആസാം റൈഫിൾസിലെ ലാൻസ് നായിക്. ശംഖുമുഖത്തോടു ചേർന്ന വലിയതോപ്പ് എന്ന ഗ്രാമത്തിൽ ഡൊമിനിക് ഡിക്രൂസിൻറെയും ലൂസിയ ഡിക്രൂസിൻറെയും അഞ്ചു മക്കളിൽ രണ്ടാമനായി 1937 ഡിസംബർ 25-ന് ജനിച്ചു. വലിയതോപ്പിലെ സെൻറ് റോക്സ് സ്കൂളിലും പാളയം സെൻറ് ജോസഫ്സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 22-ആം വയസിൽ ആസാം റൈഫിൾസിലെ വയർലസ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച് മേഘാലയയിലും ഡല്ഹിയിലുമായി പരിശീലനം പൂർത്തിയാക്കി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ നിർണായകമായ ആഭ്യന്തര കലാപത്തെ അടിച്ചമർത്തുന്നതിൽ പ്രകടിപ്പിച്ച അസാമാന്യ ധീരതയ്ക്കാണ് കേരളത്തിൽ നിന്നും ആദ്യ അശോക പുരസ്കാര ജേതാവായി ആൽബിയെ രാജ്യം തിരഞ്ഞെടുത്തത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ അതിർത്തിയിൽ അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ഏറ്റവും വഷളായ കാലത്താണ് ആൽബി പരിശീലനം കഴിഞ്ഞിറങ്ങുന്നത്. മണ്ണിൻറെ മക്കൾ വാദമുയർത്തി സ്വതന്ത്ര നാഗാലാൻറിനു വേണ്ടി മുന്നോട്ടു വന്ന നാഗന്മാരെയായിരുന്നു ആൽബിയുൾപ്പെട്ട ആസാം റൈഫിൾസിന് ആദ്യം നേരിടേണ്ടി വന്നത്. നാഗാ ഒളിപ്പോരാളികളെയും നാഗാ ഗറില്ലകളെയും നേരിടാനായി വടക്കു കിഴക്കൻ പ്രദേശങ്ങളിൽ പോസ്റ്റുകൾ സ്ഥാപിച്ച് ഇന്ത്യ ശക്തമായ പ്രതിരോധം തീർത്തു. നിരീക്ഷിച്ചറിയുന്ന വിവരങ്ങൾ ഉന്നത കേന്ദ്രങ്ങളിൽ അറിയിക്കുക എന്നതായിരുന്നു ആൽബിയുടെ ഉത്തരവാദിത്തം. ഇന്നത്തെപ്പോലെ അത്യന്താധുനിക വാർത്താ വിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ആൽബിയുടെ ജോലി ഏറെ പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു. 1960 ഓഗസ്റ്റ് 25-ന് ആൽബിയടങ്ങുന്ന കൊഹിമയിലെ പട്ടാള ക്യാമ്പ് വളഞ്ഞ നാഗാ ഗറില്ലകളെ തുരത്താൻ മൂന്നു ദിവസത്തോളം നീണ്ടു നിന്ന രൂക്ഷമായ പോരാട്ടത്തിൽ ആൽബി കൈക്കൊണ്ട അവസരോചിതവും അതിധീരവുമായ ഇടപെടലുകളാണ് അദ്ദേഹത്തെ അശോക പുരസ്കാരത്തിന് അർഹനാക്കിയത്. 1975 നവംബർ 30-ആം തീയതി പട്ടാളത്തിൽ നിന്നും വിരമിച്ച ആൽബി ഇത്രയും വലിയ നേട്ടം കൈപ്പിടിയിലൊതുക്കിയിട്ടും അധികമാരാലും അറിയപ്പെടാതെ വിശ്രമ ജീവിതം നയിക്കുന്നു, ചെറിയതുറയിലെ ‘സമൃദ്ധി’ എന്ന വീട്ടിൽ ഭാര്യ മെറ്റിൽഡ ഡിക്രൂസിനോടും മക്കളോടും ചെറുമക്കളോടുമൊപ്പം.തീരത്തു വീശിയടിക്കുന്ന തിരമലാകൾ പോലെ മനസ്സിലുയരുന്ന ദേശാഭിമാനത്തിൻറെ ആവേശത്തോടെ ഈ ധീര ജവാന്, തീരദേശത്തിൻറെ ഈ പുത്രനു നൽകാം ഒരു ബിഗ് സല്യൂട്ട്.






ആധുനിക തോപ്പ്

             ഇന്ന് പഴയ തോപ്പിന്റെ മുഖം ആകെകൂടി മാറിയിരിക്കുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ നാടിന്റെ പുരോഗതിക്കായി തോപ്പിനു മുഖദർശനമായി തിരുവനന്തപുരം വിമാനത്താവളം നിലവിൽ വന്നു. വിവിധ ദേശക്കാരും വിവിധ മതസ്ഥരുമായുള്ള സാന്നിധ്യവും സഹവാസവും ഈ പ്രദേശത്തെ യുവതലമുറയുടെ ജീവിത രീതിയ്ക്ക് ഇന്ന് സാരമായ മാറ്റം വരുത്തിയിട്ടുണ്ട്.
                  അറബിരാജ്യങ്ങളിലും മറ്റു വിദേശരാജ്യങ്ങളിലും പണിയെടുത്തു സമ്പന്നരായി തോപ്പ് നിവാസികൾ പലരും ഇന്ന് കമ്പവലയും ചാളത്തടിയും കുലത്തൊഴിലായ മത്സ്യബന്ധനവും ഉപേക്ഷിച്ചു. അപൂർവം ചില കുടുംബങ്ങൾ മാത്രമാണ് മത്സ്യബന്ധനത്തിലും മത്സ്യവിപണനത്തിലും  ഏർപ്പെട്ടിരിക്കുന്നത്.
           

പഴയ ഒലക്കുടിലുകളും ഓലപ്പുരകളും പൂർണമായി അപ്രത്യക്ഷമായിട്ടുണ്ടെന്നു പറയാം. ഇടറോഡുകളും വഴികളും ധാരാളമുണ്ട്. ആകയാൽ യാത്രയും വാഹനസൗകര്യങ്ങളും വർധിച്ചിരിക്കുന്ന പുത്തൻ തലമുറ ഇന്നത്തേതിലും ഉപരിയായ വികസനത്തെ ലക്ഷ്യമാക്കി മുന്നേറുകയാണിപ്പോൾ.

ശംഖുമുഖം തോപ്പ് റോഡ് ഇന്നത്തെ അവസ്ഥ

              കടലാക്രമണ ഭീഷണിയാൽ തകർന്ന് തരിപ്പണമായിരിക്കുകയാണ് ശംഖുമുഖം എയർപോർട്ട് റോഡ്. ശംഖുമുഖത്ത് നിന്നും ആഭ്യന്തര വിമാനത്താവള ടെർമിനലിലേക്കും അതിനു സമീപത്ത് സ്ഥിതിചെയ്യുന്ന സെന്റ് റോക്‌സ് കോൺവെന്റ് ഹൈസ്കൂളിലേക്കും എത്തിപ്പെടാൻ പറ്റാത്ത ദുരവസ്ഥ നിലനിൽക്കുമ്പോൾ ഗതാഗതസ്തംഭനം തോപ്പ് പ്രദേശത്തെ ഒരു തുരുത്തായി മാറ്റിയിരിക്കുന്നു. നഗരത്തിന്റെ വീർപ്പുമുട്ടലുകളിൽനിന്ന് അകന്ന് ഒഴിവുവേളകൾ ആസ്വദിക്കാനും ശുദ്ധവായു ശ്വസിക്കാനും  ശംഖുമുഖത്ത് എത്തിച്ചേരുന്ന ജനലക്ഷങ്ങൾക്ക് ശംഖുമുഖം തീരം ഒരു മരീചികയാകാതിരിക്കട്ടെ.

അവലംബം A] അഭിമുഖങ്ങൾ :

   • ശ്രീമതി അയറിൻ ടീച്ചർ, വാർഡ് കൗൺസിലർ, വലിയതുറ വ്ർഡ്
   • ശ്രീമാൻ ആൽബി ഡിക്രൂസ്, ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ധീരതയ്ക്കുള്ള അശോകപുരസ്കാരം ഏറ്റുവാങ്ങിയ കേരളത്തിലെ ആദ്യ സൈനികൻ.
   • ശ്രീമാൻ ജോർജ്ജ് മൈക്കിൾ പെരേര, ഗർഭിണിയായിരിക്കെ വിമോചനസമരത്തിൽ  വെടിയേറ്റുമരിച്ച ഫ്ലോറി എന്ന സ്ത്രീയുടെ മകൻ. 

B] വെബ്സൈറ്റ് ലിങ്കുകൾ

   • Wikipedia
   • keralatourism.org
   • dtpcthiruvananthapuram.com
   • trivandrum.nic.in

C] പുസ്തകങ്ങൾ

   • അഗാപ്പെ - ശതാബ്ദി സ്മരണിക, തോപ്പ് ഇടവക
   • കോർദിയ – മാസിക, ചെറിയതുറ ഇടവക
   • തിരയോരചരിത്രത്തിലെ തിരുശേഷിപ്പുകൾ - റോബർട്ട് പനിപ്പിള്ള