ജി.എച്ച്.എസ്.എസ്. തെങ്കര/പ്രാദേശിക പത്രം
ഭിന്ന ശേഷി ദിനാചരണം നടത്തി
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളും മണ്ണാർക്കാട് ബി.ആർ സി യും സംയുകതമായി ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ചലന പരിമിതി മൂലം വിദ്യാലയത്തിൽ എത്താനാവാത്ത അഞ്ചാം തരത്തിൽ പഠിക്കുന്ന പ്രകാശിൻ്റെ വീട്ടിലാണ് അധ്യാപകരും സഹപാഠികളും സമ്മാന പൊതികളുമായി എത്തിയത്.വാർഡ് മെമ്പർ ടിന്റു മണ്ണാർക്കാട് ബി.പി സി മുഹമ്മദലി പ്രധാനാധ്യാപിക നിർമല പി.കെ, അധ്യാപകരായ കെ.ബഷീർ, പുഷ്പലത.വി, ബീന.കെ, ഹാരിസ്, ബി.ആർ സി ട്രെയ്നർ ഷാജി എന്നിവർ സംസാരിച്ചു. റിസോഴ്സ് അധ്യാപകരായ സംഗീത, ഡിജിനു, രമ്യ, നസീമ, ഷൈനി തുടങ്ങിയവർ പങ്കെടുത്തു
==========================
പ്രവേശനോത്സവത്തോടെ തുടക്കം
കരുതലോടെ... നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ വിദ്യാലയ കവാടത്തിൽ കുട്ടിപ്പോലീസിന്റെ സഹായത്തോടെ സാനിറ്റെെസർ ചെയ്തു കടത്തിവിടുന്നു
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കുട്ടികൾ വിദ്യാലയത്തിൽ തിരിച്ചെത്തുന്നത്. ഓൺലൈൻ പഠനത്തിൻ്റെ യും ഒറ്റപ്പെടലിൻ്റേയും വിരസതയിൽ കഴിഞ്ഞിരുന്ന കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേൽക്കാനായി കഴിഞ്ഞ കുറേ നാളുകളായി ഒരുക്കങ്ങളുമായി കാത്തിരിക്കുകയായിരുന്നു വിദ്യാലയവും അധ്യാപകരും.
പുത്തൻ യൂണിഫോമുകളിൽ മനോഹരമായ ബാഗുകളും കുടകളുമായി കളിച്ചും ചിരിച്ചും കൂട്ടം കൂടിയും വിദ്യാലയത്തിൽ എത്തിയിരുന്ന കുട്ടികൾക്കും അവരെ അനുഗമിക്കുന്ന രക്ഷിതാക്കൾക്കും പകരം സകൂൾ കവാടം വരെ കുട്ടികളുമായി എത്തി അവരെ വിദ്യാലയത്തിലേക്ക് യാത്രയാക്കുന്ന രക്ഷിതാക്കളും മുഖാവരണങ്ങൾ ധരിച്ച് അകലം പാലിച്ച് കടന്നു വരുന്ന കുട്ടികളും കോവിഡാനന്തര പ്രവേശനോത്സവത്തിൻ്റെ വേറിട്ട കാഴ്ചയായിരുന്നു. പതിവ് ബഹളങ്ങൾ ഇല്ലാതെ പരിസ്ഥിതി സൗഹൃദമായ അലങ്കാരങ്ങളും ഡിജിറ്റൽവാദ്യമേളങ്ങളുമായി നവാഗതരുൾപ്പെടെയുള്ളവരെ വിദ്യാലയ കവാടത്തിൽ സ്വീകരിക്കാൻ അധ്യാപകരും, പി ടി എ അംഗങ്ങളും നേരത്തെ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.
ഒന്നര വർഷത്തിനപ്പുറം നിലച്ചുപോയ മണി മുഴങ്ങിയതോടെ വീണ്ടുമൊരു വിദ്യാലയ വർഷത്തിന് തുടക്കമായി. പഠന വിടവുകൾ കണ്ടെത്തി അനുകൂലമായ പഠന്നാന്തരീക്ഷം സൃഷടിച്ച് ക്രമാനുഗതമായ പഠന പുരോഗതി ലക്ഷ്യമാക്കിയുള്ള അക്കാദമിക കലണ്ടറിലൂടെയാണ് കുട്ടികൾക്ക് കടന്നു പോകാനുളളത്. ആദ്യ ദിവസം തന്നെ പൊതുഗതാഗതവും, ഉച്ചഭക്ഷണവും ഒരുക്കിയിരുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകരകമായി.