ജി.എച്ച്.എസ്.എസ്. തെങ്കര/പ്രാദേശിക പത്രം
ഭക്ഷ്യമേള 2022
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ ആരോഗ്യദായക ഭക്ഷണം തനിനാടൻ രീതിയിൽ എങ്ങനെ ദീർഘകാലം കേടുകൂടാതെ സൂക്ഷിച്ചു വെയ്ക്കാം എന്ന ആശയത്തെ അടിസ്ഥാനമാക്കി സ്ക്കൂളിലെ ഏഴാം തരം വിദ്യാർത്ഥികൾ ഭക്ഷ്യമേള സംഘടിപ്പിച്ചു.ക്ലാസ് ലീഡർമാരായ ഷഹന, ചന്ദ്രരാജ്,എന്നിവരുടെ നേതൃത്വത്തിൽ ഉണക്കി സൂക്ഷിക്കൽ, ഉപ്പിലിടൽ, സ്ക്വാഷുകൾ, ജാമുകൾ, പഞ്ചസാരയിലിടൽ എന്നീ വ്യത്യസ്തമാർഗങ്ങൾ മേളയിൽ ഉൾപ്പെടുത്തി.എണ്ണ, വിനാഗിരി ,ഉപ്പ്, പഞ്ചസാര പോലുള്ള തനതായ പ്രിസർവേറ്റീവുകൾ ഉപയോഗിച്ചുള്ള നാടൻ രീതികൾ കുട്ടികൾ പ്രദർശനത്തിലൂടെ പരിചയപ്പെടുത്തി കൊടുത്തു. "സുരക്ഷിത ഭക്ഷണം ആരോഗ്യ ജീവിതത്തിന്" എന്ന വിഷയത്തിൽ ശാസ്ത്രാധ്യാപിക പ്രവീണ ശാസ്ത്ര ക്ലാസും നൽകി. കോവിഡ് കാലത്തെ നല്ല ആരോഗ്യശീലങ്ങൾക്ക് തുടക്കമിടാനും കൂടുതൽ പഠനപ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികൾ തൽപരരായി.
പേപ്പർ സഞ്ചി - പേപ്പർ ഫയൽ നിർമ്മാണ പരിശീലനം
ഹരിതസേനയുടെ കീഴിൽ പേപ്പർ ബാഗും പേപ്പർ ഫയലുകളും തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി. പരിശീലത്തിൽ പങ്കെടുത്ത കുട്ടികൾ തയ്യാറാക്കിയ പേപ്പർ സഞ്ചികളും , ഓഫീസ് ഫയലുകളും വിദ്യാലയത്തിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി നൽകി. പരിശീലനത്തിന് ശില്‌പ , റജീന നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ പ്രധാനാധ്യാപിക നിർമല പി.കെ ഏറ്റുവാങ്ങി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
തെങ്കര : തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം പ്രധാനാധ്യാപിക നിർമല പി.കെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് മജീദ് തെങ്കര നിർവ്വഹിച്ചു . കൈറ്റ്സ് മാസ്റ്റർ കെ.ബഷീർ സ്വാഗതവും കൈറ്റ് മിസ്ട്രസ് സമീറ.കെ നന്ദിയും പ്രകാശിപ്പിച്ചു. പ്രത്യേക അഭിരുചി പരീക്ഷയുടെ മികവിൽ തെരെഞ്ഞെടുത്ത
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരുപ്പത്തി ഒമ്പത് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. അനിമേഷൻ ഗ്രാഫിക്സ് , പ്രോഗ്രാമിങ്ങ് മേഖലയിൽ താത്പര്യം ജനിപ്പിക്കുന്നതായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. തുടർന്നു വരുന്ന ക്ലാസുകളിൽ മലയാളം കമ്പ്യൂട്ടിങ്ങ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, വീഡിയോ , ഓഡിയോ എഡിറ്റിംഗ് മേഖലകളിലും പരിശീലനം നൽകുന്നതാണ്.
പൊതു വിദ്യാലയങ്ങളിൽ സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങളെ ശക്തിപ്പെടുത്തുകയും, വിവര സാങ്കേതികവിദ്യയിൽ കഴിവും താത്പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ഐടി കൂടായ്മ ലക്ഷ്യമാക്കുന്നത്. കൈറ്റ്സ് മാസ്റ്റർ ബഷീർ.കെ. കൈറ്റ്സ് മിസ്ട്രസ് സമീറ.എം ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ അവസാനത്തിൽ കുട്ടികളുടെ ഏകദിന പരിശീലനത്തിന്റെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനായി കൈറ്റ് ഏർപ്പെടുത്തിയ വീഡിയോ കോൺഫറൻസിങ്ങ് ശ്രദ്ധേയമായി.
വിദ്യാ കാരണം ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു.
തെങ്കര:തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാകിരണം പദ്ധതി വഴി സംസ്ഥാന സർക്കാർ എസ് സി വിഭാഗം കുട്ടികൾക്ക് അനുവദിച്ച വിദ്യാകരണം ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ചടങ്ങിൽ എസ് എം സി ചെയർമാൻ ശിവശങ്കരൻ.വി , പ്രിൻസിപ്പൽ അബ്ദുൽ സലീം, പ്രധാനാധ്യാപിക നിർമല . പി.കെ, ഐ ടി കോർഡിനേറ്റർ ബഷീർ.കെ സംസാരിച്ചു
അധ്യാപകർ കൈ കോർത്തു കുട്ടികൾക്ക് പുതു വർഷപ്പായസമായി
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ കൈകോർത്തപ്പോൾ വിദ്യാലയത്തിലെ ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള മുഴുവൻ കുട്ടികൾക്കും പുതുവർഷത്തിന്റെ മധുരം നുണയാനായി.വിദ്യാലയത്തിൽ പഠിക്കുന്ന രണ്ടായിരത്തോളം കുട്ടികൾക്കായി പായസം തയ്യാറാക്കുന്നതിനുള്ള സാധനങ്ങൾ അദ്ധ്യാപകർ സ്പോൺസർ ചെയ്യുകയായിരുന്നു. ബാച്ചു ക്രമീകരണമുള്ളതിനാൽ രണ്ടു ദിവസങ്ങളിൽ പായസം തയ്യാറാക്കേണ്ടി വന്നു. പ്രവർത്തനങ്ങൾക്ക് ഉച്ചഭക്ഷണ കമ്മറ്റി നേതൃത്വം നൽകി.
അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ചു
തെങ്കര:അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അറബിക് ക്ലബ്ബിനു കീഴിൽ ഡോക്യുമെന്ററി പ്രദർശനവും കുട്ടികൾ തയ്യാറാക്കിയ ഉൽപ്പനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക നിർമല പി.കെ യുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് മജീദ് തെങ്കര ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപകരായ ഡോ.എൻ വി. ജയരാജൻ, കെ.ബഷീർ, സബീന ഐ, ശൈലജ എസ്, ജയറാം പി, ഫാത്തിമ, സമീറ,സീനത്ത്, ശശികുമാർ, പ്രമോദ്, ശില്പ , മഞ്ജു, പ്രീത, നസറി സംസാരിച്ചു. കുമാരി അഹസന സ്വാഗതവും ക്ലബ്ബ് ജോയന്റ് കൺവീനർ ഹാരിസ് പി നന്ദിയും പ്രകാശിപ്പിച്ചു.
സ്റ്റുഡന്റസ് പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
തെങ്കര ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (കുട്ടിപോലീസ് ) ന്റെ രണ്ടു ദിവസത്തെ പരിശീലന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 84 വിദ്യാർത്ഥികളാണ് രണ്ടു ദിവസത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്.
വാർഡ് മെമ്പർ സന്ധ്യഷിബു അധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ എൻ യൂസുഫ് സിദ്ധീഖി, പി ടി എ പ്രസിഡണ്ട് മജീദ് തെങ്കര , പ്രിൻസിപ്പാൾ പി അബ്ദുൽ സലീം , പ്രധാനാധ്യാപിക പി കെ നിർമല , എസ് എം സി ചെയർമാൻ ശിവശങ്കരൻ , സബീന ടീച്ചർ കോർഡിനേറ്റർ മാരായ ജയറാം മാസ്റ്റർ , ശൈലജ ടീച്ചർ പ്രസംഗിച്ചു
രണ്ടു ദിവസങ്ങളായി നടന്നു വന്നിരുന്ന SPC ക്യാമ്പ് 27.12.2021 5 PM ന് സമാപിച്ചു. ആറ് സെഷനുകളിലായി വിവിധ വിഷയങ്ങളിൽ ഇൻഡോർ ക്ലാസുകളും 3 സെഷനുകളിലായി ഔട്ട്ഡോർ ക്ലാസുകളും നടന്നു. എല്ലാ ക്ലാസുകളിലും കേഡറ്റുകൾ സജീവമായി പങ്കെടുത്തു. ഇൻഡോർ ക്ലാസുകൾ നയിച്ചത് ട്രെയിനർ ഗിരീഷ് സർ , ദേവീദാസൻ സർ നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരായ ജയരാജൻ മാസ്റ്റർ പ്രമോദ് മാസ്റ്റർ മുൻ അധ്യാപകനായ സെബാസ്റ്റ്യൻ മാസ്റ്റർ സബ് ഇൻസ്പെക്ടർ ജാഫർ സിദ്ദീഖ് സർ എന്നിവരായിരുന്നു.
മനുഷ്യാവകാശ ദിനം
ഡിസംബർ 10 മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് പ്രസ്തുത വിഷയത്തിൽ എസ് പി സി കേഡറ്റുകൾക്ക് ക്ലാസ് സംഘടിപ്പിച്ചു.
അഡ്വക്കേറ്റ് ശ്രീ രാഘവൻ ആമ്പാടത്ത് ക്ലാസ് നയിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി നിർമല ടീച്ചർ സ്വാഗതവും സിപിഒ ജയറാം എ സി പി ഒ ഷൈലജ എന്നിവർ ആശംസയും അറിയിച്ചു .സീനിയർ കേഡറ്റ് സൗമ്യ നന്ദി രേഖപ്പെടുത്തി.സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 88 കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു
ഭിന്ന ശേഷി ദിനാചരണം നടത്തി
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളും മണ്ണാർക്കാട് ബി.ആർ സി യും സംയുകതമായി ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ചലന പരിമിതി മൂലം വിദ്യാലയത്തിൽ എത്താനാവാത്ത അഞ്ചാം തരത്തിൽ പഠിക്കുന്ന പ്രകാശിൻ്റെ വീട്ടിലാണ് അധ്യാപകരും സഹപാഠികളും സമ്മാന പൊതികളുമായി എത്തിയത്.വാർഡ് മെമ്പർ ടിന്റു മണ്ണാർക്കാട് ബി.പി സി മുഹമ്മദലി പ്രധാനാധ്യാപിക നിർമല പി.കെ, അധ്യാപകരായ കെ.ബഷീർ, പുഷ്പലത.വി, ബീന.കെ, ഹാരിസ്, ബി.ആർ സി ട്രെയ്നർ ഷാജി എന്നിവർ സംസാരിച്ചു. റിസോഴ്സ് അധ്യാപകരായ സംഗീത, ഡിജിനു, രമ്യ, നസീമ, ഷൈനി തുടങ്ങിയവർ പങ്കെടുത്തു
==========================
പ്രവേശനോത്സവത്തോടെ തുടക്കം
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കുട്ടികൾ വിദ്യാലയത്തിൽ തിരിച്ചെത്തുന്നത്. ഓൺലൈൻ പഠനത്തിൻ്റെ യും ഒറ്റപ്പെടലിൻ്റേയും വിരസതയിൽ കഴിഞ്ഞിരുന്ന കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേൽക്കാനായി കഴിഞ്ഞ കുറേ നാളുകളായി ഒരുക്കങ്ങളുമായി കാത്തിരിക്കുകയായിരുന്നു വിദ്യാലയവും അധ്യാപകരും.
പുത്തൻ യൂണിഫോമുകളിൽ മനോഹരമായ ബാഗുകളും കുടകളുമായി കളിച്ചും ചിരിച്ചും കൂട്ടം കൂടിയും വിദ്യാലയത്തിൽ എത്തിയിരുന്ന കുട്ടികൾക്കും അവരെ അനുഗമിക്കുന്ന രക്ഷിതാക്കൾക്കും പകരം സകൂൾ കവാടം വരെ കുട്ടികളുമായി എത്തി അവരെ വിദ്യാലയത്തിലേക്ക് യാത്രയാക്കുന്ന രക്ഷിതാക്കളും മുഖാവരണങ്ങൾ ധരിച്ച് അകലം പാലിച്ച് കടന്നു വരുന്ന കുട്ടികളും കോവിഡാനന്തര പ്രവേശനോത്സവത്തിൻ്റെ വേറിട്ട കാഴ്ചയായിരുന്നു. പതിവ് ബഹളങ്ങൾ ഇല്ലാതെ പരിസ്ഥിതി സൗഹൃദമായ അലങ്കാരങ്ങളും ഡിജിറ്റൽവാദ്യമേളങ്ങളുമായി നവാഗതരുൾപ്പെടെയുള്ളവരെ വിദ്യാലയ കവാടത്തിൽ സ്വീകരിക്കാൻ അധ്യാപകരും, പി ടി എ അംഗങ്ങളും നേരത്തെ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.
ഒന്നര വർഷത്തിനപ്പുറം നിലച്ചുപോയ മണി മുഴങ്ങിയതോടെ വീണ്ടുമൊരു വിദ്യാലയ വർഷത്തിന് തുടക്കമായി. പഠന വിടവുകൾ കണ്ടെത്തി അനുകൂലമായ പഠന്നാന്തരീക്ഷം സൃഷടിച്ച് ക്രമാനുഗതമായ പഠന പുരോഗതി ലക്ഷ്യമാക്കിയുള്ള അക്കാദമിക കലണ്ടറിലൂടെയാണ് കുട്ടികൾക്ക് കടന്നു പോകാനുളളത്. ആദ്യ ദിവസം തന്നെ പൊതുഗതാഗതവും, ഉച്ചഭക്ഷണവും ഒരുക്കിയിരുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകരകമായി.