ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഹൈസ്കൂൾ/കൂടുതലറിയാം

17:36, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (ഹൈസ്ക്കൂൾ)

ഹൈസ്കൂൾ

  സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കേരള സർക്കാർ തുടക്കം കുറിച്ച   സംരംഭത്തിൽ നിന്നാണ് വയനാട് മുസ്ലിം ഓർഫനേജ് ഹൈസ്കൂൾ ഉദയം കൊള്ളുന്നത്. വയനാട് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നിരന്തര പരിശ്രമവും അഭ്യുദയകാംക്ഷികളുടെ പരിപൂർണ സഹകരണവും സർക്കാരിൻറെ  പിന്തുണയും കഴിവും ഒത്തുചേർന്നപ്പോൾ 1968 നവംബർ 12 സുപ്രഭാതത്തിൽ കേരള മുസ്ലീങ്ങളുടെ എക്കാലത്തെയും ഉജ്ജ്വല നേതാവ് യശശരീരനായ സി .എച്ച്. മുഹമ്മദ് കോയ സാഹിബ് സ്ഥാപനം ഉദ്ഘാടനം ചെയ്തു.

    പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച മുട്ടിൽ മലയുടെ താഴ് വരയിൽ ഒരു താരകമായി ജ്വലിച്ചുയർന്ന ഈ വിദ്യാലയത്തിലെ വളർച്ച ആദ്യം സമാധാനവും പിന്നീട് ദ്രുതഗതിയിലായിരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങൾ നാടിനും നാട്ടുകാർക്കും അഭിമാനിക്കാവുന്ന രീതിയിൽ ഒട്ടേറെ നേട്ടങ്ങൾക്ക് സ്ഥാപനം സാക്ഷിയായി. മൗലികമായ സംഭാവനകൾ കൊണ്ട് വയനാട് വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ സുപ്രധാന സ്ഥാനം അലങ്കരിച്ച ഈ സ്ഥാപനം ഇന്ന് ഒരു വിദ്യാലയത്തിൽ കൈവരിക്കാൻ സാധിക്കുന്ന പരമാവധി സൗകര്യങ്ങൾ ആവാഹിച്ചെടുത്തിരിക്കുന്നു.

          1968ൽ 56 വിദ്യാർഥികളും 4 അധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിൽ ഇന്ന് ആയിരത്തോളം വിദ്യാർത്ഥികളും 41 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്. പ്രഥമ മാനേജറായി മുക്കം വി. മൊയ്തീൻ കോയ ഹാജിയും തുടർന്ന് കെ. പി. മുഹമ്മദ് ഹാജി ദീർഘകാലം സ്ഥാപനത്തിന് നേതൃത്വം നൽകിയ മഹത് വ്യക്തിത്വങ്ങളാണ്. സ്ഥാപനത്തിൻറെ ഇപ്പോഴത്തെ മാനേജർ ബഹുമാന്യനായ എം. എ. മുഹമ്മദ് ജമാൽ സാഹിബ് അവർകളാണ്.

      1991-ൽ വയനാട് ഓർഫനേജ് ഹൈസ്കൂൾ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയി മാറി. വയനാട് ജില്ലയിൽ തന്നെ ഇദംപ്രഥമമായ കമ്പ്യൂട്ടർ കോഴ്സും തൊഴിൽ സാധ്യതയുള്ള ലൈവ്സ്റ്റോക്ക് മാനേജ്മെൻറ് കോഴ്സും ലഭിച്ചു.

   2011-ൽ ഹയർ സെക്കൻഡറി കൊമേഴ്സ് ബാച്ചും 2014-ൽ സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചും ആരംഭിച്ചതോടെ ഈ സ്ഥാപനം സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഹയർ സെക്കൻഡറി സ്കൂളായി മാറി. തുടർച്ചയായി ഉന്നത വിജയം കരസ്ഥമാക്കിയ കൊണ്ടിരിക്കുന്ന വിദ്യാലയത്തിന് 1968-ൽ ശ്രീമതി. രാധാമണിയമ്മ ടീച്ചർ, ശ്രീ. എം. പി. അഹമ്മദ് കുട്ടി മാസ്റ്റർ, ശ്രീ.ഉമ്മർ മാസ്റ്റർ, ശ്രീ. കെ. പി.സൈദ് മുഹമ്മദ് മാസ്റ്റർ, ശ്രീ. ബേബി ജോസ് മാസ്റ്റർ, ശ്രീ.വി. ഒ. രാമചന്ദ്രൻ മാസ്റ്റർ മുഹമ്മദ് മാസ്റ്റർ, എം. മുഹമ്മദ് മാസ്റ്റർ എന്നിവർ സ്ഥാപന മേധാവിയായി സേവനമനുഷ്ഠിച്ച മഹത് വ്യക്തിത്വങ്ങളാണ്.