സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/നാഷണൽ കേഡറ്റ് കോപ്സ്

എരുമേലി സെന്റ് തോമസിൽ എൻ.സി.സി. ആരംഭിച്ചിട്ട് 63 വർഷങ്ങൾ പൂർത്തിയായിക്കുന്നു. സ്‌കൂളിലെ എൻ.സി.സിയുടെ ചരിത്രം വ്യക്തമായി വെച്ചിട്ടില്ല. ഒരു പക്ഷേ ആരെങ്കിലും എൻ.സി.സിയുടെ ചരിത്രം എഴുതി വെച്ചിരുന്നത് നഷ്ടപ്പെട്ടതും ആവാം. 2014ൽ നാം നടത്തിയ പൂർവ്വവിദ്യാർത്ഥി-പൂർവ്വ അധ്യാപക-അനധ്യാപക സംഗമത്തിന് വേണ്ടി ചരിത്ര വഴികളിലൂടെ പിന്നോട്ട് നടന്നപ്പോഴാണ് നമ്മുടെ എൻ.സി.സി. ട്രൂപ് കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ട്രൂപ്പുകളിൽ ഒന്നാണ് എന്ന് മനസ്സിലായത്. 94 ആണ് നമ്മുടെ ട്രൂപ് നമ്പർ. 1957 നവംബർ ഒന്നിനാണ് ആദ്യത്തെ കേഡറ്റിന്റെ എൻട്രി. അതിനർത്ഥം കേരളം രൂപം കൊണ്ടതിന്റെ ഒന്നാം വാർഷിക ദിനത്തിൽ തന്നെ നമ്മുടെ സ്കൂളിലും എൻ.സി.സി ആരംഭിച്ചു എന്നതാണ്......

ഇന്ത്യ സ്വതന്ത്രയായി പത്താം വർഷം തന്നെ നമ്മുടെ സ്കൂളിലും എൻ.സി.സി ആരംഭിച്ചു.


നമുക്ക് നന്ദി പറയാം നമ്മുടെ സ്‌കൂളിനെ നിയന്ത്രിക്കുകയും നയിക്കുകയും എല്ലാറ്റിനും ചുക്കാൻ പിടിക്കുകയും ചെയ്തിരുന്ന അന്നത്തെ ആ അജ്ഞാത ഗുരുക്കന്മാർക്ക്....നേതൃത്വങ്ങൾക്ക്.... തലമുറകൾക്ക് ഉപകാരപ്രദമാകണമെന്നും നല്ല പൗരന്മാരെയും നല്ല സൈനികരെയും രാജ്യത്തിന് ലഭിക്കണമെന്നുമുള്ള അവരുടെ ദീർഘവീക്ഷണമാണ് ഫലപ്രാപ്തിയിൽ എത്തിയത്... അത് തന്നെയാണ് 61 വാർഷികം ആഘോഷിക്കാൻ നമ്മെ യോഗ്യരാക്കിയതും..

1957ൽ എൻ.സി.സി. ആരംഭിച്ചപ്പോൾ കുട്ടികൾക്ക് അതൊരു ആവേശമായി മാറി. അന്ന് ആൺകുട്ടികൾക്ക് മാത്രമാണ് എൻ.സി.സി.യിൽ പ്രവേശനം ഉണ്ടായിരുന്നത്. ഈയടുത്തിടെ 2000ന് ശേഷമാണ് നമ്മുടെ ട്രൂപ്പിൽ 33% പെൺകുട്ടികൾക്കായി മാറ്റി വെച്ച് തുടങ്ങിയത്.

അതികഠിനമായിരുന്നു അന്നത്തെ പരിശീലനം.. കാക്കി ഷർട്ടും നിക്കറും ഇളം പച്ച തൊപ്പിയും ബെൽറ്റും ഷൂസും സോക്‌സും ഒക്കെയായി നൂറ് ആൺകുട്ടികൾ ഇറങ്ങി നിന്ന് പരേഡ് ചെയ്യുന്ന കൗതുക കാഴ്ച കാണുവാൻ സ്‌കൂൾ കുട്ടികളൂം അധ്യാപകരും മാത്രമല്ല നാട്ടുകാരും എത്തിയിരുന്നു.

ഇന്ത്യൻ സൈന്യത്തിലെ പട്ടാളക്കാരാണ് അന്നും ഇന്നും നമ്മുടെ സ്‌കൂളിൽ എത്തി പരിശീലനം നൽകി വരുന്നത്.

രണ്ടു വർഷമാണ് ഒരു കേഡറ്റ് എൻ.സി.സിയിൽ ചെലവഴിക്കുക. അമ്പത് കേഡറ്റുകൾ ഒരു ബാച്ച് ആയി പ്രവേശനം നേടി രണ്ടു വർഷത്തെ പരിശീലനത്തിന് ശേഷം പാസ് ഔട്ട് ആകുന്നു. അതായത് എല്ലാ വർഷവും നൂറ് കേഡറ്റുകൾ ഉണ്ടാവും. പകുതി ഫസ്റ്റ് ഇയർ കേഡറ്റുകളും ബാക്കി പകുതി സെക്കന്റ് ഇയർ കേഡറ്റുകളും... നാല്പത് പരേഡ് ആണ് ഒരു വർഷമുള്ളത്. രണ്ട് വർഷം കൊണ്ട് മിലിട്ടറി ചരിത്രം, ഇന്ത്യൻ ചരിത്രം, യുദ്ധ തന്ത്രങ്ങൾ, യുദ്ധോപകരണങ്ങൾ, സാമൂഹ്യ പ്രവർത്തനം, വ്യക്തിത്വ വികസനം തുടങ്ങി നൂറോളം വിവിധ വിഷയങ്ങൾ പഠിച്ച ശേഷം രണ്ടാം വർഷം പരീക്ഷ എഴുതി പാസ് ആവുന്നവർക്ക് എ-സർട്ടിഫിക്കറ്റ് ലഭിക്കുന്നു.

ഇത്രയും വിഷയങ്ങൾ പട്ടാളക്കാരും അസോസിയേറ്റ് എൻ.സി.സി. ഓഫീസറും ചേർന്ന് കേഡറ്റുകൾക്ക് ക്ലാസ് എടുക്കുന്നുണ്ടെങ്കിലും എൻ.സി.സി. എന്ന് പറയുമ്പോൾ ദൈനെ മൂഡ്, ബായെ മൂഡ്, പീച്ചേ മൂഡ് തുടങ്ങിയ പരേഡ് കമാന്റുകളും കേഡറ്റുകൾ നടത്തുന്ന പരേഡുകളും മറ്റുമാകും സാധാരണക്കാർ ശ്രദ്ധിച്ചിട്ടുണ്ടാകുക. സൈനികർക്കുള്ള അടിസ്ഥാന അച്ചടക്കം എൻ.സി.സി. കേഡറ്റുകൾക്കും ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് പരേഡ് രണ്ടു വർഷ പരിശീലനത്തിന്റെ ഭാഗവുമാക്കിയിരിക്കുന്നത്.

ഡ്രിൽ എന്നതു് പട്ടാളക്കാരന്റെ ഡാൻസ് എന്നാണ് പറയപ്പെടുക. ഒരു ഡാൻസ് റ്റീം സ്റ്റേജിൽ ഡാൻസ് ചെയ്യുമ്പോൾ നാം ശ്രദ്ധിക്കുന്നത് അവരുടെ മെയ് വഴക്കവും ചലനങ്ങളും മാത്രമല്ല അവർ എത്ര മാത്രം യോജിപ്പോടെ ഒരു പോലെ ചെയ്യുന്നു എന്നത് കൂടിയാണ്. ഐക്യവും അച്ചടക്കവും ആണ് എൻ.സി.സി.യുടെ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത്. കേഡറ്റുകളെ ഐക്യവും അച്ചടക്കവും പരിശീലിപ്പിക്കുവാൻ ഡ്രിൽ അഥവാ പരേഡിനോളം പറ്റില്ല മറ്റൊന്നിനും. ലോകമെങ്ങുമുള്ള പട്ടാളക്കാർ പരിശീലിക്കുന്ന അതേ ഡ്രിൽ ചുവടുകൾ ഭാഷാ വ്യത്യാസത്തോടെ നമ്മുടെ കേഡറ്റുകളും പരിശീലിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം..

എൻ.സി.സി.യുടെ നട്ടെല്ല് എന്ന് പറയുന്നത് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ആണ്. കാരണം Delhi-ൽ അതിന്റെ ആസ്ഥാനത്തെ ഏറ്റവും ഉയർന്ന തസ്തികയായ ഡയറക്റ്റർ ജനറൽ മുതൽ ഏറ്റവും താഴെ പരിശീലനം നൽകാൻ എത്തുന്ന പട്ടാളക്കാർ വരെയുള്ളവരുടെ എൻ.സി.സി.യിലെ കാലാവധി ശരാശരി രണ്ടു മുതൽ മൂന്നു വർഷം വരെ മാത്രമാണ്. ഇന്ത്യ മുഴുവനുള്ള എൻ.സി.സി. കേഡറ്റുകളെയും അവർ ഉൾക്കൊണ്ടിരിക്കുന്ന ട്രൂപ്പുകൾ അല്ലെങ്കിൽ കമ്പനികളെയും യഥാർത്ഥത്തിൽ നിലനിർത്തുന്നതും നയിക്കുന്നതും അസോസിയേറ്റ് എൻ.സി.സി. ഓഫീസർമാരായ ആ സ്ഥാപനങ്ങളിലെ അധ്യാപകർ തന്നെയാണ്.

കോളേജുകളിലും ഹയർസെക്കന്ററികളിലും കമ്പനി എന്നും സ്‌കൂളുകളിൽ ട്രൂപ് എന്നും ആണ് ഔദ്യോഗികമായി വിളിക്കുന്നത്. ഇത്തരം ട്രൂപ്പുകളുടെ അല്ലെങ്കിൽ കമ്പനികളുടെ ചുമതലക്കാരായി തെരഞ്ഞെടുക്കപ്പെടുന്ന ആ സ്ഥാപനത്തിലെ അധ്യാപകർ എൻ.സി.സി. ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമിയിൽ മൂന്നു മാസം നീണ്ടു നിൽക്കുന്ന അതികഠിനമായ പരിശീലനം പൂർത്തിയാക്കേണ്ടതുണ്. പുരുഷന്മാർക്ക് മഹാരാഷ്ട്രയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി കാംപ്തിയിലും സ്ത്രീകൾക്ക് മധ്യപ്രദേശിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി ഗ്വാളിയോറിലും ആണ് പരിശീലനം. അധ്യാപകർ ആണെങ്കിലും അത്തരത്തിലുള്ള ഒരു പരിഗണനയോ ബഹുമാനമോ മേൽപ്പറഞ്ഞ അക്കാദമികളിൽ ലഭിക്കില്ല. പട്ടാളത്തിൽ പുതിയതായി റിക്രൂട്ട് ചെയ്യപ്പെട്ടവരെ പോലെ അതി കഠിനമായ ചിട്ടകളോടെയും ജീവിതക്രമത്തോടെയും മൂന്നു മാസം പരിശീലനം പൂർത്തിയാക്കിയാൽ അവസാന ദിവസത്തെ പാസിംഗ് ഔട്ട് പരേഡിന് ശേഷം ആ തീവ്ര പരിശീലനത്തിന്റെ പ്രതിഫലമായി രണ്ടു തോളത്തും സ്റ്റാറുകൾ നേടാം..

കുടുംബത്തിന് വേണ്ടി ചെലവഴിക്കേണ്ട സമയം മാറ്റി വെച്ച് തങ്ങളുടെ വ്യക്തിപരമായ നേട്ടത്തേക്കാൾ ഉപരിയായി തങ്ങളുടെ സ്‌കൂളിലെ / കോളേജിലെ കുട്ടികളെ മികച്ച പൗരന്മാരാക്കുവാൻ ഈ ഗുരുശ്രേഷ്ഠർ എടുക്കുന്ന ഈ ത്യാഗത്തിനും 70 വയസ് തികയുകയാണ്...

നമ്മുടെ സ്കൂളിൽ നിന്ന് ആദ്യമായി ട്രെയിനിങ് പൂർത്തിയാക്കി പാർട്ട് ടൈം എൻ.സി.സി. ഓഫീസർ ആയത് ശ്രീ. K. C. Mathew ആയിരുന്നു. 1963 വരെ സേവനം ചെയ്ത അദ്ദേഹത്തിന് ശേഷം ശ്രീ Thomas Mathew Urumpackal ട്രെയിനിങ് നേടി ചുമതല ഏറ്റെടുത്തു. അദ്ദേഹത്തിന് ശേഷം 1973ൽ ശ്രീ. A.T. Mathew Arackal ചുമതല ഏറ്റെടുത്തു. 1986ൽ അടുത്തതായി അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ആയത് ശ്രീ. C. J. Joseph Chellanthara ആയിരുന്നു. 1997 വരെ സേവനം ചെയ്ത അദ്ദേഹത്തിന് ശേഷം ശ്രീ.Joseph Mathew Pathippallil 2008 വരെ സേവനമനുഷ്ഠിച്ചു. 2008 മുതൽ 2012 വരെ ശ്രീ. Jose Mathew Keeranchira സേവനമനുഷ്ഠിച്ചു. 2012 മുതൽ ശ്രീ. Rajeev Joseph സേവനമനുഷ്ഠിച്ചു വരുന്നു.

1957 മുതൽ 2018 വരെയുള്ള കാലത്ത് നമ്മുടെ സ്‌കൂളിൽ 6100 ൽ പരം വിദ്യാർത്ഥികൾ NCC പരിശീലനം പൂർത്തിയാക്കി. അനേകർ ആംഡ് ഫോഴ്‌സസിലും മറ്റ് യൂണിഫോംഡ് ഫോഴ്‌സുകളിലും ചേർന്നു. ബാക്കിയുള്ളവർ ജീവിതത്തിന്റെ വിവിധ മേഖലകളിലായി തങ്ങൾക്ക് ലഭിച്ച പരിശീലനത്തിന്റെ നേട്ടങ്ങൾ കൊയ്ത്തു കൊണ്ടിരിക്കുന്നു.

Jai Hind

Jai St.Thomas