ജി എൽ പി എസ് പാക്കം/ചരിത്രം/പാക്കം പ്രദേശം

21:36, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Julee kurian (സംവാദം | സംഭാവനകൾ) (pakkam kotta kshethram)
പാക്കം കോട്ടവയനാടിന്റെ ശബരിമല... അതാണ് പാക്കം കോട്ട ക്ഷേത്രം......വേലിയമ്പം കോട്ട ക്ഷേത്രത്തിന്റെ അതേ ശൈലിയിൽ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രവും എന്നാൽ ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ വനത്തിൽ അങ്ങോളമിങ്ങോളം ചിതറികിടക്കുന്നു . ഭൂമിശാസ്ത്രപരമായി ഈ രണ്ടു ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് വലിയ കുന്നുകളുടെ മുകളിൽ വിശാലമായ ഭൂപ്രദേശം കാണുന്നവിധത്തിലാണ്.ഒരു കാലത്ത് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്തെല്ലാം കർണാടക ബ്രഹ്മണരുടെ വിശാലമായ കാപ്പിതോട്ടമായിരുന്നു .പിന്നീട് വസൂരി മലമ്പനി പോലെയുള്ള പകർച്ചവ്യാധികൾ വരികയും അവർ ഇവിടം വിട്ടു പോകുകയും ചെയ്തു. 1922 ൽ ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ്കാർ റിസേർവ് ഫോറെസ്റ്റ് ആയി പ്രഖ്യാപിച്ചു.
         പാക്കം കോട്ടയിൽ നിന്ന് നോക്കിയാൽ കുറുവയുടെ മനോഹാരിത മുഴുവൻ ആസ്വദിക്കാം അതുപോലെ പാൽവെളിച്ചം ബാവലി വരെയുള്ള മിക്ക പ്രദേശങ്ങളും ഇവിടെ നിന്ന് നോക്കിയാൽ കാണാൻ സാധിക്കും.. മറ്റെവിടെയും കാണാൻ കഴിയാത്ത വളരെ ഉയരം കൂടിയ ചില വൃക്ഷങ്ങളും ഈ  ക്ഷേത്രപരിസരത്തുകാണാം.എടയ്ക്കൽ ഗുഹയോളം തന്നെ പ്രാധാന്യമുള്ള ... പ്രാചീനശിലായുഗത്തിൽ ഉണ്ടായിരുന്ന ഒരു ക്ഷേത്രം കൊടുംവനത്തിനുള്ളിൽ.... വയനാട് എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന കുടുംബിയിൽ വംശത്തിൽ പെട്ട വേടരാജാക്കന്മാരുടെ പ്രധാനപെട്ട ആരാധനാലയം ആയിരുന്നു ഈ പാക്കം കോട്ട ക്ഷേത്രം.... ബ്രിട്ടീഷ്കാർക്കെതിരെ ഉള്ള ഒളിപ്പോർയുദ്ധത്തിനിടയിൽ പഴശ്ശിരാജ പാക്കം കോട്ടക്ഷേത്രത്തിൽ എത്തിയിരുന്നു എന്ന് പഴമക്കാർ പറയുന്നു. പിന്നീട് ടിപ്പുവിന്റെ പടയോട്ടകാലത്തു ക്ഷേത്രം നശിപ്പിച്ചു എന്നും അളവില്ലാത്ത നിധിശേഖരം കൊള്ളയടിക്കപ്പെട്ടു എന്നും പറയപ്പെടുന്നു.വർഷങ്ങൾക്കുശേഷം ക്ഷേത്രം കാലപ്പഴക്കം വരികയും തകർന്നു പോകുകയും ചെയ്തു ഇന്നതിന്റെ പുനരുദ്ധാരണ പ്രവർത്തികൾ നടന്ന് വരുന്നു... സ്വർണ്ണംകൊണ്ട് വാഴക്കുല ഉണ്ടാക്കി നേർച്ചയായി സമർപ്പിച്ചിരുന്ന ഒരു സുവർണ്ണകാലഘട്ടം ഈ ക്ഷേത്രത്തിനുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു... നാലു പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിൽ ഉള്ളത് ഗണപതി.... ഭഗവതി... പൂതാടിദൈവം.... പാക്കം ദൈവം.... എല്ലാ മലയാളമാസവും ഒന്നാം തിയതിയും പതിനഞ്ചാം തിയതിയുമാണ് അവിടെ പൂജ നടത്തുന്നത്.... കബനിനദിയിൽ കുളികഴിഞ്ഞു കൊടുംകാട്ടിലൂടെ നടന്ന് ക്ഷേത്രത്തിൽ എത്തുന്നു....ക്ഷേത്രത്തിൽ നിന്നും കബനിയിലേക്ക് നടകെട്ടിയ വഴികളുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ ഇന്നും അവിടെ അവശേഷിക്കുന്നു..പമ്പയിൽ നിന്നും ശബരിമലയിൽ എത്തുന്നതുപോലെ... 
പ്രകൃതിയെ അതേ രീതിയിൽ നിലനിർത്തികൊണ്ട് കാനനനടുവിൽ ഒരമ്പലം... കുറുവയിലെത്തുന്നവർക്കെല്ലാം കാട്ടിലൂടെ കുറച്ചുദൂരം സഞ്ചരിച്ചാൽ ഈ പാക്കം കോട്ട ക്ഷേത്രത്തിലെത്താം.....കുറുമസമുദായക്കാരുടെ വെറും ആരാധനാലയമല്ല നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്... ചരിത്രത്തിന്റെ ഭാഗമാണ്....
   പാക്കം കോട്ട ക്ഷേത്രത്തേക്കുറിച്ച് ഈ ഭൂപ്രദേശത്തേക്കുറിച്ച് അധികാരികമായ വിവരങ്ങൾ ഒന്നും തന്നെയില്ല... മലബാർ മാന്വവലിലും O K ജോണിയുടെ വയനാട് രേഖകൾ എന്ന പുസ്തകത്തിലും മാത്രമാണ് കുറച്ചുകാര്യങ്ങൾ പ്രതിപാദിച്ചിട്ടുള്ളത്. പാക്കം പ്രദേശത്തേക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും ആഴത്തിലുള്ള ഒരു ചരിത്രപഠനം നടത്തേണ്ടതുണ്ട്....പാക്കം പ്രദേശത്തെ വനത്തിനുള്ളിൽ കാണപ്പെടുന്ന ചില പ്രത്യേകതരം കല്ലുകൾ (വിഗ്രഹങ്ങൾ ).. അതിന്റെയെല്ലാം ഉറവിടം എവിടെനിന്നാണെന്നു സ്പഷ്ടമായിട്ടില്ല.....



പാക്കം കേണി 
ഗോത്രവർഗ സംസ്‌കൃതിയുടെ നൈർമല്യത്തിന്റെയും പരിശുദ്ധിയുടെയും നേർക്കാഴ്ചയാണ് പാക്കത്തെ വറ്റാത്ത കേണി.ഓരോ പ്രഭാതവും തുടങ്ങുന്നത് കേണിയിലെ വെള്ളമെടുത്തുകൊണ്ടു പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിലൂടെയാണ്.അവരുടെ വിശ്വാസമനുസരിച്ചു തലേന്നത്തെ വെള്ളം അല്ലെങ്കിൽ ടാങ്കിൽനിന്നെടുക്കുന്ന വെള്ളം ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കാൻ പാടില്ലെന്നതായിരുന്നു.കാലങ്ങൾഏറെകടന്നുപോയിട്ടും അതിതീവ്ര വേനലിൽ പോലും ഒരു തുള്ളി വെള്ളം കുറയാത്ത നീരുറവയാണ് പാക്കംകേണിയിലേതു.സമീപപ്രദേശത്തെ ഉറവകളെല്ലാം വറ്റിയിട്ടും ഇന്നും ജലം സമൃദ്ധമായി നിറഞ്ഞുതുളുമ്പി നിൽക്കുന്ന ഈ  കേണി ...മരത്തിന്റെ ഉൾഭാഗം തുരന്ന് കളഞ്ഞു വീപ്പ രൂപത്തിലാക്കി ഉറവയ്ക്കു ചുറ്റും കുഴിച്ചിട്ട നിലയിലാണ് കാണപ്പെടുന്നത് കണ്ണാടിച്ചില്ലുപോലെ തിളങ്ങുന്ന അതിവിശുദ്ധമായ ഈ തെളിനീർ ആരു കണ്ടാലും കുടിച്ചുപോകും.ശരിക്കും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു ഈ കോളനി നിവാസികളെ... കേണിയുടെ പരിസരം സ്വാഭാവികമായിത്തനിമയോടെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു .ജലത്തിനും അതിന്റെ സംശുദ്ധിക്കും പഴമക്കാർ എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു എന്നും അതിന്റെ പ്രാധാന്യവും നാം തിരിച്ചറിയേണ്ടതുണ്ട്. .കുറുമസമുദായക്കാരുടെ പരിശുദ്ധിയുടെയും ശുചിത്വബോധത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഈ പ്രകൃതിയുടെ വരദാനം അനുസ്യുതം ഒഴുകിക്കൊണ്ടിരിക്കുന്നു.ഗോത്രവർഗാചാരങ്ങളിൽ ഗണനീയമായ സ്ഥാനം ഈ പാക്കം കേണിക്കുണ്ട്