എസ്. വി. ഹൈസ്കൂൾ പുല്ലാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള യുവജനതയെ വാർത്തെടുക്കുക എ ന്ന ലക്ഷ്യത്തോടെ കേരള ആഭ്യന്തര വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മേൽനോട്ടത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2012 - 13 അധ്യയനവർഷത്തിൽ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിലും ആരംഭിച്ചിരിക്കുന്നു . അന്നുതൊട്ട് നിരവധി പ്രവർത്തനങ്ങൾ ഈ പദ്ധതി പ്രകാരം സ്കൂൾതലത്തിൽ ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2012 ജൂലൈ 12ന് ആറന്മുള എംഎൽഎ അഡ്വക്കേറ്റ് ശ്രീ ശിവദാസൻ നായർ നിർവഹിച്ചു.








എസ് പി സി പദ്ധതിയുടെ ലക്ഷ്യങ്ങൾ
1 നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക.
2 വിദ്യാർത്ഥികളിൽ പൗരബോധം സമത്വ ബോധം മതേതര വീക്ഷണം അന്വേഷണ പാടവം നേതൃത്വ ശേഷി, സാഹസിക മനോഭാവം തുടങ്ങിയ മൂല്യങ്ങൾ വളർത്തുക
3 വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും സഹജീവിസ്നേഹവും വളർത്തുക
4 ആഭ്യന്തര സുരക്ഷ, കുറ്റകൃത്യ നിവാരണം, ക്രമസമാധാനപാലനം, ഗതാഗതനിയന്ത്രണം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളെ
പ്രാപ്തരാക്കുക

5 സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനുമുള്ള മനോഭാവം വളർത്തിയെടുക്കുക
6 സാമൂഹ്യതിന്മകൾ ആയ തീവ്രവാദം, വിഘടനവാദം, വർഗീയത , ജാതീയത, ലഹരി ഭ്രമം തുടങ്ങിയവക്കെതിരെ പ്രതികരിക്കാൻ വിദ്യാർഥികളെ സജ്ജരാക്കുക.
7 സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുകയുംചെയ്യുക
8 സമൂഹത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഒരു യുവസമൂഹത്തെ സൃഷ്ടിക്കുക
പ്രധാന പ്രവർത്തനങ്ങൾ
2012 - 2013
ലഹരിക്കെതിരെ
സമീപത്തുള്ള 10 എൽപി യുപി സ്കൂളുകളിൽ ലഹരി വിരുദ്ധ സന്ദേശ യാത്രയും ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ വർഷം തോറും നടന്നു വരുന്നു
ഊർജ്ജ സംരക്ഷണ ദിനം
എസ് പി സി പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഊർജ്ജസംരക്ഷണ ദിനം ആചരിച്ചു. ഊർജ്ജസംരക്ഷണ ക്ലാസും എടുക്കുകയുണ്ടായി. എല്ലാവർഷവും ഇപ്പോൾ ഈ ദിനത്തിൽ ക്ലാസ്സ് എടുത്തു വരുന്നു. പരിസരത്തുള്ള ഭവനങ്ങൾ സന്ദർശിച്ച് ഊർജ സംരക്ഷണ സന്ദേശം എത്തിക്കുകയും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തുവരുന്നു.

2013-2014
ചങ്ങാതിക്കൊരു കൈത്താങ്ങ്
എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തുകയും ഭിന്നശേഷിക്കാരായ 4 കുട്ടികളുടെ വീടുകൾ കേഡറ്റുകളും അധ്യാപകരും ചേർന്ന് സന്ദർശനം നടത്തുകയും ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തു.
നദീവന്ദനം
ജലം ജീവജലം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജലസംരക്ഷണ പ്രതിജ്ഞ എടുക്കുകയും പുവത്തൂരിൽ പമ്പാനദിയിൽ നദീവന്ദനം പരിപാടി നടത്തുകയും ചെയ്തു. പാമ്പാ പരിരക്ഷണ സമിതിയുമായി ചേർന്ന് ഏകദിന സെമിനാർ സംഘടിപ്പിക്കുകയും കേഡറ്റുകളും അധ്യാപകരും പങ്കെടുക്കുകയും ചെയ്തു.
2014 - 2015
പ്ലാസ്റ്റിക് വിമുക്ത പമ്പ
പ്ലാസ്റ്റിക് വിമുക്ത പമ്പ മാലിന്യമുക്ത പമ്പ എന്ന ആശയത്തെ മുറുകെപ്പിടിച്ചുകൊണ്ട് ബഹുമാനപ്പെട്ട ജില്ലാകളക്ടറുടെ ആഹ്വാനത്തെ സ്വീകരിച്ചു കൊണ്ടും പമ്പയിലും പരിസരപ്രദേശങ്ങളിലുമാ യി ശബരിമല തീർത്ഥാടകരിൽ നിന്നും പ്ലാസ്റ്റിക് കാരിബാഗുകൾ ശേഖരിക്കുകയും പകരമായി തുണിസഞ്ചികൾ നൽകുകയും ചെയ്തു.
വൃദ്ധസദന സന്ദർശനം
അശരണരെയും ആലംബഹീനരെയും സഹായിക്കുവാനുള്ള മനോഭാവം കേഡറ്റുകളിൽ വളർത്തുന്നതിനായി തിരുവല്ലയ്ക്ക് അടുത്തുള്ള പായിപ്പാട് എന്ന സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന ആശ്രയ എന്ന വൃദ്ധ മന്ദിരം സന്ദർശിക്കുകയും അന്തേ വാസികൾക്ക് വസ്ത്രവും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുകയും ചെയ്തു.
വഴിയോര തണൽ മര പദ്ധതി
പ്രകൃതിയെ അടുത്തറിയുവാനും പരിസ്ഥിതി സംരക്ഷണത്തിനുമായി എസ് പി സി യൂണിറ്റ് വനം വകുപ്പുമായി ചേർന്നുകൊണ്ട് വഴിയോര തണൽ മര പദ്ധതി നടപ്പാക്കി.
എന്റെ മരം
പ്രകൃതി സംരക്ഷണത്തിന്റെ മഹത്വം കേഡറ്റുകൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി പരിസ്ഥിതി ദിനത്തിൽ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുകയും പ്രശസ്ത പരിസ്ഥിതിസംരക്ഷണ പ്രവർത്തകനും പാമ്പ് സംരക്ഷകനുമായ ശ്രീ വാവ സുരേഷ് ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ചെയ്തു.
വന ശിബിരയാത്ര
എസ് പി സി യൂണിറ്റിലെ കേഡറ്റുകളെ ഉൾപ്പെടുത്തി പ്രകൃതി ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയിലെ ഗവി, കോന്നി,അടവി കുട്ടവഞ്ചി സവാരി,കോന്നി ആനക്കൂട് എന്നിവിടങ്ങൾ സന്ദർശിക്കുകയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ലെ ഉദ്യോഗസ്ഥർ ക്ലാസ്സുകൾ എടുത്തു കൊടുക്കുകയും ചെയ്തു വരുന്നു.
ശുഭയാത്ര
മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ റോഡ് സുരക്ഷാ യാത്രയെക്കുറിച്ച് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനായി ശുഭയാത്ര ക്യാമ്പെയിൻ സംഘടിപ്പിക്കുന്നു. സ്കൂളിന്റെ കവാടം, പുല്ലാട് ജംഗ്ഷൻ ഇവ കേന്ദ്രീകരിച്ച് പരിശീലനം ലഭിച്ച കേഡറ്റുകൾ ട്രാഫിക് ഡ്യൂട്ടി ചെയ്തു വരുന്നു.
റൺ കേരള റൺ
35 മത് നാഷണൽ ഗെയിംസ് മായി ബന്ധപ്പെട്ട് അതിന്റെ ലോഗോ ആയ അമ്മു വേഴാമ്പലിന് സ്കൂളിൽ ഗംഭീര വരവേൽപ്പ് ഒരുക്കി.ഗെയിംസിന്റെ പ്രാധാന്യം വിളിച്ചറിയിച്ചു കൊണ്ടുള്ള സമ്മേളനവും നടത്തി.പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അന്നപൂർണ്ണാദേവി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്നു. പ്രശസ്ത കോമഡി താരം അനീഷ് കുറിയന്നൂർ ഉദ്ഘാടനം നിർവഹിച്ചു.
അങ്ങാടി കുരുവി ക്കൊരു കൂട്
കേരള വനം വകുപ്പുമായി ചേർന്ന് പ്രകൃതിയിൽb വംശനാശം വന്നുകൊണ്ടിരിക്കുന്ന കുരുവി മുതലായ ജീവജാലങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിനായി അങ്ങാടി കുരുവി ക്കൊരു കൂട് എന്ന പദ്ധതി നടപ്പിലാക്കി .
ഇതിൻറെ ഭാഗമായി കോഴഞ്ചേരി ചെട്ടിമുക്ക്, പുല്ലാട് എന്നീ സ്ഥലങ്ങളിൽ കുരുവിക്കൂട് തയ്യാറാക്കി വയ്ക്കുകയും ചെയ്തു. സാമൂഹ്യപ്രവർത്തക പ്രൊഫസർ എം എസ് സുനിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
നക്ഷത്രവനം പദ്ധതി
27 നക്ഷത്രങ്ങളുടെയും മരങ്ങൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ശ്രീ ചിറ്റാർ ആനന്ദൻ അവർകൾ പദ്ധതി ഉദ്ഘാടനം ചെയ്തു.
2015 - 2016
ചങ്ങാതിക്കൊരു സാന്ത്വനം
ചങ്ങാതിക്കൊരു സാന്ത്വനം എന്ന പദ്ധതിയിൽ വീട്ഇല്ലാത്തതും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നതുമായ മൂന്നു കുട്ടികളെ തിരഞ്ഞെടുത്ത് ഇവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ അപേക്ഷ ത്രി തല പഞ്ചായത്തിന് സമർപ്പിക്കുകയും ലഭ്യമാക്കുകയും ചെയ്തു.
മിറർ 2016
2015 - 16 അദ്ധ്യയന വർഷത്തിൽ മൂന്ന് വർഷം പൂർത്തീകരിച്ചസ്കൂളിലെ എസ് പി സി യൂണിറ്റിന്റെ പ്രവർത്തനങ്ങൾ, അവയുടെ റിപ്പോർട്ടുകൾ തുടങ്ങിയവ ചുരുക്കരൂപേണ തയ്യാറാക്കി മിറർ 2016 എന്നപേരിൽ ഒരു സുവനീർ പ്രസിദ്ധീകരിച്ചു.
പരേഡ്
ജനുവരി 26-ന് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ജില്ലയിലെ 24 സ്കൂളുകളിൽ വെച്ച് ഈ സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി
വരട്ടാർ പുനരുജ്ജീവനം
നീരൊഴുക്ക് നിലച്ച് മണ്ണു മൂടി പോയ വരട്ടാർ പുനരുജ്ജീവന പദ്ധതിയുമായി ചേർന്ന് കേഡറ്റ്സ്സ് ശ്രമദാനം നടത്തി. ഏഴു കിലോമീറ്റർ നീളമുള്ള നദിയിൽ ചാലുകീറി നീരൊഴുക്ക് പൂർവസ്ഥിതിയിൽ ആക്കുവാനുള്ള യജ്ഞത്തിൽ സംസ്ഥാന മന്ത്രിമാരും മറ്റും പങ്കെടുത്തതിനൊപ്പം യൂണിറ്റിലെ മുഴുവൻ കേഡറ്റുകളും പങ്കാളികളായി. ഈ പദ്ധതിക്ക് എസ്പിസി പദ്ധതിയുടെ സാമ്പത്തിക സഹായവും നൽകുകയുണ്ടായി.