എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ചരിത്രം

23:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) (പൂർവ്വ അദ്ധ്യാപകർ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വൈദേശികാധിപത്യത്തിന്റെ ഫലമായി സാംസ്ക്കാരികമായി അധഃപതിച്ച ഭാരതീയ ജനതയ്ക്ക് ഉണർവും ഉത്തേജനവും നല്കിയ മഹാത്മാക്കളാണ് ശ്രീരാമകൃഷ്ണ പരമഹംസരും അദ്ദേഹത്തിന്റെ ധർമ്മപത്നിയായ ശ്രീ ശാരദാ ദേവിയും. ഇവരുടെ ആശയാദർശങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി ശ്രീമദ് വിവേകാനന്ദ സ്വാമിജി ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപിച്ചു. മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ജനതയുടെ ഉന്നതിയാണ് അദ്ദേഹം ഇതുകൊണ്ട് ലക്ഷ്യമിട്ടത്.വിദ്യാഭ്യാസത്തിലൂടെ മാത്രമേ സ്ത്രീകളിൽ അടങ്ങിയിരിക്കുന്ന ശക്തിയെ ഉണർത്താൻ സാധിക്കൂ എന്ന് സ്വാമിജി വിശ്വസിച്ചു. സ്ത്രീകളുടെ സാമുദായിക, സാംസ്ക്കാരിക ഉന്നതിയെ ലക്ഷ്യമാക്കിക്കൊണ്ട് ഒരു മഠം സ്ഥാപിക്കാൻ ആഗ്രഹിച്ചു. ആ ആഗ്രഹത്തെ സാർത്ഥകമാക്കിക്കൊണ്ട് കല്ക്കത്തയിലും അവിടെ നിന്ന് കേരളത്തിലെ പുറനാട്ടുകരയിലും ഉയർന്നു വന്ന പ്രസ്ഥാനമാണ് ശ്രീ ശാരദാമഠം. തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നിന്നും 9 കി. മീ. വടക്കു പടിഞ്ഞാറായി സമുദ്രനിരപ്പിൽ നിന്നും താഴെ കോൾ നിലങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വിലങ്ങൻ - അടാട്ട് - ചെട്ടി എന്നീ മൂന്നു കുന്നുകളും അവയുടെ താഴ്‌വരകളും ഉൾക്കൊണ്ട് പ്രകൃതിരമണീയമായി വർത്തിക്കുന്ന പ്രദേശമാണ് അടാട്ട് പഞ്ചായത്ത്. അടാട്ട് പഞ്ചായത്തിലെ ഒരു ദേശമാണ് പുറനാട്ടുകര.
കല്ക്കത്തയിലെ ശാരദാമഠത്തിന്റെ ഒരു പ്രധാന ശാഖാകേന്ദ്രമായ പുറനാട്ടുകര ശ്രീ ശാരദാമഠത്തന്റെ പൂർവ്വകാല ചരിത്രം ശ്രീരാമകൃഷ്ണ മഠത്തിന്റെ പൂർവ്വകാല ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. രണ്ടിന്റെയും ചരിത്രം ആരംഭിക്കുന്നത്, പൂർവ്വാശ്രമത്തിൽ വി കെ കൃഷ്ണമേനോൻ എന്നറിയപ്പെട്ടിരുന്ന യോഗിവര്യനായിരുന്ന ശ്രീമദ് ത്യാഗീശാനന്ദസ്വാമികളിൽ നിന്നാണ്. അദ്ദേഹം തൃശ്ശൂർ വിവേകോദയം സ്കൂൾ ഹെഡ്‌മാസ്റ്ററായിരുന്നു. വിദ്യാഭ്യാസ കാലത്തുതന്നെ ശ്രീരാമകൃഷ്ണ - വിവേകാനന്ദന്മാരുടെ ആശയാദർശങ്ങളിൽ വളരെയധികം ആകൃഷ്ടനായി. വിദ്യാഭ്യാസം പൂർത്തിയാക്കി വക്കീലായെങ്കിലും തനിക്കു പറ്റിയ ജോലിയല്ലെന്നു കണ്ട് അതുപേക്ഷിക്കുകയും ചെയ്തു. ഗാന്ധിജിയെ തന്റെ ആദർശ പുരുഷനായിക്കണ്ട അദ്ദേഹം ഗ്രാമങ്ങളിലേക്ക് സായാഹ്ന സവാരി നടത്തുമായിരുന്നു. ഈ യാത്രയ്ക്കിടയിൽ നഗരത്തിൽ നിന്നും 10 കി. മീ. അകലെയുള്ള പുറനാട്ടുകരയിലെ ഹരിജനങ്ങളുടെ ദയനീയാവസ്ഥ കാണാനിടയായി. ഈ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി തന്റെ ജീവിതം സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഭാരതത്തിന്റെ അധഃപതനത്തിനു കാരണം ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമാണെന്ന സ്വാമിജിയുടെ വാക്കുകളിൽ മുറുകെ പിടിച്ച അദ്ദേഹം പുറനാട്ടുകര ആസ്ഥാനമാക്കി തന്റെ പ്രവർത്തനത്തിന് നാന്ദി കുറിക്കുകയും അതിനുവേണ്ടി സഹപ്രവർത്തകരോടൊപ്പം അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ പില്ക്കാലത്ത് ശ്രീരാമകൃഷ്ണ സംഘത്തിലെ സന്യാസിമാരായിത്തീർന്ന വിദ്യാർത്ഥികളും പട്ട്യേക്കൽ തോമക്കുട്ടി എന്ന വ്യക്തിയും വളരെ പ്രാധാന്യമർഹിക്കുന്നു. വലിയൊരു പറമ്പിൽ രണ്ട് ക്ലാസ്സോടു കൂടി ഒരു വിദ്യാലയം നടത്തുകയായിരുന്ന ശ്രീ തോമക്കുട്ടിയുടെ പക്കൽ നിന്നും കൃഷ്ണമേനോൻ പറമ്പും സ്കൂൾ കെട്ടിടവും വിലയ്ക്കു വാങ്ങുകയും 1927 ജൂൺ ഒന്നിന് വിദ്യാലയത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. 1929 - ൽ അദ്ദേഹം ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ രണ്ടു ഹരിജൻ പെൺകുട്ടികളെ കാണാനിടയായി. അത്യധികം ദരിദ്രരായിരുന്ന അവരെ അദ്ദേഹം കൂട്ടിക്കൊണ്ടു വന്ന് ആശ്രമത്തിന്റെ മറ്റൊരു കെട്ടിടത്തിൽ പാർപ്പിച്ച് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ചെയ്തു. പിന്നീട് ദരിദ്രരായ മറ്റു പെൺകുട്ടികളെയും ഇപ്രകാരം താമസിപ്പിച്ച് പഠിപ്പിക്കാൻ തുടങ്ങി. സ്കൂൾ കെട്ടിടത്തിൽ താമസിച്ചിരുന്ന പെൺകുട്ടികളെ കുറച്ചു പ്രായമായപ്പോൾ അല്പം അകലെയുള്ള ഒരു വീട്ടിലേക്ക് (പാട്ടത്തിൽ വീട്) മാറ്റി. ഈ വീടിന് മാതൃമന്ദിരം എന്ന പേരും നല്കി. കുട്ടികളുടെ സംരക്ഷണത്തിനായി ശുദ്ധബോധാനന്ദസ്വാമിയുടെ സഹോദരി ഭവാനിയെ നീലേശ്വരത്തുനിന്നും കൊണ്ടു വന്നു.സ്കൂളിന്റെ അന്നത്തെ മാനേജരും പ്രധാനാധ്യാപകനുമായിരുന്ന ശ്രീ ശിവരാമ മേനോന്റെ സഹോദരി ശ്രീമതി ദാക്ഷായണിയമ്മ (പ്രവ്രാജിക മേധാപ്രാണാ മാതാജി) 1939 ൽ സ്കൂളിൽ അധ്യാപികയായി ചേർന്നു. ശ്രീമതി അംബുജം (പ്രവ്രാജിക ധീരപ്രാണാ മാതാജി) ആശ്രമ അന്തേവാസികൾക്കൊപ്പം മാതൃമന്ദിരത്തിൽ താമസമാക്കി. മാതൃമന്ദിരത്തിനു വേണ്ടി 19 ഏക്കർ സ്ഥലം രണ്ടു മനകളിൽ നിന്നായി ലഭിച്ചിരുന്നു. ശ്രീമതി അംബുജവും ദാക്ഷായണിയമ്മയും കല്ക്കട്ടയിൽ പോയി സന്യാസം സ്വീകരിച്ചു. സന്യാസത്തിനു ശേഷം പുറത്തു പോയുള്ള അദ്ധ്യാപനം നിഷിദ്ധമായതു കൊണ്ട്1962 ൽ ശ്രീരാമകൃഷ്ണ മഠത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ നിന്ന് പെൺകുട്ടികളുടെ വിഭാഗം വേർതിരിച്ച് ശ്രീ ശാരദാ ഗേൾസ് ഹൈസ്കൂളായി പ്രവർത്തനം തുടങ്ങി.

ത്യാഗീശാനന്ദ സ്വാമി

1962 ൽ ജൂൺ മാസം നാലാം തിയ്യതി പുതുതായി പണിതുയർത്തിയ ഇരുനിലക്കെട്ടിടത്തിൽ ശ്രീ ശാരദാ ഗേൾസ് ഹൈസ്കൂൾ രൂപം കൊണ്ടു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവ്വഹിച്ചു. തുടക്കത്തിൽ 14 ഡിവിഷനുകളിലായി 513 വിദ്യാർത്ഥികളും 26 അധ്യാപികമാരുമാണുണ്ടായിരുന്നത്. ഈ വിദ്യാലയം ആരംഭിച്ച കാലത്ത് സമീപപ്രദേശങ്ങളിൽ ഒന്നും ഹൈസ്കൂളുകൾ ഉണ്ടായിരുന്നില്ല. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ച് 84-85 കാലയളവിൽ 32 ഡിവിഷനുകളിലായി 1350- ഓളമായി. എന്നാൽ സമീപ പ്രദേശത്ത് സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിച്ചതു കൊണ്ട് തുടർന്നു വന്ന വർഷങ്ങളിൽ കുട്ടികളുടെ എണ്ണം നേരിയതോതിൽ കുറഞ്ഞിരുന്നു എങ്കിലും 2000 ത്തിനു ശേഷം വർദ്ധനവുണ്ടായി. 2000 ആഗസ്ത് 18 ന് മൂന്നു ബാച്ചുകളോടുകൂടി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭാച്ചു. 1964 - 65 ൽ ഇംഗ്ലീഷ് മീഡിയം ഇവിടെ ആരംഭാക്കുകയും കുട്ടികളുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് 1975 ൽ നിർത്തലാക്കുകയും 2004 - 2005 അധ്യയന വർഷത്തിൽ പുനരാരംഭിക്കുകയും ചെയ്തു.

പൂർവ്വ അദ്ധ്യാപകർ
ക്രമ നമ്പർ പേര്
1 പ്രവ്രാജിക മേധാ പ്രാണാ മാതാജി
2 പ്രവ്രാജിക ധീര പ്രാണാ മാതാജി
3 പ്രവ്രാജിക അജയ പ്രാണാ മാതാജി
4 പ്രവ്രാജിക വിജയ പ്രാണാ മാതാജി
5 പ്രവ്രാജിക ധ്രുവ പ്രാണാ മാതാജി
6 പ്രവ്രാജിക വിമല പ്രാണാ മാതാജി
7 പ്രവ്രാജിക ശിവ പ്രാണാ മാതാജി
8 പ്രവ്രാജിക തപ പ്രാണാ മാതാജി
9 പ്രവ്രാജിക ചേതന പ്രാണാ മാതാജി
10 പ്രവ്രാജിക വി്ശ്വദേവ പ്രാണാ മാതാജി
11 പ്രവ്രാജിക രാധാ പ്രാണാ മാതാജി
12 പ്രവ്രാജിക പരേശ പ്രാണാ മാതാജി
13 പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി
14 കെ സുഭദ്രാമ്മ
15 ഐ നാണിക്കുട്ടിയമ്മ
16 ലീലാ വാതസ്യാർ
17 എം സരസ്വതിയമ്മ
18 ബി സരോജിനിയമ്മ
19 സി പി തങ്കം
20 പി ലക്ഷ്മിക്കുട്ടിയമ്മ
21 ഐ വിശാലാക്ഷി
22 ടി എസ് ലില്ലി
23 വിജയം മേനോൻ
24 എം ലീല
25 ടി വി പത്മാവതി വാരസ്യാർ
26 ടി കുമുദം
27 പി സരസമ്മ
28 സി പത്മാവതി
29 വി ലക്ഷ്മിക്കുട്ടി
30 പി പത്മാവതി