വിദ്യാലയ ചരിത്രം

വില്വമംഗലത്ത് സ്വാമിയാരുടെ ജന്മനാടാണ് പുത്തൻചിറ എന്ന പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. ആനപ്പാറയും അഞ്ചൽ പെട്ടിയും കൊതിക്കല്ലും ഇന്നും ഈ നാടിൻറെ ചരിത്രാവശിഷ്ടങ്ങൾ ആയി നിലകൊള്ളുന്നു. കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങളാൽ വിഭജിക്കപ്പെട്ടു കിടന്നിരുന്ന മലയാളനാട് ടിപ്പുവിൻറെ പടയോട്ടങ്ങൾക്കും വെട്ടിപ്പിടിക്കലുകൾക്കും വിധേയമായി ഒടുവിൽ മൂന്നു രാജാക്കന്മാരുടെ കീഴിലായി. വഞ്ചീശ നെന്ന തിരുവിതാംകൂർ രാജാവും മാടഭൂപതി എന്ന കൊച്ചി രാജാവും സാമൂതിരി എന്ന കോഴിക്കോട് രാജാവും ഭരിക്കുന്ന പ്രദേശങ്ങളായി നാട് വിഭജിക്കപ്പെട്ടു. ഇവർ തമ്മിൽ ഇടയ്ക്കിടെ കലഹങ്ങളും യുദ്ധങ്ങളും ഉണ്ടാകാറുണ്ട് .സാമൂതിരിയും കൊച്ചി രാജാവും തമ്മിലുണ്ടായ ഒരു യുദ്ധത്തിൽ കൊച്ചിയെ സഹായിക്കാനായി അയ്യപ്പൻ മാർത്താണ്ഡപിള്ളയുടെ നേതൃത്വത്തിൽ പട്ടാളത്തെ തിരുവിതാംകൂർ രാജാവ് അയച്ചിരുന്നു. യുദ്ധം ജയിച്ചു .സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ചതിന് പാരിതോഷികമായി പടത്തലവന് നൽകിയ നാടാണ് പുത്തൻചിറ. അദ്ദേഹം അത് സ്വന്തം നാടായ തിരുവിതാംകൂറിൽ ചേർത്തു. ഇന്നും കൊച്ചിയാൽ ചുറ്റപ്പെട്ട തിരുവിതാംകൂറിൻറെ ഭാഗമായി നിലകൊള്ളുന്നതിനാൽ ഭരണപരമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിൽ ആയി. കൂട്ടത്തിൽ ബ്രിട്ടീഷ് മേൽ ഭരണവും.

ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതയായ നാളുകളോട് അടുത്തു തന്നെയാണ് പുത്തൻചിറ വടക്കുംമുറി പ്രൈമറി വിദ്യാലയത്തിൻറെ ജനനവും. ആരംഭത്തിലുള്ള ബാലാരിഷ്ടതകൾ മാറികിട്ടാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നു. തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പുത്തൻചിറ പഞ്ചായത്തിൽ ഏഴാം വാർഡിൽ ഗവൺമെൻറ് ഹൈസ്കൂൾ ജംഗ്ഷനു സമീപം കൊമ്പത്ത് കടവ് കുഴിക്കാട്ടുശ്ശേരി റോഡിൻറെ വലതുഭാഗത്ത് ഗവൺമെൻറ് അധീനതയിലുള്ള 50 സെൻറ് സ്ഥലത്ത് ചുറ്റുമതിലോടുകൂടി യ വിദ്യാലയമാണ് ജി എൽ പി എസ് പുത്തൻചിറ നോർത്ത്.

കൂടുതൽ വായിക്കുക

  എം ആർ പരമേശ്വരൻ പിള്ളയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനധ്യാപകൻ. കൂടാതെ കെ ആർ പരമേശ്വരൻപിള്ള, കെ ഇ കേശവൻ, സി ജോൺ പുന്നൻ എന്നിവർ സഹ അദ്ധ്യാപകരായും സേവനമനുഷ്ഠിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1947 ജൂണിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം നാലുവർഷത്തിനുശേഷം 1952 എൽ തൃചക്രപുരം ദേവസ്വം വക പാട്ടഭൂമി കൈവശക്കാരൻ ആയ ശ്രീ പയ്യപ്പിള്ളി പൊറിഞ്ചു എന്നയാളുടെ കയ്യിൽനിന്നും ഗവൺമെൻറ് ഏറ്റെടുക്കുകയുണ്ടായി. രണ്ടു ചക്രം ആയിരുന്നു വില .ഗവൺമെൻറ് ഉടനെ ഒരു സെമി പെർമെൻറ് കെട്ടിടം നിർമ്മിക്കുകയും അതിൽ അദ്ധ്യയനം ആരംഭിക്കുകയും ചെയ്തു. ദീർഘകാലം പ്രധാനാധ്യാപകൻ ആയിരുന്ന ശ്രീ സുബ്രഹ്മണ്യൻ മാസ്റ്ററാണ് ഇപ്പോഴത്തെ ഓഫീസ് കെട്ടിടം ശിലാസ്ഥാപനം നടത്തിയത്. അദ്ദേഹത്തിനുശേഷം പിഎം വേലു , ടി എ ഹമീദ്, കുഞ്ഞുമൊയ്തീൻ, എസി ഷണ്മുഖൻ ,ട്രീസ്, ഷീല എൻ വി, കെ കൊച്ചമ്മിണി ,പി കെ അബ്ദുൽ ഖാദർ, ജോസ് ടി കെ, ഇന്ദിരാ കെ ജി , എൻ എ പത്മാവതി എന്നിവർ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, 2016-17 കാലയളവിൽ ശ്രീമതി സഫിയ ടീച്ചർ ആണ് സേവനമനുഷ്ഠിച്ചിരുന്നത് .മാള ഉപജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങളിൽ മികച്ച പ്രധാന അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ ടീച്ചറുടെ സേവനങ്ങൾ സ്കൂളിനും നാട്ടുകാർക്കും അഭിമാനിക്കാനുള്ള വക നൽകുന്നതാണ്.ഇപ്പോഴത്തെ പ്രധാനാധ്യാപിക സ്മിത കെ എസ് ടീച്ചർ ആണ്.

ഇന്ന് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയിട്ട് 75 വർഷത്തോട് അടുക്കുകയാണ്. പൂർവ്വ അധ്യാപകരുടെയും സാമൂഹിക പ്രവർത്തകരുടെയും പ്രവർത്തനഫലമായി വളരെ പുരോഗതിയുണ്ടായി എന്ന് മാത്രമല്ല നാടിൻറെ മുഖച്ഛായ തന്നെ മാറിയിട്ടുണ്ട്. വളരെയേറെ പ്രതിഭകളെ നാടിന് സമ്മാനിച്ചിട്ടുള്ള ഈ വിദ്യാലയം ഇപ്പോഴും പ്രൗഡിയോടെ കൂടി തന്നെ നിലനിൽക്കുന്നു.