ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഓർമ്മകളിലൂടെ.....

20:50, 4 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balikamatomhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യശ:ശരീരനായ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ദീർഘവീക്ഷണത്തിൻറെ ഫലമായി 1920 ൽ സ്ത്രീകൾക്കു മാത്രമായി ആരംഭിച്ച് തിരുമൂലപുരം ബാലികാമഠം സ്കൂൾ ഇന്ന് 100 വയസ്സുള്ള ഒരു മുത്തശ്ശിയായി മാറിയിരിക്കുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും അവർ വെറും വീട്ടമ്മമാർ ആയിരുന്നാൽ മതിയെന്നും ശഠിച്ചിരുന്നകാലത്ത് ഇങ്ങനെ ഒരു വിദ്യാലയം സ്ഥാപിച്ചതിനാൽ അനേകം സ്ത്രീകൾക്ക് അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു വരുന്നതിനും , ശാകതികരണം ലഭിക്കുന്നതിനും തദ്വാര വിവിധ മേഖലകളിൽ പ്രവർത്തിക്കുവാനും സാധിച്ചു, ഇന്നും സാധിച്ചുകൊണ്ടിരിക്കുന്നു. ഒരു വ്യക്തിയെ ഉത്ക്കൃഷ്ഠനാക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണ് . ഒരു പുരുഷനു വിദ്യാഭ്യാസം നൽകിയാൽ ഒരു വ്യകതി മാത്രമേ നന്നാകുകയുള്ളു. എന്നാൽ ഒരു സ്ത്രീയ്ക്ക് വിദ്യ നൽകിയാൽ ലോകം മുഴുവൻ നന്നാകുന്നു എന്ന പണ്ഡിറ്റ് നെഹറുജി യുടെ വാക്കുകൾ അന്വർത്ഥമാക്കുന്നു. കണ്ടത്തിൽ വർഗീസ് മാപ്പിളയോടൊപ്പം പ്രവർത്തിച്ച ആംഗലേയ വനിതകളായ മിസ് ഹോംസിനെയും മിസ് ബ്രൂക്സ്മിത്തിനെയും സ്മരിക്കുകയും അവരുടെ സ്മരണകളുടെ മുമ്പിൽ എെൻറ ശിരസ്സ് നമിച്ചു കൊണ്ട് എെൻറ വിദ്യാലയത്തെപ്പറ്റിയുള്ള ഓർമ്മകൾ അയവിറക്കട്ടെ. എതാണ്ട് അര നൂറ്റാണ്ടു മുൻപാണ് ഞാൻ എന്റെ വിദ്യാലയത്തെ പറ്റിയുള്ള ഓർമ്മകൾ അയവിറക്കട്ടെ. ഏതാണ്ട് അര നൂറ്റാണ്ടു മുൻപാണ് ഞാൻ എന്റെ സഹോദരന്റെ കൈയ്യിൽ തൂങ്ങി ഈ വിദ്യാലയത്തിന്റെ പടികൾ കയറിയത്. അന്നത്തേതിൽ നിന്നും ഈ സ്ഥാപനത്തിന്റെ കെട്ടും മട്ടും മാറിയിരിക്കുന്നു. വിദ്യാഭ്യാസ രീതിക്കു തന്നെ മാറ്റം സംഭവിച്ചിരിക്കുന്നു.

ഒരു ബോർഡിംഗ് സ്കൂളിൽ പഠിക്കണം എന്നത് എന്റെ സ്വപ്നമായിരുന്നു. അങ്ങനെ ഈ സ്കൂളിന്റെ ബോർഡിംഗിലേക്ക് വളരെ പ്രതീക്ഷയോടെയാണ് ഞാൻ എത്തിയത്. എന്നാൽ ആദ്യ ദിനങ്ങളിൽ എനിക്ക് വലിയ പ്രയാസമായിരുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും പട്ടണ പ്രദേശത്തേക്ക് ആദ്യമായി വീട്ടിൽ നിന്നും മാറി നിന്നതിന്റെ പ്രയാസം . നേഴ്സറി മുതൽ പഠിച്ചിരുന്ന കുട്ടികൾ ഒക്കെ എന്നേക്കാൾ വളരെ മിടുക്കരെന്ന തോന്നൽ, അപചിതരായ അദ്ധ്യാപകർ, ഇതൊക്കെ എന്നെ വളരെയധികം നിരാശപ്പെടുത്തി. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞാൻ പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേർന്നു. അതിന് എന്നെ സഹായിച്ചത് സിസ്റ്റർ സാറായുടെയും സിസ്റ്റർ മറിയത്തിന്റെയും സ്നേഹസ്മൃണമായ പെരുമാറ്റവും ഉപദേശവുമാണ്. അവരെ നന്ദിപൂർവ്വം സ്മരിക്കുന്നു. അന്ന് Day scholar നെക്കാൾ കൂടുതൽ boarders ഉണ്ടായിരുന്നു. Rose Jasmine, Lotus Tulsi എന്ന നാലു ഗ്രൂപ്പുകളായി ഞങ്ങളെ തിരിച്ചിരുന്നു. ഓരോ ഗ്രൂപ്പിനും ഒരോ ലീഡർ, ഓരോ ക്ലാസ്സിനും ഓരോ മോണിറ്റർ, കൂടാതെ മൊത്തം കുട്ടികൾക്ക് ഒരു ഹെഡ് ഗേൾ.

രാവിലെ 5 മണിക്ക് പത്തിലെ കുട്ടികളും, മറ്റു കുട്ടികൾ ആറു മണിക്കു എഴുനേൽക്കണമായിരുന്നു. പ്രഭാതചര്യകൾക്കു ശേഷം 6.15 മുതൽ 6.30 വരെ Self Devotion. അതിനു ശേഷം 7 മണി വരെ പ്രാർത്ഥന. 7 മുതൽ 7.15 വരെ കുട്ടികൾക്ക് നൽകിയിരുന്ന ചില്ലറ വീട്ടു ജോലികൾ (തൂക്കുക, ഊണുമുറിയിൽ അവരവരുടെ പാത്രങ്ങൾ നിരത്തുക etc.) ചെയ്യണം. ഇതൊക്കെ ക്ലാസ്സ് മോണിറ്ററന്മാർ പരിശോധിക്കും വൃത്തിയായി ചെയ്യാത്തവർക്ക് Badmark ഇടുകയും ചെയ്യുമായിരുന്നു. അതിനു ശേഷം 8.30 വരെ അവരവരുടെ ക്ലാസ്സ് മുറികളിലിരുന്നുള്ള പഠിത്തം. തുടർന്ന പ്രഭാത ഭക്ഷണം. ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ കഞ്ഞിയും പയറുമായിരുന്നു. പയറിന്റെ കൂടെ തരുന്ന ചുവന്ന മുളകു സമന്തിയുടെ സ്വാദ് ഇപ്പോഴുമോർക്കുന്നു. ഞായറാഴ്ച തടിയൻ ദോശയും സാമ്പാറും. ഇന്ന് ഇതുനൊക്കെ മാറ്റം വന്നിരിക്കുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു പഠന സമയം. മറ്റൊരു പ്രത്യേകത 4 മണി മുതൽ 6 മണി വരെയുള്ള സമയം പുസ്തകം തൊടാൻ പാടില്ലായിരുന്നു. ആ സമയം കളിയ്ക്കുന്നതിനും (Games- Volley Ball, Ring Tennis, Hand Ball etc.) കളിയ്ക്കുന്നതിനും മറ്റുമാണ്. ആരെങ്കിലും അത് തെറ്റിച്ചാൽ ബാഡ് മാർക്ക് ഉറപ്പാണ്. അവരവരുടെ ക്ലാസ്സ് റൂമിൽ ഓരോരുത്തരുടെയും പേരെഴിതിയ ചാർട്ട് തൂക്കിയിരിക്കും. അതിൽ ബാഡ് മാർക്ക് രേഖപ്പെടുത്തിയിരിക്കും. എല്ലാ തിങ്കളാഴ്ച്ചയും മദാമ്മയുടെ അദ്ധ്യക്ഷതയിൽ അന്നത്തെ മെയിൻ കെട്ടിടത്തിന്റെ ഹാളിൽ അസംബ്ലി കൂടും. അന്നേരം ക്ലാസ്സ് ടെസ്റ്റിനു ലഭിച്ച ഗ്രേഡ് വായിക്കും. അതോടൊപ്പം ബാഡ് മാർക്കിന്റെ എണ്ണവും. മദാമ്മ തക്ക ശിക്ഷ നർകുമായിരുന്നു.. ഭാഗ്യമെന്നു പറയട്ടെ എനിക്ക് പത്താം ക്ലാസ്സ് വരെ ഒരു ബാഡ് മാർക്കു ലഭിച്ചില്ല. ഇങ്ങനെയൊക്കെയുള്ള ശിക്ഷണ നടപടികൾ അന്ന് കുട്ടികൾ അതൃപ്തി ഉളവാക്കിയെങ്കിലും പിൽകാലത്ത് അവരുടെ ജീവിതത്തിൽ വളരെയധികം ശിക്ഷണം ഉണ്ടാക്കി എന്ന് പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല.

ഭക്ഷണ സാധനങ്ങൾ Waste ആക്കാൻ പാടില്ലായിരുന്നു. ( ഇഷ്ടമില്ലെങ്കിലും). ഭക്ഷണ ശാലയിൽ നിന്നും പാത്രം കഴുകാൻ പോകുന്ന സമയത്ത് എന്തെങ്കിലും പാത്രത്തിൽ മിച്ചം വെച്ചിട്ടുണ്ടൊ എന്ന് നോക്കും. ഇങ്ങനെ അവിടെ നിന്നും ലഭിച്ച ചിട്ടകൾ ഞാൻ തുടരുന്നു. ഒരു സാധനം പോലും waste ചെയ്യാറില്ല. സ്കൂളിലെ ഓരോ മുക്കും മൂലയും എനിക്ക് പ്രയപ്പെട്ടതായിരുന്നു. തട്ടേലായിരുന്നു ഞങ്ങളുടെ പെട്ടികൾ വച്ചിരുന്നത്. എല്ലാവരുടെയും പെട്ടികൾ ഇരുമ്പു പെട്ടികളായിരുന്നു. എല്ലാവർക്കും തുല്ല്യസ്ഥാനമായിരുന്നു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലായിരുന്നു.

ശനിയാഴചയും ഞായറാഴ്ചയും ആയിരുന്നു Visitors day. Visitors വരുമ്പോൾ മദാമ്മയുടെ അടുക്കൽ പോയി അനുവാദം വാങ്ങണമായിരുന്നു. വീട്ടിൽ നിന്നും എന്തെങ്കിലും ഭക്ഷണസാധനങ്ങൾ കൊണ്ടുവന്നാൽ അവർ പോകുന്നതിനു മുന്ർപായി തിന്നു തീർക്കണമായിരുന്നു. വൈകിട്ട് പ്രാർത്ഥന, പഠനം , ഭക്ഷണം ഇവയ്ക്ക് ശേഷം പത്തിലെ കുട്ടികൾ 10 മണിക്കും ബാക്കി 9 മണിക്കും ഉറങ്ങാൻ കിടക്കണം. കിടന്നു കഴിഞ്ഞാൽ ആരും സംസാരിക്കരുത്. ഞങ്ങളെ ചെക്ക് ചെയ്യാനായി ലില്ലി കൊച്ചമ്മ പൂച്ച വരുന്നതു പോലെ പതിയെ വരും. കൊച്ചമ്മയുടെ ടോർച്ചിന്റെ പ്രകാശം കാണുമ്പോഴേക്കും എല്ലാവരും നിശബ്ദരായിക്കഴിയും. ക്ലാസ്സ് മുറികളിൽ തന്നെ നിലത്ത് പായ് വിരിച്ചാണ് ഉറങ്ങിയിരുന്നത്. രാവിലെ പായ് നല്ലവണ്ണം തൊറുത്ത് വരാന്തയിൽ ഭംഗിയായി അടുക്കി വെയ്ക്കണമായിരുന്നു. വരാന്തയിൽ ഉണങ്ങാൻ ഇടുന്ന തുണികൾ ഉണങ്ങികഴിഞ്ഞാലുടൻ തന്നെ മടക്കി വെയ്ക്കണം. അങ്ങനെ ചെയ്യാത്തവർക്ക് Badmark കിട്ടും. തുണികൾ Gp No. തയ്ച്ചിരിക്കുന്നതിനാൽ ആളുകളെ കണ്ടു പിടിക്കാൻ പ്രയാസമില്ലായിരുന്നു. എന്തിനും ഏതിനും നല്ല ശിക്ഷണം. ഇന്ന് ഞാൻ ഇത്രയും systematic ആകാൻ കാരണം ഈ സ്കൂളിൽ നിന്നും ലഭിച്ച് ചിട്ടകൾ ആണെന്നുല്ളത് തർക്കമറ്റ സംഗതിയാണ്.

പഠിത്തത്തിനു പുറമെ മോറൽ ക്ലാസുകൾക്കും പ്രാധാന്യം നൽകിയിരുന്നു. വ്യക്തിത്വ വികസനത്തിന് എല്ലാ വിധത്തിലും സഹായിച്ചിരുന്നു. വെള്ളിയാഴ്ച്കളിൽ മദാമ്മ ഇംഗ്ലീഷ് പാട്ടുകൾ ഹാർമോണിയം വെച്ച് പഠിച്ചിരുന്നു. ശനിയാഴ്ചകളിൽ ദീനാമ്മ കൊച്ചമ്മ കഥ പറച്ചിലിന് നേതൃത്വം നൽകിയിരുന്നു. ഞായറാഴ്ചകളിൽ ഗ്രൂപ്പ് തിരിച്ച് Variety Entertainment നടത്തിയിരുന്നു. വർഷത്തിലൊരിക്കൽ സെയിൽ ക്രമീകരിച്ചിരുന്നു. കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ല വേദികളായിരുന്നു ഇവയൊക്കെ.

മദാമ്മയുടെ പിറന്നാൾ ദിവസം ആയിരുന്നു എന്നും ഓർക്കുന്നത്. അന്നത്തെ ദിവസം ചാപ്പലിൽ ആരാധനയുണ്ട്. മദാമ്മയെ ഒരുക്കി ചാപ്പലിൽ ഇരുത്തും. ശുഭ്രവസ്ത്രധാരികളായ കുട്ടികൾ ഈ രണ്ടീരണ്ടായി കൈകോർത്തു നിൽക്കും. ചാപ്പൽ മുതൽ മദാമ്മയുടെ മുറി വരെ വെള്ളത്തോരണങ്ങളാൽ അലങ്കരിച്ചിരിക്കും. ബർത്ത്ഡേ പാട്ടു പാടുമ്പോൾ മദാമ്മ ചാപ്പലിൽ നിന്നു മുറിയിലേക്ക് പോകും. കുട്ടികൾക്ക് എല്ലാം മിഠായി നൽകുമായിരുന്നു. . തോലശ്ശേരി സി.എസ്.ഐ പള്ളിയിലെ ആരാധനയ്ക്ക് സിഎസ്.ഐ കുട്ടികളെ മദാമ്മ കൊണ്ടുപോകുമായിരുന്നു. ആ പോക്കു വരവിനിടയിൽ മദാമ്മ സ്ഥാപിച്ച നെയ്തേതു ശാലകളിൽ കയറി നെയ്ത്തുകാരുടെ കുശലങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. ഇന്നും ആ നെയ്ത്തു യൂണിറ്റുകളിൽ ചിലതൊക്കെ പ്രവർത്തിക്കുന്നുണ്ട്. തോലശ്ശേരി ഷീറ്റുകൾ പ്രസിദ്ധമാണെല്ലോ. വിദേശത്തുനിന്നും തന്റെ നല്ല പ്രായത്തിൽ മദ്ധ്യതിരുവിതാംകൂറിൽ വന്ന് സ്ത്രീകൾക്കുവേണ്ടി തന്റെ ജീവിതം ഹോമിച്ച ആ ആദർശ വനിതയെപ്പറ്റി ഓർക്കുമ്പോൾ ഞാൻ പുളകിതയാകുകയാണ്. അവരുടെ തയ്യൽ, ഇംഗ്ലീഷ് സാഹിത്യത്തിലുള്ള പ്രാവീണ്യം, പാട്ടിലുള്ള വാസന കുട്ടികളുടെ ഇരിപ്പ്, നടത്തം എന്നിവയിലുള്ള ശ്രദ്ധ, പ്രകൃതിയോടുള്ള സ്നേഹം എല്ലാം എല്ലാം അതുല്യമായിരുന്നു. അവ വർണ്ണിക്കുവാൻ എനിക്കു വാക്കുകളില്ല . എന്റെ എസ്.എസ്.എൽ.സി ബുക്കിന്റെ അവസാനത്തെ പേജിൽ എന്നെ പറ്റിയുള്ള ഡീറ്റേൽസ് അവരുടെ സ്വന്തം കൈപ്പടയിലുള്ളതാണ്. ആ എഴുത്തുകൾ വളരെ വിലയേറിയതായി ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നു.

എന്റെ അദ്ധ്യാപകരിൽ കൂടുതൽ പേരും ബോർഡിംഗിൽ താമസിക്കുന്നവരായിരുന്നു. ഇന്നത്തേക്കാൾ അദ്ധ്യാപക-ശിഷ്യബന്ധങ്ങൾ സുദൃഡമായിരുന്നു. ഇന്ന് ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയിരിക്കുന്നു. വിദ്യാഭ്യാസമേഖല തന്നെ വ്യവസായവത്ക്കരിക്കപ്പെട്ടിരിക്കുന്നു. എന്റെ ഇഷ്ട വിഷയമായ കണക്കു പഠിപ്പിച്ച വി.ഐ മറിയാമ്മ കൊച്ചമ്മ, ഇംഗ്ലീഷും സയൻസും പഠിപ്പിച്ച അമ്മുക്കുട്ടി കൊച്ചമ്മ, സോഷ്യൽ സയൻസ് - ഏലിയാമ്മ കൊച്ചമ്മ, മലയാളം - മീനാക്ഷി ചേച്ചി, ഹെഡ്‍മാസ്റ്റർ - പി.വി വർഗീസ് സാർ, റൈട്ടർ സാർ, തയ്യൽ - റോസമ്മ കൊച്ചമ്മ, വീണ ചേച്ചി എല്ലാവരും എന്റെ സ്മൃതി മണ്ഡലത്തിൽ ഉണ്ട്.

ചാപ്പൽ എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. അനേകം 4 മണികൾ ഞാൻ അവിടെ ചെലവഴിച്ചിട്ടുണ്ട്. ആ പ്രാർത്ഷനാ ശീലം ഇന്നും അഭംഗുരം തുടരുന്നു. അങ്ങനെ ബാലികാമഠം സ്‍കൂളിൽ ഹൈസ്‍കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ എല്ലാ മേഖലകളിലും നല്ല ചിട്ടകൾ എനിക്ക് ലഭിച്ചിരുന്നു. എന്റെ ഔദ്യോഗിക ജീവിതം വിജയപ്രദമാകാൻ സാധച്ചത്. ഇവിടെ നിന്നും ലഭിച്ച പരിശീലനമാണെന്ന് പറയുന്നതിന് എനിക്ക് സന്തോഷമുണ്ട്.

ഇന്ന് എനിക്ക് സ്‍ക്കൂളുമായി നല്ല ബന്ധമുണ്ട്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിനിസംഘടനയുടെ പ്രസിഡന്റായി ഞാൻ പ്രവർത്തിച്ചു വരുന്നു. ശതാബ്തിയിടെ നിറവിലായിരിക്കുന്ന എന്റെ വിദ്യാലയത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നെ ‍ഞാനാക്കിയ എന്റെ സ്ക്കൂൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായ പ്രാർത്ഥനയോടുകൂടി എന്റെ പൂർവ്വകാല സ്മരണകൾക്ക് വിരാമമിടുന്നു.