എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/എന്റെ ഗ്രാമം

സാമൂഹിക സാംസ്കാരിക ചരിത്രം

പമ്പാനദിയുടെ തെക്കെക്കരയിൽ കിഴക്കു ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ ചെത്തക്കൽ ഭാഗം വരെയും വടക്കു പമ്പാ നദി മുതൽ തെക്കു നാരങ്ങാനം ,മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളും അതിരിട്ടു നിൽക്കുന്നതാണു ചെറുകോൽ ഗ്രാമപഞ്ചയത്ത്..തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ മാറ്റങ്ങൾ ഏറെയില്ലാതെ നിലനിൽക്കുന്ന കാർഷികപ്രധാനമായ പ്രദേശം കൂടിയാണിത്.

ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സ്നേഹവിശ്വാസങ്ങൾ പരസ്പരം കൈമാറി ജീവിക്കുന്ന ഈ പഞ്ചായത്തിൽ ആത്മീയ ബോധത്തിന്റെ വിശുദ്ധി കത്ത് സൂക്ഷിക്കുന്ന വളരെയധികം ആരാധനാലയങ്ങൾ ഉണ്ട് .തിരുവാറന്മുള ക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണി കാട്ടൂരിൽ നിന്നുമാണ് പുറപ്പെടുന്നത് .

ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ തിരുവാഭരണ ഘോഷയാത്ര ഈ പഞ്ചായത്തിലെ ആയിക്കൽ തിരുവാഭരണപ്പാറയിൽ എത്തി വിശ്വാസികൾക്ക് ദർശനം നൽകാറുണ്ട് .പന്തളം കൊട്ടാരത്തിൽ നിന്നും പുലിപ്പാലിനായി പോയ ശ്രീ ധർമ്മശാസ്താവ് വിശ്രമിച്ച സ്ഥലമാണ് ആയിക്കൽ തിരുവാഭരണപ്പാറ എന്നാണ് വിശ്വാസം .ഏകദേശം രണ്ടായിരത്തിൽ പരം വർഷത്തെ ചരിത്രവുമായി ചെറുകോൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും നൂറ്റി നാല്പതോളം വർഷത്തെ പഴക്കവുമായി കാട്ടൂർ സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയും ,കീക്കോഴുർ മാർത്തോമാ പള്ളിയും ആയിരം വർഷങ്ങൾക്ക്  മുൻപ് സ്ഥാപിക്കപ്പെട്ട കാട്ടൂർ മുഹ്യുദീൻ പള്ളിയും ഈ പഞ്ചായത്തിന്റെ ആധ്യാത്മികതയുടെ തിലകക്കുറിയായി നിലകൊള്ളുന്നു .കാട്ടൂർ ദേശത്തിനു മുഴുവൻ വെളിച്ചവും കരുത്തും സാന്ത്വനവും പകർന്നു കൊണ്ട് തൃക്കാട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു .