വിദ്യാലയം സെൻ്റ്.ജോസഫ്സ്.എൽ .പി.സ്കൂൾ ,തെക്കുംഭാഗം, സൗത്ത് വെള്ളാരപ്പിള്ളി
വെള്ളാരപ്പിള്ളി ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കുമായി അറിവിൻ്റെ ആദ്യാക്ഷരം കുറിക്കുവാനായി ഉയർന്നു വന്ന സരസ്വതീ ക്ഷേത്രമാണ് തെക്കും ഭാഗം സെൻ്റ് ജോസഫ്സ് സ്കൂൾ. ശ്രീമൂല നഗരം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിതമായിട്ട് 115 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഗ്രാമവാസികൾക്ക് അക്ഷരാഭ്യാസത്തിനുള്ള ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലായിരുന്നു 1902 ൽ ഇതിൻ്റെ ആരംഭം. കൊല്ലവർഷം 1100 മുതലുള്ള റെക്കോർഡുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. തുടക്കത്തിൽ കാഞ്ഞൂർ പള്ളി മാനേജ്മെൻ്റിൻ്റെ കീഴിലായിരുന്നു ഈ വിദ്യാലയം.2010 ൽ എറണാകുളം അതിരൂപതയുടെ കോർപ്പറേറ്റ് മാനേജ്മെൻ്റിലേക്ക് കൈമാറി. 75 വിദ്യാലയങ്ങൾ ഒരുമിച്ച് പ്രവർത്തിപ്പിക്കുന്ന ഒരു യൂണിറ്റാണ് ഞങ്ങളുടെ മാനേജ്മെൻ്റ്. എറണാകുളം ജില്ലയിലെ ഒട്ടനവധി പ്രമുഖ വിദ്യാലയങ്ങൾ ഇതിൽ പെടുന്നു. നല്ലവരായ നാട്ടുകാരുടേയും അർപ്പണബോധമുള്ള അധ്യാപകരുടേയും സഹകരണത്തോടെ ഈ വിദ്യാലയം ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറി. ഇപ്പോൾ 7 ഡിവിഷനുകളുള്ള ഒരു കുടുംബമാണ് ഈ വിദ്യാലയം. പ്രി പ്രൈമറി വിഭാഗവും കൂടെ നടത്തി വരുന്നു. അറബി ഭാഷാ പoന സൗകര്യവും വിദ്യാലയം ഒരുക്കിയിട്ടുണ്ട്. സ്വന്തമായി വാഹനവും വാഹന സൗകര്യങ്ങളും, കുട്ടിപ്പാർക്കും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്
പെരിയാറിൻ്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിൻ്റെ മധ്യഭാഗത്താണ് വെള്ളാരപ്പിള്ളി എന്ന കൊച്ചു ഗ്രാമം .മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ടാവാം ഈ പ്രദേശത്തിന് വെള്ളാരപ്പിള്ളി എന്ന പേര് വന്നത്. ശക്തൻ തമ്പുരാൻ്റെ ചരിത്രമുറങ്ങുന്ന കോട്ടയും, ശ്രീപാർവ്വതീദേവിയുടെ തിരുവൈരാണിക്കുളം ക്ഷേത്രവും, വെള്ളാരപ്പിള്ളി എന്ന ഗ്രാമത്തെ പ്രസിദ്ധമാക്കുന്നു. നഗരത്തിൻ്റെ കളങ്കങ്ങളെ തൊട്ടു തീണ്ടാത്ത നിഷ്കളങ്കരായ ഗ്രാമവാസികളെ വിജ്ഞാനത്തിൻ്റെ പടവുകളിലേക്ക് കൈപിടിച്ച് ഉയർത്താൻ ആരംഭിച്ച വിദ്യാലയമാണ് ഞങ്ങളുടെ ഈ വിദ്യാലയം. വ്യത്യസ്ത സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞ വിദ്യാലയം എന്ന അഭിമാനം ഉണ്ട്