സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/അടച്ചിട്ട മുറിയിലെ ഇടതൂർന്ന ചിന്തകൾ.....

അടച്ചിട്ട മുറിയിലെ ഇടതൂർന്ന ചിന്തകൾ.....

ക്ലാസ് കഴിഞ്ഞ ശേഷം സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴി ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരുന്ന രണ്ടു പിഞ്ചോമനകൾ എന്റെ അടുക്കൽ ഓടി വന്ന് അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. അതിലെ കൊച്ചു മിടുക്കി പറഞ്ഞു സിസ്റ്ററെ ഇന്നലെ ഞാൻ അച്ചന്റെയും അമ്മയുടെയും കൂടെ ഉത്സവം കാണാൻ പോയി. തിരികെ വരുമ്പോൾ അച്ചന്റെയും കൈയ്യിൽ നിന്നും വീടിന്റെതാക്കോൽ നഷ്ടപ്പെട്ടു . അച്ചനോട് അമ്മ പറഞ്ഞു 'സൂക്ഷിക്കണ്ടെ' എന്ന് .അവളുടെ നിഷ്കളങ്കമായ പുഞ്ചിരിയും "സൂക്ഷിക്കണം " എന്ന അവളുടെ അമ്മയുടെ വാക്കുകളും എന്റെ മനസിൽ ചേക്കേറി.
കുടുംബമാണ് ആദ്യ വിദ്യാലയം. കുഞ്ഞുങ്ങളുടെ മനസ് ഒരു ബ്ലാക്ക് ബോർഡ് ആണ്. ഈ കോവിഡ് ലോക്ക് കാലത്ത് കുട്ടികളെ സമഗ്രമായി മനസിലാക്കാൻ കഴിയണം. ബോറടിച്ചിരുന്ന കുടുംബാംഗങ്ങളും ബോറടിക്കാതെ പണിയെടുക്കുന്ന അമ്മയും കൊറോണ കാലത്തിന്റെ വൈരുദ്ധ്യങ്ങളായിരുന്നു. ഭീതിയും ഉൽക്കണ്ഠയും. ഇങ്ങനെ എത്രനാൾ ? 20 ദിവസങ്ങൾക്കുള്ളിൽ കിണർ കുഴിച്ചു. മണ്ണ് കരയിലെത്തിക്കാൻ ആരിറങ്ങും? ഞാനിറങ്ങാം - അമ്മ. സംഘ ഗാനം ഒറ്റയ്ക്ക് പാടിയത് രാവണനെന്ന് ചരിത്രം. ഇപ്പഴോ? എത്ര വീട്ടമ്മമാരാണ് പലയിടങ്ങളിലിരുന്ന് സംഘഗാനം പാടുന്നത്. ക്രിസ്തു ദേവൻ പറഞ്ഞിട്ടുണ്ട് - ' നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ".
വ്യവസായശാലകളും ഷോപ്പിംഗ് മാളുകളും സിനിമാ തിയറ്ററുകളും എന്തിനേറെ കൊച്ചു നാടൻ കടകൾ പോലും അടയ്ക്കപ്പെട്ടു. ഒരിക്കലും അടയ്ക്കാത്തൊരു വ്യവസായ ശാലയുണ്ട് അമ്മയുടെ ഹൃദയം. കുടുംബത്തിനു വേണ്ടി, വെന്തു നീറുന്ന അരിയും പയർ മണികളുമായി നിൽക്കുന്ന 'അമ്മയും' 'സമൂഹ അടുക്കളകളും' ഇന്ന് കൊറോണയ്‌ക്കൊപ്പം ജീവിക്കാനുള്ള തയ്യാറെടുപ്പ് അല്ലേ? ഇങ്ങനെ പോയാൽ എന്ത്? എന്ന് ചോദിക്കുന്ന ഒരു കൂട്ടം ഇനിയും ഇല്ലാതില്ല. അപക്വതയിൽ നിന്നുയരുന്ന ചോദ്യങ്ങളാണതൊക്കെ എന്നു ഞാൻ പറയും.
കുട്ടികളാണെങ്കിൽ- സ്വഭവന നിർമ്മാണത്തിൽ കണക്കും സയൻസും എങ്ങനെ ഉപയോഗിക്കുന്നു എന്ന് കണ്ടെത്താൻ ശ്രമിക്കുന്നു. കലാ-സാഹിത്യ രചനകൾ, പച്ചക്കറി തോട്ടങ്ങൾ, ഹാൻഡ് വാഷ് നിർമ്മാണം, മാസ്കളും തുണി - സഞ്ചികളും തയിക്കുന്ന നാലാം ക്ലാസുകാരി ,നൃത്ത സംഗീത പഠനം ഇങ്ങനെ ക്രിയേറ്റീവായ പ്രവർത്തനങ്ങൾ ചെയ്ത് സ്കൂൾ കൂട്ടായ്മകളിൽ ഷെയർ ചെയ്യുന്നു. ദുഃഖത്തിന്റെ നീർച്ചാലുകൾക്കിടയിലും ലോക്ക് ഡൗൺ ആനന്ദപ്രദമാക്കുന്നു
പ്രതിസന്ധികളും പ്രശ്നങ്ങളും നീക്കിയ ശേഷം മുന്നോട്ട് പോവുക അസാധ്യം. നിനക്ക് ചെയ്യാൻ കഴിയുന്ന നന്മ അത് നിഷേധിക്കരുത്. ഏതൊരു പ്രതിസന്ധി ഘട്ടങ്ങളെയും മറികടക്കാനുള്ള സിദ്ധിയും വൈഭവവും ഈശ്വരൻ നൽകിയിട്ടുണ്ട് . കോവിഡ് ദൈവം നൽകിയ ശിക്ഷയല്ല. മനുഷ്യൻ തന്നെ വരുത്തി വച്ച വിനയാണ്. മനുഷ്യൻ പ്രകൃതിയോട് കാണിച്ച ക്രൂരതയ്ക്ക് പ്രകൃതിയുടെ ഭാഗത്തു നിന്നുണ്ടായ സ്വാഭാവിക പ്രതികരണം. ശാസ്ത്രവും പരാജയപ്പെട്ടു. എങ്കിലും നമ്മൾ ഉണർന്നെണീക്കും. നമ്മുടെ സ്ഥിരോത്സാഹവും കൂട്ടായ യത്നവും തുടരണം. സാധാരണ ജീവിതം പോലും നയിക്കാൻ ബുദ്ധിമുട്ടാണ് എന്ന് വിധി എഴുതപ്പെട്ട അരുണിമ സിൻഹ, എവറസ്റ്റ് കീഴടക്കി.
ഹാപ്പി ഹോമിൽ കണ്ടു - പാർട്ടി മീറ്റിംഗിലും ലൊക്കേഷനിലും ആയിരിക്കുന്നവരൊക്കെ, അടുക്കളയും ഉമ്മറത്തെ ഇരുമ്പൻ പുളിമരവും കണ്ടത്. ചൂണ്ടിയിടാൻ പഠിച്ചു. ചക്കപ്പുറത്ത് തിരികത്തിച്ച് ചക്ക മുറിച്ച് ജന്മദിനം ഘോഷിച്ചു. ഏതു സാഹചര്യത്തിലും നാം ജീവിക്കും. ഒപ്പം മാധ്യമങ്ങളും വളരുന്നു. നല്ലത് പ്രചരിപ്പിക്കാൻ .എവിടെയും സഹായഹസ്തങ്ങളും സഹകരണവും. ചേർത്ത് പിടിക്കണം എന്ന് നാം പറയാറുള്ളത് , മാനസികമായി പൊരുത്തപ്പെടാൻ കഴിയണം. സ്നേഹമെന്ന തൊന്നുണ്ടെങ്കിൽ അത് സ്പർശിക്കാതെയും മണക്കാതെയും രുചിക്കാതെയും ഹൃദയത്തിൽ പേറാം.
ദൈവം പോലും 'ലോക്ക് ഡൗൺ 'എടുത്തിരുന്നു എന്നാണ് വേദഗ്രന്ഥം വായിക്കുമ്പോൾ മനസിലാകുക. ഇന്നൊരു ഞായർ പോലും നമുക്ക് അന്യമാവുകയാണ്. ആർഷഭാരത സംസ്കാരം എത്ര പരിശുദ്ധം. ഇന്ന് കമ്പോള സംസ്കാരത്തിന്റെയും വലിച്ചെറിയൽ സംസ്കാരത്തിന്റെയും കാലം. ഈ കോവിഡ് കാലം നമുക്കൊന്ന് പുറകോട്ടേക്ക് നോക്കാം. മനനം ചെയ്യാം. നീയമത്തെ അനുസരിച്ച് നല്ല മക്കളായി ആരോഗ്യം പരിരക്ഷിച്ചും പ്രാർത്ഥിച്ചും അതിജീവനത്തിന്റെ പാത തുടരാം.
ശാസ്ത്രം വളരണം അതിനൊപ്പം മനുഷ്യനും. മഹത്തുക്കളെ കണ്ടിട്ടില്ലേ? അവർ വിനീതരാണ്. അധ്വാനത്തിന്റെ മാഹാത്മ്യം വരും തലമുറയ്ക്ക് പകരണം. ഡിസ് പോസിബിൾ സംസ്കാരം തൂത്തെറിയാം. ഇലയിൽ ഉണ്ണണം , പ്ലേറ്റ്കൾ കഴുകണം. കുട്ടികളുടെ ഭാവി ആദ്യം കുടുംബം പിന്നെ ക്ലാസ് റൂമുകൾ. നാളെയുടെ വാഗ്ദാനങ്ങളാണവർ. അടച്ചിട്ട ക്ലാസ് റൂമുകൾ അവർക്കായി തുറക്കണം. മന്യുഷ്യൻ സാമൂഹ്യ ജീവിയാണ്. സമൂഹത്തിലൂടെ അവൻ വളരണം. 'ബ്രേക്ക് ദി ചെയിൻ' പാലിച്ച്.
കോവിഡ് നേരിടുന്നതിൽ മൂന്നാം സ്ഥാനത്താണ് നമ്മുടെ കേരളം. അന്താരാഷ്ട്ര മാധ്യമങ്ങളും നമ്മെ പ്രശംസിച്ചു. അതിന് പിന്നിലും ഒരമ്മയുറങ്ങുന്നു- നമ്മുടെ ആരോഗ്യ മന്ത്രി കെ. കെ.ഷൈലജ ടീച്ചർ. മന്ത്രിയാണെങ്കിലും ജാഡകളില്ലാതെ - ജാതിയും കക്ഷി രാഷ്ട്രീയവും മറന്ന് മുക്കിലും മൂലയിലും ഓരോ വ്യക്തിയേയും ഉൾക്കൊള്ളുന്ന നല്ല നേതൃത്വവും മാതൃത്വവും അർപ്പണമനോഭാവവും അവരെ ആദരണീയയാക്കുന്നു. ഇങ്ങനെ ഒരമ്മയെ കൂടി പരിചയപ്പെടുത്തുകയാണെന്റെ ഹൃദയം.


'അമ്മ ഇന്നും എതിരില്ലാത്ത ഒരു പോരാളി' .
സിസ്റ്റർ ജലജ തോമസ്
അദ്ധ്യാപിക സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം