ഓട്ടക്കലം പോലെ ശൂന്യമാം ചിത്തവും
പേറി മാനവഹൃദയം തേങ്ങവേ
നീളുമേകാന്തതതൻ കൂരിരുട്ടിൽ
കരിനിഴലുകൾ വാരിപ്പുണരവേ
പകച്ചു നിൽക്കുന്നോരോ മനുഷ്യനു-
മൊന്നോടിയൊളിക്കാൻ കഴിഞ്ഞെങ്കിൽ
ചിറകുമുളച്ചെങ്കിൽ പറന്നിടാം
പക്ഷേ,എങ്ങോട്ടെന്നറിയില്ല?
എന്തിനെന്നറിയില്ല?
ഈ മഹിയിലെവിടെയാണഭയ-
മെന്നറിയാതെയുഴലുന്നു ഞങ്ങൾ.
തലയിൽ കൈതാണ്ടിയിരുന്നുപോയ്
ദുർവിധിതൻ ഭാരവും പേറി
ഭീതിജന്യമാം നിശ്ശബ്ദതയെ
ഭഞ്ജിക്കുമൊരു പ്രൗഢസ്വരം കേട്ടുവോ?
ഏതിനും മൂകസാക്ഷിയാം കർമ്മമണ്ഡലത്തിൽ
സ്വരമാണതെന്നറിഞ്ഞു ഞങ്ങൾ.
"വിതച്ചതേ കൊയ്യൂ" മാനവാ നീയീ-
സത്യം മുന്നേയറിഞ്ഞതല്ലേ.
ചെവിക്കൊണ്ടതില്ലതിൻ പൊരുൾ നീ
ദുഷ്ക്കർമ്മങ്ങൾക്കൊരന്ത്യം വരുത്തിയുമില്ല
താക്കീതുകളേറെ നൽകീ പ്രകൃത്യംബ
തട്ടിക്കളഞ്ഞു നീ തൃണം പോലവയെല്ലാം.
തകർത്തെറിഞ്ഞൂ പ്രകൃതി മാതിൻ മോഹങ്ങൾ
വലിച്ചുകീറിയമ്മതൻ ഭംഗികൾ
ലാഭേച്ഛയിൽ കേട്ടില്ല നീയൊന്നും
അറിഞ്ഞീല വരും കാല നഷ്ടങ്ങൾ.
നേടിയതൊന്നും നേട്ടമല്ലെന്നറിഞ്ഞു ഞങ്ങൾ
നേരറിവിൽ പാതയിലൊന്ന് "ജീവിക്കാൻ മാത്രം
കഴിഞ്ഞെങ്കിലെ"ന്നു കേണൂ മർത്ത്യൻ
അവന്റെ ദയാർഹമാം നോട്ടത്തിൽ
വിങ്ങിപ്പോയീ കർമ്മസാക്ഷിതൻ ചിത്തവും
"പ്രിയമാനവാ,കരയേണ്ട നീ
കാലചക്രത്തിന്നടിയിലാണെങ്കിലും
അതുരുളുകയാണെന്ന സത്യമറിഞ്ഞാലും
ഒരു നാളുയർന്നിടാം നിൻ പ്രതീക്ഷയും
നല്ലൊരു നാളെയിൽ നിനക്കായ്
തരുക്കൾ തളിർക്കും പൂക്കൾ വിരിയും
കിളികൾ പാടും
ചോലകൾ ചിലങ്കകളണിയും
കടൽ കൈകൊട്ടിപ്പാടും....”
നമുക്കൊന്നായുണരാമൊരു നല്ല നാളെയ്ക്കായ്...
പ്രതീക്ഷതൻ പുതുനാമ്പിനായ്.....
ഭാരതഭൂമിപോലൊരാർഷ സംസ്കൃതി
നിറയുമൊരു പ്രപഞ്ചത്തിനായ്....
നാനാത്വത്തിലേകത്വത്തിനായ്.....