ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ ആർഭാടമില്ലാത്ത ആഘോഷങ്ങൾ
ആർഭാടമില്ലാത്ത ആഘോഷങ്ങൾ
അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ വൈറസ് എന്ന മഹാമാരി ലോകമാകെ പടർന്നു പിടിച്ചു. പണ്ടൊക്കെ അവധിക്കാലം കൂട്ടുകാരോടൊപ്പം പലവിധ കളികളിൽ ഏർപ്പെടുമായിരുന്നു. എന്നാൽ ഈ കൊറോണകാലം വീട്ടിൽ തന്നെ ഇരിക്കേണ്ടിവന്ന അവസ്ഥയായിരുന്നു. എങ്കിലും അച്ഛൻ, അമ്മ, ചേച്ചി ഇവരോട് ചേർന്ന് കേരംബോർഡ്, ചെസ്സ്, ലുഡോ തുടങ്ങിയ കളികളിലൂടെ സന്തോഷം കണ്ടെത്തി. ഞങ്ങൾ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന, ആപ്പന്റെ ഗൃഹപ്രവേശം ചെറിയ തോതിൽ ആഘോഷമാക്കാൻ നേരത്തെ തീരുമാനിച്ചു. പക്ഷെ, ഈ കൊറോണ കാലത്തെ പ്രത്യേക സാഹചര്യത്തിൽ തികച്ചും ലളിതമായ, വീട്ടുകാർമാത്രം ഉള്ള ചടങ്ങ് ആയിട്ട് നടത്തിയത് പുതിയൊരു അനുഭവം ആയി. ആഘോഷം ആക്കാൻ കഴിയാതെ പോയതിൽ സങ്കടമുണ്ടായി എന്ന് പറയാതെ വയ്യ. വളരെ ആഡംബരത്തോടെ നടത്തുന്ന ഇത്തരം ചടങ്ങിൽ പങ്കെടുത്ത് ശീലിച്ച ഞങ്ങൾക്ക്, വളരെ ലളിതമായും നടത്താമെന്ന പുതിയൊരു പാഠം പകർന്നു തന്നു ഈ മാരിക്കാലം. ഒരു ചിരട്ടയിൽ വെള്ളം നിറച്ചു വെളിയിൽ മതിലിൽ വെച്ചപ്പോൾ, ദാഹം ശമിപ്പിക്കാനായി കാക്കയും, മൈനയും, ബുൾ ബുൾ പക്ഷിയും തുടങ്ങി ഒട്ടേറെ കൂട്ടുകാർ പറന്നുവരുന്ന കാഴ്ച കൗതുകത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഈ പ്രകൃതിയെയും, മറ്റു ജീവ ജാലങ്ങളെയും സ്നേഹിക്കാൻ പഠിപ്പിക്കുകയായിരുന്നു ആ കാഴ്ച. ഈ കൊറോണ കാലത്തെ ഒരു സായാഹ്നത്തിൽ ഞാൻ അച്ഛനോടു ചോദിച്ചു ---- മഹാഭാരതം കഥയിൽ അച്ഛന് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം ആരാണ്? മഹാഭാരത യുദ്ധം നടന്നുകൊണ്ടിരിക്കെ, ശ്രീകൃഷ്ണൻ അർജുനനോട് പറഞ്ഞു --- "അർജുനാ, നിരായുധനായ കർണ്ണനെ മാത്രമേ നിനക്ക് പരാജയപ്പെടുത്താനാവൂ... ആയുധധാരിയായ കർണ്ണനെ നിനക്കെന്നല്ല, ആർക്കും തോൽപ്പിക്കാൻ കഴിയില്ല." ആ കർണ്ണനെയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അച്ഛനിതു പറഞ്ഞപ്പോൾ, അച്ഛന്റെ പുസ്തകശേഖര ത്തിൽ നിന്ന്, ഞാനാ മഹാഭാരതം കഥ പുറത്തെടുത്ത് താളുകൾ മറിച്ചു.... മറിച്ചുകൊണ്ടിരിക്കുന്നു....!
|