കടകൾ അടഞ്ഞുകിടന്നിരുന്നു. വഴികൾ വിജനമായിരുന്നു. ലോകം രോഗത്തെ പേടിച്ച് വാതിലടച്ചിരിക്കുകയാണ്. ഇടയ്ക്കിടെ എല്ലാവരും കൈകൾ കഴുകി. അന്നു ദു:ഖവെള്ളിയാഴ്ചയായിരുന്നു. രാത്രിയിൽ കനത്തമഴ പെയ്യുകയുണ്ടായി. ഈസ്റ്റർ ദിവസം മുഖത്ത് മാസ്കണിഞ്ഞ് പാലു വാങ്ങാനായി പുറത്തിറങ്ങി. അത്ഭുതം. നടവഴിയിൽ മരങ്ങൾ പൂവണിഞ്ഞു നില്ക്കുന്നു. എങ്ങും ചിത്രശലഭങ്ങൾ പറന്നുയരുന്നു. ലോകം പതുക്കെ പതുക്കെ രോഗത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുകയാണ്.