സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **തടവുകാലം

20:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavithapjacob (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു മുത്തശ്ശി അവലോകനം! <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മുത്തശ്ശി അവലോകനം!


ഓ.. എന്നാ പറയാനാന്നേ.. ഈ കൊറോണ ഒരു ഒന്നൊന്നര ചെയ്തായി പോയി. ഇപ്പോ എന്നെ കണ്ടാ പൂരത്തിന് എഴുന്നള്ളിപ്പിന് നിർത്തിയ പോലുണ്ട്.. മുത്തശ്ശി മരമെന്നോ മാങ്ങേന്നോ തേങ്ങേന്നോ എന്തൊക്കെയൊ എന്റെ കർത്താവേ ആ കുട്ടിപ്പട്ടാളം എന്റെ മേത്ത് അഭിഷേകം ചെയ്തിരിക്കുകയാണ്. അവന്മാരുടെ കുറെ തോരണോം കുറെ കാട്ടുവള്ളികളും... ആ മൊബൈലും കുത്തിപ്പിടിച്ചിരുന്നവരാ... കൊറോണച്ചേട്ടൻ വെളിപാടും കൊണ്ടാണോ വന്നേന്ന് തമ്പുരാനേ അറിയൂ.. പരീക്ഷയെഴുതി പണ്ടാരടങ്ങിയിരിക്കുമ്പോഴാ ദൈവദൂതനെപ്പോലെ അവന്മാർക്ക് മുമ്പിൽ കൊറോണ വന്നിറങ്ങിയേന്ന് ഇന്നലെ ഈ സംഭവ വികാസങ്ങൾക്കിടയിൽ ഒരുത്തൻ പറേണകേട്ടു. എങ്കിലും എന്റെ കൊറോണ ചേട്ടാ നിങ്ങളെ ഞാൻ നമിച്ചിരിക്കുന്നു പള്ളിക്കൂടം ഉള്ളപ്പോ ഒന്നെങ്കി മൂന്നും ബുക്കിനു മുന്നി ( വെറുതെയങ്ങ് മിഴിച്ചു നോക്കിയിരുപ്പാ) അല്ലെങ്കി ചുണ്ണാമ്പു തേക്കണമാതിരി ആ മൊബൈലും കുത്തിപ്പിടിച്ചിരുന്നേനെ.. നിങ്ങള് മൊത്തത്തി ലോക്കിട്ടു പിടിച്ചിരിക്കണ കാരണം ഇവിടെ അനാഥ പ്രേതത്തെ പോലെ വളരണ എന്നെ നോക്കാൻ അവന്മാർക്ക് തോന്നീ ലോ.. എങ്കിലും പറയാതെ വയ്യ, ആ നോക്കലിത്തിരി കൂടി പോയി. നെറ്റിപ്പട്ടം കെട്ടിയ കൊമ്പനെപ്പോലെയായി ഞാനിപ്പോ! ഞാനൊക്കെ എന്ത്? ഇതൊക്കെ നിസ്സാരം.. അവന്മാരിവിടെ തലകുത്തി നിന്ന് ചാക്യാർകൂത്ത് വരെ നടത്തുന്നു അപ്പഴാ ... ഈ കുട്ടിപ്പട്ടാളത്തിന്റെ ലോക് ഡൗൺ അപാരതകളെ കുറിച്ച് ഇങ്ങനൊന്നും പറഞ്ഞാ പോരാ... അതിനാൽ നമ്മുക്ക് വിശദമായ ഒരു അവലോകനം അങ്ങ് നടത്തിക്കളയാം.എന്താ? എല്ലാരും ഒരു മീറ്റർ അകലമിട്ട് മാസ് കും കെട്ടിയ ങ്ങിരുന്നേ .. രണ്ട് ദിവസത്തിനു മുമ്പുള്ള ചരിത്രത്തീന്നങ്ങ് തുടങ്ങാം.. കൊറോണച്ചേട്ടൻ പള്ളിക്കുട മടച്ച് പൂട്ടി ലോക്കറി വെച്ചപ്പോ പൊട്ടന് ലോട്ടറിയടിച്ച മാതിരിയാ മൂന്നും കേറി വന്നേ പിന്നെന്തൊക്കെയായിരുന്നു... ഹൈദരാബാദ്‌,ഡൽഹി, മുംബൈ.... ഒരുത്തൻ വക... KFC , chicken 65, burgar .... വേറൊരുത്തി ... എന്തായാലും സ്വപ്നങ്ങളൊക്ക അങ്ങ് വളർന്നു പന്തലിക്കണമുമ്പെ ടൂർ വന്ന കൊറോണ അതെല്ലാം ബോണസ്സായി കൂട്ടിയങ്ങെടുത്തു. പിന്നങ്ങ് മണിച്ചിത്രത്താഴിട്ടങ്ങ് പൂട്ടി. പൂട്ട് വീണപ്പ അവന്മാരുടെ മുഖമൊന്ന് കാണണമായിരുന്നു. അണ്ടി പോയ അണ്ണാ നെപ്പോലെ അതുക്കും മേലെ ഒരു തീരുമാനം അവന്മാരുടെ അപ്പനും അമ്മയുമെടുത്തു. ഒരു കിടിലൻ അയിത്താചാരം! ഫോൺ അന്നു മുതൽ നമ്മുടെ നായികാനായകന്മാർക്ക് നിഷിദ്ധമായി പ്രഖ്യാപിച്ചു.കുട്ടിപ്പട്ടാളത്തിന്റെ നെഞ്ചിൽ ഇടിത്തീ വീഴണ മാതിരിയായിരുന്നു അത്. നല്ല ഒന്നാന്തരം പുസ്തക വിരോധികളായതിനാൽ ആ പരിസരത്തേക്കേ അണ്ണന്മാര് പോയില്ല. പിന്നെ ഗതികെട്ടാ പുലി പുല്ലും തിന്നണ മാതിരി എല്ലാം സഹിച്ചും ത്യജിച്ചും കുട്ടിപ്പട്ടാളം മുറ്റത്തോട്ടിറങ്ങി. പഴയ ഞൊണ്ടിക്കളിയുടെയും അക്ക് കളിയുടെയും പുതിയ വെർഷനുമായി.... .( അവന്മാർ ഇവന്മാർ എന്ന് വിളിക്കണത് മഹാബോറാണ് അതിനാൽ നമ്മുക്കിവരെ ഉണ്ണി, പാച്ചു, കുഞ്ചി എന്ന് വിളിക്കാം. എങ്ങനെ?) രാവിലെ സ്വസ്ഥമായി ഒരു മൂലയ്ക്ക് നിന്ന എന്റെ മേത്തേക്ക് എന്തോ വന്ന് വീണു.നോക്കിയപ്പോഴതാ മുന്നിൽഏറ്റവും വലിയ കുട്ടിപ്പിശാചായ കുഞ്ചി കണ്ണിൽ കണ്ടതെല്ലാം എടുത്ത് തകൃതി എറിയലാണ് .ഏറ്റവും കുരുടാണെങ്കിലും ഈ വാനര സംഘത്തിന്റെ നേതാവ് അവളാണ്.പെട്ടന്നതാ ബാക്കി രണ്ട് അണ്ണന്മാരും കൂടി എന്റെ നേരെ വരുന്നു. എന്നിട്ട് എന്റെ മണ്ടേലോട്ട് ഒരു കേറ്റം. അവിടെങ്ങാണ്ടും സ്വസ്ഥമായി ഉറങ്ങിക്കിടന്ന മാങ്ങാ കുട്ടനാണ് അവന്റെ ലക്ഷ്യം. അവസാനം വിജയശ്രീലാളിതനായി ഇറങ്ങി വന്ന ശേഷം അവനൊരുപറച്ചില്" വണ്ടർലായിലെ റൈഡിനേക്കാളും കൊള്ളാമെടാ" ഇത് കേട്ടപാതി കേക്കാത്ത പാതി മറ്റ് രണ്ടും കൂടി എന്റെ മണ്ടേലേക്ക്.. ആവേശമിത്തിരി കൂടിപ്പോയി.. ഒരുത്തൻ പെടച്ചു തല്ലി താഴെ.. പിന്നെ കരച്ചിലായി പിഴിച്ചിലായി. എങ്കിലും എന്നെ വിടാൻ വാനര സംഘത്തിന് മനസ്സില്ലെന്ന് പിന്നെയല്ലേ മനസ്സിലായേ.. കുറെ കമ്പും കഷണങ്ങളുമായി വീണ്ടുമെത്തി കുട്ടിപ്പട്ടാളം, പിന്നെ ഇരുന്നും കെടന്നും തലകുത്തി നിന്നും എറിയോടെറി...ഈക്കണ്ട കമ്പും കല്ലുമെടുത്ത് എന്റെ മണ്ടേലോട്ടിടാൻ ഞാനെന്താ ഇവരെ പിടിച്ചു കടിച്ചോന്ന് ഒന്നു സംശയിച്ചു കേട്ടോ .. പറയാതെ വയ്യ,പരാക്രമങ്ങൾക്കവ സാനം മഹാദുരന്തമായിരുന്നു... അതെങ്ങനാ .. തെക്കോട്ടെറിയണ്ടതിന് ഏമാന്മാർ തകൃതി എറിഞ്ഞ് പിടിപ്പിച്ചത് വടക്കോട്ടല്ലേ.? പിന്നെ യിടയ്ക്കിടെ ഒരുഗ്രൻ സീനുണ്ട്"ഒരു കൈ കഴുകൽയജ്ഞം" അലാറമടിക്കണപോലെ അരമണിക്കൂർ കൂടുമ്പോ ഓടും മൂന്നും, വാലിൽ തീപിടിച്ച മാതിരി പൈപ്പിൻ ചോട്ടിലേക്ക്... കൊറോണച്ചേട്ടൻ കാരണം അങ്ങനൊരു നല്ല ബുദ്ധിയുണ്ടായി എന്റ ണ്ണന്മാർക്ക്, ഇല്ലേ അമ്മേടെ വക ഡോസുണ്ട് അങ്ങനെ യജ്ഞത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാ നമ്മടെ കുഞ്ചിച്ചേട്ടത്തിക്ക് ബൾബ് കത്തിയത്. ഒരു മൂലയ്ക്ക് ചടഞ്ഞിരുന്ന പാള കുട്ടന്റെ പുറത്ത് ആസനസ്ഥയായി കേമത്തി.. അണ്ണന്മാരോട് വലിക്കാനാജ്ഞാപിച്ചു. പിന്നെ ജെറ്റ് വിമാനം പോയത് പോലായി മുറ്റം.. നമ്മടെ ഉണ്ണിക്കുട്ടിരുന്ന പ്പഴാ സംഗതി പാളി പോയത്. ചേട്ടനെ വലിക്കാൻ തലകുത്തി നിന്ന് ശ്രമിച്ചിട്ടും രണ്ട് പേർക്കും പറ്റിയില്ല. അവസാനം ആ ദുരന്തവുമേറ്റുവാങ്ങി മൂന്നും വീട്ടിലോട്ട് കാലെടുത്തു വച്ചതും അമ്മേടെ അലർച്ച.." കുളിച്ചിട്ട് കേറിയാ മതി" പിന്നെ മൂന്നും കൂടി കുളത്തിലേക്ക് ഒരു ചാട്ടമായിരുന്നു. ആനക്കൂട്ടം കരിമ്പിൻകാട്ടിൽ കേറിയപോലെയായി കുളം. ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം നടത്താനുള്ള ട്രയൽ റണ്ണിലായിരുന്നു കുട്ടിപ്പട്ടാളമെന്ന് ആരറിഞ്ഞു. യുദ്ധം തുടങ്ങീത് അടുത്ത ദിവസമാണ് .ന്യൂട്ടന്റെ തലേ വീണ പോലെ എന്തെങ്കിലും വീണെങ്കി ഐൻസ്റ്റീ നെപ്പോലെ വല്ലതും കണ്ടു പിടിക്കാമെന്ന് ചിന്തിച്ചിരിക്കയായിരുന്നു ഞാൻ. പെട്ടെന്ന് എന്തോ എന്റെ മണ്ടേലോട്ട് വീണു. പിന്നെ എവിടുന്നോ. ഡും,ഡും ഡും എന്ന ശബ്ദവുമായി ഉണ്ണിയേ മാൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു... "എടാ, ഇങ്ങോട്ടിറങ്ങിക്കേ.. ബോംബു പൊട്ടി നീ ചത്തു" ... ദൈവമേ....കൊച്ചിന്റെ തലേലെ കിളിയെല്ലാം പറന്ന് പോയോന്ന് ദീർഘനിശ്വാസം വിട്ട് ഞാനിരിക്കുമ്പോഴാ എന്റെ മണ്ടേന്ന് വേറൊരു ശബ്ദം" ഞാൻ ചത്തില്ല, എനിക്ക് ഷീൽഡുണ്ട്, ഞാൻ ക്യാപ്റ്റനമേരിക്കയാ..." താഴെ നിന്നവൻ തിരിച്ച്, "ഞാൻ തോറാ"... പിന്നെ കൈയ്യിലിരുന്ന കളി തോക്കും വച്ച് ,ചറപറാ വെടിവെപ്പ്.. പെട്ടെന്ന് ചോറിനേയും അമേരിക്കയേയും വെടിവച്ച് കൊണ്ട് വേറൊരുത്തി പ്രത്യക്ഷപ്പെട്ടു.. എന്നിട്ട് ഒരു ഡയലോഗും.. "അയൺമാനെ തോൽപിക്കാനാവില്ല മക്കളെ.".. നട്ടുച്ച നേരത്ത് അങ്ങോട്ടുമിങ്ങോട്ടും വെടിവച്ച് കളിക്കണ പിള്ളേരുടെ തലയിൽ ഒരു ചെമ്പരത്തി പൂ കൂടിയുണ്ടായിരുന്നേ കളറായേനേ.... എടയ്ക്കിടെ കബ്ജിന്നോ, പബ്ജിന്നോ ഏതാണ്ടൊക്കെയോ തൊള്ളതൊറക്കണുണ്ടായിരുന്നു... എല്ലാം കൂടി ഒരു ഭൂമികുലുക്കത്തിനുള്ള സാധ്യതയുണ്ടായിരുന്നു.. യുദ്ധം അവസാനിച്ചു കഴിഞ്ഞപ്പോ നമ്മുടെ അണ്ണന്മാർ പെട്ടെന്ന് കലാകാരന്മാരായി മാറി. ബ്രഹ്മരക്ഷസ്സിനെ കുടിയിരുത്തുണ മാതിരി എന്റെ അടിയിൽ കൊണ്ടുവന്ന് കലാകാരന്മാർ വീടും കുടും ഉണ്ടാക്കി.അതെല്ലാം മടുത്തപ്പോഴാ കുറെ ചായമെടുത്ത് അവന്മാർ എന്റെ മേത്ത് അഭിഷേകം നടത്തിയത്.അങ്ങനെയാണ് ഞാൻ ഈ അവസ്ഥയിൽ എത്തിയത്.... ഇന്നിനി എട്ടിന്റെ പണിയാണ് അപ്പനുമമ്മയും പൊന്നു മക്കൾക്ക് കൊടുത്തിരിക്കണത്.... കുറെ വിത്തുമായി ഇറങ്ങിയിട്ടുണ്ട് കുട്ടിപ്പട്ടാളം... തമ്പുരാനേ അതിനി ഹിരോഷിമാ നാഗസാക്കി യുദ്ധക്കളമാകുമോ എന്ന് വൈകാതെ അറിയാം.. ഞാൻ നേരത്തേ പറഞ്ഞില്ലേകൊറോണച്ചേട്ടൻ വേറെ ലെവലാ.. പുള്ളി വന്നേ പിന്നേ ഞങ്ങളൊക്കെ ഭയങ്കര റിച്ചാണ്. ആർക്കും വേണ്ടാതെ കിടന്ന മാങ്ങാ ക്കുട്ടനും പപ്പായ ക്കുട്ടനുമൊക്കെ എന്തൊരു ഡിമാന്റാണെന്നോ... ചക്കക്കുരു ഷെയ്ക്കാണ് താരം.. പാവം പിസയും ബർഗറും... ലോക്കറിലിരുപ്പായി പോയി... എനിക്കാണെങ്കി ഡബിൾ പ്രൊമോഷനല്ലേ കിട്ടിയെ... (കാട്ടാനയിൽ നിന്ന് എഴുന്നള്ളിപ്പിന്ചമഞ്ഞൊരുങ്ങിയ നാട്ടാന മാതിരിയായി) എന്തായാലും കൊറോണ ചേട്ടന്റെ പൂട്ടുപൊളിയുമ്പോ അപാരതകളൊന്നും അവസാനിക്കല്ലേയെന്ന് ഒടേതമ്പുരാനോട് അപേക്ഷ സമർപ്പിച്ചു കൊണ്ട് ഇന്നത്തെ അവലോകന യോഗം അവസാനിപ്പിക്കാം.. എന്താ.. ബാക്കി വരും ദിവസങ്ങളിൽ.. എല്ലാരും ഓടിപ്പോയി പത പതപ്പിച്ച് കൈ കഴുകിക്കേ... ഇല്ലേ കൊറോണച്ചേട്ടനങ്ങ് പെട്ടെന്നൊന്നും പോവില്ലാട്ടോ.....

മീനാക്ഷി സുജീവ്
8 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ