എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/പുതുജീവനം

പുതുജീവനം

 ലോകമിന്ന് അതിജീവനത്തിന്റെ പാതയിൽ ആണ്. ഈ നൂറ്റാണ്ട് കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാമാരി ആയ കോവി‍‍‍ഡ് 19 എന്ന രോഗത്തിൽ നിന്ന് കരകയറാനുള്ള ജീവൻമരണ പോരാട്ടത്തിന്റെ നാളുകൾ. ഈ മഹാമാരിയേയും " അതിജീവനം" എന്ന കുടയാൽ നാം ചെറുക്കും.

 എന്തെല്ലാം ദുരിതങ്ങൾ നാം നേരിടുന്നു. ഇതിനെല്ലാം കാരണം മനുഷ്യരുടെ ജീവിത രീതിയിലുണ്ടായ മാറ്റങ്ങൾ ആണ് .ആരോഗ്യപരിപാലനം, ശുചിത്വം, പരിസര സംരക്ഷണം, ഭക്ഷണം ഇവയിലെല്ലാം നാം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് മുൻപിൽ ആണെങ്കിലും കൂടുതൽ മാറ്റം അനിവാര്യമാണ്. നമ്മുടെ ഭൂമി എത്ര മനോഹരിയാണ്. പ്രത്യേകിച്ച് ഈ കൊച്ചുകേരളം. മലകളും പുഴകളും കുന്നുകളും വയലുകളും അങ്ങനെ വർണ്ണിക്കാനാവാത്ത രീതിയിൽ പച്ച പുതച്ചു കിടക്കുന്ന ഈ മണ്ണിനെ നമുക്ക് സംരക്ഷിച്ചേ മതിയാകൂ .

പ്രകൃതി അമ്മയാണ്. നമുക്ക് വേണ്ടതെല്ലാം തരുന്ന അമ്മ . അമ്മ എല്ലാം സഹിക്കും. പക്ഷേ ചൂഷണം അതിരുവിടുമ്പോൾ സംഹാരരുദ്ര ആയി മാറുന്നു. ആ മാറ്റത്തിന് കാരണം മനുഷ്യൻ തന്നെയാണ് .നാം പ്രകൃതിയെ സ്നേഹിക്കുമ്പോൾ തിരിച്ചു നമുക്ക് കൂടുതൽ സ്നേഹം തരുന്നു .

 മനുഷ്യൻ നിലനിൽക്കുന്നതു പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് . പ്രകൃതിയുടെ താളം ആണ് നമ്മുടെ ജീവൻ. ആ താളത്തിന് ഉണ്ടാകുന്ന ഓരോ വ്യതിയാനവും നമ്മുടെ ജീവനെയാണ് സ്വാധീനിക്കുന്നത്. പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല .ഓരോ ജീവജാലങ്ങൾക്കും ആധാരം പ്രകൃതി തന്നെയാണ് . എന്നാൽ പ്രകൃതി നമുക്ക് കനിഞ്ഞു നൽകുന്ന വെള്ളവും മണ്ണും പച്ചപ്പും എല്ലാം നാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു . മരംമുറിക്കൽ ,പ്ലാസ്റ്റിക് ,രാസകീടനാശിനികൾ ,വിഷമാലിന്യങ്ങളെല്ലാം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അങ്ങേയറ്റം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിൻറെ ഫലമാണിന്ന് നാം അനുഭവിക്കുന്ന ഓരോ ദുരന്തങ്ങളും. തണ്ണീർത്തടങ്ങളും മറ്റും നികത്തുന്നത് മൂലം ഉണ്ടാകുന്ന കഠിനമായ വരൾച്ച, പ്രളയം ,അധിവർഷം അങ്ങനെ എന്തെല്ലാം നേരിട്ടുകൊണ്ടിരിക്കുന്നു. ഇനിയും വൈകിക്കൂടാ, നമുക്ക് ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടിയേ തീരു. ഒരു മരം മുറിച്ചാൽ പകരം രണ്ട് മരം വെച്ച് പിടിപ്പിക്കണം.

 വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .ശുചിത്വം വീട്ടിൽനിന്ന് പഠിക്കണം. ശുചിത്വ ബോധമുള്ള കുടുംബത്തിൽ ഒരിക്കലും ആരോഗ്യസംരക്ഷണത്തിൽ വേവലാതി വേണ്ട. ശുചിത്വം അവരെ അരോഗികളാക്കുന്നു. ആരോഗ്യമുള്ള കുടുംബങ്ങൾ ഉത്തമമായ സമൂഹത്തെ ഉണ്ടാക്കുന്നു .അത്തരം സമൂഹം ശക്തമായ ഒരു നാടിനെ വാർത്തെടുക്കുന്നു. ശക്തമായ നാട് ആരോഗ്യ ദൃഢഗാത്രരായ ജനതയേയും. ഈ വർഷം മുതൽ സമ്പൂർണ പ്ളാസ്റ്റിക് നിരോധനം നടപ്പിലാക്കി കൊണ്ടേയിരിക്കുന്നു. ഈ പ്ലാസ്റ്റിക് മനുഷ്യനിൽ ഉണ്ടാക്കുന്ന മാരക രോഗങ്ങൾ , മണ്ണിൽ ഉണ്ടാകുന്ന ദോഷങ്ങൾ എല്ലാം നാം തിരിച്ചറിഞ്ഞേ മതിയാവൂ ."ഞാൻ ഇനി പ്ലാസ്റ്റിക് ഉപയോഗിക്കില്ല "എന്ന് ഓരോ വ്യക്തിയും തീരുമാനിക്കുന്നതോടെ ഉൽപാദനവും ഉപയോഗവും ഉപഭോഗവും നമുക്ക് ഇല്ലാതാക്കാം. നല്ലതിനെ കൊള്ളാനും ചീത്തയെ തള്ളാനും നാം ആർജ്ജവം കാണിച്ചേ മതിയാകു.ഇനി വരുന്ന തലമുറയ്ക്ക് എങ്കിലും അത് ഉപകരിക്കട്ടെ.

 ജലാശയങ്ങളും മറ്റും മലിനമാകാതെ കുന്നുകളും പുഴകളും മലകളും എല്ലാം ഭൂമിയുടെ വരദാനങ്ങൾ എന്ന് മനസ്സിലാക്കി സ്നേഹിക്കൂ . നമ്മൾ എന്തു കൊടുക്കുന്നു അതിലും കൂടുതലാണ് നമുക്ക് കിട്ടുന്നത്. നല്ലത് ചെയ്താൽ നല്ലത് കൂടുതൽ ലഭിക്കും .നല്ല ഭക്ഷണം ശുചിത്വം പരിസര സംരക്ഷണം ഇവയെല്ലാം മനുഷ്യനെ ആരോഗ്യമുള്ളവനാക്കുന്നു . നമുക്ക് തന്നെ നമ്മുടെ വീട്ടിൽ ചെറിയൊരു അടുക്കളത്തോട്ടം ഉണ്ടാക്കിയാൽ പാവലും പയറും മത്തനും വെണ്ടയും തക്കാളിയും പച്ചമുളകും ഒക്കെ അവിടെ സുലഭം. അടുക്കളയിലെ ജൈവമാലിന്യങ്ങൾ തന്നെ അവയ്ക്ക് വളമാക്കാം. അതുവഴി പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്നു. ചെടികളും മരങ്ങളും മറ്റും നിറയുമ്പോൾ ശുദ്ധമായവായു ഉണ്ടാകുന്നു .രാസവളങ്ങൾ ഉപയോഗിക്കാതെയുള്ള പച്ചക്കറികൾ കഴിക്കുമ്പോൾ ശരീരത്തിന് രോഗപ്രതിരോധ ശക്തിയും ലഭിക്കുന്നു .അങ്ങനെ നാം പഴയകാലത്തേക്ക് തന്നെ തിരിച്ചു പോകണം. മണ്ണും മനുഷ്യനും പ്രകൃതിയും ഒത്തുചേർന്ന് കണ്ണി വിടാതെ ഇടകലർന്നുള്ള ആ ജീവിതം. ആ സംസ്കാരം നമുക്ക് നൽകിയ ആചാരങ്ങളും നമുക്ക് തിരിച്ചറിയാം.

കൊറോണ എന്നൊരു വൈറസ് മൂലമുണ്ടായ കോവിഡിയൻ എന്ന രോഗത്തെ ചെറുക്കാൻ ലോകം മുഴുവനും ലോക് ‍ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. അവിടെയും ദൈവത്തിൻറെ സ്വന്തം നാടായ ഈ കൊച്ചു കേരളം ചെറുത്തുനിൽപ്പിന്റെ ഉയരങ്ങളിൽ നിൽക്കുന്നു.ആരോഗ്യപരിപാലനത്തിൽ, ശുചിത്വത്തിൽ, പോഷക ആഹാരത്തിൽ എന്നും മറ്റുള്ളവരെ അപേക്ഷിച്ച് നമ്മൾ മുന്നിട്ടുനിൽക്കുന്നു. ഇതിനെല്ലാം നമ്മുടെ ആരോഗ്യ പ്രവർത്തകർ ,പൊതുജനങ്ങൾ, ഭരണനിർവഹണ സംവിധാനങ്ങളെല്ലാം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാം... മുന്നേറാം.... എല്ലാ ദുരന്തങ്ങളെയും അതിജീവിക്കാം... പുതുജീവിതത്തിലേക്ക് നടക്കാം.

അവന്തിക അനിൽ
7A എസ്.എൻ.ഡി.പി.എച്ച്.എസ് ഇടപ്പരിയാരം
കോഴ‍‍ഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം