ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/എന്റെ കൊറോണ അനുഭവങ്ങൾ
എന്റെ കൊറോണ അനുഭവങ്ങൾ
എന്റെ രസകരമായ ഒരവധിക്കാലം - അത് ലോക്ക് ഡൗൺ, ഐസൊലേഷൻ, ക്വാറന്റൈൻ, കോവിഡ് - പുതിയ സാഹചര്യങ്ങൾ - വല്ലാത്ത അനുഭവം തന്നെ.രസകരമായി കഴിഞ്ഞുപോകേണ്ട ഒരവധിക്കാലത്താണ് കോവിഡ് 19എന്ന ഭീകരന്റെ വരവ്. ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട് ലോകം മുഴുവൻ കീഴടക്കിയ ഈ കുഞ്ഞുവില്ലൻ ഒരു ഭയങ്കരൻ തന്നെ. ഈ മഹാവ്യാധിക്ക് പ്രായമോ സാമ്പത്തിക സ്ഥിതിയോ ജാതി-മത-വർണ വ്യത്യാസമോ ഒന്നും ബാധകമല്ലെന്നുള്ള വസ്തുത നമ്മുടെ ആശങ്കയ്ക്ക് ഒരല്പം കൂടി ആക്കം കൂട്ടുന്നു. 1850വർഷത്തിന്റെ പഴക്കമുള്ള മഹാമാരികളുടെ ചരിത്രം ഇന്ന് കൊറോണയിൽ എത്തി നിൽക്കുമ്പോൾ ഞങ്ങൾ കുട്ടിക്കൂട്ടങ്ങൾക്ക് ആഘോഷവും എന്നാൽ മുതിർന്നവർക്ക് പരിഭ്രാന്തിയുമാണ് അനുഭവപ്പെടുക. എന്നാൽ ലോകരാജ്യങ്ങളിൽ മുഴുവനും നാശം വിതച്ച് മുന്നേറുന്ന കൊറോണ ഞങ്ങൾക്കും ഇന്നൊരു ഭീഷണിയായി മാറുകയാണ്. മാധ്യമങ്ങളോടും വാർത്താചാനലുകളോടും യാതൊരു താത്പര്യവും കാണിക്കാതിരുന്നിരുന്ന ഞാൻ ഇന്ന് ഏറെ മാറിയിരിക്കുന്നു. പെട്ടെന്നൊരു ദിനം പരീക്ഷകളും പഠനവും നിലച്ച ആഹ്ലാദത്തിലും ആനന്ദത്തിലും ആറാടിക്കളിച്ചിരുന്ന ഞാനും ഇന്ന് ഭീതിയോടെ ഉറ്റുനോക്കുകയാണ്. ശനിയും ഞായറും എന്ന വ്യത്യാസമില്ലാതെ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പുതിയ സിനിമകൾക്കായി കാത്തു കാത്തിരുന്ന ഞാൻ ഇന്ന് ആറുമണിയായാൽ മറ്റാരേക്കാളും മുമ്പേ കുളിച്ച് വൃത്തിയായി ഭഗവാനെ തൊഴുത് ടി വി ക്കു മുമ്പിൽ സ്ഥാനം പിടിച്ചിരിക്കും-മുഖ്യമന്ത്രിയുടെ വാക്കുകൾക്കായി. ചാനലുകളിൽ മുറവിളി കൂട്ടുന്ന മാധ്യമ പ്രവർത്തകർ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും കൊറോണ എന്ന മഹാമാരിയെ ക്കുറിച്ച് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറയുന്നത് കേൾക്കാൻ ഇപ്പോൾ കേവലം ആറു വയസ്സുമാത്രം പ്രായമുള്ള എന്റെ സഹോദരന്മാരും രംഗത്തെത്തിയിരിക്കുന്നു എന്നത് എനിക്കും മാതാപിതാക്കൾക്കും വളരെ അത്ഭുതകരമായ ഒന്നാണ്. ഒരു ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ എനിക്ക് എന്റെ അവധിക്കാലത്തിൽ ഒരു മാസം കൂടി വന്നുചേർന്നത് അത്ര സന്തോഷകരമായി തോന്നുന്നില്ല. എന്താണെന്നാൽ സാധാരണ അവധിക്കാലം കുട്ടികൾക്ക് പ്രത്യേകിച്ച് എന്നെപ്പോലെയുള്ള പെൺകുട്ടികൾക്ക് ഒരു ഉത്സവകാലമാണ്. അമ്മ വീട് എന്നതിലുപരി ഞാൻ ജനിച്ചു വളർന്ന ജന്മനാട്ടിലേക്ക് പോകുവാനും അവിടത്തെ കൂട്ടുകാർക്കും ബന്ധുക്കൾക്കും കസിൻസിനുമോപ്പം കൂടി നാടു കാണാനും അവരോടു വിശേഷങ്ങൾ പറഞ്ഞ് കളിച്ചും ചിരിച്ചും ഒത്തുകൂടാനുള്ള അവസരമാണ് ഈ കൊറോണക്കാലം തട്ടിത്തെറിപ്പിച്ചത്. കൂടാതെ വിഷുവിന് സ്വർണവർണമാർന്ന കണിക്കൊന്നയും കണിവെള്ളരിക്കയും കോടിമുണ്ടും വാൽക്കണ്ണാടിയും വച്ച ഉരുളിക്കു സമീപം പുഞ്ചിരി തൂകി നിൽക്കുന്ന കുഞ്ഞികൃഷ്ണന്റെ വിഗ്രഹം എന്നെ കണ്ടോ എന്ന മട്ടിൽ നിൽക്കുന്നത് കാണാൻ എന്തു ഭംഗിയാണ്. പിന്നീട് നിലാവെട്ടത്തിൽ പടക്കം,കമ്പിത്തിരി, മേശപ്പൂവ് ഒക്കെ കത്തിച്ച് ആഹ്ലാദം പങ്കിടും. പിന്നീടങ്ങോട്ട് എന്റെ അമ്മ തുന്നിത്തരുന്ന പുത്തൻ ഉടുപ്പിട്ട് വിലസുവാനും അച്ഛൻ വാങ്ങിത്തരുന്ന മാലയും വളയും കമ്മലുമൊക്കെ അണിഞ്ഞ് പൂത്തുമ്പി പോലെ പാറി നടന്ന് എല്ലാവരിൽ നിന്നും കൈനീട്ടവും സമ്മാനവും ഏറ്റുവാങ്ങാനും പരിസരത്തും ബന്ധുവീടുകളിലും ചെന്ന് ആശംസകൾ അറിയിക്കാനും മുതിർന്നവരുടെ അനുഗ്രഹം വാങ്ങാനും പാലട,പരിപ്പ്, പഴം എന്നിങ്ങനെ മൂന്നു പ്രഥമൻ അടക്കമുള്ള സദ്യ ആസ്വദിക്കാനും മുതിർന്നവർ അതിന്റെ ഒരുക്കങ്ങളിൽ ഇരിക്കുമ്പോൾ അവരുടെ കണ്ണ് വെട്ടിച്ച് കളികളിൽ മുഴുകുവാനും കഴിഞ്ഞിരുന്ന സുന്ദര നിമിഷങ്ങൾ. എന്നാൽ ഈ വർഷത്തെ വിഷു കേവലം ഒരു വൈറസ് നമുക്കു മേൽ തീർക്കുന്ന ഭീകരതയും വിരസതയും ഏകാന്തതയും മൂലം വീടുകളിൽ ബന്ധനസ്ഥരായി തീർന്നിരിക്കുന്നു. അമ്മൂമ്മയുടെ കുട്ടിക്കഥകളില്ലാത്ത മുത്തച്ഛന്റെ കൂടെയുള്ള യാത്രകളില്ലാത്ത അവിടെയുള്ള മാമ്പഴങ്ങളുടെ തേനൂറും മധുരമില്ലാത്ത കൂവപ്പായസത്തിന്റെയും ചക്കപ്പഴത്തിന്റെയും മാധുര്യമില്ലാത്ത ആദ്യ അവധിക്കാലം. ഈ അവധിക്കാലത്ത് ഞങ്ങൾ എല്ലാവരും കൂടി എട്ടു ദിവസത്തെ യാത്ര ആസൂത്രണം ചെയ്തിരുന്നു. തിരുവനന്തപുരം മുഴുവൻ ചുറ്റിക്കറങ്ങാനായിരുന്നു പ്ലാൻ. ഞങ്ങളെല്ലാവരും കൂടി പോകുന്ന ആദ്യയാത്രയാകുമായിരുന്നു അത്. പരീക്ഷ തുടങ്ങുന്നതിനും മുമ്പേ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. കണ്ണിലെണ്ണയൊഴിച്ചു കാത്ത് കാത്തിരുന്ന ആ യാത്ര കൊറോണ കാറ്റിൽ പറത്തിക്കളഞ്ഞു. ഇപ്പോൾ എനിക്കു കൂട്ട് മാമനും അമ്മായിയും അയച്ചു തന്ന ചില പുസ്തകങ്ങളാണ്. നമ്മുടെ ഭരണത്തലവന്മാർ പറയുന്ന നിർദ്ദേശങ്ങളെല്ലാം ഞങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഈ വീട്ടുത്തടങ്കൽ എനിക്കത്ര ഇഷ്ടപ്പെടുന്നില്ല. എന്റെ അമ്മ കേക്ക് തുടങ്ങി പല പലഹാരങ്ങളും ഉണ്ടാക്കി തരാം എന്നു പറഞ്ഞെങ്കിലും അതിനു വേണ്ട സാധനങ്ങളൊന്നും കടയിൽ കിട്ടുന്നില്ല. അവശ്യസാധനങ്ങൾക്കായി ജനങ്ങൾ ബുദ്ധിമുട്ടുന്ന ഇക്കാലത്ത് എന്റെ ആവശ്യത്തിന് തീരെ പ്രസക്തിയില്ലാത്തതിനാൽ ഞാൻ എന്റെ ആവശ്യം ക്രമേണ പിൻവലിച്ചു. പഠനം മറന്ന എനിക്ക് വീട്ടിലിരുന്ന് വീണ്ടും പാഠങ്ങൾ പറഞ്ഞുതരുന്ന അച്ഛനോടെനിക്ക് കലിയാണെങ്കിലും പഞ്ചായത്ത് ഉദ്യോഗസ്ഥനായ അച്ഛൻ ജോലിക്ക് പോകുന്നതിൽ എനിക്ക് അതിയായ ഭയമുണ്ട്. അച്ഛനെന്തെങ്കിലും വരുമോ എന്നാണ് ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ആധി. അച്ഛൻ ഉപയോഗിച്ച മൊബൈൽ മുതൽ എല്ലാം അണുവിമുക്തമാക്കിയിട്ടാണ് അകത്തുകയറ്റുക. അച്ഛനും അക്കാര്യത്തിൽ ശ്രദ്ധാലുവാണ്. പുറത്തു നിന്ന് കുളിച്ച് ശുദ്ധമായതിനു ശേഷമാണ് അകത്തു കയറുക. ഇതു കണ്ട് ഞങ്ങളും ഹാൻഡ് വാഷും സാനിറ്റൈസറും പരിചയപ്പെടാൻ തുടങ്ങി. മുത്തച്ഛനും അമ്മൂമ്മയുമായി ഞങ്ങൾ ഇപ്പോൾ വീഡിയോ കോൾ ആണ് നടത്തുന്നത്. കഴിഞ്ഞ വർഷം സംഭവിച്ച പ്രളയം, നിപ വൈറസ്, ഓഖ് ചുഴലിക്കാറ്റ് ഇതിനെല്ലാം ശേഷ ഉണ്ടായ കൊറോണയേയും അതിശക്തമായി തന്നെ നാം നേരിടും എന്ന പ്രത്യാശ നൽകിക്കൊണ്ട് പ്രതിരോധപ്രവർത്തനത്തിനായി ഏർപ്പെടുത്തിയ "Break The Chain"പദ്ധതി എന്റെ അവധിക്കാലത്തേയും ബ്രേക്ക് ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഞാനും എന്റെ അനുജന്മാരും പുതിയ കളികൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശലനിർമ്മാണം ഞാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ കൊറോണ കാർന്നു തിന്ന ഈ അവധിക്കാലം പുതിയ അനുഭവമാക്കാൻ ശ്രമിക്കുകയാണ് ഞാനും എന്റെ കുടുംബവും.
|