ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/ സോഷ്യൽ ക്ലബ്ബ്
കുട്ടികളെ ഉത്തമ സാമൂഹ്യ ബോധമുള്ളവരും അവരിൽ മനുഷ്യസ്നേഹവും സഹാനുഭൂതിയും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സോഷ്യൽ ക്ളബ്ബ് ഈ അദ്ധ്യയന വർഷത്തിൽ വ്യക്തമായ ലക്ഷ്യത്തോടു കൂടിയുള്ള പ്രവർത്തങ്ങൾ കാഴ്ച വെക്കുന്നു.
- കേരളമാകെ മഴ തിമിർത്തു പെയ്തു തുടങ്ങിയപ്പോൾ കുട്ടനാട് താലൂക്കുൾപ്പെടെ പലയിടത്തും ജനം ദുരിതത്തിലായി. പലയിടത്തും സ്കൂളുകളിലും മറ്റുമായി ദുരിതാശ്വാസ് ക്യാമ്പ് ആരംഭിച്ചു. ഞങ്ങളുടെ കുട്ടികൽ സ്കൂളിൽ വരുമ്പോഴും പലയിടത്തും കുട്ടികൾക്ക് സ്കൂൾ ദിനങ്ങൾ നിഷേധിക്കപ്പെട്ടു. ഭക്ഷണം കുറവുണ്ടായാലും മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ ഇട്ട് കൊണ്ട് ഒരു ക്യാമ്പിൽ തിങ്ങിപ്പാർക്കുന്നത് പല തരം സാംക്രമികരോഗങ്ങൾക്കും സാധ്യതയൊരുക്കും എന്ന തിരിച്ചറിവിൽ നിന്ന് അത്തരം ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്കായി വസ്ത്രങ്ങൾ എത്തിച്ചു കൊടുത്താലെന്തെന്ന് ചിന്തിച്ചു. പി.ടി.എ അംഗങ്ങൾ സഹകരിച്ച് എല്ലാ രക്ഷിതാക്കളും അദ്ധ്യാപകരും കഴിയാവുന്നതു പോലെ വസ്ത്രങ്ങൾ കൊണ്ടു വന്നു. മഴക്കെടുതിയിൽ വലഞ്ഞ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ആ വസ്ത്രങ്ങൾ എത്തിച്ചു കൊടുത്തു.
- ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് പ്ളാസ്റ്റിക് വർജ്ജിച്ചു കൊണ്ട് പ്ളാസ്റ്റിക് മലിനീകരണത്തെ തോല്പിക്കുക എന്ന ഐക്യരാഷ്ട്രസഭയുടെ ആശയം ഉൾക്കൊണ്ട് സമീപ പ്രദേശത്തെ കടകളിലും ദേശവാസികൾക്കും പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായുള്ള ലഘുലേഖകൾ വിതരണം ചെയ്തു. 2022-ഓടെ 'സിംഗിൾ യൂസ്' പ്ളാസ്റ്റിക് ഇല്ലാത്ത രാജ്യമാവണം ഇന്ത്യ എന്ന് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യവും മുന്നിലുണ്ട്. മിക്ക ഗാർഹികോത്പന്നങ്ങളും ഇന്ന് സിംഗിൾ യൂസ് പ്ളാസ്റ്റിക്കിൽ പൊതിഞ്ഞാണെത്തുന്നത്. ഇത് വലിച്ചെറിഞ്ഞു കളയുന്നു. ആലപ്പുഴ പോലുള്ള തീരദേശത്ത് ഈ പ്ളാസ്റ്റിക് കടലിലെത്താനുള്ള സാധ്യത കൂടുതലാണ്. ഇത് കടലിലെ ആവാസവ്യവസ്ഥ തകരാറിലാക്കുകയും മത്സ്യങ്ങളുടെ ഉള്ളിലെത്തുന്ന പ്ളാസ്റ്റിക് തരികൾ തിരികെ മനുഷ്യനിലേക്ക് തന്നെ എത്തുകയും ചെയ്യുന്നു. ഈ വിപത്തുകൾ ചൂണ്ടിക്കാട്ടിക്കൊണ്ടും തുണി, കടലാസ്, മറ്റ് പ്രകൃതിസൗഹൃദ ക്യാരി ബാഗുകൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടും ജൂലൈ 28, 2018 നു സ്കൂൾ നടത്തിയ ബോധവത്കരണം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.