ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം

10:29, 17 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (19833 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1819537 നീക്കം ചെയ്യുന്നു)

വിദ്യാർത്ഥികൾ മുഖേന മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന സന്നദ്ധ സേവനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിലെ സഹായമനസ്കത ചൂണ്ടിക്കാട്ടുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ വിദ്യാർഥികൾക്ക് എല്ലാവിധ ഊർജ്ജവും പി.ടി.എ യുടെ ഭാഗത്ത് നിന്ന് ലഭ്യമാവുന്നുണ്ട്. ഓരോ വർഷവും നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2022-2023

കുരുന്നുകളെ സ്വീകരിക്കാൻ സ്കൂൾ പരിസരം ശുചീകരണം

പുതിയ അധ്യയന വർഷത്തേക്കുള്ള കുരുന്നുകളെ സ്വീകരിക്കാൻ ഒളകര ജി.എൽ.പി സ്കൂൾ ഒരുങ്ങി. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി പി.ടി.എ.യുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരം ശുചീകരിച്ചാണ് ഒരുങ്ങിയത്. ശുചീകരണ ഭാഗമായി ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്ക്കുകളും വൃത്തിയാക്കിയതോടൊപ്പം പരിസരത്തുള്ള പുൽകാടുകൾ വെട്ടിത്തെളിച്ചു. ശുചീകരണ പ്രവർത്തനത്തിന് വാർഡ് മെമ്പർ തസ്ലീന സലാം നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ശശികുമാർ, പി.ടി.എ. പ്രസിഡന്റ് പി.പി അബ്ദു സമദ്, എസ്.എം.സി ചെയർമാൻ കെ.എം.പ്രദീപ് കുമാർ, പി.ടി.എ അംഗങ്ങളായ ഇബ്രാഹിം മൂഴിക്കൽ, കെ.കെ സൈതലവി, സുമേഷ്, അധ്യാപകരായ സോമരാജ് പാലക്കൽ, ലത, മുഹ്സി, ശ്രീവിദ്യ, നിഷ തുടങ്ങിയവർ സംബന്ധിച്ചു.

സ്കൂൾ ബാഗ് വിതരണം

ഒളകര ജി.എൽ.പി.എസ് പി.ടി.എ യും പുകയൂർ അക്ഷയ സെന്ററും സംയുക്തമായി നവാഗത കുരുന്നുങ്ങൾക്ക് ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. എല്ലാവർഷവും നവാഗതരായി എത്തുന്ന വിദ്യാർത്ഥികൾക്ക് ബാഗ്, കളറിംഗ് ബുക്കുകൾ തുടങ്ങിയവ സമ്മാനമായി കൊടുക്കാറുണ്ട്. ഇത്തവണ പുകയൂരിലെ അക്ഷയ സെന്ററാണ് ഇക്കാര്യവുമായി മുന്നിട്ടിറങ്ങിയത് മുൻ പിടിഎ പ്രസിഡണ്ടും പഞ്ചായത്ത് മെമ്പർ കൂടിയായ പൂങ്ങാടൻ സൈതലവിയും ബാഗ് വിതരണത്തിൽ സഹായവുമായി രംഗത്തെത്തിയതും പരിപാടി വൻ വിജയമാക്കാൻ സാധിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം വിതരണോദ്ഘാടനം നടത്തി. പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസമദ്, എസ്.എം.സി ചെയർമാൻ കെ എം പ്രദീപ് കുമാർ,  സോമരാജ് പാലക്കൽ, ഗ്രീഷ്മ, പൂങ്ങാടൻ സൈതലവി, പുകയൂർ അക്ഷയയെ പ്രതിനിധീകരിച്ച്  സയ്യിദ് ഹാദീ തങ്ങൾ കക്കാടംപുറം, അബ്ദുൽ ഹാദീ അരീക്കൻ എന്നിവർ സംബന്ധിച്ചു.

 

2021-2022

കാരുണ്യത്തിന്റെ കരങ്ങൾ

പെയിൻ ആന്റ് പാലിയേറ്റീവ് പുകയൂർ യൂണിറ്റ് പ്രവർത്തനത്തിനുള്ള ധനസമാഹരണാർത്ഥം പെയിൻ ആൻറ് പാലിയേറ്റീവ് ദിനത്തിൽ കാരുണ്യത്തിനായി കരങ്ങൾ നീട്ടി ഒളകര ജി.എൽ.പി.എസ്. സ്കൂളും പരിസര പ്രദേശങ്ങളിലേയും വീടുകൾ കയറി കുഞ്ഞുങ്ങൾ സമാഹരിച്ചത് 36,500 രൂപയാണ്. സമാഹരിച്ച തുക പുകയൂർ പെയിൻ ആന്റ് പാലിയേറ്റീവ് സെക്രട്ടറിയും പി.ടി.എ പ്രസിഡന്റുമായ അബ്ദുസമദ് പുകയൂരും, ട്രഷറർ കെ.ടി കമ്മു മാഷും, വൈസ് പ്രസിഡന്റുമായ ഇബ്രാഹീം കുട്ടി കുരിക്കളും ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ മാഷിൽ നിന്നും ഏറ്റുവാങ്ങി. ഈ ധന സമാഹരണത്തിലൂടെ കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുകയും, സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയെ സഹായിക്കാനുമുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നതുമാണ്  ലക്ഷ്യം വെച്ചത്.

 
 

പാഠ പുസ്തകം, കിറ്റ് വീട്ടിലേക്ക്

പാഠപുസ്തകങ്ങളും ഭക്ഷ്യ ധാന്യ കിറ്റുമെല്ലാം കുട്ടികളുടെ വീട്ടിലെത്തിച്ച് മാതൃക കാണിച്ചിരിക്കുകയാണ് ഒളകര ജി.എൽ.പി. സ്കൂളിലെ പി.ടി.എ. ജില്ലയിൽ മുപ്പൂട്ട് നിലനിൽക്കെ തന്നെയാണ് കിറ്റുകളും പുസ്തകങ്ങളും കൂട്ടിയിട്ട് നശിപ്പിക്കാതെ കുട്ടികൾക്കെത്തിച്ച് ഒളകര സ്കൂൾ ഭാരവാഹികൾ വ്യത്യസ്തരായത്. പി.ടി.എ, എസ്.എം.സി. ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി തരം തിരിച്ച് സ്കൂൾ ബസ്സിൽ കയറ്റി എല്ലാ കുട്ടികളുടെയും വീട്ടിലെത്തി നേരിട്ട് കൈമാറുകയായിരുന്നു. പുതുതായി പ്രവേശനം നേടിയതുൾപ്പെടെ 350 പേർക്ക് പുസ്തകം നൽകി. സപ്ലൈകോയുടെ ഭക്ഷ്യധാന്യ കിറ്റും ഇവർ ഇതേ രീതിയിൽ വിതരണം ചെയ്തിരുന്നു. പി.ടി.എ. പ്രസിഡൻറ് പി.പി. സെയ്തു മുഹമ്മദ്, എസ്.എം.സി. ചെയർമാൻ കെ.എം. പ്രദീപ് കുമാർ, പ്രഥമാധ്യാപകൻ സോമരാജ് പാലക്കൽ, സ്റ്റാഫ് സെക്രട്ടറി കരീം പുറ്റേക്കാട്ട്, പ്രവർത്തക സമിതി അംഗം സി.വി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.

 

''കരുതലി''നൊപ്പം

വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന സ്ത്രീ കൂട്ടായ്മയുടെ ലഞ്ച് ബോക്സ് പ്രവർത്തനം ''കരുതൽ'' പദ്ധതിയിലേക്ക് സഹായം നൽകി ഒളകര ജി.എൽ.പി.സ്കൂൾ. ജോലിയും വരുമാനവുമില്ലാതെ ഭക്ഷണത്തിന് വഴിയില്ലാത്തവർ, അങ്ങാടികളിലെത്തുന്ന പാവങ്ങൾ എന്നിവർക്ക് സൗജന്യമായി പൊതിച്ചോർ നൽകുന്നതാണ് കരുതൽ പദ്ധതി. ഒളകര സ്കൂളിന്റെ പൊതിച്ചോറിലേക്കുള്ള സംഭാവന പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദു സമദ്, സോമരാജ് പാലക്കൽ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ കരുതലിന്റെ മലപ്പുറം ടീം വളണ്ടിയർമാരായ നിത്യ, ശാരി എന്നിവരെ ഏൽപ്പിച്ചു.

 

2019-2020

കുന്നുംപുറം പാലിയേറ്റിവിലേക്ക് ഫണ്ട്

പെയിൻ ആന്റ് പാലിയേറ്റീവ് കുന്നുംപുറം യൂണിറ്റ് പ്രവർത്തനത്തിനുള്ള ധന സമാഹരണാർത്ഥം ഒളകര ജി.എൽ.പി സ്കൂളും പരിസര പ്രദേശങ്ങളിലേയും വീടുകൾ കയറി കുഞ്ഞുങ്ങൾ സമാഹരിച്ച തുക കുന്നുംപുറം പെയിൻ ആന്റ് പാലിയേറ്റീവ് സെക്രട്ടറി ഏറ്റുവാങ്ങി. ഈ ധന സമാഹരണത്തിലൂടെ കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുകയും, സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയെ സഹായിക്കാനുമുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നതുമാണ്  ലക്ഷ്യം വെച്ചത്.

 
 
 

തവനൂർ പ്രതീക്ഷാ ഭവനിലേക്ക് മക്കളുടെ വസ്ത്ര ശേഖരണം

നിരാലംബരായവർക്കൊരു കൈത്താങ്ങാവാൻ ഒളകര ഗവ എൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികളും കൈകോർത്തു. നവകേരള സംസ്കാരിക വേദി കൊളപ്പുറം സംഘടിപ്പിക്കുന്ന നിരാലംബർക്കൊരു നിറവാർന്ന ഹസ്തം എന്ന പരിപാടിയിലൂടെ അശരണരായവർക്കായി സമാഹരിക്കുന്ന വസ്ത്ര ശേഖരണത്തിലേക്ക് വസ്ത്രങ്ങൾ ശേഖരിച്ചു നൽകുന്ന പദ്ധതിക്കാണ് സ്കൂളിൽ തുടക്കമിട്ടത്. വിദ്യാർഥികൾ ശേഖരിച്ച വസ്ത്രങ്ങൾ സാംസ്കാരിക വേദി പ്രവർത്തകർ പ്രതീക്ഷ ഭവൻ തവനൂർ അന്തേവാസികൾക്കായി സമർപ്പിച്ചു. അധ്യാപകരായ അബ്ദുൽ കരീം, ഷാജി, ഇന്ദുലേഖ ചടങ്ങിൽ സംബന്ധിച്ചു. നവകേരള സാംസ്കാരിക വേദി പ്രവർത്തകരായ രവികുമാർ, അഷ്റഫ്, സോമരാജ് നേതൃത്വം നൽകി.

 
 
 

സഹപാഠിക്കായി സമ്പാദ്യ ശേഖരണം

ലോക സമ്പാദ്യ ദിനത്തിൽ ചങ്ങാതിക്കായി കനിവിന്റെ കരം നീട്ടി ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർഥികൾ. അപകടത്തിൽ പരുക്കേറ്റ അജ്നാസ് എന്ന നാലാം ക്ലാസുകാരൻ സഹപാഠിക്കായാണ് ഒരു വർഷത്തോളമായി കുരുന്നുകൾ സ്വരൂപിച്ച തുക കൈമാറിയത്. കഴിഞ്ഞ വർഷം ലോക സമ്പാദ്യ ദിനത്തിൽ വിദ്യാലയത്തിലാരംഭിച്ച 'സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും അജ്നാസിനായി ധനം സമാഹരിച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ അജ്നാസിന്റെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് കൈമാറി.

 
 
 
 
 
 
 

സഹായം നൽകി പാലിയേറ്റീവ് ദിനാചരണം

പാലിയേറ്റീവ് ദിനത്തിൽ കുരുന്നു കരങ്ങളിലൂടെ സമാഹരിച്ച പണം കുന്നുംപുറം പാലിയേറ്റീവ് കെയർ യൂണിറ്റ് അധികൃതർക്ക് കൈമാറി ഒളകര ഗവ.എൽപി സ്കൂൾ വിദ്യാർത്ഥികൾ. അച്ചടിച്ച് ധന സമാഹരണ കാർഡുകളുമായി വീടുകൾ തോറും കയറിയിറങ്ങിയാണ് കുട്ടികൾ ധനശേഖരണം നടത്തിയത്. ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡന്റ് പി.പി. സൈദ് മുഹമ്മദ്, സ്കൂൾ ലീഡർ സഫ്വാൻ എന്നിവർ ചേർന്ന് കുന്നുംപുറം പാലിയേറ്റീവ് കെയർ യൂണിറ്റ് സെക്രട്ടറി പി സുബ്രഹ്മണ്യന് കൈമാറി. ചടങ്ങിൽ വി.പി നമ്പൂട്ടി, വി.വിജയൻ, സുൽഫികർ, പി.സോമരാജ്, കെ.കെ.റഷീദ്, പി.കെ.ഷാജി എന്നിവർ പങ്കെടുത്തു.

 
 
 
 
 
 

2018-19

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട്

വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ടപ്പെട്ട പ്രളയ ദുരിതർക്ക്  സാന്ത്വനവുമായി ഒളകര ഗവ എൽ.പി സ്‌കൂളിലെ സുരക്ഷാ ക്ലബ്ബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി. പി.ടി.എ, എം.ടി.എ അംഗങ്ങളുടെയും അധ്യാപകരുടെയും സഹായത്തോടെ രണ്ടു ദിവസങ്ങളിലായി വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു വീടുകളിൽ കയറി പണം സ്വരൂപിച്ചത്.

തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറുകയായിരുന്നു. സമാഹരിച്ച തുക മാതൃഭൂമി ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസന് കൈമാറി. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ് പ്രധാനധ്യാപകൻ എൻ വേലായുധൻ, അധ്യാപകരായ പി സോമരാജൻ, കെ കെ റഷീദ്, പി കെ ഷാജി, വി ജംഷീദ്, ഇബ്രാഹിം മൂഴിക്കൽ, കെ പി ഉസ്മാൻ, കെ എം പ്രദീപ് കുമാർ, ഇ മുഹമ്മദലി എന്നിവർ പങ്കെടുത്തു.

 
 
 
 
 

ഗ്രാമ നിവാസികൾക്കായി സഹായ പദ്ധതി

സമ്പാദ്യ ശീലം വിദ്യാർത്ഥികളിലേക്കും അതുവഴി സമ്പാദ്യം വീടുകളിലൂടെ സ്വന്തം ഗ്രാമത്തിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് വിദ്യാർഥികളുടെയും പി.ടി.എയുടെയും കീഴിൽ ഒളകര ജി.എൽ.പി സ്കൂളിൽ ആരംഭിക്കുന്നത്. അത് വഴി പിരിഞ്ഞു കിട്ടുന്ന പണം അടുത്ത സമ്പാദ്യ ദിനത്തിൽ  ശേഖരിച്ച് വിദ്യാലയത്തിലെ നിർധന വിദ്യാർത്ഥികളുടെ ഉന്നമനത്തിനായാണ് വിനിയോഗിക്കുന്നത്. സ്കൂൾ പി.ടി.എ എല്ലാ ക്ലാസ്സുകളിലേക്കും ചില്ലറത്തുട്ടുകൾ സ്വരൂപിക്കുന്നതിനായി കളിമൺ കുഞ്ചികൾ വിദ്യാർത്ഥികൾക്കും ഓരോ ക്ലാസിനും പ്രത്യേകം നൽകി ലോക സമ്പാദ്യ ദിനത്തിൽ പദ്ധതി പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നത്.

തുടർന്ന് ഈ പദ്ധതി വിദ്യാർത്ഥികളുടെ വീടുകളിലേക്കും അങ്ങാടികളിലേക്കും വ്യാപിപ്പിച്ച് ഒരു സമ്പാദ്യ ഗ്രാമം സൃഷ്ടിക്കുക എന്നതാണ് വിദ്യാലയത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുക എന്നതും പഠന പ്രക്രിയയിൽ ഗണിത ആശയം വളർത്തുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.