ഗവ.എൽ പി എസ് ചെങ്ങമനാട്/എന്റെ ഗ്രാമം
ചെങ്ങമനാട്
എറണാകുളം ജില്ലയിൽ ആലുവയിലുള്ള ഒരു ചെറിയ പട്ടണമാണ് ചെങ്ങമനാട് . പെരിയാർ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
പഴയ തിരുവിതാംകുറിന്റെ അതിരുകളിൽ രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ ചെങ്ങമനാട് 1954-ൽ രൂപം കൊള്ളുമ്പോൾ, ഇന്നത്തെ നെടുമ്പാശ്ശേരി ചെങ്ങമനാടിന്റെ ഭാഗമായിരുന്നു.
ഭൂമിശാസ്ത്രം
വടക്ക്-നെടുമ്പാശ്ശേരി പഞ്ചായത്ത്, കിഴക്ക്-ശ്രീമൂലനഗരം പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി പടിഞ്ഞാറ്- നെടുമ്പാശ്ശേരി പഞ്ചായത്ത്, ആലുവ മുനിസിപ്പാലിറ്റി തെക്ക് ആലുവ മുനിസിപ്പാലിറ്റി എന്നിവയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.
ചരിത്രം
എ.ഡി.1090 മുതൽ1102 വരെ കുലശേഖരചക്രവർത്തിമാരുടെ അധികാരത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. ഭരണസൗകര്യത്തിനായി ഈ നാട്ടുരാജ്യത്തിനെ പല പ്രവിശ്യകളായി തിരിച്ചിരുന്നു. അതിൽ കാൽക്കരെനാടിൽ പെട്ട സ്ഥലമായിരുന്നു ചെങ്ങമനാട്.
ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിലും ഈ ചെങ്ങമനാടിനെ പറ്റി പറയുന്നുണ്ട്. കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മയുടെ ഭവനം ചെങ്ങമനാട് സ്ഥിതിചെയ്യുന്നു.
പേരിനു പിന്നിൽ
ജംഗമ മഹർഷി തപസ്സനുഷ്ഠിച്ച സ്ഥലമാണ് ജംഗമനാട്. ഈ ജംഗമനാട് പിന്നീട് ലോപിച്ച് ചെങ്ങമനാട് ആയതായിരിക്കാം എന്നാണ് വിശ്വാസം ജംഗമ മഹർഷി തപസ്സ് ചെയ്തെന്ന് പറയപ്പെടുന്ന മുനിക്കൽ ഗുഹാലയം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
നദികൾ
പെരിയാറിന്റെ ഒരു കൈവഴി ഈ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറു വശത്തുകൂടി ഒഴുകുന്നു. പൊതുവേ സമതലപ്രകൃതമായ ഈ പഞ്ചായത്തു പ്രദേശത്തെ ചുറ്റിയൊഴുകുന്ന പറമ്പയം-ചെങ്ങൽതോടും അതിനോടു ബന്ധപ്പെടുന്ന മറ്റു ചെറുതോടുകളും ഈ പഞ്ചായത്തിന്റെ സുപ്രധാന ജല സ്രോതസ്സുകളാണ്. പെരിയാറിന്റെ തുരുത്തുകളിൽ പെട്ട പ്രകൃതി രമണീയമായ കണ്ടൻ തുരുത്ത് ചെങ്ങമനാടിൽ ഉൾപെടുന്നു.